Monday , June   17, 2019
Monday , June   17, 2019

ബിറ്റ്‌കോയിൻ പരസ്യം ഗൂഗിൾ നിരോധിക്കുന്നു 

പോയ വർഷം ഗൂഗിൾ വെബിൽനിന്ന് നീക്കിയത് 320 കോടി പരസ്യങ്ങൾ 

ബിറ്റ് കോയിൻ പോലുള്ള ക്രിപ്‌റ്റോ കറൻസികൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ ഗൂഗിൾ നിരോധിക്കുന്നു. വിവിധ സർക്കാരുകളും സെൻട്രൽ ബാങ്കുകളും ജാഗ്രത പുലർത്താൻ ആവർത്തിച്ച് ഉണർത്തുന്ന ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ ജൂൺ മുതൽ ഓൺലൈനിൽ നൽകില്ലെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. ആളുകളെ മോഹിപ്പിച്ച് കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കുന്ന ധനകാര്യ ഉൽപന്നങ്ങളുടെ വിപണനത്തെ തകർക്കുന്നതിന്റെ ഭാഗമാണ് ഗൂഗിളിന്റെ നടപടി.
ഫെയ്‌സ് ബുക്ക് ഇതേ നിലപാട് ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. വെബ് പരസ്യങ്ങളിൽ മുന്നിട്ടുനിൽക്കുന്ന രണ്ട് കമ്പനികളുടേയും തീരുമാനം വൻനഷ്ടസാധ്യതയുള്ള ക്രിപ്‌റ്റോകറൻസി കുരുക്കിൽനിന്ന് ജനങ്ങളെ രക്ഷിക്കുമെന്നാണ് കരുതുന്നത്.
ക്രിപ്‌റ്റോ കറൻസിയുടേയും അതുമായി ബന്ധപ്പെട്ടവയുടേയും പരസ്യങ്ങൾ ബ്ലോക്ക് ചെയ്യുമെന്ന കാര്യം പോളിസിയിൽ ഉൾപ്പെടുത്തിയാണ് ഗൂഗിളിന്റെ പ്രഖ്യാപനം. ബൈനറി ഒപ്ഷൻസ് അടക്കമുള്ള സാമ്പത്തിക ഉൽപന്നങ്ങളുടെ പരസ്യങ്ങളും വിലക്കാൻ ഇന്റർനെറ്റ് സെർച്ചിന്റെ കുത്തക അവകാശപ്പെടാവുന്ന ഗൂഗിൾ തീരുമാനിച്ചിട്ടുണ്ട്. ബൈ ബിറ്റ്‌കോയിൻ, ബൈനറി ഓപ്ഷൻ തുടങ്ങിയ വാക്കുകൾ ഗൂഗിളിൽ സെർച്ച് ചെയ്താൽ നാല് പരസ്യങ്ങളെങ്കിലും സെർച്ച് റിസൾട്ടിനു മുകളിലായി കാണിക്കുന്നുണ്ട്. 
പരസ്യവരുമാനത്തിന്റെ കാര്യത്തിൽ ഗൂഗിളിന്റെ മുഖ്യ എതിരാളിയായ ഫെയ്‌സ് ബുക്ക് ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ ജനുവരിയിലാണ് നിരോധിച്ചത്. ബിറ്റ്‌കോയിൻ സ്‌പെല്ലിംഗ് തെറ്റിച്ച് ബിസിനസ് പിടിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടുരുന്നുണ്ട്. ഇത്തരം ശ്രമങ്ങളേയും പ്രതിരോധിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ഗൂഗിൾ വക്താവ് പറയുന്നു. 
മോശം പരസ്യങ്ങളെ കുറിച്ചുള്ള വാർഷിക അവലോകനത്തോടൊപ്പാമാണ് ഗൂഗിൾ പോളിസി അപ്‌ഡേറ്റ് ചെയ്യുന്നത്. പോയവർഷം 320 കോടി പരസ്യങ്ങൾ വെബിൽനിന്ന് നീക്കിയെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്. 2016 ൽ 170 കോടിയായിരുന്നു ഇത്. 
ഓൺലൈനിലെത്തുന്നവരെ മാൽവെയറും വൈറസുമുള്ള സൈറ്റുകളിലേക്ക് നയിക്കുന്ന 7.9 കോടി പരസ്യങ്ങൾ നീക്കം ചെയ്തിരുന്നുവെന്ന് ഗൂഗിൾ വെളിപ്പെടുത്തുന്നു. തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങൾ ഒഴിവാക്കുന്നതിനും ഗൂഗിൾ നടപടി ഊർജിതമാക്കിയിട്ടുണ്ട്. വാർത്തകളെന്ന പേരിൽ പരസ്യങ്ങൾ നൽകിയ 7000 ഉപയോക്താക്കളുടെ അക്കൗണ്ടുകൾ കമ്പനി സസ്‌പെന്റ് ചെയ്തു. മറ്റു പ്രസിദ്ധീകരണങ്ങളിൽനിന്ന് പകർത്തിയ 12,000 വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്തതായും ഗൂഗിൾ വെളിപ്പെടുത്തുന്നു.