Monday , September   24, 2018
Monday , September   24, 2018

ബി.ജെ.പിയുടെ ലോക്‌സഭ മേധാവിത്വത്തിന് കനത്ത തിരിച്ചടി

ന്യൂദൽഹി- മൂന്നു പതിറ്റാണ്ടിനിടെ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി അധികാരത്തിലെത്തിയ ബി.ജെ.പിക്ക് കഴിഞ്ഞ നാലു വർഷത്തിനിടെ നഷ്ടമായത് ഏഴു ലോക്‌സഭ സീറ്റുകൾ. 282 സീറ്റുകളുമായി ഒറ്റക്ക് ഭരണത്തിലേറാനുള്ള ഭൂരിപക്ഷമാണ് 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജനം നൽകിയത്. എന്നാൽ ഏറ്റവുമൊടുവിൽ യു.പിയിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബി.ജെ.പിയുടെ സീറ്റ് 274 ആയി ചുരുങ്ങി. അതായത് ലോക്‌സഭയിൽ ഒറ്റക്ക് ഭൂരിപക്ഷം നേടാനാവശ്യമായ 272 സീറ്റിനേക്കാൾ രണ്ട് സീറ്റ് മാത്രം അധികം. നരേന്ദ്രമോഡി പ്രധാനമന്ത്രിയായി അധികാരമേറ്റത് മുതൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലൂടെ ബി.ജെ.പിയിൽനിന്ന് കോൺഗ്രസ് നാലു സീറ്റുകൾ പിടിച്ചെടുത്തു. സമാജ് വാദി രണ്ടും രാഷ്ട്രീയ ജനതാദൾ ഒരു സീറ്റുമാണ് പിടിച്ചെടുത്തത്. ഇതോടെ ലോക്‌സഭയിൽ സമാജ് വാദി പാർട്ടിയുടെ സീറ്റ് അഞ്ചിൽ നിന്ന് ഏഴായി ഉയർന്നു. ആർ.ജെ.ഡിക്ക് നാലു സീറ്റുകളാണുള്ളത്. ആർ.ജെ.ഡിയുടെ സീറ്റ് നിലയിൽ മാറ്റമില്ല.
2015 നവംബറിൽ മധ്യപ്രദേശിലെ രത്‌ലാം ലോക്‌സഭ മണ്ഡലത്തിൽനിന്നാണ് ബി.ജെ.പിക്ക് ആദ്യഉപതെരഞ്ഞെടുപ്പ് അടിയേറ്റത്. മധ്യപ്രദേശിലെ 29 ലോക്‌സഭ സീറ്റുകളിൽ 27-ലും ബി.ജെ.പി ജയിച്ചിരുന്നു. രത്‌ലാം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ദീലീപ് സിംഗ് ബുരിയയുടെ മരണത്തെ തുടർ ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ  കോൺഗ്രസിലെ കാന്തിലാൽ ബുരിയ വിജയിച്ചു. ദീലീപ് സിംഗ് ബുരിയയുടെ മകൾ നിർമലയായിരുന്നു ഇവിടെ ബി.ജെ.പി സ്ഥാനാർഥി. 
പഞ്ചാബിലെ ഗുരുദാസ് പൂർ മണ്ഡലത്തിൽനിന്ന് കഴിഞ്ഞ വർഷമാണ് ബി.ജെ.പിക്ക് അടുത്ത തിരിച്ചടിയുണ്ടായത്. സിറ്റിംഗ് എം.പിയും നടനുമായ വിനോദ് ഖന്നയുടെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സുനിൽ സിംഗ് ഝാഖാർ വിജയിച്ചു. ലോക്‌സഭ മുൻ സ്പീക്ക ർ ബൽറാം ഝാക്കറുടെ മകനായിരുന്നു സുനിൽസിംഗ്. ബി.ജെ.പിയിലെ സ്വരൻ സൊളാരിയയെ 1.90 ലക്ഷം വോട്ടുകൾക്കാ ണ് ബൽറാം ഝാക്കർ തോൽപ്പിച്ചത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസിന് മുഴുവൻ സീറ്റുകളും നഷ്ടമായിരുന്നു. ഈ വർഷമാദ്യം രാജസ്ഥാനിലെ രണ്ടു ലോക്‌സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിലും കോൺഗ്രസ് വിജയിച്ചു. അൽവാർ, അജ്മീർ മണ്ഡലങ്ങളിലായിരുന്നു കോൺഗ്രസിന്റെ മിന്നും പ്രകടനം. ബി.ജെ.പി എം.പിമാരായിരുന്ന സൻവർലാൽ ജാട്(അജ്മീർ), മഹന്ദ് ചന്ദ് നാഥ് യോഗി(അൽവാർ) എന്നിവരുടെ മരണത്തെ തുടർന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. 
ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.പിയിലെ രണ്ടു സീറ്റും ബി.ജെ.പിയിൽനിന്ന് സമാജ്‌വാദി പാർട്ടി തിരിച്ചുപിടിക്കുകയായിരുന്നു. 
ഫുൽപൂർ, ഗോരഖ്പൂർ മണ്ഡലങ്ങളിലേത് ബി.ജെ.പിയുടെ അഭിമാനപ്പോര് കൂടിയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സൽ എന്നാണ് ഈ ഉപതെരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഫലം പുറത്തുവന്നതോടെ അമിത ആത്മവിശ്വാസമാണ് പരാജയത്തിന് കാരണമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരണം. യു.പിയിലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രതിനിധീകരിച്ചിരുന്ന മണ്ഡലം കൂടിയാണിതെന്നത് ബി.ജെ.പിയുടെ പരാജയത്തിന്റെ ഭാരം കൂട്ടുന്നു. ബിഹാറിലെ രാഷ്ട്രീയ ചതിക്ക് കൂടിയാണ് അരാരിയ മണ്ഡലം തിരിച്ചടി നൽകിയത്. ആർ.ജെ.ഡി എം.പി മുഹമ്മദ് തസ്‌ലീമുദ്ദീന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. തസ്‌ലീമുദ്ദീന്റെ മകൻ സർഫ്രാസ് ആലമും ബി.ജെ.പിയുടെ പ്രദീപ് സിംഗുമാണ് മത്സരിച്ചിരുന്നത്. 
അതേസമയം, ബി.ജെ.പി അധികാരത്തിലേറിയ ശേഷം, അസം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നടന്ന ചില ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വിജയിച്ചിരുന്നു. അസമിലെ ലഖിംപൂരിനെ പ്രതിനിധീകരിച്ചിരുന്ന സർബാനന്ദ സോണോവാൽ അസം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് നിലനിർത്തി. മധ്യപ്രദേശിലെ ഷഹ്‌ദോൾ സീറ്റും ബി.ജെ.പി നിലനിർത്തിയിരുന്നു. മുതിർന്ന പാർട്ടി നേതാവ് ദൽപാത് സിംഗ് പരാസതെ മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. മോഡി രാജിവെച്ചതിനെ തുടർന്ന് വഡോദരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിയാണ് വിജയിച്ചത്. കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ റോഡപകടത്തെ തുടർന്ന് മരിച്ചപ്പോൾ മഹാരാഷ്ട്രയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൾ പ്രീതം മുണ്ടേ വിജയിച്ചു. ഉത്തർപ്രദേശിലെ കൈറാന മണ്ഡലത്തിൽ ഇനി ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ബി.ജെ.പി എം.പി ഹുക്കും സിംഗ് മരിച്ചതിനെ തുടർന്നാണ് ഇവി ടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ തിയ്യതി ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല. 
 

Latest News