Friday , December   14, 2018
Friday , December   14, 2018

ക്വാർട്ടർ കാണാതെ യുനൈറ്റഡ്; മൗറിഞ്ഞോക്കെതിരെ രൂക്ഷ വിമർശം. 

 

മാഞ്ചസ്റ്റർ/റോം - യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ക്വാർട്ടർ കാണാതെ മാഞ്ചസ്റ്റർ യുനൈറ്റഡ് പുറത്തായതോടെ കോച്ച് ജോസെ മൗറിഞ്ഞോക്കെതിരെ രൂക്ഷ വിമർശം. യുനൈറ്റഡിനെ അവരുടെ ഗ്രൗണ്ടായ ഓൾഡ് ട്രഫഡിൽ 2-1 ന് തോൽപിച്ച സെവിയ ക്വാർട്ടറിലെത്തി. ശാഖ്തർ ഡോണറ്റ്‌സ്‌കിനെതിരായ രണ്ടാം പാദം 1-0 ന് ജയിച്ച് എവേ ഗോൾ നിയമത്തിലൂടെ റോമയും ക്വാർട്ടറിലെത്തി. സെവിയയും യുനൈറ്റഡും തമ്മിലുള്ള ആദ്യ പാദം ഗോൾരഹിത സമനിലയായിരുന്നു. സ്വന്തം ഗ്രൗണ്ടിലെ ആദ്യ പാദം 2-1 ന് ജയിച്ച ശേഷമാണ് ഷാഖ്തർ പുറത്തായത്. 
സെവിയ ആദ്യമായാണ് ക്വാർട്ടർ കാണുന്നത്. പകരക്കാരൻ വിസാം ബെൻ യെദറാണ് രണ്ടാം പകുതിയിൽ രണ്ടു ഗോളുമടിച്ചത്. എഴുപത്തിനാലാം മിനിറ്റിൽ ആദ്യ ഗോൾ നേടുമ്പോൾ ഫ്രഞ്ച് സ്‌ട്രൈക്കർ കളത്തിലിറങ്ങി 87 സെക്കന്റേ ആയിട്ടുണ്ടായിരുന്നുള്ളൂ. 12 മീറ്റർ അകലെനിന്ന് നിലംപറ്റെയുള്ള അടിയായിരുന്നു അത്. എഴുപത്തെട്ടാം മിനിറ്റിൽ കോർണർ കിക്കിന് യെദർ തലവെച്ചപ്പോൾ യുനൈറ്റഡ് ഗോളി ഡേവിഡ് ഡി ഗിയ തട്ടിത്തെറിപ്പിച്ചെങ്കിലും പന്ത് ഗോൾ വര കടന്നു. അതോടെ ക്വാർട്ടറിലെത്താൻ യുനൈറ്റഡിന് മൂന്ന് ഗോൾ വേണമെന്ന അവസ്ഥയായി. എൺപത്തിനാലാം മിനിറ്റിൽ റൊമേലു ലുകാകു നേടിയ ഗോൾ മാത്രമായിരുന്നു അവരുടെ ആശ്വാസം. യുനൈറ്റഡ് പ്രതിരോധം ചിന്നിച്ചിതറിയ അവസാന നിമിഷങ്ങളിൽ യെദറിന് ഹാട്രിക് അവസരം നഷ്ടപ്പെടുകയായിരുന്നു. എതിരില്ലാതെ കുതിച്ച യെദർ അടിച്ചത് ഗോളിക്ക് നേരെയായി. ഫ്രാൻസിന്റെ മുൻ ഫുട്‌സാൽ കളിക്കാരനാണ് യെദർ. റയൽ മഡ്രീഡിന്റെ ക്രിസ്റ്റ്യാനൊ റൊണാൾഡൊ (12 ഗോൾ) കഴിഞ്ഞാൽ ചാമ്പ്യൻസ് ലീഗിലെ ടോപ്‌സ്‌കോററാണ് യെദർ (8). ആദ്യമായാണ് സെവിയ ഇംഗ്ലണ്ടിൽ ജയിക്കുന്നത്. 
ശനിയാഴ്ച പ്രീമിയർ ലീഗിൽ ലിവർപൂളിനെ തോൽപിച്ച ടീമിന്റെ നിഴൽ മാത്രമായിരുന്നു യുനൈറ്റഡ്. ലക്ഷ്യം തെറ്റിയ പാസും അലസതയും ഒഴുക്കില്ലായ്മയും അവരുടെ കളിയുടെ നിറം കെടുത്തി. ലിവർപൂളിനെതിരെ കളിച്ച പൊസിഷനുകൾ മാറ്റിയത് വലിയ തിരിച്ചടിയായി. മാർക്കസ് റാഷ്ഫഡിനെ വലതു വിംഗിലേക്ക് മാറ്റി, അലക്‌സിസ് സാഞ്ചസിനെ ഇടത്തേക്കും. സ്‌കോട് മക്‌ടോമിനായ്ക്കും യുവാൻ മാറ്റക്കും പകരം മർവാൻ ഫെലയ്‌നിയെയും ജെസി ലിൻഗാഡിനെയും കൊണ്ടുവന്നു. സെവിയയും ഒട്ടും ഭേദമായിരുന്നില്ല. 18 മിനിറ്റ് ശേഷിക്കെ യെദർ ഇറങ്ങുന്നതുവരെ നിലവാരം കുറഞ്ഞ കളിയായിരുന്നു. 
പൊടുന്നനെ പാസ് ചെയ്തു കയറിയ ശേഷം വെട്ടിത്തിരിഞ്ഞാണ് യെദർ ആദ്യ ഗോളടിച്ചത്. രണ്ടാമത്തേത് ബാക്‌പോസ്റ്റ് ഹെഡറായിരുന്നു. ക്രോസ്ബാറിനു കീഴെയിടിച്ച് അത് ഗോൾ വര കടന്നു. 
ഇത് ലോകാവസാനമല്ലെന്നും തനിക്ക് കുറ്റബോധമേയില്ലെന്നും യുനൈറ്റഡ് ആദ്യമായല്ല പുറത്താവുന്നതെന്നുമായിരുന്നു മൗറിഞ്ഞോയുടെ കമന്റ്. യുനൈറ്റഡിനെ പുറത്താക്കിയാണ് രണ്ടു തവണ താൻ ചാമ്പ്യൻസ് ലീഗ് നേടിയതെന്ന വീരവാദം ആരാധകരെ രോഷം കൊള്ളിച്ചു. സ്വന്തം ഗ്രൗണ്ടിൽ ആക്രമിക്കാൻ മുൻകൈയെടുക്കാതിരുന്നത് വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. നോക്കൗട്ടിലെത്തിയ ടീമുകളിൽ ഏറ്റവും ഗോൾ വഴങ്ങിയത് സെവിയയാണ്. എന്നിട്ടും രണ്ട് പാദങ്ങളിലായി ആകെ നാല് തവണയാണ് ഗോളിലേക്ക് യുനൈറ്റഡ് ഷോട്ട് പായിച്ചത്. രണ്ടാം പാദത്തിൽ മാത്രം 21 തവണ സെവിയ എതിർ ഗോളിലേക്ക് വെടിയുതിർത്തു. ബദ്ധവൈരികളായ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലിഷ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ആക്രമണ ഫുട്‌ബോൾ കളിക്കുന്നത് ആരാധകരുടെ രോഷം വർധിപ്പിക്കും.
 

Latest News