Friday , December   14, 2018
Friday , December   14, 2018

സൗദിയിൽ തൊഴിലവസരങ്ങൾ വർധിക്കും -അംബാസഡർ 

ന്യൂദൽഹി- സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ ബന്ധം മെച്ചപ്പെടുകയാണെന്നും സൗദിയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൗദി അംബസഡർ ഡോ.സൗദ് മുഹമ്മദ് അൽസാത്തി പറഞ്ഞു. 
മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേന്ദ്ര  വിദേശകാര്യ വകുപ്പിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗമെന്ന നിലയിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ സന്ദർശനം. ഇന്ത്യയും സൗദിയും തമ്മിൽ ദശാബ്ദങ്ങളായി നിലനിൽക്കുന്ന ഊഷ്മള ബന്ധം കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. പ്രവാസി ഇന്ത്യക്കാർ രണ്ടാമത്തെ വീടായാണ് സൗദി അറേബ്യയെ കാണുന്നത്. സൗദിയുടെ നിയമം പാലിച്ച് അവിടത്തെ വികസനത്തിന് വേണ്ടി വിയർപ്പൊഴുക്കുന്നവരാണ് പ്രവാസി ഇന്ത്യക്കാർ. സ്വദേശിവൽക്കരണത്തെ തുടർന്ന് സൗദിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ആശങ്കകൾ വർധിച്ചു വരികയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽനിന്ന്, പ്രത്യേകിച്ച് മലബാറിൽനിന്നുള്ള പ്രവാസികളാണ് സൗദിയിലെ സ്വദേശിവൽക്കരണം മൂലം കൂടുതൽ ബുദ്ധിമുട്ടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അംബാസഡറെ കേരളം സന്ദർശിക്കാൻ ക്ഷണിച്ച ശേഷമാണ് കുഞ്ഞാലിക്കുട്ടി മടങ്ങിയത്.  
 

Tags