Wednesday , March   20, 2019
Wednesday , March   20, 2019

ജ്ഞാന ലോകത്തിന്റെ മറുതീരത്തേക്ക്

മിനിയാന്ന്, മാർച്ച് പതിനാല്, ലോക പൈ ദിനമായിരുന്നു, വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്റെ ജന്മദിനവും. ലോകമുണർന്നത് പക്ഷേ ഐൻസ്റ്റീനു ശേഷം ലോകം കണ്ട ഏറ്റവും മികച്ച ശാസ്ത്രകാരന്റെ മരണവാർത്ത ശ്രവിച്ചു കൊണ്ടായിരുന്നു.
ഭൂമിയിൽ ജീവിച്ചിരിയ്ക്കുന്നവരോ മരിച്ചവരോ ആയ ഭൗതിക ശാസ്ത്രജ്ഞരിൽ അഗ്രഗണ്യനായ സ്റ്റീഫൻ ഹോക്കിങ് തന്റെ എഴുപത്താറാമത്തെ വയസ്സിലാണ് സ്ഥലകാല ബന്ധിതമായ സ്ഥൂലലോകത്തിൽ നിന്നും വിടവാങ്ങിയത്. കേംബ്രിഡ്ജിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ചലന ശേഷി മുച്ചൂടും നഷ്ടപ്പെട്ട ഈ അത്ഭുത മനുഷ്യൻ ചക്രക്കസേരയിലിരുന്ന് വെറുമൊരു ചെറുവിരലനക്കത്തിലൂടെ അനന്ത വിഹായസ്സിന്റെ അജ്ഞാതമായ കോണുകളിലേയ്ക്കും പ്രപഞ്ചോൽപത്തിയുടെ കാണാത്ത രഹസ്യങ്ങളിലേയ്ക്കും നമ്മുടെ അറിവിന്റെ ആകാശങ്ങളെ വികസിപ്പിച്ച് നമ്മളെ വിസ്മയിപ്പിച്ചു.
ഇക്കാണായ പ്രപഞ്ചത്തേക്കാളുമൊക്കെ വലുത് സ്‌നേഹ പ്രപഞ്ചമാണെന്നു പറയാറുണ്ടായിരുന്ന പിതാവിന്റെ വിയോഗം തങ്ങൾക്കെന്നതിലുപരി ശാസ്ത്ര ലോകത്തിനു തന്നെ തീരാനഷ്ടമാണെന്ന് മക്കളായ ലൂസി, റോബർട്ട്, ടിം എന്നിവർ പറഞ്ഞു. അദ്ദേഹത്തിന്റെ സവിശേഷ വ്യക്തിത്വത്തെയും  മനുഷ്യ സ്‌നേഹത്തെയും നർമ്മ ബോധത്തെയും നിശ്ചയ ദാർഢ്യത്തെയും കുറിച്ച് മരണക്കുറിപ്പിൽ എടുത്തു പറയുന്നുണ്ട്. മാരക രോഗത്തിനു മുന്നിൽ കീഴടങ്ങാൻ തയ്യാറാവാതെ അടങ്ങാത്ത ഇഛാശക്തിയുടെയും ശാസ്ത്ര ബോധത്തിന്റേയും മാത്രം പിൻബലത്തിൽ ജ്ഞാന ലോകത്തിന്റെ നെറുകയിലെത്തിയ മഹാനായ സ്റ്റീഫൻ ഹോക്കിങ് ശാസ്ത്ര ചരിത്രത്തിൽ മാത്രമല്ല ലോക ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത മാതൃകയാണ്.
ഇംഗ്ലണ്ടിലെ ഓക്‌സ്ഫഡിൽ ജൈവ ശാസ്ത്രജ്ഞരായിരുന്ന ഫ്രാങ്ക് ഹോക്കിങിന്റെയും ഇസബലിന്റെയും മകനായി 1942 ജനുവരി എട്ടിനു ജനിച്ച സ്റ്റീഫൻ ഹോക്കിങ് പതിനേഴാം വയസ്സിൽ ഓക്‌സ്ഫഡ് സർവകലാശാലയിൽ നിന്നും ഊർജ്ജതന്ത്രത്തിൽ ബിരുദം നേടിയ ശേഷം കേംബ്രിഡ്ജ് സർവകലാശാലയിൽ ഉന്നത പഠനവും ഗവേഷണവും തുടരുവാനുള്ള തയാറെടുപ്പിലായിരുന്നു. 1962 ൽ യൗവ്വന തീക്ഷ്ണമായ തന്റെ 21 -മത്തെ വയസ്സിലാണ് അമയോട്രോപിക് ലാറ്ററൽ സ്‌ക്ലീറോസിസ (അഘട) എന്ന മാരകമായ നാഡീ രോഗം ബാധിച്ചതായി കണ്ടെത്തിയത്. പേശികളുടെ ചലന ശേഷിയെ സാരമായി ബാധിക്കുന്ന രോഗത്തെ തുടർന്ന് രണ്ടു വർഷത്തെ ആയുസ്സ് മാത്രമായിരുന്നു അദ്ദേഹത്തിനു കണക്കാക്കപ്പെട്ടതെങ്കിലും ശാസ്ത്രത്തിന്റെ പുരോഗമനോന്മുഖമായ നേട്ടങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി അര നൂറ്റാണ്ടിലധികം സംഭവ ബഹുലമായ ജീവിതം നയിച്ചു 76 ാമത്തെ വയസ്സിൽ വിട പറയുന്ന അദ്ദേഹം ഇക്കാലയളവിൽ ശാസ്ത്ര ലോകത്തിനു നൽകിയ സംഭാവനകൾ നിസ്തുലമാണ്. ഭൗതിക ശാസ്ത്രത്തിലും ഊർജതന്ത്രത്തിലും സൈദ്ധാന്തിക ജ്യോതിശാസ്ത്രത്തിലും ഗവേഷണം നടത്തിയിരുന്ന സ്റ്റീഫൻ ഹോക്കിങ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിത ശാസ്ത്ര പ്രൊഫസർ ആയിരുന്നു.
തമോഗർത്തങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആദ്യകാല ഗവേഷണ ഫലങ്ങൾ ബഹിരാകാശ ഗവേഷണത്തോടും നക്ഷത്രങ്ങളോടും തമോഗർത്തങ്ങളോടും കോസ്മിക് പ്രപഞ്ചത്തോടും നാളിതു വരെ ശാസ്ത്ര സമൂഹം പുലർത്തിയിരുന്ന സമീപന രീതിയെ തന്നെ മാറ്റിമറിക്കാൻ പര്യാപ്തമായിരുന്നു. നക്ഷത്രങ്ങളുടെ പരിണാമ ദശയിൽ ഏറ്റവും അവസാനത്തേതായ തമോഗർത്തങ്ങളെക്കുറിച്ചു നമുക്കിന്നറിയുന്ന വിവരങ്ങളിലധികവും അനങ്ങാനാവാതെ യന്ത്ര സഹായത്താൽ മാത്രം സംസാരിയ്ക്കാനാവുന്ന സ്റ്റീഫൻ ഹോക്കിങ്  അത്ഭുത ചക്രക്കസേരയിലിരുന്നു നടത്തിയ അന്വേഷണങ്ങളുടെ ഫലമാണ്. അതിഭീമമായ ഗുരുത്വാകർഷണത്തിലൂടെ അടുത്തെത്തുന്നതെന്തിനെയും അകത്ത് വലിച്ചിടുന്ന ഇരുണ്ട ഗുഹകളെപ്പോലുള്ള തമോഗർത്തങ്ങൾ ചിലതരം വികിരണങ്ങൾ പുറത്തേക്ക് പ്രസരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ഈ രശ്മികൾ പിൽക്കാലത്ത് ഹോക്കിങ് വികിരണം എന്നറിയപ്പെട്ടു. 
ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിനു പുതിയ ഭാഷ്യങ്ങൾ ചമച്ച അദ്ദേഹം സൂക്ഷ്മ - സ്ഥൂല പ്രപഞ്ചങ്ങളുടെ അടിസ്ഥാന രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന ഗവേഷണ പ്രവർത്തനങ്ങളിൽ വ്യാപൃതനായി. ഭൗതിക ശാസ്ത്രം, ഊർജ്ജതന്ത്രം, സൈദ്ധാന്തിക ജ്യോതിശാസ്ത്രം, ക്വാണ്ടം തിയറി എന്നിവയ്ക്ക് പുറമേ പ്രപഞ്ചോൽപത്തിയും അദ്ദേഹത്തിന്റെ ഗവേഷണ വിഷയങ്ങളിൽ ഉൾപ്പെട്ടിരുന്നു.
തമോഗർത്തങ്ങളെക്കുറിച്ചും പ്രപഞ്ചോൽപത്തിയെക്കുറിച്ചും ആപേക്ഷിക സിദ്ധാന്തത്തെയും ക്വാണ്ടം തിയറിയെയും അടിസ്ഥാനപ്പെടുത്തി വിവരിക്കുന്ന 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന പുസ്തകത്തിന്റെ ഒരു കോടിയിലധികം കോപ്പികൾ വിറ്റഴിയുകയും എക്കാലത്തെയും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകങ്ങളിലൊന്നായി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിക്കുകയും ചെയ്തു. തിയറി ഓഫ് എവരിതിങ് എന്ന തന്റെ പ്രസിദ്ധമായ പുസ്തകത്തിൽ പ്രപഞ്ചോൽപത്തിയെയും അതിനെ നിയന്ത്രിക്കുന്ന നിയമങ്ങളെയും സംബന്ധിച്ച സമഗ്രമായ സിദ്ധാന്തങ്ങൾ വിശദീകരിക്കുന്നുണ്ട്. ദി യൂണിവേഴ്‌സ് ഇൻ എ നട്ട്‌ഷെൽ, മകൾ ലൂസിയോടൊപ്പം ചേർന്ന് കുട്ടികൾക്കായെഴുതിയ ജോർജ്‌സ് സീക്രറ്റ് കീ ടൂ ദി യൂണിവേഴ്‌സ്, ദി ഗ്രാൻഡ് ഡിസൈൻ, ബ്ലാക്ക് ഹോൾസ് ആൻഡ് ബേബി യൂണിവേഴ്‌സ്, ഗോഡ് ക്രിയേറ്റഡ് ദ് ഇന്റ്‌റജേർസ്, മൈ ബ്രീഫ് സ്‌റ്റോറി, ലാർജ് സ്‌കെയിൽ സ്ട്രക്ചർ ഓഫ് സ്‌പേസ് ടൈം, ഡബ്ല്യൂ. ഇസ്രയേലിനൊപ്പം എഴുതിയ ജനറൽ റിലേറ്റിവിറ്റി എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരണങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.
ശരീര പേശികളെ മരവിപ്പിച്ചു നിശ്ചലമാക്കുന്ന മാരക രോഗം യൗവ്വനത്തിലേ ബാധിച്ചിട്ടും ഭാവനാശാലിയായ ഈ മനുഷ്യൻ നമ്മുടെ ശാസ്ത്ര കൗതുകങ്ങളെ ഉദ്ദീപിപ്പിച്ചുകൊണ്ടേയിരുന്നു. ശാസ്ത്രത്തിന്റെ സഹായത്തോടെ തന്നെ തന്റെ ബൗദ്ധിക പ്രവർത്തനങ്ങളും ഗവേഷണവും അനുസ്യൂതം തുടർന്ന അദ്ദേഹം, ഐൻസ്റ്റീന് ശേഷം ഏറ്റവും ധിഷണാ ശേഷിയുള്ള മനുഷ്യനായി വിശേഷിപ്പിക്കപ്പെടുന്നു. അദ്ദേഹത്തോടൊപ്പം അദ്ദേഹം ജീവിച്ച കാലത്ത് ഭൂമി പങ്കിടാൻ സാധിച്ചത് അഭിമാനമായി കരുതേണ്ടവരാണ് നാമോരോരുത്തരും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനിയന്ത്രിതമായ വികാസം ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങളെക്കുറിച്ച് സൂചനകൾ നൽകിയ ഹോക്കിംഗ് തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണെന്ന് ആരോപണം ഉയർന്നിരുന്നു. സ്റ്റീഫൻ ഹോക്കിങ് പണ്ടേ മരിച്ചു പോയതായും ഇക്കാണുന്നത് വ്യാജമായി നിർമ്മിച്ച ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആണെന്നുമായിരുന്നു കുപ്രചാരണം.
അന്യ ഗ്രഹങ്ങളിലോ പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലുമോ ജീവസാന്നിധ്യമന്വേഷിച്ചുള്ള പരീക്ഷണ നിരീക്ഷണങ്ങൾക്ക് നേതൃത്വം കൊടുക്കുമ്പോഴും അന്യഗ്രഹ ജീവികളും മനുഷ്യ കുലത്തിന് അപകടകരമായേക്കാമെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ഈ ഭൂമിയിലെ മനുഷ്യ വർഗം ഏതു നിമിഷവും നശിച്ചുപോയേക്കാനുള്ള സാധ്യതയെക്കുറിച്ചും സൂചിപ്പിക്കുകയുണ്ടായി. ഗഹനമായ ശാസ്ത്ര സമസ്യകളെ നർമത്തിൽ കലർത്തി ലളിതമായും സരസമായും  അവതരിപ്പിക്കുന്ന ഹോക്കിങ് ബിഗ് ബാംഗ് തിയറി, സിംപ്‌സൺസ്, സ്റ്റാർ ട്രെക്ക് തുടങ്ങിയ ടെലിവിഷൻ പരിപാടികളിലും സിനിമയിലും കഥാപാത്രമാവുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. തിയറി ഓഫ് എവരിതിംഗ് എന്ന പേരിൽ ആവേശോജ്വലമായ ആ ജീവിത കഥ സിനിമയാക്കുകയുമുണ്ടായി.
നമ്മുടെ കാലത്ത് ജീവിച്ച മഹാനായ ശാസ്ത്രഞ്ജൻ എന്നതിനൊപ്പം സമൂഹത്തോട് പ്രതിബദ്ധതയുള്ള, മുതലാളിത്തത്തിന്റെ കടുത്ത വിമർശകനായ ഒരാൾ കൂടിയായിരുന്നു ഹോക്കിങ്‌സ്. ലോകത്തിലെ മുതലാളിത്ത പാതയെക്കുറിച്ച് ഹോക്കിങ്ങ്‌സ് പറഞ്ഞത് വായിക്കുക: 'മെഷീനുകൾക്ക് നമുക്ക് വേണ്ടതെല്ലാം നിർമിക്കാൻ സാധിക്കുമെങ്കിലും അതിന്റെ പരിണത ഫലം ഉൽപാദിപ്പിക്കപ്പെട്ടവയൊക്കെയും ഏതു രീതിയിൽ വിതരണം ചെയ്യപ്പെടുന്നു എന്നതിനെ ആസ്പദമാക്കിയായിരിക്കും. ഉൽപാദിപ്പിക്കപ്പെട്ടവയൊക്കെയും എല്ലാവർക്കും പങ്കുവെക്കുകയാണെങ്കിൽ ഈ ലോകത്തെ എല്ലാവർക്കും ആർഭാട ജീവിതം തന്നെ നയിക്കാൻ സാധിക്കും, എന്നാൽ മെഷീനുകളുടെ മുതലാളിമാർ മാത്രമാണ് ഈ ഉൽപാദക വസ്തുക്കൾക്കുടമകളാവുന്നതെങ്കിൽ ഈ ലോകത്തെ ബഹുഭൂരിപക്ഷം ജനതയും അത്രമേൽ പരിതാപകരമായ അവസ്ഥയിൽ ജീവിതം തുടരേണ്ടിവരും. ഞാൻ കണ്ടിടത്തോളം ലോകം രണ്ടാമത് പറഞ്ഞ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്.'
ബൃഹത്തായ പ്രപഞ്ചത്തിന്റെ വിശാലതയ്ക്കു മുന്നിൽ ഭൂമിയെയും അതിലെ മനുഷ്യരെയും കുറിച്ചു പറഞ്ഞ സ്റ്റീഫൻ ഹോക്കിങ് അത്തരമൊരു നിസ്സാരനായ മനുഷ്യനായ തന്റെ ശാരീരികാവശതകളെ നിസ്സാരവൽക്കരിക്കാനാണ് പലപ്പോഴും ശ്രമിച്ചിരുന്നത്. അന്യഗ്രഹ ജീവികളുണ്ടായേക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള ഗവേഷണത്തിനും അതിന്റെ രീതികളെക്കുറിച്ചും ഹോക്കിങ്‌സ് സംസാരിച്ചിരുന്നു. അങ്ങനെ മറ്റേതെങ്കിലും ഇടത്ത് ജീവികളുണ്ടെങ്കിൽ അവരൊരു പക്ഷേ നമ്മെക്കാളുമൊക്കെ വളരെയധികം പരിഷ്‌കൃതരായിരിക്കാനുള്ള സാധ്യതകൾ അദ്ദേഹം തള്ളിക്കളഞ്ഞില്ല, അങ്ങനെയുള്ള വികസിത ജീവി സമൂഹങ്ങൾക്ക് മുന്നിൽ ഭൗമ ജീവികളായ മനുഷ്യർ ബാക്റ്റീരിയയേക്കാളും, കൃമികീടങ്ങളേക്കാളും നിസ്സാരരായി പരിഗണിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
തന്റെ ഗവേഷണ വിഷയമായ തമോഗർത്തങ്ങൾ മുതൽ അമേരിക്കൻ പ്രസിഡണ്ട് ട്രംപിനെക്കുറിച്ചു വരെ വ്യക്തമായ അഭിപ്രായങ്ങൾ വെച്ചുപുലർത്തിയിരുന്ന സ്റ്റീഫൻ ഹോക്കിങ്, തന്റെ രാഷ്ട്രീയ അഭിപ്രായങ്ങൾ കുറിക്കു കൊള്ളുന്ന നർമ്മത്തിൽ ചാലിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. അന്യഗ്രഹങ്ങളിലോ പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലുമോ ജീവസാന്നിധ്യമന്വേഷിച്ചുള്ള പരീക്ഷണ നിരീക്ഷണങ്ങൾക്ക് നേതൃത്വം കൊടുക്കുമ്പോഴും ശാസ്ത്ര വിഷയങ്ങൾക്കപ്പുറത്ത്, ദൈനംദിന ജീവിതത്തിൽ നമ്മെ ചൂഴ്ന്ന പ്രശ്‌നങ്ങളെക്കുറിച്ചെല്ലാം സഹജമായ നർമ്മത്തിൽ പൊതിഞ്ഞ നിശിതമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സ്റ്റീഫൻ ഹോക്കിങ് മടി കാണിച്ചിരുന്നില്ല. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നയ വൈകല്യങ്ങളെ നിശിതമായി വിമർശിക്കുന്ന അദ്ദേഹത്തെ നാം കേട്ടതാണല്ലോ.
വിയറ്റ്‌നാം യുദ്ധത്തിലെ അമേരിക്കൻ നിലപാടിനെതിരെ ഊന്നുവടികളൂന്നി തെരുവിലിറങ്ങിയ യുവാവായ സ്റ്റീഫൻ ഹോക്കിങിൽ നിന്നും ഇറാഖിലെ അധിനിവേശത്തിനും ഫലസ്തീനിലെ ഇസ്രായിൽ അതിക്രമങ്ങൾക്കുമെതിരെ കർക്കശമായ നിലപാടുകളെടുക്കുന്ന സ്റ്റീഫൻ ഹോക്കിങിലേയ്ക്ക് അധികം ദൂരമില്ല. ഈ ഭൂമിയിൽ മനുഷ്യ കുലത്തിന് അധികം ആയുസ്സുണ്ടാകിനിടയില്ലെന്ന് ക്രാന്തദർശിയായ ഈ യുഗപുരുഷൻ പ്രവചിക്കുന്നുണ്ട്.    ഈ  നൂറ്റാണ്ടിന്റെ ശാസ്ത്ര വിഹായസ്സിൽ ഏറ്റവും  തെളിച്ചമുള്ള നക്ഷത്രം ഏതാണെന്ന ചോദ്യത്തിന് നിസ്സംശയം ഉത്തരം പറയാനാവും, അത് ഭാവനാശാലിയായ ഈ മഹാരഥൻ ആയിരുന്നുവെന്ന്. 
ഭൂമിയുടെ നിലനിൽപ് തന്നെ പരുങ്ങലിലായ ഇക്കാലത്ത്,  ഗവേഷണ പ്രവർത്തനങ്ങളിലേർപ്പെടാൻ ഈ മഹാനായ ശാസ്ത്രകാരന്റെ സമാനതകളില്ലാത്ത ജീവിതം വരുംതലമുറയ്ക്ക് പ്രചോദനമാകട്ടെ.

( പ്രമുഖ അർബുദ രോഗ ചികിൽസകയായ ലേഖിക പരിയാരം മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്നു. മികച്ച ജീവകാരുണ്യ പ്രവർത്തകയും ആക്ടിവിസ്റ്റുമാണ്)