Wednesday , March   20, 2019
Wednesday , March   20, 2019

വിൽക്കാനുണ്ട്, അവാർഡുകളും ഡോക്ടറേറ്റുകളും!

പ്രശസ്തി ആർജിക്കുന്നതിനായി പ്രവാസി സമൂഹത്തിൽ അടുത്ത കാലത്തായി വ്യാപകമായി കണ്ടുവരുന്ന ചില ദൂഷ്യ വശങ്ങളാണ് ഈ കുറിപ്പിന് ആധാരം. ഏതെങ്കിലും തട്ടിക്കൂട്ട് കൂട്ടായ്മ വഴിയോ സ്വയമോ അവാർഡ് പ്രഖ്യാപനമോ ആദരിക്കൽ ചടങ്ങോ സംഘടിപ്പിക്കുന്ന പ്രാഞ്ചിയേട്ടൻ ശൈലി പ്രവാസി സമൂഹത്തിൽ വ്യാപകമായിരിക്കുന്നു. ഇത് യഥാർഥ പ്രവാസികളിൽ പടർത്തുന്നത് പുഛവും പരനിന്ദയും.
ഒരാൾ വിവിധ പേരുകളിൽ തനിക്ക് തന്നെ അവാർഡ് പ്രഖ്യാപനം നടത്തിയത്
ഈയിടെ പ്രവാസ ലോകത്ത് സംഭവിച്ച മറ്റൊരു ദുരന്തം.   
'എന്തെങ്കിലും തടയും' എന്നായാൽ മുഖ്യധാരാ സംഘടനകളും ചിലരെ കൊണ്ടുനടന്ന് ആദരിക്കുന്നത് കാണാം. ഇക്കാര്യത്തിൽ ആരും ഒട്ടും കുറവ് വരുത്താറില്ലെന്നതാണ് സത്യം. സമീപകാലത്ത്  അറിയപ്പെടുന്ന ഒരു സംഘടനയുടെ നേതാവ് അദ്ദേഹത്തിന് തന്നെ അവാർഡ് പ്രഖ്യാപിച്ചത് കൗതുകമുണർത്തി. 'ദീർഘകാലമായി ഒരേ പദവിയിൽ ഇരുന്നു പ്രവാസി സമൂഹത്തിനു നൽകിയ സംഭാവനകൾ മാനിച്ചുകൊണ്ട്' എന്നാണ് അവാർഡിന് തന്നെ അർഹനാക്കിയതെന്നാണ് ഇയാൾ പ്രസ്താവിച്ചു കളഞ്ഞത്. സാമൂഹിക രംഗത്തോ, സാംസ്‌കാരിക രംഗത്തോ, ജീവകാരുണ്യ രംഗത്തോ ഇദ്ദേഹത്തിന്റെ ഒരു സംഭാവന പോലും ഇല്ലെന്നിരിക്കേയാണ് ഇത്തരം കോമാളിത്തങ്ങൾ. ഈ പ്രവണത അവസാനിപ്പിക്കേണ്ട സമയം എന്നേ കഴിഞ്ഞിരിക്കുന്നു. അവാർഡുകളുടെ പേരിൽ പണപ്പിരിവ് നടത്തി സമൂഹത്തിൽ അപഹാസ്യരാകുന്ന കാഴ്ചയും കണ്ടുവരുന്നു. 
മികവിന്റെ മാനദണ്ഡം പ്രയോഗ ക്ഷമതയാണ്. അർഹതയും യോഗ്യതയുടെ മൂല്യവും കൂടണമെങ്കിൽ അവാർഡ് നൽകുന്നവർ മികച്ചവരാകണമെന്നത് നിസ്തർക്കമാണ്. 
പ്രവാസ ലോകത്ത് അടുത്ത കാലത്തായി ഡോക്ടറേറ്റ് കച്ചവടം ചെയ്യുന്ന പ്രവണത ഏറിവരികയാണ്. വിവിധ വിഷയങ്ങളിൽ ദീർഘകാലം പഠന - മനന ഗവേഷണങ്ങളിലൂടെ നേടിയെടുക്കേണ്ട ഒരു സംവിധാനത്തെയാണ് പേരിന് മുൻപിൽ ഡോക്ടർ എന്ന് ചേർക്കാൻ വേണ്ടി ചിലർ ദുരുപയോഗം ചെയ്യുന്നത്. ഇതിനായി അടിസ്ഥാന യോഗ്യത പോലുമില്ലാത്തവർ കാണിക്കുന്ന ചില കോപ്രായങ്ങൾ അറപ്പുളവാക്കുന്നതാണ്. രാജ്യത്തിനകത്തും പുറത്തുമായി വിവിധ പേരുകളിൽ ചില വ്യക്തികൾ ചേർന്ന് സൃഷ്ടിച്ചെടുക്കുന്ന യൂനിവേഴ്‌സിറ്റികളുടെ ഡോക്ടറേറ്റ് ലഭിക്കാൻ വളരെ കുറഞ്ഞ ചെലവ് മാത്രമാണ് വേണ്ടത്. 3000 റിയാൽ മുതൽ 20,000 റിയാൽ വരെ ചെലവാക്കാൻ തയാറായാൽ ഡോക്ടറേറ്റ് ബിരുദം നൽകുന്നതിന് ഏജന്റുമാർ ഗൾഫിൽ വിലസുന്നുണ്ട്.  
ഇവരാകട്ടെ സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തികളുമാണ്. ഇത്തരം റാക്കറ്റുകളിൽ ഉന്നത സ്ഥാനീയരായ ചില വ്യക്തികളും അകപ്പെട്ടുവെന്നതാണ് ഖേദകരം. 
സൗദിയിൽ ടാക്‌സി ഓടിച്ച് നടന്നിരുന്ന ഒരാളും ഹോട്ടൽ ബിസിനസ് രംഗത്തെ ഒരു പ്രമുഖനും ഇങ്ങനെ ഡോകറേറ്റ് ലഭിച്ചവരിൽ ഉൾപ്പെടും. വെറും നാലാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ഇവരുടെ പേരിന് മുമ്പിലും ഇന്ന് ഒരു ഡോക്ടർ എന്ന ടൈറ്റിലുണ്ട്. പണമുണ്ടെങ്കിൽ എന്തും നേടാമെന്ന് വിചാരിക്കുന്ന ഇക്കൂട്ടർ സമൂഹത്തിൽ ഏറെ പരിഹാസ്യരായിക്കൊണ്ടിരിക്കുന്നുവെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ എന്ന് വെറുതെ ആശിക്കുകയാണ്. ഒരു ശരാശരി മനുഷ്യനെ സൃഷ്ടിച്ചെടുക്കാൻ പ്രാപ്തമാവുന്ന വിദ്യാഭ്യാസ മേഖലയിൽ ഇത്തരം വ്യാജ ഡോക്ടറേറ്റ് പദവികൾ നൽകുന്നതിലൂടെ മനുഷ്യന്റെ ഉന്നത ലക്ഷ്യങ്ങൾ അവഗണിക്കുന്നതിന്റെയും പിന്നോട്ടടിക്കുന്നതിന്റെയും നേർകാഴ്ച കാണാൻ കഴിയും.
എങ്ങനെയെങ്കിലും ഒരു എഴുത്തുകാരനാവുക എന്ന നിലപാടിലുറച്ച് പുസ്തക രചനയിലേർപ്പെടുന്ന പ്രവണതയും ഈയിടെ വർധിച്ചതായാണ് അനുഭവം. അടുത്തിടെ, കവിത എഴുതാൻ പഠിപ്പിക്കുന്നവർ ആരെങ്കിലുമുണ്ടോ എന്ന രസാവഹമായ ചോദ്യം കേൾക്കാൻ ഇട വന്നിരുന്നു. മര്യാദക്ക് ഒരു ദിനപത്രം പോലും കാണാത്തവരാണ് പുസ്തക രചനയിൽ മുഴുകുന്നത്. രാജ്യത്ത് നടക്കുന്ന സംഭവ വികാസങ്ങളെങ്കിലും ശരിയാംവണ്ണം മനസ്സിരുത്തി ശ്രദ്ധിക്കുകയോ മലയാള സാഹിത്യ കൃതികളെ കുറിച്ചോ രചയിതാക്കളെ കുറിച്ചോ മനസ്സിലാക്കുകയോ ചെയ്യാത്തവരാണ് പുസ്തകങ്ങൾ അടിച്ചിറക്കുന്നത്.   പ്രവാസ ലോകത്തിലെ എഴുത്തുകാർ ശരിക്കും പ്രതിരോധം തീർത്തും ക്രിയാത്മകമായി പ്രതികരിച്ചും മുന്നോട്ട് കുതിക്കുമ്പോൾ അസ്വസ്ഥമാകുന്ന ചില കുബുദ്ധികളാണ് ഇങ്ങനെ ഒരു സാഹസത്തിന് മുതിരുന്നത്. ഈയിടെ പുറത്തിറങ്ങിയ പല പുസ്തകങ്ങളും പത്ര വാർത്തകൾ പകർത്തി പുസ്തകമാക്കി രൂപാന്തരപ്പെടുത്തിയതാണെന്ന ആക്ഷേപമുണ്ട്. ഉദാത്തമായ കൃതി എന്ന് പരിചയപ്പെടുത്തി ഇത്തരം ചവറുകൾ പ്രവാസികൾക്കിടയിൽ വിറ്റഴിക്കുന്നതിലൂടെ ഇക്കൂട്ടർ ത്യാഗോജ്വലമായ അധ്വാനത്തിലൂടെ പ്രവാസത്തിലെ നേർക്കാഴ്ചകൾ പകർത്തുന്ന എഴുത്തുകാർക്ക് നേരെ കൊഞ്ഞനം കുത്തുകയാണ്.
മാന്യതയും മൂല്യവും എഴുത്തിന്റെ മാനദണ്ഡാമാകേണ്ട ഇടത്തേക്ക് പലരും ഛർദിച്ചു തുപ്പിയത് പൊടി തട്ടിയാണ് ഇക്കൂട്ടർ പുസ്തകം രൂപപ്പെടുത്തുന്നത്. അനുവാചകരെ സർഗാത്മകതയിലൂടെ അസ്വസ്ഥമാക്കി മിത്തും ചരിത്രവും ഭാവനയും ഭാഷയുമെല്ലാം ചേരുവകളാക്കി നിർമിക്കുന്നതിലൂടെ മാത്രമേ ഒരു നല്ല കൃതി രൂപപ്പെടൂ. എഴുത്തിനു മാനവികതയും മൂല്യവും വേണം. മനസ്സിലുള്ള ആശയങ്ങൾ പ്രകടമാക്കാൻ എഴുതുന്ന ശീലം നല്ലതാണ്. ആരെങ്കിലും എഴുതുന്നത് അപ്പടി പേരു മാറ്റി പകർത്തുന്നതോടെ ഒരു എഴുത്തുകാരൻ ജനിക്കുന്നില്ല. പ്രവാസി എഴുത്തുകാർക്കാണ് സാഹിത്യ മണ്ഡലത്തിൽ ഏറെ അനുഭവങ്ങൾ ഉള്ളത്. പ്രവാസത്തിന്റെ തനത് സംസ്‌കാരം, തൊഴിലിടങ്ങളിലെ അനുഭവങ്ങൾ, ഗൃഹാതുരത്വം, സ്വപ്‌നങ്ങൾ ഇത്യാദി ചേരുവകൾ ചേർന്ന, പൊള്ളുന്ന അനുഭവങ്ങളുടെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങാൻ കഴിഞ്ഞ നിരവധി എഴുത്തുകാരെ നാം പ്രവാസ ലോകത്ത് കണ്ടിട്ടുണ്ട്. പ്രവാസിയുടെ അനുഭവങ്ങൾ തന്നെ കൃത്യമായി വരച്ചു കാണിച്ചാൽ തന്നെ നല്ലൊരു കൃതി രൂപപ്പെടുമെന്നതിൽ സംശയമില്ല. ഇതിലൂടെ സാഹിത്യ ചിന്താ പ്രപഞ്ചത്തിന്റെ വ്യാപ്തി വർധിക്കുമെന്നതും തീർച്ച.