Friday , April   19, 2019
Friday , April   19, 2019

പ്രവാസി ടച്ചുമായി കുട്ടനാടൻ മാർപാപ്പ

യുവ പ്രവാസികളുടെ സിനിമാ മോഹത്തിന് കുട്ടനാട്ടിൽ സഫലീകരണം. 25 വർഷമായി സൗദി അൾടെക്ക് ട്രയക്കോൺ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ സുനിൽ ജോസഫ് വഞ്ചിക്കലിന്റെ നീണ്ട കാലത്തെ ആഗ്രഹമാണ് തന്റെ ജന്മനാടായ ആലപ്പുഴയിലെ കുട്ടനാടിന്റെ ചാരുത ലോകമെങ്ങും എത്തിക്കണമെന്നത്. നിരവധി സിനിമകൾക്ക് കുട്ടനാട് പശ്ചാത്തലമാകാറുണ്ടെങ്കിലും കുട്ടനാടിന്റെ തനതു ഭംഗി പ്രേക്ഷകരിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. അതിന് അപവാദമാവുകയാണ് സുനിലും സുഹൃത്തുക്കളായ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂരും അജി മേടയിൽ എന്നിവരും ചേർന്ന് നിർമിച്ച കുട്ടനാടൻ മാർപാപ്പ. ഹസീബും നൗഷാദും അജിയും മുൻ പ്രവാസികളാണ്. 
പൂർണമായും കുട്ടനാട്ടിൽ ചിത്രീകരിച്ച കുട്ടനാടൻ മാർപാപ്പയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആലപ്പുഴക്കാരനായ കുഞ്ചാക്കോ ബോബനാണ്. ക്രിസ്ത്യൻ കുടുംബ പശ്ചാത്തലമുള്ള സിനിമയിൽ ജോൺ പോൾ എന്ന കഥാപാത്രമാണ് ചാക്കോച്ചന്റേത്. ജനകീയനായ മാർപാപ്പയുടെ പേരും ജോൺ പോൾ എന്നായിരുന്നതിനാൽ നാട്ടുകാരാണ് ചിത്രത്തിലെ ജോൺ പോളിന് മാർപാപ്പ എന്ന വിളിപ്പേര് നൽകിയത്. കുട്ടനാട്ടുകാരനായ മാർപാപ്പ പിന്നീട് കുട്ടനാടൻ മാർപാപ്പയായി. ജോൺ പോളിന്റെ വളർച്ചയും പ്രണയവും ഫോട്ടോഗ്രഫിയോടുള്ള അഭിനിവേശവുമെല്ലാം കുട്ടനാടൻ മാർപാപ്പയിലുണ്ട്. കോമഡിയിലൂടെ കഥ പറയുന്ന കുട്ടനാടൻ മാർപാപ്പ സംവിധാനം ചെയ്യുന്നത് ശ്രീജിത് വിജയനാണ്.
അതിഥി രവിയാണ് നായിക വേഷത്തിലെത്തുന്നത്. ജോൺപോളിന്റെ അമ്മയായി വേഷമിടുന്ന ശാന്തികൃഷ്ണ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തിനാണ് ജീവൻ നൽകുന്നത്. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ച ജോൺ പോളിനെ വളർത്തുന്നതും അവനു വേണ്ടി അധ്വാനിക്കുന്നതുമായ മേരിക്കുട്ടിയെന്ന അമ്മയെ തന്മയത്വത്തോടെയാണ് ശാന്തികൃഷ്ണ അവതരിപ്പിക്കുന്നത്. തീർത്തും കുട്ടനാട്ടുകാരിയുടെ റോളിൽ വരുന്ന ശാന്തികൃഷ്ണ റേഷൻ കട നടത്തിപ്പുകാരിയാണ്. മുഴുനീള തമാശ ചിത്രമെന്ന് പറയാവുന്ന കുട്ടനാടൻ മാർപാപ്പയിൽ ചാക്കോച്ചന്റെ വലംകൈയായി എപ്പോഴും ധർമജൻ ബോൾഗാട്ടിയുണ്ടാകും. 
രമേശ് പിഷാരടി, സലിം കുമാർ, അജു വർഗീസ്, ഇന്നസന്റ്, ടിനി ടേം തുടങ്ങി കോമഡി താരങ്ങളുടെ നീണ്ട നിര തന്നെ ഈ ചിത്രത്തിലുണ്ട്. അരവിന്ദ് കൃഷ്ണയുടെ ക്യാമറയാണ് മാർപാപ്പയ്ക്കു വേണ്ടി കുട്ടനാടിനെ ഒപ്പിയെടുത്തത്. രാജീവ് ആലുങ്കിലന്റെ വരികൾക്ക് രാഹുൽ രാജ് സംഗീതം പകരുന്ന ചിത്രത്തിലെ ഗാനങ്ങൾ ഹൃദ്യമാണ്. ആലപ്പുഴയിൽ ഓഡിയോ ലോഞ്ചിംഗ് നിർവഹിച്ചത് നടൻ ഫഹദ് ഫാസിലാണ്. വസ്ത്രാലങ്കാരം ലിജി പ്രേമൻ. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. ചിത്രം ഈ മാസം 29 ന്  തിയേറ്ററുകളിലെത്തും. 
തികഞ്ഞ വള്ളംകളി പ്രേമി കൂടിയായ സുനിൽ ജോസഫ് നെഹ്‌റു ട്രോഫി വള്ളംകളിയിൽ ക്യാപ്റ്റനായി സ്ഥിരമുണ്ടാകും. ആലപ്പുഴയുടെയും കുട്ടനാടിന്റെയും പെരുമ ലോകത്തെങ്ങുമെത്തിക്കണമെന്നതാണ് സുനിലിന്റെ ആഗ്രഹം. ജൂലൈയിൽ പുതിയ ചിത്രത്തിന്റെ നിർമാണം തുടങ്ങുമെന്നും കൂടുതൽ പ്രവാസികളെ സിനിമാ നിർമാണ മേഖലയുമായി സഹകരിപ്പിക്കുമെന്നും സുനിൽ മലയാളം ന്യൂസിനോട് പറഞ്ഞു.
 

Latest News