Monday , September   24, 2018
Monday , September   24, 2018

നിലമ്പൂരിൽനിന്ന് മറ്റൊരു നായകൻ

തേക്കിന്റെ നാട്ടിൽനിന്ന് ഒരു അഭിനേതാവു കൂടി വെള്ളിത്തിരയിലേക്ക്, നിഹാൽ ഉസ്മാൻ. നിലമ്പൂർ ബാലനും നിലമ്പൂർ ആയിഷക്കും പിന്നാലെ എൺപതുകളിൽ സിനിമയിലേക്കു കടന്നുവന്ന് യുവാക്കളുടെ ഹരമായി മാറിയ റഹ്മാനു ശേഷം ആദ്യമായാണ് നിലമ്പൂരിൽനിന്ന് നായക സ്ഥാനത്തേക്കൊരു നടൻ കടന്നുവരുന്നത്.
ഏറനാടൻ സിനിമാസിന്റെ ബാനറിൽ ഖാദർ തിരൂർ, ആർ. പ്രകാശ് എന്നിവർ നിർമിച്ച് മുഹമ്മദ് റാഫി രചനയും സംവിധാനവും നിർവഹിക്കുന്ന പായ്ക്കപ്പൽ എന്ന ചിത്രത്തിലെ നായക വേഷമാണ് നിഹാൽ ഉസ്മാനെ തേടി വന്നത്.
ക്യാമറക്കു മുന്നിലെത്തുത്തുന്നത് യാദൃഛികമായാണ്. ഡിഗ്രി പഠനത്തിന് ശേഷം സന്ദർശക വിസയിൽ ഖത്തറിലേക്കു പറന്ന നിഹാൽ മൂന്നു മാസം അക്കൗണ്ടന്റായി ജോലി നോക്കി. ശേഷം ജോബ് വിസയിൽ തിരിച്ചു പോകാനായി നാട്ടിലേക്കു വന്നതാണ്. അപ്പോഴാണ് സംവിധായകൻ മുഹമ്മദ് റാഫിയുടെ വിളിയെത്തുന്നത്. അതോടെ പ്രവാസ ലോകത്തേക്ക് തൽക്കാലമില്ല എന്ന് തീരുമാനവുമായി.
അറുപതുകളിലെ കേരളത്തിലെ ഒരു ഗ്രാമീണ കഥയാണിത്. ഗ്രാമത്തെ അടക്കി ഭരിച്ചിരുന്ന അന്നാട്ടിലെ പ്രമാണിയുടെ മകനായ സയ്യിദ് ആറ്റപ്പൂവും ആയിഷയെന്ന മുക്കുവ പെൺകുട്ടിയും തമ്മിലുള്ള പ്രണയകഥ. മിസ് ബാംഗ്ലൂർ അങ്കിതാ മഹാറാണയാണ് ആയിഷയായെത്തുന്നത്. മധു, ഇന്ദ്രൻസ്, സന്തോഷ് കീഴാറ്റൂർ, നാരായണൻ നായർ, സാലു കൂറ്റനാട്, അംജത് മൂസ, വേണു അയ്യന്തോൾ, അമൽ ദേവ്, കൂട്ടായി ബാവ, പ്രശാന്ത് മാത്യു, വിജി കെ. വസന്ത്, വി.എം.എസ് പെരുമണ്ണൂർ, ശരവണൻ ഹരി, ആർ. പ്രകാശ്, കുക്കു പരമേശ്വരൻ, സലീറ്റ മേരി സൈമൺ, മാസ്റ്റർ വൈശാഖ്, സബാ അക്ബർ, ജലീൽ ഷാൻ തുടങ്ങിയവർ വേഷമിടുന്നുണ്ട്. നിർമ്മാതാവ് ഖാദർ തിരൂരും ചിത്രത്തിൽ അഭിനയിക്കുന്നു.
ഫെബ്രുവരി 26 ന് ചിത്രീകരണമാരംഭിച്ച പായ്ക്കപ്പലിന്റെ ഷൂട്ടിംഗ്  പയ്യന്നൂർ, തിരൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് നടക്കുന്നത്. തമിഴ്‌നാട്ടിലെ നീലേശ്വരത്തും കുറച്ചു ഭാഗങ്ങൾ ചിത്രീകരിക്കുന്നുണ്ട്.
നിഹാലിന്റെ ഉപ്പ ഉസ്മാൻ കാർ മെക്കാനിക്കും മുൻ പ്രവാസിയുമാണ്. രണ്ട് പതിറ്റാണ്ടു മുമ്പ് നജ്‌റാനിൽ കാർ മെക്കാനിക്കായി ജോലി ചെയ്തിരുന്നു. വണ്ടൂർ സഹ്യ കോളേജിൽ നിന്ന് ബി.കോം പഠനത്തിനു ശേഷമാണ് നിഹാൽ ഖത്തറിലേക്കു പറന്നിരുന്നത്. 
ചെറുപ്പം തൊട്ടേ സിനിമയോടും ക്യാമറയോടും വലിയ ഇഷ്ടമായിരുന്ന നിഹാൽ മികച്ചൊരു ഫോട്ടോഗ്രഫർ കൂടിയാണ്. തികച്ചും യാദൃഛികമായി എത്തിയ അവസരം, നായക വേഷം തന്നെയായത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് നിഹാൽ പറയുന്നു. നിർമാതാവ് ഖാദർ തിരൂരും സംവിധായകൻ മുഹമ്മദ് റാഫിയും സെറ്റിൽ മികച്ച പിന്തുണയാണ് തനിക്ക് നൽകുന്നതെന്ന് നിഹാൽ പറഞ്ഞു.