Friday , October   19, 2018
Friday , October   19, 2018

"കരിപ്പൂരിൽ തീവ്രവാദികൾ വിമാനം  റാഞ്ചി; എൻ.എസ്.ജി രക്ഷപ്പെടുത്തി"

കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ റാഞ്ചിയ വിമാനം ദേശീയ സുരക്ഷ ഗാർഡിന്റെ സഹായത്തോടെ തീവ്രവാദികളെ വധിച്ച് യാത്രക്കാരെ രക്ഷപ്പെടുത്തി. 
വിമാനത്താവളത്തിലെ വിവിധ ഏജൻസികളുടെ ഏകോപനവും പ്രവർത്തന മികവും പരിശോധിക്കാൻ നടത്തിയ മോക്ഡ്രില്ലാണ് വേറിട്ട കാഴ്ചയായത്.
ഉച്ചക്ക് 2.55 നാണ് എയർ ട്രാഫിക്ക് കൺട്രോൾ വിഭാഗം നൂറിലധികം യാത്രക്കാരുമായി ഗൾഫിലേക്ക് പറക്കാനൊരുങ്ങിയ വിമാനം റാഞ്ചിയതായി കേന്ദ്ര സുരക്ഷാ സേനക്ക് വിവരം നൽകിയത്. തുടർന്ന് വിമാനത്താവളത്തിലെ ദുരന്ത നിവാരണ ഗ്രൂപ്പ് അടിയന്തര യോഗം ചേരുകയും സംസ്ഥാന പോലീസ്, ആന്റി ടെററിസ്റ്റ് ഗ്രൂപ്പ്, എൻ.എസ്.ജി, ജില്ലാ ഭരണകൂടം എന്നിവക്ക് വിവരം കൈമാറുകയും ചെയ്തു. റാഞ്ചപ്പെട്ട വിമാനത്തെ ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും റൺവേ അടക്കുകയും ചെയ്തു. സമീപത്തെ ഹോസ്പിറ്റലുകളിലേക്കും മറ്റ് ഏജൻസികളിലേക്കും വിവരം കൈമാറി. തുടർന്ന് എത്തിയ ദേശീയ സുരക്ഷാ ഗാർഡ് സൈനികർ  സംസ്ഥാന പോലീസിന്റെയും സി.ഐ.എസ്.എഫിന്റെയും സഹായത്തോടെ തീവ്രവാദികളെ വധിക്കുകയും യാത്രക്കാരെ സുരക്ഷിതമായി മോചിപ്പിക്കുകയും ചെയ്തതോടെയാണ് പരിശീലനം അവസാനിച്ചത്.
വിമാനത്താവളത്തിൽ ഇത്തരം സന്ദർഭങ്ങളിൽ നടത്തേണ്ട കാര്യങ്ങളാണ് മോക്ഡ്രില്ലായി അവതരിപ്പിച്ചത്. പരിശീലനത്തിന് ദൽഹിയിൽനിന്നും പ്രത്യേക എൻ.എസ്.ജി വിഭാഗം കരിപ്പൂരിലെത്തിയിരുന്നു. എയർ പോർട്ട് ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ, എ.ടി.സി.ജോ.ജനറൽ മാനേജർ മുഹമ്മദ് ഷാഹിദ്, സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാണ്ടന്റ് ഡാനിയൽ ധൻരാജ് എന്നിവർ നേതൃത്വം നൽകി.  

Latest News