Friday , December   14, 2018
Friday , December   14, 2018

പൊതുമരാമത്തിൽ അഴിമതി വിരുദ്ധതയുടെ സുധാകര കാലം

തിരുവനന്തപുരം- പൊതുമരാമത്ത് വകുപ്പും അഴിമതിയും  എല്ലാ കാലത്തും ഇരട്ടക്കുഞ്ഞുങ്ങളായിരുന്നു. ഇപ്പറഞ്ഞ ജനിതക വൈകല്യം മാറ്റിയെടുക്കുന്ന മന്ത്രിയെന്ന പ്രശംസയാണ് ജി.സുധാകരൻ ബജറ്റ് ചർച്ചയിൽ ഏറ്റുവാങ്ങിയത്. പൊതുമരാമത്ത്, തുറമുഖ വകുപ്പുകളിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തവരെല്ലാം സുധാകരനെ അഴിമതി വിരുദ്ധതയുടെ പേരിൽ പ്രശംസാ വചനങ്ങൾ കൊണ്ട് മൂടി. അഴിമതി നടത്താത്ത മന്ത്രിയെ ഭയ ബഹുമാനത്തോടെയാണ് വകുപ്പിലുള്ളവർ  കാണുന്നതെന്നാണ് ചർച്ച തുടങ്ങിവെച്ച കെ.സുരേഷ് കുറുപ്പിന്റെ പ്രശംസ. പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് നീതിപൂർവമാണ് വീതം വെച്ചത്. മുൻഗാമി സ്വന്തം പാർട്ടിക്കാർക്കായിരുന്നു അധിക തുക നൽകിയിരുന്നതെന്ന് കുറുപ്പിന്റെ വിമർശം കേട്ട് സി.പി.എം സ്വതന്ത്രൻ അഡ്വ. പി.ടി.എ റഹീം അത് ശരിവെച്ച് പ്രതികരിക്കുന്നത് കാണാമായിരുന്നു. പുതിയ കാലം, പുതിയ നിർമാണം  എന്നതാണ് പൊതുമരാമത്ത് വകുപ്പ് പുതുതായി സ്വീകരിച്ച വികസന മുദ്രാവാക്യം. വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന റസ്റ്റ് ഹൗസുകൾ ശുദ്ധീകരിക്കാൻ മന്ത്രിക്ക് സാധിച്ചു. കെട്ടിട ഭംഗിയുടെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ലാത്തവരാണ് പൊതുമരാമത്തുകാർ എന്നാണ് സി.പി.ഐയിലെ ഇ.എസ്.ബിജിമോളുടെ പക്ഷം. എല്ലാ കാലത്തും അവർ കെട്ടിടത്തിനുപയോഗിക്കുന്നത് ഭംഗി തൊട്ടുതീണ്ടാത്ത  പെയിന്റാണ്. ഇപ്പണി ചെയ്ത എഞ്ചിനീയർമാരുടെ  വീടുകൾ പോയി നോക്കണം. നല്ല രീതിയിലായിരിക്കും അതൊക്കെ നിർമ്മിച്ചിട്ടുണ്ടാവുക. സ്വന്തം വീട് നിർമ്മാണത്തിൽ കാണിക്കുന്ന ശ്രദ്ധ നാട്ടുകാരുടെ കെട്ടിടമുണ്ടാക്കുമ്പോഴും കാണിക്കണമെന്ന് വകുപ്പിലെ എഞ്ചിനീയർമാർക്ക് ബിജിമോളുടെ കുത്ത്. മഹാരാഷ്ട്രയിലെ കർഷക സമര വിജയത്തിന്റെ അവകാശികളായി ഇരുപക്ഷവും രംഗത്തു വന്നെങ്കിലും അതിന്റെയെല്ലാം മുഴുവൻ ക്രഡിറ്റും കെ.എം മാണി കാലത്ത് തന്നെ അടിച്ചെടുത്തിരുന്നു.
കർഷക ആത്മഹത്യയെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ തർക്കം തന്നെ നടക്കുകയുണ്ടായി.  സംസ്ഥാനത്ത് കൂടുതൽ കർഷക ആത്മഹത്യ നടന്നത് വി.എസ് സർക്കാരിന്റെ കാലത്താണെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ അതല്ലെന്ന് സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കണക്കുകൾ നിരത്തി.
സംസ്ഥാനത്ത് കർഷക ആത്മഹത്യ പെരുകുകയാണെന്നും  വിദർഭയെക്കാൾ കർഷക ആത്മഹത്യ നടക്കുന്ന നാടായി കേരളം മാറുന്നു എന്നുമായിരുന്നു കെ.എം മാണിയുടെ അടിയന്തരപ്രമേയ നോട്ടീസ്. വാചക കസർത്തല്ലാതെ കർഷകർക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കുറ്റപ്പെടുത്തൽ. 
കേരളത്തിലാണ് ഏറ്റവും അധിക കർഷക ആത്മഹത്യയെന്ന കെ.എം.മാണിയുടെ ആരോപണത്തെ കൃഷിമന്ത്രി വി.എസ് സുനിൽകുമാർ രൂക്ഷമായി വിമർശിച്ചത് ശ്രദ്ധിക്കപ്പെട്ടു. റബർ കർഷകരുടെ മിശിഹയായ മാണിയുടെ കാലത്താണ് കർഷകരുടെ കുടിശ്ശിക വർധിച്ചതെന്ന സി.പി.ഐക്കാരനായ മന്ത്രിയുടെ വാക്കുകൾക്ക് രാഷ്ട്രീയ മാനം. മഹാരാഷ്ട്രയിലെ ലോംഗ് മാർച്ചിനെ അഭിനന്ദിച്ച കെ.എം മാണി കർഷകരോടുള്ള ആ വികാരം കേരളത്തിലും വേണമെന്ന പക്ഷക്കാരനാണ്.  മന്ത്രി സുധാകരൻ പൊതുമരാമത്ത് വകുപ്പ് നന്നായി കൊണ്ടുപോകണമെന്നാഗ്രഹിക്കുന്നുണ്ടാകാം. എന്തു ചെയ്യാം അങ്ങയുടെ കൈ കെട്ടിയിരിക്കയല്ലേ -കോൺഗ്രസിലെ അടൂർ പ്രകാശുൾപ്പെടെ ഇത് പറഞ്ഞത് മന്ത്രി സുധാകരനും, സർക്കാരിലെ സുധാകര വിരുദ്ധനും തമ്മിലെ തർക്കത്തിന്റെ മുറിവ് വലുതാക്കാനുദ്ദേശിച്ചു തന്നെ. ശരിയുടെ വഴിയിൽ തന്നെയാണ് മന്ത്രി സുധാകരൻ സഞ്ചരിക്കുന്നതെന്ന് ഇ.ടി.ടൈസൺ മാസ്റ്റർക്ക് ഉറപ്പ്. 
ലീഗിലെ എൻ.എ നെല്ലിക്കുന്നും പറഞ്ഞത് സുധാകരന്റെ ശോഭ കെടുത്താനുള്ള ആളുകൾ കൂടെ തന്നെയുണ്ടെന്നാണ്. നെല്ലിക്കുന്ന് സ്ഥിരമായി ജി.സുധാകരന്റെ കവിത ഉദ്ധരിക്കാൻ മറക്കാറില്ല. 'വിളവു തിന്നുന്ന വേലികൾ വേണ്ട എന്നാണല്ലോ അങ്ങ് എഴുതിയത്. അങ്ങയുടെ വഴിയടക്കാൻ വരുന്നവരും ഇനി വേണ്ട..' -നെല്ലിക്കുന്ന് കവിതകൊണ്ട് തന്നെ സുധാകര പക്ഷം ചേർന്നു.
കെ.ടി.ജലീലിന് മറുപടി പറയാതെ ലീഗംഗങ്ങൾക്ക് പ്രസംഗിക്കാൻ പറ്റാത്ത സ്ഥിതിയാണിപ്പോൾ. കാരണം 44 പേരെ ലീഗു കൊന്നു എന്ന ജലീലിന്റെ ആരോപണം തന്നെ. പുത്തനച്ചി പുരപ്പുറം തൂക്കും, പിന്നെ,പിന്നെ ഇറവെള്ളം കൊടുക്കില്ല എന്ന് കേട്ടിട്ടില്ലേ. അതാണിപ്പോൾ ജലീൽ. സി.പി.എം  പക്ഷത്തെ പുത്തനച്ചി. ലീഗിനെതിരെ ഇങ്ങനെയൊക്കെ പറയുന്നത് ജലീലിനും മനസാ ഇഷ്ടമുണ്ടാകില്ല എന്നറിയാം. കാരണം ഭാവിയിൽ എന്തുണ്ടാകുമെന്ന് അദ്ദേഹത്തിനുമറിയില്ലല്ലോ.
ലീഗിന്റെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞ് പ്രതിപക്ഷ എം.എൽ.എമാർക്ക് പരിഗണന കൊടുത്തിരുന്നില്ല എന്ന് പരാതി പറഞ്ഞ കെ.സുരേഷ് കുറുപ്പിന് നെല്ലിക്കുന്ന് മറുപടി പറഞ്ഞത്, ഉദുമ, തളിപ്പറമ്പ് എം.എൽ.എമാർ അന്ന് ഫണ്ട് നേടിയെടുത്ത കാര്യം പറഞ്ഞാണ്. സി.പി.എം കാരായ അവർ ഇബ്രാഹിം കുഞ്ഞിൽ നിന്ന് ഇഷ്ടം പോലെ പദ്ധതികൾ വാങ്ങിയിട്ടുണ്ട്. സുരേഷ് കുറുപ്പിന് അതിനുള്ള സാമർഥ്യമില്ലാതെ പോയി. 
ഇതു കഴിഞ്ഞപ്പോൾ അതാ വരുന്നു ഇബ്രാഹിം കുഞ്ഞിനെക്കുറിച്ച് നല്ല വാക്കുകളുമായി പി.സി.ജോർജ്. ഇബ്രാഹിം കുഞ്ഞ് അത്ര മോശം മന്ത്രിയൊന്നുമായിരുന്നില്ല. എന്റെ മണ്ഡലത്തിലേക്ക് ആവശ്യമായ തുക തന്നിട്ടുണ്ട്. മന്ത്രി സുധാകരനുമുണ്ട് ജോർജിന്റെ പ്രത്യേക അഭിനന്ദനം- പൊതുമരാമത്ത് വകുപ്പിന്റെ അതിഥി മന്ദിരങ്ങളിൽ നിന്ന് വൃത്തികെട്ട ചന്തകളെയെല്ലാം അടിച്ചിറക്കി ശുദ്ധീകരിച്ചതിന്.
കോൺഗ്രസിലെ എം.വിൻസെന്റ് പ്രസംഗിക്കാൻ നിന്നപ്പോഴാണ് യു.പി ഉപതെരഞ്ഞെടുപ്പിന്റെ സൂചന വന്നു തുടങ്ങിയത്. അത് ബി.ജെ.പിക്കെതിരാണെന്ന് കണ്ടപ്പോൾ വിൻസെന്റ് സി.പി.എം ബെഞ്ചുകൾക്ക് നേരെ തിരിഞ്ഞു - കണ്ടോ, കണ്ടോ യെച്ചൂരിയാണ് ശരിയെന്ന് മനസ്സിലായില്ലേ? നിങ്ങൾ ത്രിപുരയിൽ പോരാടാൻ കിട്ടിയ അവസരം തന്നെ ഒഴിവാക്കി. യു.പി യിൽ നരേന്ദ്ര മോഡിയെ തോൽപ്പിക്കുന്ന ദിവസമെങ്കിലും നിങ്ങൾക്ക് രാഷ്ട്രീയ ബോധമുദിക്കണം. 
യു.പിയിൽ ബി.ജെ.പിക്ക് തിരിച്ചടി നൽകിയ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എന്തിനാണ് സ്വന്തം സ്ഥാനാർഥിയെ നിർത്തിയതെന്ന് ചോദിച്ച് പ്രതിരോധം തീർത്തത് സി.പി.എമ്മിലെ എ.എം.ആരിഫാണ്. ലീഗുകാരിൽ പണ്ടൊക്കെ ഒരു പ്രത്യേക ഗുണം ആരിഫ് കണ്ടിരുന്നു. അവർ പുറമേ പച്ചയൊക്കെയാണെങ്കിലും അകം തണ്ണിമത്തൻ പോലെ ചുവപ്പായിരുന്നു. ഒരുതരം ഇടത് ആഭിമുഖ്യം. ഇപ്പോൾ അങ്ങനെയല്ല. നിറയെ കമ്യൂണിസ്റ്റ് വിരുദ്ധതയാണ്. എന്താ ചില പാർട്ടികൾ രാഷ്ട്രീയ ട്രാൻസ്‌ജെന്റേഴ്‌സാവുകയാണോ? -ആരിഫ് പറഞ്ഞു നിർത്തിയില്ല. അപ്പോഴേക്കും കോൺഗ്രസിലെ ഷാഫി പറമ്പിൽ ക്രമ പ്രശ്‌നവുമായി ഇടപെട്ടു. ആരിഫിന്റെ വാക്കുകൾ ഭിന്ന ലിംഗക്കാരെ അപമാനിക്കുന്നതാണ് എന്നായിരുന്നു ഷാഫിയുടെ വിമർശം.ഇബ്‌നു ബത്തൂത്ത കോഴിക്കോട് കടപ്പുറത്ത് വന്നപ്പോൾ തുറമുഖത്ത് 12 കപ്പലുണ്ടായിരുന്നു. ചൈനയുടെ കപ്പൽ ഉൾപ്പെടെ. അങ്ങനെയുള്ള കോഴിക്കോട് തുറമുഖം ഇന്നൊന്നുമല്ലാതായി. ഇത്തരം തുറമുഖങ്ങളൊക്കെ ഒന്ന് ശരിയാക്കിയെടുക്കാനൊക്കെയുള്ള പ്രാപ്തി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുണ്ടെന്ന് ലീഗിലെ അഡ്വ. കെ.എൻ.എ ഖാദറിന് തീരെ തോന്നുന്നില്ല. തുറമുഖ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ നല്ല രൗദ്രഭാവമൊക്കെയുള്ളവർ കൈകാര്യം ചെയ്യേണ്ടതാണ്. കാരണം കടലിന്റെ ഭാവം രൗദ്രമാണ്. കടന്നപ്പള്ളിയെ ഇടതുപക്ഷത്തിന്റെ പി.ആർ.ഒ ആയി നിയമിച്ചാൽ മതി. തോളിൽ കയ്യിട്ടും ചിരിച്ചു കളിച്ചും അങ്ങനെ കാലം കഴിച്ചോളും.
വസ്തുനിഷ്ഠ യാഥാർഥ്യങ്ങൾ മനസ്സിലാക്കണമെന്നാണ് കമ്യൂണിസ്റ്റുകാരോട് ഖാദറിന് പറയാനുള്ളത്. ''ഒരു കാര്യം നിങ്ങൾക്കോർമയുണ്ടോ. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥ കാലത്ത് സോവ്യറ്റ് പ്രസിഡന്റ് ബ്രഷ്‌നേവ്  ഇന്ത്യൻ പാർലമെന്റിൽ വന്ന് നിന്ന് അടിയന്തരാവസ്ഥയെ പുകഴ്ത്തി സംസാരിച്ചിരുന്നു. പാർലമെന്റിലെ ഒരൊറ്റ കമ്യൂണിസ്റ്റംഗവും അന്നൊരക്ഷരം എതിർത്ത് പറഞ്ഞിരുന്നില്ല.'' ഇതു കേട്ട് എഴുന്നേറ്റ സിപിഎമ്മിലെ ഷംസീറിനോട് ഖാദർ പറഞ്ഞു 'ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല.' സഖാക്കളേ... എന്ന് വിളിച്ചായിരുന്നു പിന്നെ ഖാദറിന്റെ വാക്കുകൾ. നിങ്ങൾ ടി.പിയെയും അരിയിൽ ഷുക്കൂറിനെയും ശുഹൈബിനെയും പോലുള്ള സാധാരണ മനുഷ്യരെ കൊന്നു തള്ളേണ്ടവരല്ല. കൊല്ലേണ്ടവരെ കൊന്നിട്ടു വാ... അപ്പോൾ നിങ്ങൾക്ക് പിന്തുണ തരാം -ഖാദർ ആവേശഭരിതനായി. 
അഴിമതി ഭൂതങ്ങളുടെ പേടിസ്വപ്‌നമാണ് മന്ത്രി സുധാകരനെന്നാണ് സി.പി.എമ്മിലെ കെ.വി.അബ്ദുൽഖാദർ  ഉറപ്പിച്ചു പറയുന്നത്. ലീഗിന്റെ സ്ഥിരം പരിപാടി മീറ്റിംഗും ഈറ്റിങ്ങുമാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ കോൺഗ്രസ് അംഗം വി.പി സജീന്ദ്രന്റേത് ലീഗിനെതിരെയുള്ള നിന്ദാസ്തുതിയാണെന്ന് അബ്ദുൽ ഖാദറിന് ഉറപ്പ്. സഹപ്രവർത്തകൻ ശുഹൈബിന്റെ കൊലപാതക കേസിലെ സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്‌തെന്ന വാർത്ത കോൺഗ്രസ് യുവ അംഗം ഷാഫി പറമ്പിലിനെ ശരിക്കും ക്ഷോഭം കൊള്ളിച്ചു. സ്റ്റേ നടപടി വാർത്ത കേട്ടപ്പോൾ  നെടുവീർപ്പുയരുന്നുണ്ട്. ശുഹൈബിന്റെ മരണ വാറന്റ് ഒപ്പിട്ടവർ ഭയപ്പെട്ടു പോയിരുന്നു. അതുകൊണ്ടാണല്ലോ സ്റ്റേ വാങ്ങാനുള്ള നാണംകെട്ട പണി നിങ്ങളെടുത്തത്. എം.സ്വരാജിന്റെ കുനിഞ്ഞ തല അങ്ങനെ തന്നെ അവിടെ തന്നെ നിൽക്കട്ടെ.
മന്ത്രി ജി.സുധാകരൻ അടുക്കിലും ചിട്ടയിലും തന്നെ ബജറ്റ് ചർച്ചക്ക് മറുപടി പറഞ്ഞു. മാധ്യമങ്ങളോട് സുധാകരന് ഒരു പ്രത്യേക അഭ്യർഥനയുണ്ട് - ഏതെങ്കിലും ഒരു വ്യക്തിയെ ഗവർമെന്റിനേക്കാളൊക്കെ വലുതാക്കാൻ നോക്കരുത്.  നിങ്ങൾക്കറിയാമോ, മഹാനായ മനുഷ്യൻ എന്നാണ് പിണറായി വിജയൻ ഇ.ശ്രീധരനെപ്പറ്റി പറഞ്ഞത്. അതൊരു ചില്ലറക്കാര്യമാണോ? ഇതിൽപരം എന്തു വേണം.''

''വളരെ വ്യവസ്ഥാപിതമായി, വർഷങ്ങൾ സി.പി.എം എന്ന പാർട്ടി പിണറായി വിജയൻ കൊണ്ടുനടന്നതു കൊണ്ടാണ് ഞങ്ങളിപ്പോൾ ഇവിടെ ഭരണത്തിലിരിക്കുന്നത്.. നിങ്ങളും പാർട്ടി കൊണ്ടുനടന്നതു കൊണ്ട് ഇത്രയും പേരെയെങ്കിലും ജയിപ്പിച്ചെടുക്കാനായി. ഇക്കാര്യം ഓർമ വേണം.'' 
ഏഴഴകുള്ള മാരിവില്ലാണ് പിണറായി സർക്കാർ- തന്റെ ചില കവിതകൾ ഉദ്ധരിച്ച ശേഷം സുധാകരൻ പറഞ്ഞു നിർത്തി. കവിത തുളുമ്പിയ ചർച്ച എന്നാണ് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി ധനാഭ്യർഥന ചർച്ചയെ വിശേഷിപ്പിച്ചത്. സി.കെ.നാണു, എൻ.വിജയൻപിള്ള, വി.കെ.സി മമ്മദ് കോയ, മോൻസ് ജോസഫ്, എം.മുകേഷ്, മുരളി പെരുനെല്ലി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
കവി മന്ത്രിയുടെയും (ജി.സുധാകരൻ) പാടുന്ന മന്ത്രിയുടെയും (കടന്നപ്പള്ളി രാമചന്ദ്രൻ) വകുപ്പുകളിന്മേലുള്ള ധനാഭ്യർഥന ചർച്ച കഴിഞ്ഞ ശേഷം എം.എൽ.എമാർ പോയത് പുസ്തക ചർച്ചക്ക്. നിയമസഭ വജ്രജൂബിലിയുടെ ഭാഗമായുള്ള പരിപാടി.  കെ.പി.രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകത്തെക്കുറിച്ചുള്ള ചർച്ചക്ക് ശേഷം ഫിറോസ് ബാബുവും, രഹനയും ഒരുക്കുന്ന സംഗീത സന്ധ്യയും, അത്താഴ വിരുന്നും. കാലത്തിന്റെ പുസ്തകം എന്നാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പുസ്‌കത്തെ  നിയമസഭയിൽ വിശേഷിപ്പിച്ചത്.