Friday , March   22, 2019
Friday , March   22, 2019

ഡിലീറ്റ് ഫോർ എവരിവൺ: ദുരുപയോഗം തടയാനും വാട്‌സ്ആപ്പ്  വഴി തേടുന്നു

അയച്ചുപോകുന്ന സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം ആൻഡ്രോയിഡിനു പിന്നാലെ  ഐഫോണിലും ലഭ്യമായി തുടങ്ങിയെങ്കിലും ഇത് കൂടുതൽ പരിഷ്‌കരിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പെന്ന് റിപ്പോർട്ട്. ഐഫോണിൽ 4,096 സെക്കൻഡുകളാണ് അഥവാ 68 മിനിറ്റും 16 സെക്കൻഡുകളുമാണ് മെസേജ് ഡിലീറ്റ് ചെയ്യാൻ ലഭിക്കുന്ന സമയം. ഏഴ് മിനിറ്റ് മാത്രം അനുവദിച്ചു കൊണ്ട് ആരംഭിച്ച ഈ സൗകര്യം ഉപയോക്താക്കളിൽ വൻസ്വീകാര്യത നേടിയതോടെയാണ് സമയപരിധി നീട്ടിയത്. ഐ.ഒ.എസിനായുള്ള 2.18.31 അപ്‌ഡേറ്റിലാണ് ഡിലീറ്റ് ഫോർ എവരിവൺ സൗകര്യമുള്ളത്. 
ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചറിന്റെ വിശദാംശങ്ങൾ വാട്‌സ്ആപ്പ് ഇനിയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇതിന്റെ ദുരുപയോഗ സാധ്യതകൾ തടയുന്നതിനുള്ള സംരക്ഷണം കൂടി ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കമ്പനി. 
അബദ്ധത്തിൽ അയച്ചുപോകുന്ന വാട്‌സ്ആപ്പ് സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം കഴിഞ്ഞ വർഷമാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഏറെ ഉപകാരപ്രദമായ ഈ ഫീച്ചർ ഉപയോക്താക്കൾ ഏറെ സന്തോഷത്തോടെയാണ് ഏറ്റുവാങ്ങിയത്. എന്നാൽ ഈ ഫീച്ചർ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് വാട്‌സ്ആപ്പിന്റെ പുതിയ നീക്കമെന്ന് ജനപ്രിയ മെസേജിംഗ് ആപ്പിൽ വരാനിരിക്കുന്ന മാറ്റങ്ങൾ മുൻകൂട്ടി പുറത്തുവിടാറുള്ള വാബീറ്റാഇൻഫോ റിപ്പോർട്ടിൽ പറയുന്നു. വാട്‌സ്ആപ്പിന്റെ ഔദ്യോഗികമല്ലാത്ത ആൻഡ്രോയിഡ് പതിപ്പുകൾ ഉപയോഗിക്കുന്നവർക്ക് നിലവിൽ മൂന്ന് വർഷം മുമ്പ് അയച്ച സന്ദേശങ്ങൾ പോലും പിൻവലിക്കാനും ഡിലീറ്റ് ചെയ്യാനും സാധിക്കുന്നതാണ് കമ്പനിയെ ഞെട്ടിച്ചിരിക്കുന്നത്. 
ഈ ദുരുപയോഗം തടയാനുള്ള മാർഗം കൂടി ഉൾപ്പെടുത്താനാണ് വാട്‌സ്ആപ്പ് ശ്രമിക്കുന്നത്. നിലവിൽ ഒരാൾ സന്ദേശം നീക്കം ചെയ്യാൻ ആവശ്യപ്പെടുമ്പോൾ സ്വീകർത്താക്കളുടെ ഫോണിലെ ഡാറ്റാബേസ് പരിശോധിച്ച ശേഷം അത് ഉടൻ നീക്കം ചെയ്യുകയാണ് വാട്‌സ്ആപ്പ് ചെയ്യുന്നത്. എന്നാൽ പുതിയ ഫീച്ചർ പ്രാബല്യത്തിൽ വരുന്നതോടെ സന്ദേശം ഒരു നിശ്ചിത സമയ പരിധിയ്ക്ക് ശേഷം ഡിലീറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ അത് സംബന്ധിച്ച അറിയിപ്പ് സന്ദേശം ലഭിച്ചയാൾക്ക് കിട്ടും. 24 മണിക്കൂർ സമയം ഇതിനായി നിശ്ചയിക്കാനാണ് വാട്‌സ്ആപ്പിന്റെ തീരുമാനം. ബ്ലോക്ക് റിവോക് റിക്വസ്റ്റ് എന്ന ഒപ്ഷൻ കൂടി ഏർപ്പെടുത്തിയാണ് അതിന് 24 മണിക്കൂർ സമയം അനുവദിക്കുക. ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന സന്ദേശത്തിന് 24 മണിക്കൂറിലേറെ പഴക്കമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും അതിനുള്ള നടപടി വാട്‌സ്ആപ്പ് സ്വീകരിക്കുക.
സന്ദേശങ്ങളും ചാറ്റും ഗൂഗിൾ ഡ്രൈവിൽ ബാക്കപ്പ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കാനും പുതിയ ഡിലീറ്റ് ഒപ്ഷൻ ഉപയോക്താക്കളെ സഹായിക്കും. മത്സരിക്കാൻ രംഗത്തുവരുന്ന മറ്റു മെസേജിംഗ് അപ്ലിക്കേഷനുകളുടെ സ്വീകാര്യത തടയുക എന്ന ലക്ഷ്യം കൂടിയുണ്ട് വാട്‌സ്ആപ്പ് ഏർപ്പെടുത്തുന്ന പുതിയ ഫീച്ചറുകൾക്ക്. 
 

Latest News