Wednesday , September   26, 2018
Wednesday , September   26, 2018

തൊഴിലാളി ലെവി: 10,000 റിയാലിൽ കുറഞ്ഞ തുകക്ക് തവണ സൗകര്യമില്ല  

റിയാദ് - ലെവി ഇൻവോയ്‌സ് തുക 10,000 റിയാലിൽ കുറവാണെങ്കിൽ ഗഡുക്കളായി അടയ്ക്കാൻ കഴിയില്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ലെവി തുക തവണകളായി അടയ്ക്കാൻ ശ്രമിച്ചപ്പോഴാണ് സ്വകാര്യ സ്ഥാപന ഉടമകൾ ഇക്കാര്യം അറിഞ്ഞത്. മന്ത്രാലയം നേരത്തെ ഇക്കാര്യം അറിയിച്ചിരുന്നില്ല. 
പതിനായിരം റിയാലിൽ കൂടുതലുള്ള  ലെവി ഇൻവോയ്‌സ് തുക മാത്രമേ തവണകളായി അടയ്ക്കാൻ അനുവദിക്കുകയുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. 
സ്വകാര്യ വ്യവസായികൾ കടുത്ത പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് ലെവി മൂന്നു ഗഡുക്കളായി സ്വീകരിക്കുന്നതിന് മന്ത്രാലയം സൗകര്യം ഏർപ്പെടുത്തിയത്. സമയ പരിധി മൂന്നു മാസത്തിൽനിന്ന് ആറു മാസമായി ദീർഘിപ്പിച്ചിട്ടുമുണ്ട്. ഒരു തവണ ലെവി അടച്ച് വർക്ക് പെർമിറ്റ് നേടിയ തൊഴിലാളികളിൽനിന്ന് വീണ്ടും ലെവി ഈടാക്കരുതെന്നും ഒരു വർഷത്തേക്കുള്ള ലെവി ഒരുമിച്ച് ഈടാക്കുന്നതിനു മാസം അടയ്ക്കുന്നതിന് സംവിധാനമേർപ്പെടുത്തണമെന്നും സ്വകാര്യ വ്യവസായികൾ ദിവസങ്ങൾക്കു മുമ്പ് തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ മന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ഉണ്ടായിരുന്നില്ല. പുതുതായി പന്ത്രണ്ടു മേഖലകളിൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും വ്യവസായികൾ ആവശ്യപ്പെട്ടിരുന്നു.
2018 ജനുവരി ഒന്നിനു മുമ്പായി പുതിയ ഇഖാമയും വർക്ക് പെർമിറ്റും നേടുകയോ ഇഖാമയും വർക്ക് പെർമിറ്റും പുതുക്കുകയോ ചെയ്തവരുടെ വർക്ക് പെർമിറ്റുകളിൽ ഈ വർഷം അവശേഷിക്കുന്ന കാലത്തേക്കുള്ള ലെവി ഈടാക്കുന്നതിനാണ് സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇൻവോയ്‌സ് നൽകുന്നത്. നാലും അതിൽ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ലെവി ബാധകമല്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ നാലു വിദേശ തൊഴിലാളികളെയും ലെവിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന് ഉടമ ഫുൾടൈം അടിസ്ഥാനത്തിൽ സ്ഥാപന നടത്തിപ്പ് വഹിക്കണമെന്ന് വ്യവസ്ഥയുണ്ട്. മുൻ വർഷങ്ങളിൽ വർക്ക് പെർമിറ്റുകൾ പുതുക്കാതെ ലെവി കുടിശ്ശികയാക്കിയ സ്ഥാപനങ്ങൾ പുതിയ നിരക്കിൽ ലെവി അടയ്‌ക്കേണ്ടിവരും. ജനുവരി ഒന്നിനു മുമ്പായി ഫൈനൽ എക്‌സിറ്റിൽ രാജ്യം വിടുകയോ സ്‌പോൺസർഷിപ്പ് മാറ്റുകയോ ചെയ്ത വിദേശ തൊഴിലാളികളുടെ ലെവി ഇൻവോയ്‌സിൽ കണക്കാക്കില്ല. ജനുവരി ഒന്നു മുതൽ സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലുമുള്ള വിദേശികൾക്കു മാത്രമാണ് പുതിയ നിരക്കിലുള്ള ലെവി കണക്കാക്കുന്നത്. 
വിദേശ തൊഴിലാളികളെ ഹുറൂബാക്കുന്നതു മൂലമോ അവരുടെ സ്‌പോൺസർഷിപ്പ് മാറ്റുന്നതു മൂലമോ ലെവി ഇൻവോയ്‌സ് ഇല്ലാതാകില്ലെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.  ജനുവരി ഒന്നു മുതലാണ് പുതിയ ലെവി നിലവിൽവന്നത്. ഇതുവരെ സ്വകാര്യ സ്ഥാപനങ്ങളിൽ സൗദി ജീവനക്കാരേക്കാൾ കൂടുതലുള്ള വിദേശികൾക്കു മാത്രായിരുന്നു ലെവി ബാധകം. ഇവർക്ക് പ്രതിമാസം 200 റിയാൽ തോതിൽ വർഷത്തിൽ 2400 റിയാലാണ് ലെവി ഇനത്തിൽ അടയ്‌ക്കേണ്ടിയിരുന്നത്. ജനുവരി ഒന്നു മുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ വിദേശികൾക്കും ലെവി ബാധകമാക്കിയിട്ടുണ്ട്. 
സൗദി ജീവനക്കാരേക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 400 റിയാൽ തോതിൽ വർഷത്തിൽ 4800 റിയാലും സൗദികളുടെ എണ്ണത്തേക്കാൾ കുറവുള്ള വിദേശികൾക്ക് പ്രതിമാസം 300 റിയാൽ തോതിൽ വർഷത്തിൽ 3600 റിയാലുമാണ് ഈ വർഷം ലെവി അടയ്‌ക്കേണ്ടത്. അടുത്ത വർഷം സൗദികളേക്കാൾ കൂടുതലുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 600 റിയാലും സ്വദേശി ജീവനക്കാരേക്കാൾ കുറവുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 500 റിയാലും 2020 ൽ സൗദികളേക്കാൾ കൂടുതലുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 800 റിയാലും സ്വദേശി ജീവനക്കാരേക്കാൾ കുറവുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 700 റിയാലും ആയി ഉയരും.