Friday , December   14, 2018
Friday , December   14, 2018

ഖനന മാഫിയ പിടിമുറുക്കിയ ആദിവാസി മേഖലകൾ

ആദിവാസികളുടെ രോദനം... ഖനന മാഫിയ കൈയടക്കി വെച്ച ഭൂമി  തിരികെ ആവശ്യപ്പെട്ട് ഒഡീഷയിലെ ഗോത്രവർഗക്കാർ നടത്തുന്ന സമരം (ഫയൽ) 

ഝാർഖണ്ഡിലെ ബി ജെ പി സർക്കാർ സംസ്ഥാനത്തെ രണ്ട് പ്രമുഖ വനാവകാശ നിയമങ്ങളായ ഛോട്ടാനാഗപ്പൂർ ടെനൻസി നിയമവും സാന്താൾ പർഗാന ടെനൻസി നിയമവും ഈയിടെ ഭേദഗതി ചെയ്ത് വനം കൊള്ളയ്ക്ക് വാതായനം തുറന്നുകൊടുത്തു. വനാവകാശ നിയമമനുസരിച്ച് ആദിവാസികൾക്ക് നൽകേണ്ട ഭൂമി ഇക്കാലമത്രയായിട്ടും നൽകിക്കഴിഞ്ഞിട്ടില്ല. ത്രിപുരയും കേരളവുമൊഴിച്ചാൽ മറ്റ് സംസ്ഥാനങ്ങളിൽ നാമമാത്ര ഭൂമി മാത്രമാണ് നൽകിയിട്ടുള്ളതെന്ന് 2017 ജൂലൈയിൽ മിനിസ്ട്രി ഓഫ് ട്രൈബൽ അഫയേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

 

രാജ്യത്ത് ആദിവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ മുൻപെന്നത്തേക്കാളും തീവ്രവും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നവയുമായിട്ടുണ്ട്. അതിന് പ്രധാന കാരണം ഭൂമിയുമായുള്ള അവരുടെ ജൈവ ബന്ധം തന്നെയാണ്. 
മൊത്തമുള്ള രാജ്യ വിസ്തൃതിയിൽ 24.16 ശതമാനം വനമാണെന്നാണ് 2015 ലെ ഇന്ത്യ സ്‌റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. ഏകദേശം 79.42 ദശലക്ഷം ഹെക്ടർ വനമേഖലയാണെന്നർഥം. ഇവയുടെ സംരക്ഷണമെന്നത് കാടിന്റെ അധിപരായ ആദിവാസി സമൂഹത്തിന്റെ സംരക്ഷണം എന്നത് കൂടിയാണ്. പരിസ്ഥിതി വികസനവും വനം വന്യജീവി സംരക്ഷണവും ലക്ഷ്യമിട്ടാണ് ഭരണഘടനയിൽ 48 എ വകുപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആ വകുപ്പനുസരിച്ച് പാർലമെന്റ് 1972 ൽ വന്യജീവി സംരക്ഷണ നിയമവും 1980 ൽ വനസംരക്ഷണ നിയമവും അംഗീകരിച്ചു. എന്നാൽ ഭരണഘടനാ വകുപ്പിനെയും വനം വന്യജീവി സംരക്ഷണ നിയമങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് രാജ്യത്ത് വനം കൊള്ളയും കയ്യേറ്റവും ആദിവാസിക്കെതിരായ അതിക്രമങ്ങളും വർധിച്ചുവരികയാണ്. വനാവകാശ നിയമങ്ങളിൽ ഇതിനകം പല തവണ വെള്ളം ചേർക്കാനുള്ള ശ്രമങ്ങൾ നടക്കുകയുണ്ടായി.
വനത്തിനകത്തുള്ള നിധികളിൽ കണ്ണുനട്ട് വനം കയ്യേറാനുള്ള അജണ്ടയുമായി വൻകിട കോർപറേറ്റുകൾ രംഗത്ത് വന്നതോടെയാണ് ഇത്തരം ശ്രമങ്ങൾക്ക് തുടക്കമായത്. ആ കോർപറേറ്റുകൾക്ക് ഭരണകൂടം ഒത്താശ ഒരുക്കിയതോടെ ഈ അതിക്രമത്തിന് ആക്കം കൂടി. ഒഡിഷ, ഛത്തീസ്ഗഢ്, അസം, രാജസ്ഥാൻ, ഝാർഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിൽ വനം കൊള്ളക്കാർ ഭരണകൂട പിന്തുണയോടെ ശക്തി പ്രാപിച്ചതിന്റെ ഫലമായി ചെറുത്തുനിൽപുമായി രംഗത്തു വന്ന ആദിവാസി സമൂഹം ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഒഡിഷയിലെ പോസ്‌കോയിൽ ആദിവാസികൾ നടത്തുന്ന ചെറുത്തുനിൽപ് സമരങ്ങൾക്ക് ഇടതുപക്ഷമാണ് നേതൃത്വം നൽകുന്നത്. വേദാന്ത ജിൻഡാൽ സ്‌റ്റെയിൻലസ് സ്റ്റീൽ ലിമിറ്റഡ് കമ്പനികൾ അടക്കം ആറോളം വൻകിട കമ്പനികൾ ഒഡിഷയിലെ നിബിഢമായ വനമേഖല ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് ആദിവാസി സമൂഹം പ്രതിഷേധവുമായി രംഗത്ത് വന്നത്. ഉൾവനത്തിലെ ധാതുലവണങ്ങൾ ഖനനം ചെയ്യാനുള്ള തയാറെടുപ്പുമായി വന്ന അത്തരം കോർപറേറ്റുകൾക്ക് അവിടെ ഭരണത്തിലിരുന്ന കോൺഗ്രസും ഇപ്പോൾ ഭരണം കയ്യാളുന്ന ബിജെപി അനുകൂലമുന്നണി സർക്കാരും സർവവിധ ഒത്താശകളും നൽകുകയുണ്ടായി. വനം കയ്യേറുന്നതിനായി വനാവകാശ നിയമത്തെപ്പോലും നോക്കുകുത്തിയാക്കി. അഞ്ച് ജില്ലകളിൽ നിന്നായി 6864 ആദിവാസി കുടുംബങ്ങളെ ഈ കമ്പനികൾ കുടിയൊഴിപ്പിച്ചു. പോലീസും ഭരണകൂടവും ഇവരെ വേട്ടയാടുന്നതിൽ മത്സരിച്ചു. കാടും കാടിൻെറ നിയമങ്ങളും ക്രൂരമായ ഭരണകൂടങ്ങൾക്ക് വിഷയമല്ലെങ്കിലും എത്രയോ നൂറ്റാണ്ടുകളായി വനസമ്പത്തിന്റെ സൂക്ഷിപ്പുകാരായ കാടിന്റെ മക്കൾക്ക് ഈ കൊള്ളക്കാരോട് എതിർത്ത് നിൽക്കാനല്ലേ കഴിയൂ? അവർക്ക് കാടിന്റെ മധ്യഭാഗം വെട്ടിപ്പൊളിച്ച് ഈ കോർപറേറ്റ് കമ്പനികൾ നടത്തുന്ന ഖനനം കാടിന്റെ മാറ് വെട്ടിപ്പിളർക്കുന്നതിന് തുല്യമാണ്. മാത്രമല്ല, പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന ഈ പ്രവൃത്തികൾ യാതൊരു കാരണവശാലും അനുവദിക്കാൻ പാടില്ലതാനും.


ഛത്തീസ്ഗഢിൽ നടക്കുന്ന വനം കൊള്ളയ്‌ക്കെതിരെ ചെറുത്തുനിൽപ് നടത്തിയ ആദിവാസി യുവതി സോണി സോഡിക്കും സമൂഹത്തിനുമുണ്ടായ ദുരന്താനുഭവം മറക്കാൻ കഴിയില്ല. ആദിവാസികളുടെ ഭൂമി കയ്യേറാൻ അവരിൽ നിന്നു തന്നെ ക്രിമിനൽ സംഘങ്ങൾക്ക് രൂപം നൽകാൻ സർക്കാർ പ്രയോഗിച്ച തന്ത്രത്തിന്റെ ഫലമാണ് സാൽവർ ജൂഡം പോലുള്ള അക്രമിസംഘങ്ങൾ. കോർപറേറ്റുകൾ നേരിട്ട് കുടിയൊഴിപ്പിക്കലിന് നേതൃത്വം നൽകാതെ ഈ സംഘത്തെ ഉപയോഗിച്ച് ആദിവാസി ഊരുകളിൽ പോലീസ് സഹായത്തോടെ അക്രമം അഴിച്ചുവിടുന്നു. ഒഴിഞ്ഞുപോകാൻ വിസമ്മതിക്കുന്ന കാടിന്റെ യഥാർഥ അവകാശികളെ ഭീഷണിപ്പെടുത്തി അപായപ്പെടുത്തുന്ന സാൽവർ ജൂഡം നിരോധിക്കണമെന്ന സുപ്രീം കോടതി വിധിയെപ്പോലും അവിടുത്തെ ബി ജെ പി സർക്കാർ മാനിച്ചില്ല. 
ബസ്തർ ജില്ലയിലെ നരനായാട്ടിൽ ജീവൻ പൊലിഞ്ഞ ആദിവാസികളുടെ എണ്ണം പുറംലോകമറിയുന്നില്ല. ജയിലിൽ കൊലപ്പുള്ളികളെപ്പോലെ കഴിയുന്ന ആദിവാസിക്ക് വേണ്ടി വാദിക്കാൻ ചെന്ന അഭിഭാഷക സംഘത്തെ സംസ്ഥാനത്തു നിന്ന് തന്നെ വിരട്ടി ഓടിച്ചു. അടിയന്തരാവസ്ഥയേക്കാൾ ഭയാനകമായ അന്തരീക്ഷമാണവിടെ. എല്ലാം വനം കൊള്ളക്കാരായ ബഹുരാഷ്ട്ര ഖനന കുത്തകകൾക്ക് വേണ്ടി.
ഝാർഖണ്ഡിലെ ബി ജെ പി സർക്കാർ സംസ്ഥാനത്തെ രണ്ട് പ്രമുഖ വനാവകാശ നിയമങ്ങളായ ഛോട്ടാനാഗപ്പൂർ ടെനൻസി നിയമവും സാന്താൾ പർഗാന ടെനൻസി നിയമവും ഈയിടെ ഭേദഗതി ചെയ്ത് വനം കൊള്ളയ്ക്ക് വാതായനം തുറന്നുകൊടുത്തു. വനാവകാശ നിയമമനുസരിച്ച് ആദിവാസികൾക്ക് നൽകേണ്ട ഭൂമി ഇക്കാലമത്രയായിട്ടും നൽകിക്കഴിഞ്ഞിട്ടില്ല. ത്രിപുരയും കേരളവുമൊഴിച്ചാൽ മറ്റ് സംസ്ഥാനങ്ങളിൽ നാമമാത്ര ഭൂമി മാത്രമാണ് നൽകിയിട്ടുള്ളതെന്ന് 2017 ജൂലൈയിൽ മിനിസ്ട്രി ഓഫ് ട്രൈബൽ അഫയേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജനിച്ച മണ്ണിൽ നിന്നും വാശിയോടെ കാടിന്റെ മക്കളെ ഓടിക്കുന്ന രാജ്യത്തെ ദേശീയ പട്ടികവർഗ കമ്മീഷൻ കേരളത്തിലെത്തുകയുണ്ടായി. അട്ടപ്പാടിയിലെ മധുവിന്റെ അരുംകൊല അന്വേഷിക്കാൻ. കമ്മീഷന്റെ ശുഷ്‌കാന്തിയെ ബഹുമാനിക്കുന്നതോടൊപ്പം ഖനന മാഫിയകൾ രാജ്യത്ത് നടത്തുന്ന അഴിഞ്ഞാട്ടവും ക്രൂരതകളും കൂടി അവരുടെ അന്വേഷണ പരിധിയിൽ വരേണ്ടതുണ്ട്.