Monday , September   24, 2018
Monday , September   24, 2018

സിഫ് ഈസ്റ്റീ ചാമ്പ്യൻസ് ലീഗ് ഫൈനൽ വെള്ളിയാഴ്ച സിനിമാ താരം ഉണ്ണി മുകുന്ദൻ മുഖ്യാതിഥി 

സിഫ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ.  

ജിദ്ദ- ജിദ്ദയിലെ ഫുട്‌ബോൾ പ്രേമികളെ ആവേശത്തിരയിൽ ആറാടിച്ച സിഫ് ഈസ്റ്റീ ചാമ്പ്യൻസ് ലീഗിന് കലാശക്കളിയോടെ നാളെ കൊടിയിറങ്ങും. ഫുട്‌ബോൾ കമ്പക്കാരുടെ നാലു മാസക്കാലത്തെ വെള്ളിയാഴ്ചകളെ ധന്യമാക്കി  ജിദ്ദ മിനിസ്ട്രി ഓഫ് എജൂക്കേഷൻ സ്‌റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ സമാപനം അവിസ്മരണീയമാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരികയാണെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ സിനിനാതാരം ഉണ്ണി മുകുന്ദൻ മുഖ്യാതിഥിയായുള്ള സാന്നിധ്യം ഇതിന് പകിട്ടേകും. ഉണ്ണി മുകുന്ദൻ ഇതാദ്യമായാണ് സൗദി അറേബ്യയിലെത്തുന്നത്. നാളെ വൈകുന്നേരം അഞ്ചു മണിയോടെ നടക്കുന്ന വെറ്ററൻസ് ഫൈനൽ മത്സരത്തോടെയായിരിക്കും കലാശ പോരാട്ടങ്ങളുടെ തുടക്കം. വെറ്ററൻസ് ഫൈനലിൽ സിഫ് പ്രസിഡന്റ് ഇലവൻ ട്രഷറർ ഇലവനെ  നേരിടും. തുടർന്ന് ഏഴു മണിക്ക് ഡി ഡിവിഷനിൽ സ്‌പോർട്ടിങ് യുണൈറ്റഡ് എ, സോക്കർ ഫ്രീക്‌സുമായി പോരാടും. എട്ടു മണിക്കായിരിക്കും ടൂർണമെന്റിലെ ഏറ്റവും ശ്രദ്ധേയായ എ ഡിവിഷൻ ഫൈനൽ മത്സരം. എ ഡിവിഷൻ ഫൈനലിൽ ഷറഫിയ ട്രേഡിംഗ് സബീൻ എഫ്‌സി എസിസി ബിയുമായാണ് ഏറ്റുമുട്ടുക. മത്സരങ്ങൾക്കും സമാപന പരിപാടികൾക്കും കൊഴുപ്പേകുന്നതിന് സിക്കന്ദർ, ജമാൽ പാഷ തുടങ്ങിയ കലാകാരന്മാർ പങ്കെടുക്കുന്ന  ഗാനമേള സംഘടിപ്പിച്ചിട്ടുണ്ട്.  ടൂണമെന്റിന്റെ മുഖ്യപ്രയോജകരായ ഈസ്റ്റീ മാനേജിങ് ഡയറക്ടർ നവാസ് മീരാൻനും ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. കൂടാതെ ഒട്ടേറെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു. ടൂർണമെന്റിനോട് അനുബന്ധിച്ചുള്ള ബംബർ നറുക്കെടുപ്പും സമാപന ചടങ്ങിൽ നടക്കും. ഉന്നത നിലവാരം പുലർത്തിയ മത്സരങ്ങൾക്ക് മുൻവർഷങ്ങളേക്കാളും ജനപങ്കാളിത്തമുറപ്പാക്കാൻ സംഘാടകർക്കു കഴിഞ്ഞു. ഫൈനലിലും സ്റ്റേഡിയം ഗ്യാലറികളെ സമ്പന്നമാക്കുംവിധം ആയിരങ്ങൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. കുടുംബിനികൾക്കും മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര, മറ്റു ഭാരവാഹികളായി അബ്ദുൽ കരീം, നിസാം മമ്പാട്, വി.കെ. റഊഫ്,  നാസർ ശാന്തപുരം, അൻവർ വല്ലാഞ്ചിറ, ശരീഫ് മാസ്റ്റർ, സലാം കരുമോത്, നിസാം പാപ്പറ്റ, ഷിയാസ്, നാസർ ഫറോക്, സലീം  എന്നിവർ സീസൺസ് റസ്റ്റോറന്റിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Latest News