Friday , December   14, 2018
Friday , December   14, 2018

മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിനു പഠിക്കാനുണ്ട് 


ചെങ്ങറ, അരിപ്പ പോലുള്ള ദളിത് ഭൂസമരങ്ങളോടും കേരളീയ പൊതുസമൂഹത്തിന്റെ നിലപാടെന്താണ്? ഉപരോധങ്ങളേർപ്പെടുത്തി, പട്ടിണിയിട്ടുപോലും സമരങ്ങള തകർക്കാനാണ് ശ്രമം നടക്കുന്നത്. പത്തു വർഷം കഴിഞ്ഞിട്ടും ഇത്തരത്തിലുളള നിരവധി സമരങ്ങൾ തുടരുകയാണ്. 
കേരളത്തിലെ മറ്റു കർഷകരുടെ അവസ്ഥയും വ്യത്യസ്തമാണോ? കുറവാണെങ്കിലും കുറെ ആത്മഹത്യകളൊക്കെ ഇവിടേയും നടന്നു. കർഷകരിൽ മിക്കവരും മറ്റു മേഖലകൾ കണ്ടെത്തുകയാണ്. ബാങ്കുകൾ നടത്തുന്ന ജപ്തികൾ ഇവിടേയും വ്യാപകമായി നടക്കുന്നു. തങ്ങളുടെ തെങ്ങിന്റെ അവകാശം തങ്ങൾക്കാണെന്ന കർഷകരുടെ അവകാശം പോലും അംഗീകരിക്കപ്പെട്ടിട്ടില്ല. 

മഹാരാഷ്ട്രയെ ഇളക്കിമറിച്ച കർഷക പ്രക്ഷോഭത്തിനു മുന്നിൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ ബി.ജെ.പി സർക്കാർ മുട്ടുമടക്കിയ സംഭവം തീർച്ചയായും പ്രതീക്ഷ നൽകുന്നതാണ്. കർഷകർ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് സർക്കാർ നൽകിയ ഉറപ്പിനെത്തുടർന്നാണ് ഏഴു ദിവസം നീണ്ട സമരം കർഷകർ പിൻവലിച്ചത്. പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ ആറംഗ സമിതിയെ നിയോഗിച്ചു. രണ്ടു മാസത്തിനകം കർഷകരുടെ ആശങ്കൾ പരിഹരിക്കാനുള്ള പദ്ധതികൾക്ക് രൂപരേഖ തയാറാക്കും. കാർഷിക കടം പൂർണമായി എഴുതിത്തള്ളണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. വനാവകാശ നിയമം നടപ്പാക്കുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, വിളനാശം സംഭവിച്ച കർഷകർക്ക് ഏക്കറിന് 40,000 രൂപ വീതം നൽകുക തുടങ്ങിയ ആവശ്യങ്ങളെല്ലാം അംഗീകരിക്കുമന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. 
സി.പി.എമ്മിന്റെ കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിലായിരുന്നു അര ലക്ഷത്തോളം പേർ പങ്കെടുത്ത ദേശീയ പിന്തുണയാർജിച്ച സമരം നടന്നത്. കർഷകരുന്നയിച്ച പ്രശ്നങ്ങളെല്ലാം രണ്ടു മാസത്തിനകം പരിഹരിക്കുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പു നൽകി. പ്രതിപക്ഷത്തിന്റെയും സഖ്യകക്ഷിയായ ശിവസേനയുടെയും സമ്മർദം സർക്കാരിന്റെ കീഴടങ്ങൽ വേഗത്തിലാക്കി. കർഷക പ്രതിനിധികളുമായി സർക്കാർ കരാർ ഒപ്പുവെച്ചു. മിക്കവാറും എല്ലാ പ്രസ്ഥാനങ്ങളും കർഷകർക്കു പിന്നിൽ അണിനിരന്നു. അതിൽ ബിജെപിക്കാരും ശിവസേനക്കാരും പോലുമുണ്ടായിരുന്നു. സമരത്തെ കക്ഷിരാഷ്ട്രീയവൽക്കരിക്കാൻ ആരും ശ്രമിച്ചില്ല. ലോംഗ് മാർച്ചിലുടനീളം ശക്തമായ പിന്തുണയാണ് കർഷകർക്ക് ലഭിച്ചത്. മുംബൈ നഗരവാസികളും മാർച്ചിനെ നെഞ്ചിലേറ്റി. ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കാതിരിക്കാൻ കർഷകരും ശ്രമിച്ചു. സർക്കാരും പിടിവാശിക്കോ ബലപ്രയോഗത്തിനോ ശ്രമിച്ചില്ല. തീർച്ചയായും മാതൃകാപരമായ സമരത്തിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. രാഷ്ട്രീയ പ്രബുദ്ധമെന്ന് സ്വയം കരുതുന്ന കേരളത്തിലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്നു ചിന്തിക്കുന്നത് നന്നായിരിക്കും. കാലങ്ങളായി അനുഭവിക്കുന്ന ദുരന്തങ്ങളും കൂട്ടആത്മഹത്യകളും അവസാനിപ്പിക്കുക എന്ന ദൃഢമായ തീരുമാനമായിരുന്നു കർഷകരെ നയിച്ചത്. അവരിൽ വലിയൊരു ഭാഗം ആദിവാസികളും ദളിതരുമായിരുന്നു എന്നതും ശ്രദ്ധേയമാണ്.
തീർച്ചയായും ഐതിഹാസികമായ സമരങ്ങളുടെ പാരമ്പര്യം മഹാരാഷ്ട്രക്കുണ്ട്. നാവിക കലാപം, റെയിൽവേ പണിമുടക്ക്, തുണിമിൽ മേഖലയിലെ സമരങ്ങൾ, ദളിത് പോരാട്ടങ്ങൾ തുടങ്ങി അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരം വരെ ഈ പട്ടിക നീളുന്നു. ആ പട്ടികയിൽ തന്നെയാണ് കർഷക പോരാട്ടത്തിന്റേയും സ്ഥാനം. സമരത്തിന്റെ ന്യൂക്ലിയസ്സായി പ്രവർത്തിച്ചത് കിസാൻ സഭ തന്നെയാണ്. ത്രിപുരയിലെ തിരിച്ചടിയിൽ തളർന്ന സിപിഎമ്മിനു ഈ വിജയം ആശ്വാസം നൽകുന്നു. കേരളത്തിലെ സഖാക്കളെല്ലാം ആവേശത്തിലാണ്. എന്നാൽ കേരളത്തിൽ സിപിഎമ്മോ മറ്റേതു പ്രസ്ഥാനമോ നടത്തുന്ന പോരാട്ടങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ, അക്ഷരാർത്ഥത്തിൽ ജനകീയമായ ശൈലിയാണ് മഹാരാഷട്രയിൽ അരങ്ങേറിയതെന്നതാണ് യാഥാർത്ഥ്യം. നാം പിന്തുടരേണ്ട മാതൃക.
തീർച്ചയായും കേരളത്തെ സംബന്ധിച്ചിടത്തോളം ഈ കർഷക സമരം വളരെ പ്രസക്തമാണ്. സമരത്തിനു നേതൃത്വം നൽകിയ സിപിഎമ്മിന്റെ ഏറ്റവും ശക്തിയുള്ള സംസ്ഥാനവും അവർ ഭരണത്തിനു നേതൃത്വം നൽകുന്നതും മാത്രമല്ല അതിനു കാരണം. പ്രകടമായ ജനപങ്കാളിത്തത്തിൽ വളരെ കൂടുതലെന്ന് പറയാനാകില്ല എങ്കിലും ശക്തമായ ജനകീയ സമരങ്ങൾ ഇപ്പോഴും നടക്കുന്ന പ്രദേശമാണ് കേരളം. ശക്തമായ കക്ഷിരാഷ്ട്രീയ വിഭജനമാണ് സമരങ്ങളിലെ ജനപങ്കാളിത്തത്തിന്റെ കുറവിനു കാരണം. എന്നാൽ ഈ സമരങ്ങളുന്നയിക്കുന്ന ആവശ്യങ്ങൾ എത്രയോ പ്രസക്തമാണ്. എന്നാൽ ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ മിക്കവാറും പാർട്ടികൾ ഈ സമരങ്ങളുടെ എതിർപക്ഷത്താണ്. സിപിഎമ്മാകട്ടെ ഈ പോരാട്ടങ്ങളെ മാവോയിസ്റ്റ് - തീവ്രവാദ ബന്ധം ആരോപിച്ച് അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. കർഷക സമരത്തിനു നേരെ ഒരു ഘട്ടത്തിൽ ബിജെപി ഉന്നയിച്ചതും ഈ ആരോപണം തന്നെയാണെന്നതാണ് കൗതുകകരം. 
മഹാരാഷ്ട്രയെ ചൊല്ലി ഊറ്റം കൊള്ളുമ്പോൾ കേരളീയ പൊതുസമൂഹവും പ്രതേകിച്ച് ഇടതുപക്ഷവും മറക്കുന്നത് സമാനമായ സാഹചര്യവും പോരാട്ടങ്ങളും ഇവിടേയുമുണ്ടെന്നതാണ്. കേരളവും മഹാരാഷ്ട്രയും തമ്മിൽ ചരിത്രപരമായി നിലനിൽക്കുന്ന വ്യത്യാസങ്ങളുടെ പ്രതിഫലനമൊക്കെ ഉണ്ടാകാമെങ്കിലും വിഷയങ്ങൾ പലതും സമാനമാണ്. ആദിവാസികളുടെയും ദളിതരുടെയും കർഷകരുടെയും വിഷയങ്ങൾ തന്നെ നോക്കുക. കേരളത്തിലെ ആദിവാസികളുടെ അവസ്ഥ മഹാരാഷ്ട്രയേക്കാൾ പരിതാപകരമാണ്. മധു സംഭവം അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രം. കർഷക സമരത്തിലെ പ്രധാന ആവശ്യമായ ആദിവാസികൾക്ക് ഭൂമിയും വനാവകാശവുമൊക്കെ ഉന്നയിച്ചു തന്നെയായിരുന്നു 15 വർഷം മുമ്പ് വയനാട്ടിൽ മുത്തങ്ങ സമരം നടന്നത്. ആ സമരത്തോട് കേരളത്തിലെ മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വീകരിച്ച നിലപാട് ഏറെ ചർച്ച ചെയ്യപ്പെട്ടതിനാൽ ആവർത്തിക്കേണ്ടതില്ലല്ലോ. ഇപ്പോഴും  വളരെ പ്രസക്തമായ ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ കേരളം തയ്യാറായിട്ടില്ല. മഹാരാഷ്ട്രയിലെ അനുഭവത്തിന്റെ വെളിച്ചത്തിലെങ്കിലും ഇടതു സർക്കാർ അതിനു തയ്യാറാകുമോ എന്നു കാത്തിരുന്നു കാണാം. ഇപ്പോഴിതാ മുത്തങ്ങ കേസിന്റെ വിചാരണയും ആരംഭിച്ചിരിക്കുന്നു. ഭരണഘടനാനുസൃതമായ തങ്ങളുടെ അവകാശത്തിനായി പോരാടിയ നൂറുകണക്കിനു ആദിവാസികളാണ് പ്രതികൾ. കേസുകൾ പിൻവലിക്കുമെന്ന് പലപ്പോഴും ഇരുമുന്നണികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരേയും നടപ്പായില്ല. മുത്തങ്ങയിലെ ആദിവാസികളുടെ ആവശ്യങ്ങളാണ് തങ്ങൾ മഹാരാഷ്ട്രയിൽ ഉന്നയിച്ചത് എന്നതെങ്കിലും തിരിച്ചറിഞ്ഞ് കേസുകൾ പിൻവലിക്കാൻ ഇടതു സർക്കാർ തയ്യാറാകുമോ?
ചെങ്ങറ, അരിപ്പ പോലുള്ള ദളിത് ഭൂസമരങ്ങളോടും കേരളീയ പൊതുസമൂഹത്തിന്റെ നിലപാടെന്താണ്? ഉപരോധങ്ങളേർപ്പെടുത്തി, പട്ടിണിയിട്ടു പോലും സമരങ്ങള തകർക്കാനാണ് ശ്രമം നടക്കുന്നത്. പത്തു വർഷം കഴിഞ്ഞിട്ടും ഇത്തരത്തിലുളള നിരവധി സമരങ്ങൾ തുടരുകയാണ്. കേരളത്തിലെ മറ്റു കർഷകരുടെ അവസ്ഥയും വ്യത്യസ്തമാണോ? കുറവാണെങ്കിലും കുറെ ആത്മഹത്യകളൊക്കെ ഇവിടേയും നടന്നു. കർഷകരിൽ മിക്കവരും മറ്റു മേഖലകൾ കണ്ടെത്തുകയാണ്. ബാങ്കുകൾ നടത്തുന്ന ജപ്തികൾ ഇവിടേയും വ്യാപകമായി നടക്കുന്നു. തങ്ങളുടെ തെങ്ങിന്റെ അവകാശം തങ്ങൾക്കാണെന്ന കർഷകരുടെ അവകാശം പോലും അംഗീകരിക്കപ്പെട്ടിട്ടില്ല. അതിപ്പോൾ അബ്കാരികളുടെ കൈവശമാണ്. പാടങ്ങൾ നികത്തപ്പെടുന്നു. മണ്ണെടുക്കൽ ഇപ്പോഴും വ്യാപകം. ഇനിയും പാടം നികത്തില്ല എ്ന്ന സർക്കാർ നയം നടപ്പാക്കാനാവശ്യപ്പെട്ട് വയൽക്കിളികൾ നടത്തുന്ന സമരത്തെ പോലും തീവ്രവാദിചട്ടം ചാർത്തിയാണ് സർക്കാർ നേരിടുന്നത്. നന്ദിഗ്രാമിന്റേയും സിംഗൂറിന്റേയും പോലെ വൻകിട പദ്ധതികൾക്കായി പാടങ്ങൾ നികത്തപ്പെടുന്നു. എതിർക്കുന്നവർക്കെതിരെ യു എ പി എ ചുമത്തുമെന്നു പോലും മുഖ്യമന്ത്രി പറയുന്നു. സത്യത്തിൽ കേരളത്തിൽ കർഷകർ മാത്രമല്ല, കൃഷി തന്നെ തകർന്നിരിക്കുകയാണ്. ഈ ദിശയിൽ കാര്യമായൊന്നും ചെയ്യാൻ ചെറുപ്പക്കാരനായ കൃഷി മന്ത്രിക്കു പോലും കഴിയുന്നില്ല.
കേരളത്തിലെ മറ്റു ജനകീയ സമരങ്ങളോടും പൊതുസമൂഹത്തിന്റേയും രാഷ്ട്രീയ നേതൃത്വങ്ങളുടേയും സർക്കാരുകളുടേയും നിലപാട് പരിശോധിക്കുമ്പോഴും സ്ഥിതി വ്യത്യസ്ഥമല്ല എന്നു കാണാം. ക്വാറി, കരിമണൽ - കളിമൺ ഖനനങ്ങൾ, നഗര മാലിന്യം, നദികളുടെ മലിനീകരണം, മണൽ വാരൽ,  വ്യവസായിക മലിനീകരണം, നഗരമാലിന്യ പ്രശ്നം, പരിസ്ഥിതി സമരങ്ങൾ, തോട്ടം തൊഴിലാളികൾ, വൻകിട പദ്ധതികൾക്കായി കുടിയൊഴിക്കൽ, ജാതിപരവും ലിംഗപരവുമായ പീഡനങ്ങൾ, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട നൂറുകണക്കിനു പോരാട്ടങ്ങളോടുള്ള നമ്മുടെ പൊതു സമീപനമെന്താണ്? പെരിയാർ, കാതിക്കുടം, അതിരപ്പിളളി, ഗെയ്ൽ, പുതുവൈപ്പ്, വടയമ്പാടി എന്നിങ്ങനെ ഇപ്പോഴും സജീവമായ എത്രയോ പോരാട്ടങ്ങൾ. ഇവയെല്ലാം സർക്കാരിന് മാവോയിസ്റ്റ് - തീവ്രവാദി സമരങ്ങളാണ്. 
സർക്കാർ ജീവനക്കാർ, അധ്യാപകർ, ഡോക്ടർമാർ, വ്യാപാരികൾ, കെ എസ് ആർ ടി സിക്കാർ, മറ്റു സംഘടിത തൊഴിലാളികൾ... തുടങ്ങിയവർ പണത്തിനായി മാത്രം നടത്തുന്ന സമരങ്ങളോടാണ് നമുക്ക് താൽപര്യം. അങ്ങനെ പരിശോധിക്കുമ്പോൾ മഹാരാഷ്ട്ര സർക്കാരിന്റെ നിലപാട് എത്രയോ മെച്ചമാണെന്നു പറയാനാകും. അവരിൽ നിന്നാണ് പിണറായി സർക്കാർ പാഠം പഠിക്കേണ്ടത്. സർക്കാർ മാത്രമല്ല, എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും.