Monday , March   25, 2019
Monday , March   25, 2019

നീരാളിയിലെ പാർവതി

പാർവതിമാരുടെ ഒരു നീണ്ട നിര തന്നെയുണ്ട് മലയാള സിനിമയിൽ. അവരിൽ പലരും നിരവധി അംഗീകാരങ്ങളും നേടിയെടുത്തിട്ടുണ്ട്. അക്കൂട്ടത്തിലേയ്ക്കാണ് പാർവതി നായർ കടന്നുവരുന്നത്. മലയാളിയെങ്കിലും അന്യ ഭാഷകളിൽ സാന്നിധ്യമറിയിച്ച ശേഷമാണ് അടൂരുകാരിയായ ഈ അഭിനേത്രി മലയാളത്തിൽ ചുവടുറപ്പിക്കുന്നത്. തമിഴിലും കന്നഡയിലും തെലുങ്കിലുമെല്ലാം വേഷമിട്ടതിനു ശേഷമാണ് മോഹൻലാൽ നായകനാകുന്ന നീരാളി എന്ന ചിത്രത്തിലെ നായികയായി പാർവതിയെത്തുന്നത്.
അടൂരുകാരിയാണെങ്കിലും പാർവതി ജനിച്ചതും വളർന്നതുമെല്ലാം അബുദാബിയിലാണ്. അച്ഛൻ വേണുഗോപാലൻ നായർക്ക് അബുദാബിയിലായിരുന്നു ജോലി. അബുദാബിയിലെ ഇന്ത്യൻ സ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്നും കംപ്യൂട്ടർ സയൻസിൽ എൻജിനീയറിംഗ് ബിരുദവും സ്വന്തമാക്കി. പഠന കാലത്തു തന്നെ മോഡലിംഗിൽ ശ്രദ്ധ ചെലുത്തിയ പാർവതി 2009 ലെ മിസ് കർണാടക പട്ടത്തിനും അർഹയായി. മൈസൂർ സാൻഡൽ സോപ്പിന്റെ അംബാസഡർ കൂടിയായ ഈ കലാകാരി നേവി ക്യൂൻ കേരളയുമായിരുന്നു. ഒട്ടേറെ പരസ്യ ചിത്രങ്ങളിലും വേഷമിട്ടു. ഏഷ്യൻ പെയിന്റ്‌സ്, മലബാർ ഗോൾഡ്, പ്രസ്റ്റീജ്,  റിലയൻസ്, ടാറ്റാ ഡയമണ്ട് എന്നിവയുടെ പരസ്യ മോഡലായിരുന്നു. മോഡലിംഗിനോടൊപ്പം തന്നെ ഡോക്യുമെന്ററികളിലും ഹ്രസ്വ ചിത്രങ്ങളിലും സംഗീത ആൽബങ്ങളിലും വേഷമിട്ടു.
പരസ്യ ചിത്രങ്ങളിലെ വേഷം കണ്ട് സംവിധായകൻ വി.കെ.പ്രകാശ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലേയ്ക്ക് പാർവതിയെ ക്ഷണിച്ചിരുന്നെങ്കിലും സ്‌നേഹപൂർവ്വം നിരസിക്കുകയായിരുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു കാരണം. എന്നാൽ പിന്നീട് പോപ്പിൻസ് എന്ന ചിത്രത്തിലേയ്ക്കുള്ള ക്ഷണം പാർവ്വതി സ്വീകരിക്കുകയായിരുന്നു. പോപ്പിൻസിലെ ജൂലി എന്ന കഥാപാത്രത്തിന് ഭാവം പകർന്ന പാർവതി, യക്ഷി, നീ കൊ ഞാ ച, ഡി കമ്പനി എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ജയസൂര്യയുടെ ഭാര്യയായ ലോറയെയായിരുന്നു ഡി കമ്പനിയിൽ അവതരിപ്പിച്ചത്. ഈ അവസരത്തിലാണ് കന്നഡയിൽനിന്നും ക്ഷണം ലഭിച്ചത്. സ്‌റ്റോറി കഥ എന്ന ചിത്രത്തിലെ ടെലിവിഷൻ ജേർണലിസ്റ്റായ പല്ലവിയുടെ വേഷം മികച്ച പ്രതികരണമാണ് നൽകിയത്. മികച്ച പുതുമുഖ നായികയ്ക്കുള്ള സൈമ അവാർഡിനും പാർവതി അർഹയായി. ഇതിനിടയിൽ അമൃത ടിവിയിലെ സൂപ്പർ മോഡൽ എന്ന റിയാലിറ്റി ഷോയുടെ വിധികർത്താവായും എത്തി.
തമിഴിലെ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളാണ് പാർവതിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. ഗൗതം മേനോന്റെ എന്നൈ അറിന്താൽ, കമൽ ഹാസന്റെ ഉത്തമ വില്ലൻ എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ഈ അഭിനേത്രിയുടെ കരിയർ ഗ്രാഫ് ഉയർത്തുന്നതായിരുന്നു. അജിത്, ത്രിഷ, അനുഷ്‌ക ഷെട്ടി എന്നിവരോടൊപ്പമായിരുന്നു എന്നൈ അറിന്താൾ എന്ന ചിത്രത്തിൽ വേഷമിട്ടത്. സ്വപ്‌ന സാഫല്യം എന്നാണ് പാർവതി ഈ അവസരത്തെ വിശേഷിപ്പിച്ചത്. എലിസബത്ത് എന്ന പ്രതികാര ദുർഗയായ ഭാര്യയുടെ വേഷമായിരുന്നു ചിത്രത്തിൽ. ഗൗതം സാറിന്റെ തികഞ്ഞ സഹകരണം കൊണ്ടാണ് ഈ കഥാപാത്രത്തെ ഭംഗിയാക്കാൻ കഴിഞ്ഞതെന്നും പാർവതി കൂട്ടിച്ചേർക്കുന്നു. രമേഷ് അരവിന്ദ് സംവിധാനം ചെയ്ത ഉത്തമ വില്ലനിൽ കമൽ ഹാസന്റെ മകന്റെ ഗേൾഫ്രണ്ടായ ഇന്ദിരയെയാണ് അവതരിപ്പിച്ചത്. കമൽ സാറിനെ ഒരു ഗുരുവായി കാണാനാണ് പാർവതിക്കിഷ്ടം. തുടക്കക്കാരിയായിട്ടു പോലും നല്ല സഹകരണമായിരുന്നു അദ്ദേഹത്തിൽനിന്നും ലഭിച്ചത്. ഉർവ്വശി ചേച്ചിയും ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നു. ഒരു ആക്റ്റിംഗ് സ്‌കൂളിൽ ചേർന്ന അനുഭവമായിരുന്നു ആ ചിത്രത്തിൽ വേഷമിട്ടപ്പോൾ ലഭിച്ചത്.
കന്നഡയിലായിരുന്നു അടുത്ത ഊഴം. വാസ്‌കോ ഡ ഗാമ എന്ന ചിത്രത്തിൽ കോളേജ് അധ്യാപികയായ ശാന്തിയുടെ വേഷമായിരുന്നു. കിഷോറായിരുന്നു നായകൻ. ഈ ചിത്രത്തിൽ ഒരു ഗാനം ആലപിക്കാനും അവസരം ലഭിച്ചു. മലയാളത്തിലേയ്ക്കായിരുന്നു തിരിച്ചുവരവ്. പൃഥ്വിരാജും വേദികയും മാറ്റുരച്ച ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിൽ നന്ദിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. തുടർന്ന് രണ്ടു തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. കൊടിട്ട ഇടങ്ങളൈ തിരപ്പുഗ എന്ന ചിത്രത്തിൽ മോഹിനിക്കും എങ്കിട്ട മൊദന്ത എന്ന ചിത്രത്തിൽ ജയന്തിക്കും വേഷപ്പകർച്ച നൽകി.
പുതിയ വർഷം പാർവതി ഭാഗ്യ വർഷമായാണ് കാണുന്നത്. അതിന് കാരണമുണ്ട്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പായ നിമിറിൽ വേഷമിടാനുള്ള ഭാഗ്യം ലഭിച്ചത് പാർവതിക്കായിരുന്നു. അനുശ്രീ അവതരിപ്പിച്ച നഴ്‌സായ സൗമ്യയുടെ വേഷത്തിലാണ് പാർവതിയെത്തുന്നത്. തമിഴിൽ വല്ലി എന്നാണ് പേര്. തമിഴും മലയാളവും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. മലയാളത്തിന്റെ ത്രെഡ് മാത്രമേ തമിഴിലുള്ളൂ. കഥാപാത്രങ്ങളും സന്ദർഭങ്ങളുമെല്ലാം വ്യത്യസ്തമാണ്. മലയാളത്തിലെ സൗമ്യയേക്കാൾ കൂടുതൽ റോളിൽ വല്ലിയെത്തുന്നുണ്ട്.
 എല്ലാറ്റിലുമുപരി പ്രിയദർശൻ സാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്നതാണ് പാർവതിയെ ഏറെ ത്രില്ലടിപ്പിച്ചിരിക്കുന്നത്. പ്രിയൻ സാറിന്റെ ചിത്രത്തിൽ വേഷമിടാനാവുക സ്വപ്‌നങ്ങൾക്കും അപ്പുറത്താണെന്നാണ് ഈ അഭിനേത്രി വിലയിരുത്തുന്നത്. ഫോട്ടോ കണ്ടാണ് പ്രിയൻ സാർ ക്ഷണിച്ചത്. അദ്ദേഹത്തെ കണ്ടു, സംസാരിച്ചു. തുടർന്നാണ് ചിത്രത്തിൽ അവസരം ലഭിച്ചത്.
ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന നീരാളിയിൽ മോഹൻലാലിന്റെ നായികയാണ് പാർവതി. അവിചാരിതമായിട്ടാണ് ഈ അവസരം വന്നുചേർന്നതെന്ന് പാർവതി പറയുന്നു. മുംബൈയിൽ ഒരു വർക്ക്‌ഷോപ്പിൽ പങ്കെടുക്കുന്നതിനിടെയാണ് ചിത്രത്തെക്കുറിച്ച് അറിയുന്നത്. തമിഴിലെ പ്രശസ്തരായ പല നടിമാരെ സെലക്ട് ചെയ്തിരുന്നെങ്കിലും ഒടുവിൽ നറുക്ക് വീണത് പാർവതിക്കായിരുന്നു. എല്ലാവർക്കുമൊപ്പം ഒഡീഷനിൽ പങ്കെടുത്തു. വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. ഒടുവിൽ വൈകിയാണെങ്കിലും ആ ഭാഗ്യം പാർവതിയെ തേടിയെത്തുകയായിരുന്നു.
തെന്നിന്ത്യൻ ഭാഷകളിലെല്ലാം അഭിനയിക്കാൻ സാധിച്ചതിന്റെ അനുഭവങ്ങളും പാർവതിക്കുണ്ട്. ഓരോ ഭാഷയിലുമുള്ള ചിത്രങ്ങളും ഒന്നിനൊന്നു വ്യത്യസ്തമാണ്. എല്ലാത്തിനും ഓരോ രീതികളുണ്ട്. കുറഞ്ഞ കാലത്തെ അനുഭവ പരിചയത്തിൽ നല്ല കാമ്പുള്ള കഥകൾ മലയാളത്തിലാണുണ്ടാകുന്നത്. എന്നാൽ തമിഴിൽ എൻകറേജിംഗിനാണ് പ്രാധാന്യം. അതുകൊണ്ടു തന്നെ ഓവർ ആക്ടിംഗ് ചെയ്യേണ്ടിവരും.
ജനിച്ചതും വളർന്നതുമെല്ലാം അബുദാബിയിലാണെങ്കിലും പാർവതിക്ക് നന്നായി മലയാളം സംസാരിക്കാനറിയാം. നാട്ടിൽ ഇടയ്ക്ക് വരാറുണ്ട്. മലയാളത്തിൽ സംസാരിക്കണമെന്ന് അച്ഛന് നിർബന്ധമായിരുന്നു. വീട്ടിൽ ഞങ്ങളെല്ലാം മലയാളമാണ് സംസാരിക്കാറ്. മലയാളം പഠിച്ചിട്ടില്ലെങ്കിലും എഴുതാനും വായിക്കാനുമറിയാം. പഠിച്ചത് ഹിന്ദിയും ഫ്രഞ്ചുമാണ്. ആദ്യമെല്ലാം സംസാരിക്കുമ്പോൾ ഇംഗ്ലീഷ് സപ്പോർട്ട് വേണമായിരുന്നു. പിന്നീട് അത് മാറ്റിയെടുത്തു. മലയാള സിനിമയും അതിന് കാരണമായി.
ആദ്യ കാലത്ത് തേടിയെത്തുന്ന കഥാപാത്രങ്ങളെല്ലാം സ്വീകരിക്കുമായിരുന്നു. ഒരു തുടക്കക്കാരിയെന്ന നിലയിൽ സെലക്റ്റീവാകാൻ ശ്രമിച്ചിരുന്നല്ല. ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിലെ നന്ദിനിയാകാൻ ക്ഷണിച്ചപ്പോൾ ആദ്യം നോ പറഞ്ഞതാണ്. കാരണം ചെറിയൊരു വേഷം. കുറച്ച് ഭാഗത്തു മാത്രമേ ഉണ്ടാകൂ. എന്നാൽ അവർക്ക് നിർബന്ധമായിരുന്നു ഈ വേഷം പാർവതി തന്നെ അവതരിപ്പിക്കണമെന്ന്. എന്നാൽ നന്ദിനി എന്ന കഥാപാത്രത്തെ എല്ലാവരും ശ്രദ്ധിച്ചു. 
പിന്നീട് ഓരോ കഥാപാത്രങ്ങളെയും ശ്രദ്ധയോടെ മാത്രമേ തെിരഞ്ഞെടുക്കാറുള്ളൂ. ഓടിനടന്ന് അഭിനയിക്കുന്നതിലല്ല, കാമ്പുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിലൂടെ മാത്രമേ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാനാകൂ എന്നു തോന്നി. ഇനിയുള്ള ലക്ഷ്യവും അതു തന്നെ.
 

Latest News