Sunday , November   18, 2018
Sunday , November   18, 2018

വില്യംസ് പോരിൽ വീനസ്

 മത്സരത്തിനു മുമ്പ് സെറീനയും വീനസും

ഇന്ത്യൻവെൽസ് - വില്യംസ് സഹോദരിമാരുടെ ഐതിഹാസികമായ ടെന്നിസ് കരിയറിലെ ഏറ്റവും പുതിയ ഏറ്റുമുട്ടലിൽ വീനസിന് വിജയം. മുപ്പത്തേഴാം വയസ്സിൽ ഉജ്വല ഫോമിലുള്ള വീനസ് പ്രസവ ശേഷം തിരിച്ചെത്തിയതിന്റെ ക്ഷീണം പേറുന്ന അനുജത്തി സെറീനയെ ഇന്ത്യൻവെൽസ് ടൂർണമെന്റിന്റെ മൂന്നാം റൗണ്ടിൽ 6-3, 6-4 ന് തോൽപിച്ചു. 2014 നു ശേഷം ആദ്യമായാണ് അനുജത്തിയെ വീനസ് തോൽപിക്കുന്നത്. 
ഒരു ടൂർണമെന്റിൽ ഇത്ര നേരത്തെ ഇരുവരും ഇതിന് മുമ്പ് ഏറ്റുമുട്ടിയത് 1998 ലെ ഓസ്‌ട്രേലിയൻ ഓപണിന്റെ രണ്ടാം റൗണ്ടിലായിരുന്നു. അന്ന് വീനസിന് പ്രായം 17, സെറീനക്ക് പതിനാറ്. കഴിഞ്ഞ വർഷം ഗർഭിണിയായ സെറീന ഓസ്‌ട്രേലിയൻ ഓപൺ ഫൈനലിൽ വീനസിനെ കീഴടക്കിയിരുന്നു. 
ഒന്നര മണിക്കൂർ നീണ്ട കളിയിൽ സെറീന 41 അൺഫോഴ്‌സ്ഡ് എററുകൾ വരുത്തി. ഇരുവരും പ്രൊഫഷനൽ ടെന്നിസിൽ 29 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ പതിനേഴിലും സെറീനക്കാണ് ജയം. 2001 ൽ ഇതേ ടൂർണമെന്റിൽ നിറഞ്ഞ സ്റ്റേഡിയം ഇവർ തമ്മിലുള്ള സെമി ഫൈനലിനായി കാത്തുനിൽക്കവെ വീനസ് പിന്മാറിയിരുന്നു. അത് വലിയ വിവാദമായി. പിന്നീട് 14 വർഷം സഹോദരിമാർ ടൂർണമെന്റ് ബഹിഷ്‌കരിച്ചു. 
പുരുഷ വിഭാഗത്തിൽ റോജർ ഫെദരർ നാലാം റൗണ്ടിലെത്തി. ഫിലിപ് ക്രായിനോവിച്ചിനെ 6-2, 6-1 ന് ടോപ് സീഡ് തകർത്തു. ഈ വർഷം ഫെദരർ രണ്ട് കിരീടം നേടിക്കഴിഞ്ഞു. അഞ്ചാം സീഡ് ഡൊമിനിക് തിയേം പുറത്തായി. യു.എസ് ഓപൺ വനിതാ കിരീടം നേടിയ ശേഷം നാടകീയമായി മങ്ങിയ സ്ലോൻ സ്റ്റീഫൻസും പുറത്തായി.