Friday , December   14, 2018
Friday , December   14, 2018

യു.പിയിൽനിന്ന് പുതിയ പ്രതീക്ഷ

ലഖ്‌നൗ- ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ അഭിമാനമായിരുന്ന രണ്ടു മണ്ഡലങ്ങളിൽ പാർട്ടിയുടെ തോൽവി വെറും പരാജയത്തിൽ മാത്രമൊതുങ്ങുന്നതല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഉത്തർപ്രദേശ് കാത്തുവെച്ചിരിക്കുന്ന കനത്ത പരാജയത്തിന്റെ ടെസ്റ്റ് ഡോസായാണ് ഈ തോൽവിയെ രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ബി.ജെ.പിയുടെ പടയോട്ടം യു.പിയിൽ അവസാനിപ്പിക്കുന്നതിന് വേണ്ടി ബി.എസ്.പിയും സമാജ് വാദി പാർട്ടിയും ചേർന്നുള്ള മുന്നണിയുടെ ആദ്യ ഡ്രസ് റിഹേഴ്‌സൽ കൂടിയായിരുന്നു ഇന്നലത്തെ തെരഞ്ഞെടുപ്പ് ഫലം. 
ഫലമറിഞ്ഞ ഉടൻ സമാജ് വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് നേരെ തിരിച്ചത് ബി.എസ്.പി നേതാവ് മായാവതിയുടെ വീട്ടിലേക്കായിരുന്നു. അഖിലേഷ് യാദവിന്റെ വിക്രമാദിത്യ മാർഗിൽനിന്ന് മായാവതിയുടെ മാൾ അവന്യൂവിലേക്ക് അഞ്ചു മിനിറ്റിന്റെ കാർദൂരം മാത്രമാണുള്ളത്. ഈ അഞ്ചു മിനിറ്റ് യാത്ര കൊണ്ട് കാൽ നൂറ്റാണ്ടായി ഇരുപാർട്ടികൾക്കും ഇടയിലുണ്ടായിരുന്ന അകൽച്ചക്ക് കൂടിയാണ് അന്ത്യമായത്. 1993-ലെ കാൻഷിറാം-മുലായം സിംഗ് യാദവ് സഖ്യം ബി.എസ്.പി പിന്തുണ പിൻവലിച്ചതോടെയാണ് തകർന്നത്. മുലായം സിംഗ് യാദവ് സർക്കാറിനുള്ള പിന്തുണ പിൻവലിച്ച ബി.എസ്.പി പിന്നീട് ബി.ജെ.പി പിന്തുണയോടെ യു.പിയിൽ സർക്കാർ രൂപീകരിക്കുകയായിരുന്നു. ഇതോടെയാണ് ബി.എസ്.പിയും എസ്.പിയും തമ്മിലുള്ള പോര് തുടങ്ങിയത്. രണ്ടു മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ നിർത്താതെ എസ്.പിയെ പിന്തുണച്ച മായാവതിയെ അഖിലേഷ് യാദവ് നന്ദിയറിയിച്ചു. വർഗീയവാദികൾക്കെതിരായ പോരാട്ടത്തിൽ തങ്ങളെ പിന്തുണച്ച മായാവതി, എൻ.സി.പി, നിഷാദ് പാർട്ടി, പീസ് പാർട്ടി, ആർ.എൽ.ഡി തുടങ്ങിയ കക്ഷികൾക്ക് നന്ദിയറിക്കുന്നതായി അഖിലേഷ് യാദവ് വ്യക്തമാക്കി. ബി.ജെ.പിയുടെ ജനദ്രോഹ ഭരണത്തിനെതിരെ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധത്തിലാണെന്നും അഖിലേഷ് പറഞ്ഞു. യു.പിയിലെയും ബിഹാറിലെയും തെരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്തുഷ്ടി രേഖപ്പെടുത്തി. ഒടുക്കത്തിന്റെ തുടക്കമായെന്നായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ പ്രതികരണം. ത്രസിപ്പിക്കുന്ന വിജയം നേടിയ മായാവതിയെയും അഖിലേഷിനെയും അഭിനന്ദിക്കുന്നതായി മമത ബാനർജി ട്വീറ്റ് ചെയ്തു.
 

Tags