Friday , December   14, 2018
Friday , December   14, 2018

സ്റ്റീഫൻ ഹോക്കിംഗ്: ജ്വലിച്ചുയർന്ന അത്ഭുതപ്രതിഭ

സ്റ്റീഫൻ ഹോക്കിംഗിന്റെ വാതിലിനരികിൽ പലപ്പോഴും മരണം വന്നെത്തിനോക്കിയിട്ടുണ്ട്. തനിക്ക് കീഴടക്കാനാകുമോ എന്നന്വേഷിച്ചായിരുന്നു ആ വരവ്. പക്ഷെ, കീഴടങ്ങാൻ സ്റ്റീഫൻ ഹോക്കിംഗ് തയ്യാറായിരുന്നില്ല. കീഴടക്കാനെത്തിയ മരണം ഈ അത്ഭുത മനുഷ്യന് മുന്നിൽ കീഴടങ്ങി തിരിച്ചുപോവുകയായിരുന്നു പലവട്ടം. 
നിവർന്നുനിൽക്കാനോ, ചുണ്ടനക്കാൻ പോലുമോ കഴിയാത്ത തരത്തിലാണ് ഹോക്കിംഗിനെ രോഗം ചുരുട്ടിക്കെട്ടിയത്. പക്ഷെ, അതിനെയും അദ്ദേഹം തന്റെ കൈവശം ആവശ്യത്തിലേറെയുണ്ടായിരുന്ന ആത്മവിശ്വാസം കൊണ്ട് നേരിട്ടു. ഇരുട്ടുമുറിയിലേക്ക് തള്ളപ്പെടുമായിരുന്ന ഒരു മനുഷ്യന് ചുറ്റും ശാസ്ത്രലോകം കറങ്ങിക്കൊണ്ടിരുന്നു. 
ഇരുപത്തിയൊന്നു വയസായപ്പോഴേക്കും എന്റെ പ്രതീക്ഷകളെല്ലാം അസ്തമിച്ചിരുന്നു. അതിന് ശേഷം ജീവിതത്തിൽ ലഭിച്ചതെല്ലാം എനിക്ക് ബോണസാണ്. 2004-ൽ ന്യൂയോർക്ക് ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ ഹോക്കിംഗ് പറഞ്ഞു. 
1964-ലാണ് ഹോക്കിംഗിന് രോഗം സ്ഥിരീകരിച്ചത്. അധികം ആയുസില്ലെന്നായിരുന്നു വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം. ഏറിയാൽ രണ്ടോ മൂന്നോ കൊല്ലം മാത്രം. ഹോക്കിംഗ് അവസാനിക്കും- ഡോക്ടർമാർ പറഞ്ഞു. 

Image result for stephen hawking death
എന്നാൽ അതിന് ശേഷം അഞ്ചു പതിറ്റാണ്ടിലേറെ ഞാൻ ജീവിച്ചുവെന്ന് 2013-ൽ സ്റ്റീഫൻ ഹോക്കിംഗ് പറഞ്ഞു. തന്റെ ജീവിതകഥ പറയുന്ന ഹോക്കിംഗ് എന്ന ഡോക്യുമെന്ററിയിലായിരുന്നു ഹോക്കിംഗിന്റെ ഈ പരാമർശം. ഓരോ നിമിഷവും അവസാനത്തേതാണെന്ന് കരുതി. ലഭിച്ച ഓരോ നിമിഷത്തെയും മനോഹരമായി ചെലവിടാൻ ഞാൻ തീരുമാനിച്ചു. അങ്ങനെയാണ് ഇക്കാണുന്നത് വരെയെത്തിയത്- ഹോക്കിംഗ് പറഞ്ഞു. 
1985-ൽ ഹോക്കിംഗിനെ തേടി ഒരിക്കലൂടെ മരണം വാതിൽക്കലെത്തി. ഫ്രാൻസിലേക്കുള്ള യാത്രക്കിടെയായിരുന്നു ഇത്. ന്യൂമോണിയ ബാധിച്ച ഹോക്കിംഗ് തീരെ അവശനായി. കൃത്രിമശ്വാസം നൽകി ജീവൻ നിലനിർത്താൻ ഡോക്ടർമാർ നോക്കി. ഇനിയൊരു തിരിച്ചുവരവില്ലെന്ന് ഡോക്ടർമാർ വീണ്ടും പറഞ്ഞു. എന്നാൽ പകച്ചുപോയ മരണം ഒരിക്കലൂടെ തിരിച്ചുപോയി. പക്ഷെ, ന്യൂമോണിയ ആ മനുഷ്യനെ പൂർണമായും തളർത്തിയിരുന്നു. ചലന ശേഷി ഉണ്ടായിരുന്ന രണ്ടു വിരലുകളും അനങ്ങാതായി. കൃത്രിമ ശ്വാസം നൽകാൻ തൊണ്ടയിൽ ദ്വാരമുണ്ടാക്കിയതിനാൽ സ്വനപേടകങ്ങൾ മുറിഞ്ഞു. ശബ്ദവും പോയി. കണ്ണുകൾ ചലിപ്പിക്കും. പുരികവും ചുണ്ടും കവിളും ചെറുതായി മാത്രം അനക്കാൻ കഴിയുന്ന അവസ്ഥ.
ഇതോടെയാണ് സഹായിയുടെ സേവനം ഹോക്കിംഗ് തേടിയത്. സഹായി അക്ഷരങ്ങൾ തൊട്ടു കാണിക്കുമ്പോൾ പുരികം ചലിപ്പിച്ച് കാണിച്ച് അദ്ദേഹം ആശയ വിനിമയം നടത്താൻ കഠിനമായി ശീലിച്ചു. എങ്കിലും ബുദ്ധിമുട്ടായിരുന്നു. സിലിക്കൺവാലിയിലെ ഒരു കംപ്യൂട്ടർ വിദഗ്ധൻ ശരീരം തളർന്നവർക്കായി വികസിപ്പിച്ച പ്രത്യേകതരം വീൽചെയറിനെ കുറിച്ച് ഹോക്കിംഗ് അറിഞ്ഞു. തന്റെ വീൽ ചെയറിൽ അതിനെ ഘടിപ്പിച്ച് ആശയവിനിമയത്തിനുള്ള ഉപാധിയാക്കി. കവിളിലെ മസിലുകളുടെ ചലനങ്ങളെ സെൻസറിലൂടെ തിരിച്ചറിഞ്ഞ് അവയെ വാക്കുകളാക്കി മാറ്റുന്ന ഉപകരണം അതിൽ ഘടിപ്പിച്ചിരുന്നു. തുടർന്ന് അത് ഉപയോഗിക്കാൻ പരിശീലിച്ചു. അതിന്റെ സഹായത്തോടെയാണ് സ്റ്റീഫൻ ഹോക്കിംഗ് പ്രപഞ്ചസത്യങ്ങളിലൂടെ യാത്ര നടത്തിയത്. 
തികച്ചും പരിമിതമായ ഈ അവസ്ഥയുടെ ഉടമയാണ് പ്രപഞ്ചത്തിന്റെ രഹസ്യങ്ങളെ പറ്റി ലോകത്തെ പഠിപ്പിച്ചത്.  ഹോക്കിംഗിന്റെ ജീവിതത്തെ പറ്റിയാണ് 2014-ൽ പുറത്തിറങ്ങിയ ദ തിയറി ഓഫ് എവരിതിംഗ് എന്ന സിനിമ. ആവർഷത്തെ ഓസ്‌കാർ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ഈ സിനിമക്കായിരുന്നു. 1998-ൽ പുറത്തിറങ്ങിയ ഹോക്കിംഗിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകത്തെ ആധാരമാക്കിയായിരുന്നു ഈ സിനിമ. 2013ൽ ഇറങ്ങിയ മൈ ബ്രീഫ് ഹിസ്റ്ററി എന്ന ഓർമക്കുറിപ്പാണ് അദ്ദേഹത്തിന്റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയത്.
ഫ്രാങ്കിന്റെയും ഇസബെൽ ഹോക്കിംഗിന്റെയും പുത്രനായി 1942 ജനുവരി എട്ടിനാണ് സ്റ്റീഫൻ വില്യം ഹോക്കിംഗ് ജനിക്കുന്നത്. ബാല്യവും കൗമാരവും പിന്നിട്ട് ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിലെ ബിരുദപഠനത്തിന് ശേഷം കേംബ്രിഡ്ജിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് അമയോട്രോപ്പിക് ലാറ്ററൽ സ്‌ക്ലീറോസിസ് എന്ന ഗുരുതരമായ അസുഖം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച ഡോക്ടർമാർ ഹോക്കിംഗ് രണ്ടു വർഷം കൂടി മാത്രമേ ജീവിക്കൂവെന്നാണ് കണ്ടെത്തിയത്. എന്നാൽ അതിന് ശേഷം അൻപത്തിയഞ്ച് വർഷം ഹോക്കിംഗ് ജീവിച്ചു. വെറും ജീവിതമല്ല, പ്രപഞ്ചത്തിന്റെ ഉള്ളറകൾ ചികഞ്ഞുള്ള അവിശ്വസനീയമായ യാത്ര. വീൽചെയറിലെ ചെറിയ ജീവിതത്തിലൂടെ ഹോക്കിംഗ് സ്വന്തമാക്കിയത് ഈ പ്രപഞ്ചത്തെ തന്നെയായിരുന്നു. ശാസ്ത്രത്തിന്റെ അത്ഭുതങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും തന്റെ വിധി പ്രവചിച്ച ശാസ്ത്രത്തെ ഹോക്കിംഗ് വെളിച്ചംവിതറിയ ആയുസിനാൽ പരിഹസിച്ചു. 
അസുഖം തനിക്ക് സമ്മാനിച്ചത് വിലങ്ങല്ലെന്നും പകരം അതിരുകളില്ലാത്ത വിസ്മയാകാശമായിരുന്നുവെന്നും ഹോക്കിംഗ് വിളിച്ചു പറഞ്ഞു. 
തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഭിന്നശേഷിയുള്ളവരുടെ റോൾ മോഡലായി ഹോക്കിംഗ് മാറിയത്. ലോകമെമ്പാടും സഞ്ചരിച്ച് ഭിന്നശേഷിക്കാർക്കായി ക്ലാസുകൾ സംഘടിപ്പിക്കുകയും അവർക്ക് വേണ്ടി പണം സ്വരൂപിക്കുകയും ചെയ്തു. 
സ്വന്തമായി നിൽക്കാനോ ചലിക്കാനോ സംസാരിക്കാനോ ശേഷിയില്ലാതിരുന്ന സ്റ്റീഫൻ ഹോക്കിംഗാണ് ശാസ്ത്രലോകത്തിന് സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ് സമ്മാനിച്ചത് എന്ന് വിലയിരുത്തുന്നവരുണ്ട്. ഹോക്കിംഗിന്റെ ആദ്യപുസ്തകമായ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ഒരു കോടിയിലധികം കോപ്പികളാണ് വിറ്റുപോയത്. 

Image result for stephen hawking death
തമോഗർത്തങ്ങളെക്കുറിച്ചുള്ള (ബ്ലാക്ക് ഹോളുകൾ) പ്രബന്ധം അന്നുവരെ ആർക്കും അറിയാതിരുന്ന ഒരു ശാസ്ത്രസത്യത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയായിരുന്നു. ബ്ലാക്ക് ഹോളുകളല്ല, ഗ്രേ ഹോളുകളാണ് പ്രപഞ്ചത്തിലുള്ളത് പിന്നീട് അദ്ദേഹം പറഞ്ഞപ്പോൾ, ശാസ്ത്രലോകത്തിന് അതും കൗതുകമായി. തമോഗർത്തങ്ങൾ റേഡിയേഷൻ പുറത്തുവിടുന്നുവെന്ന കണ്ടുപിടുത്തത്തെ തുടർന്ന് ശാസ്ത്രലോകം ഈ പ്രതിഭാസത്തെ ഹോക്കിംഗ് റേഡിയേഷൻ എന്നു പേരിട്ട് വിളിച്ചു. ക്വാണ്ടം ഗ്രാവിറ്റിയെക്കുറിച്ചും, ഗുരുത്വാകർഷണത്തെക്കുറിച്ചും ഹോക്കിംഗ് നടത്തിയ നീരീക്ഷണങ്ങൾ ഏറെ പ്രശസ്തമാണ്.  
ആർട്ടിഫിഷൽ ഇന്റലിജൻസ് വളർത്തിയെടുക്കുന്ന മനുഷ്യന്റെ പ്രവണത ലോകത്തിന് തിരിച്ചടിയാണെന്ന് ഹോക്കിംഗ് ആദ്യം പറഞ്ഞെങ്കിലും ആരും ഗൗനിച്ചില്ല. അധികം വൈകാതെ അത് തെളിയുകയും ചെയ്തു.  
രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരിക്കെ പരിചയപ്പെട്ട കാൻസർ ബാധിതനായ ഒരു പത്ത് വയസുകാരനാണ് ഹോക്കിംഗിന്റെ ജീവിതം മാറ്റിമറിച്ചത്. ആ ബാലനുമായി സംസാരിച്ചപ്പോൾ ലഭിച്ച പ്രചോദനം അദ്ദേഹത്തെ ഫീനിക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. പിന്നീട് ആശുപത്രി കിടക്കയിൽനിന്ന് ഹോക്കിംഗ് സർവകലാശാലയിൽ മടങ്ങിയെത്തി ഗവേഷണം തുടർന്നു. തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ആ മനുഷ്യൻ സ്വയം പറഞ്ഞുകൊണ്ടേയിരുന്നു. ആത്മവിശ്വാസം ഒരുഭാഗത്ത് ഉയരുമ്പോഴും മറുഭാഗത്ത് ശരീരം ക്ഷയിച്ചുകൊണ്ടിരിക്കുകയായിരുന്നു. നടക്കാൻ കഴിഞ്ഞില്ല. വാക്കുകൾ പുറത്തുവന്നില്ല. നടക്കുന്നതിനിടെ കുഴഞ്ഞുവീണു. സംസാരിക്കുന്നതിനിടെ നാവു പണിമുടക്കി. അതേസമയം ഒരാളുടെയും സഹായം സ്വീകരിക്കാൻ പോലും അദ്ദേഹം തയ്യാറായതുമില്ല.  എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി 1966ൽ സ്റ്റീഫൻ ഹോക്കിംഗ് ഡോക്ടറേറ്റ് നേടി. 1979 മുതൽ 30 വർഷം കേംബ്രിഡ്ജ് സർവകലാശാലയിൽ അപ്ലൈഡ് മാത്തമാറ്റിക്‌സ് ആൻഡ് ഫിസിക്‌സ് വിഭാഗത്തിൽ ല്യൂക്കേഷ്യൻ പ്രൊഫസറുമായി. ഐസക് ന്യൂട്ടൻ വഹിച്ചിരുന്ന പദവിയാണിത്. 
രോഗം കൊണ്ട് വൈകല്യമുണ്ടായിരുന്നെങ്കിലും പ്രവർത്തനം കൊണ്ട് അതിമാനുഷനായിരുന്നു സ്റ്റീഫൻ ഹോക്കിംഗ് എന്നാണ് വിലയിരുത്തപ്പെടുന്നത്. സോഷ്യൽ മീഡിയയിലും ലക്ഷങ്ങളാണ് ഇദ്ദേഹത്തെ പിന്തുടരുന്നത്. ഫെയ്‌സ്ബുക്കിൽ 41 ലക്ഷത്തോളം ആളുകളാണ് ഹോക്കിംഗിനെ പിന്തുടരുന്നത്. ട്വിറ്ററിൽ മുപ്പതിനായിരം ആളുകളും. 
ഭാര്യയും മക്കളും കുടുംബാംഗങ്ങളുമാണ് തനിക്കേറെ പിന്തുണ നൽകിയതെന്നും അവരില്ലായിരുന്നുവെങ്കിൽ താനീ നിലയിൽ എത്തില്ലായിരുന്നുവെന്നുമാണ് ഹോക്കിംഗ് അനുസ്മരിക്കാറുള്ളത്. മനുഷ്യകുലം ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്  സംസാരിക്കാൻ ശേഷി കൈവരിച്ചതുമുതലാണെന്ന് ഹോക്കിംഗ് പറഞ്ഞിട്ടുണ്ട്.  സംസാരിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ പരാജയത്തിന് കാരണമെന്നും ഹോക്കിംഗ് പറഞ്ഞുവെച്ചിരുന്നു.