Sunday , January   20, 2019
Sunday , January   20, 2019

കോഴിക്കോട്ടെ നന്മയുടെ നറുനിലാവുകൾ

ദമാമിലെ മുനാ ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് ജനറൽ മാനേജർ പി.വി അബ്ദുറഹ്മാൻ കോഴിക്കോട് യാത്രക്കിടെയുണ്ടായ ഹൃദയസ്പർശിയായ അനുഭവത്തെക്കുറിച്ച് വിവരിക്കുന്നു...

 

ദമാമിൽ ഒരു ഔദ്യോഗിക യോഗത്തിൽ പങ്കെടുത്തു കൊണ്ടിരിക്കവെയാണ് നാട്ടിൽ നിന്ന് ആ ഫോൺ കോൾ വന്നത്. വേദിയിലിരുന്ന് അക്ഷരാർഥത്തിൽ ഞാൻ വിയർത്തു, കൈകാലുകൾ തളർന്നു. പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലുമൊക്കെ പങ്കെടുത്ത ആ യോഗത്തിൽ അധ്യക്ഷനായിരുന്നു ഞാൻ. എന്റെ അവസ്ഥ കണ്ട് വേദിയിലിരുന്നവരെല്ലാം എന്നെ തൊട്ടടുത്ത കാബിനിലേക്ക് കൊണ്ടുവന്നു. കാര്യം പറഞ്ഞപ്പോൾ എത്രയും പെട്ടെന്ന് നാട്ടിലെത്താനുള്ള സൗകര്യമൊരുക്കാൻ അവർ ശ്രമമാരംഭിച്ചു. ഉടനെ റീ എൻട്രി അടിച്ചു, ഓൺലൈനിൽ വിമാന ടിക്കറ്റ് തരപ്പെടുത്തി. മൂന്നു മണിക്കൂറിനുള്ളിൽ വിമാനത്താവളത്തിൽ എത്താനായത് അവരുടെയെല്ലാം ആത്മാർഥമായ ശ്രമം കൊണ്ടായിരുന്നു. അടിയന്തര യാത്രയായതിനാൽ അവർ കുറച്ച് പണവും എനിക്കു തന്നു.
ദമാം-കോഴിക്കോട് ഇത്തിഹാദ് വിമാനത്തിൽ ഓഫ്‌സീസണായതിനാലാവാം യാത്രക്കാർ വളരെ കുറവായിരുന്നു. മൂന്നു പേർക്കിരിക്കാവുന്ന സീറ്റിംഗ് ഏരിയയിൽ ഞാൻ മാത്രം. നീണ്ടു നിവർന്നു കിടന്നു. മാനസികമായ തളർച്ചയും ക്ഷീണവും കൊണ്ടാവാം പെട്ടെന്ന് ഉറങ്ങിപ്പോയി. 
കാലത്ത് നാലരയോടെ കോഴിക്കോട് വിമാനമിറങ്ങി. രണ്ട് ജോഡി വസ്ത്രങ്ങൾ മാത്രമേ എന്റെ ബാഗിലുണ്ടായിരുന്നുള്ളൂ. അതിനാൽ പെട്ടെന്ന് എമിഗ്രേഷൻ, കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞ് പുറത്തിറങ്ങി. നാട്ടിലേക്ക് വരുന്ന കാര്യം വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഇത്ര പെട്ടെന്ന് നാട്ടിലെത്തുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നുമില്ല. രാവിലെ കോഴിക്കോട്ട് നിന്ന് വിളിച്ചപ്പോൾ ഭാര്യ അമ്പരന്നു. ഫോൺ കോളുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് ആശ്വാസമുണ്ടായതായി അവൾ അറിയിച്ചപ്പോൾ ആശ്വാസവും സന്തോഷവും തോന്നി. മനസ്സിലെ കാർമേഘങ്ങൾ നീങ്ങി. 
സമാധാനത്തോടെ നാട്ടിലെത്താനുള്ള വഴികൾ തേടി. ഫറോക്ക് റെയിൽവെ സ്റ്റേഷനിൽ നിന്ന് ഒരു മണിക്കൂറിനകം കണ്ണൂർ ഭാഗത്തേക്ക് ട്രെയിനുണ്ടെന്ന് ചോദിച്ചറിഞ്ഞു. പുറത്തേക്കിറങ്ങി ഞാൻ ഒരു ഓട്ടോറിക്ഷ പിടിച്ചു. സ്റ്റാർടാക്കുന്നതിനു മുമ്പെ ഡ്രൈവർ പറഞ്ഞു, സാറേ ആറ് മണിക്ക് മുമ്പായതിനാൽ 350 രൂപ തരണം, ആറ് മണി കഴിഞ്ഞാലാണ് 275 രൂപ. ഒന്ന് വില പേശി നോക്കിയെങ്കിലും അയാളുടെ ആവശ്യം ന്യായമാണെന്ന് തോന്നിയതിനാൽ ഞാൻ സമ്മതിച്ചു. 
അര മണിക്കൂർ കൊണ്ട് റെയിൽവെ സ്റ്റേഷനിലെത്തി. പണം കൊടുക്കാൻ പോക്കറ്റിലേക്ക് കൈയിട്ട ഞാൻ ഞെട്ടി. പോക്കറ്റിൽ മാറി മാറി പരതുന്നത് കണ്ട് പന്തികേട് തോന്നിയ ഡ്രൈവർ ചോദിച്ചു, എന്തുപറ്റി സാറേ പേഴ്‌സ് നഷ്ടപ്പെട്ടോ?. ഞെട്ടൽ മറച്ചുവെക്കാനാവാതെ ഞാൻ പറഞ്ഞു, പേഴ്‌സ് ഉണ്ടായിരുന്നു, അതിൽ സൗദി റിയാലും ഇന്ത്യൻ കറൻസിയുമൊക്കെ ഉണ്ടായിരുന്നു. ഇപ്പോഴത് കാണുന്നില്ല. മാനക്കേടും സങ്കടവും കൊണ്ട് മുഖം വിളറി. സാർ യാത്ര പുറപ്പെടും മുമ്പ് പേഴ്‌സ് എടുത്തിരുന്നുവെന്ന് ഉറപ്പാണോ? -ഡ്രൈവർ ചോദിച്ചു. എനിക്ക് ഉറപ്പായിരുന്നു. മാത്രമല്ല, അതിൽ എത്ര കാശ് ഉണ്ടായിരുന്നുവെന്നതിനെക്കുറിച്ചും ധാരണയുണ്ടായിരുന്നു. പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും പെട്ടെന്ന് സംഘടിപ്പിച്ചു തന്ന തുകയായിരുന്നുവല്ലോ അത്. ഇന്ത്യൻ കറൻസിയടക്കം ഏതാണ്ട് എഴുപതിനായിരം രൂപയുടെ മൂല്യമുണ്ടായിരുന്നു തുകക്ക്. എന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്ന് എന്റെ മനസ്സ് പറഞ്ഞു, ഫ്‌ളൈറ്റിൽ കാല് പൊക്കി വെച്ച് കിടന്നപ്പോൾ പോക്കറ്റിൽനിന്ന് പേഴ്‌സ് നിലത്തു വീണതാവണം. ഇപ്പോൾ ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു, ഫ്‌ളൈറ്റ് തിരിച്ചുപോയിട്ടുണ്ടാവണം. മറ്റ് യാത്രക്കാർക്കോ ജീവനക്കാർക്കോ പേഴ്‌സ് കിട്ടിയാൽ തന്നെ എന്നെ തിരിച്ചറിയാനുള്ള ഒന്നും അതിലുണ്ടായിരുന്നില്ല. പേഴ്‌സ് തേടി വിമാനത്താവളത്തിലേക്ക് തിരിച്ചുപോവുന്നതിൽ അർഥമില്ലെന്ന് തോന്നി. യാത്രക്കാരുടെ ബാഗിൽനിന്ന് പോലും വസ്തുവകകൾ തട്ടിയെടുക്കുന്ന വാർത്തകൾ പതിവായി നാം കേൾക്കുന്നതുമാണല്ലോ?

പി.വി അബ്ദുറഹ്മാൻ


സാറിന് എങ്ങോട്ടേക്കാണ് പോവേണ്ടത് എന്നായി ഡ്രൈവർ. കണ്ണൂരിലേക്ക് എന്നു പറഞ്ഞതും ഡ്രൈവർ വണ്ടിയിൽ നിന്ന് ഇറങ്ങി സ്റ്റേഷനിലേക്കോടി. ട്രെയിൻ ടിക്കറ്റുമായി തിരിച്ചുവന്നു. 15 മിനിറ്റേയുള്ളൂ ട്രെയിൻ വരാൻ, രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് പോയിക്കോ എന്ന് പറഞ്ഞ് അയാൾ ഓട്ടോ സ്റ്റാർട് ചെയ്യാനൊരുങ്ങി. ഞാൻ പറഞ്ഞു, താങ്കളുടെ ബാങ്ക് അക്കൗണ്ട് തരണം. യാത്രാക്കൂലിയും ട്രെയിൻ ടിക്കറ്റിന്റെ ചാർജും നാട്ടിലെത്തിയാൽ ഞാൻ ട്രാൻസ്ഫർ ചെയ്യാം. അതൊന്നും ആവശ്യമില്ല സാറേ, വല്ലപ്പോഴും ഈ വഴിക്ക് വരികയാണെങ്കിൽ വിളിച്ചാൽ മതി എന്നു പറഞ്ഞ് അയാൾ ഫോൺ നമ്പർ തന്നു. മടിച്ചു മടിച്ച് ഞാൻ ചോദിച്ചു -50 രൂപ കൂടി തരാമോ, വഴിച്ചെലവിനാണ്. 'സാറേ ഇത് ബോണി ട്രിപ്പാണ്, എന്റെ കൈയിൽ ഇനി ഒരുറുപ്പിക പോലുമില്ല. ട്രെയിൻ ടിക്കറ്റിന് കൊടുത്ത 50 രൂപ തന്നെ എങ്ങനെയോ പോക്കറ്റിൽ ബാക്കിയായിപ്പോയതാണ്'.
പ്ലാറ്റ്‌ഫോമിലേക്ക് നടന്നപ്പോൾ അനൗൺസ്‌മെന്റ് കേട്ടു, 40 മിനിറ്റ് ട്രെയിൻ ലൈറ്റാണെന്ന്. വിശന്നുവലഞ്ഞ ഞാൻ എങ്ങനെയും നാട്ടിലെത്തിയാൽ മതിയെന്ന കോലത്തിലെത്തിയിരുന്നു. പുറപ്പെടും മുമ്പ് ഭക്ഷണം കഴിച്ചതാണ്. ഒരു ടീ കൗണ്ടറിനു സമീപത്തെ ബെഞ്ചിലാണ് ഇരുന്നത്. പൊള്ളുന്ന ചായ കണ്ടപ്പോൾ എന്നിലെ മാന്യത പമ്പ കടന്നു. അഭിമാനവും മാന്യതയുമൊക്കെ വിശക്കുന്നവന് ഭംഗിവാക്ക് മാത്രമാണെന്ന് തിരിച്ചറിഞ്ഞു. കുറി വരച്ച് പൊട്ടുതൊട്ട കടക്കാരൻ. പണമില്ലെന്നും ചായ തരാമോയെന്നും അയാളോട് ചോദിച്ചു. അതിനെന്താ മാഷേയെന്ന് ചോദിച്ച് അയാൾ ചായയും കടിയും തന്നു. കടി ഞാൻ നിർബന്ധപൂർവം നിരസിച്ചു. സംഭാഷണമൊക്കെ കേട്ട് അടുത്തുനിന്ന് ചായ കുടിച്ച കാസർകോട്ടുകാരൻ എന്റെ പൈസയും എടുത്തോയെന്ന് പറഞ്ഞപ്പോൾ കടക്കാരൻ ദേഷ്യപ്പെട്ടു, 'എന്റെ കടയിൽ വെളുപ്പിന് വന്നവന് ചായ കൊടുക്കാനുള്ള അവകാശം എനിക്കല്ലേ..'- ഒരിക്കൽകൂടി എന്റെ മനസ്സ് നിറഞ്ഞു.ട്രെയിനിൽ കയറിയ ഉടനെ എന്റെ ഫോൺ ശബ്ദിച്ചു. നമ്മുടെ ഓട്ടോ ഡ്രൈവറാണ്. എവിടെയെത്തിയെന്നാണ് ചോദ്യം. വണ്ടി വിടാനൊരുങ്ങുകയാണെന്ന് പറഞ്ഞപ്പോൾ ഇറങ്ങൂ എന്നായി നിർദേശം. ചലിക്കാൻ തുടങ്ങിയ വണ്ടിയിൽനിന്ന് ചാടിയിറങ്ങി ഞാൻ അയാളെ തിരിച്ചുവിളിച്ചു. ഡ്രൈവർ എയർപോർടിൽ തിരിച്ചെത്തിയശേഷം ജീവനക്കാരോട് സംസാരിക്കുകയും അവിടെ ഒരു പേഴ്‌സ് കിട്ടിയതായി മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു. യാത്രക്കാരൻ പാസ്‌പോർട്ടും ബോർഡിംഗ് പാസുമായി വന്നാലേ കൂടുതൽ വിശദാംശങ്ങൾ കിട്ടൂ. ഒരു ഓട്ടോ പിടിച്ച് വരൂ, കാശ് ഞാൻ കൊടുക്കാം, ട്രിപ്പ് കിട്ടിയാലും പോകില്ല, ഞാൻ ഇവിടെ വെയ്റ്റ് ചെയ്യാം -അയാൾ പറഞ്ഞു. 
ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എങ്കിലും ആ ഡ്രൈവറുടെ പ്രയത്‌നത്തെ മാനിച്ച് ഞാൻ വീണ്ടും എയർപോർടിലെത്തി. ഡ്രൈവർ തന്നെ വന്ന് കാശ് കൊടുത്തു. ഞാൻ മുതിർന്ന ഓഫീസറോട് കാര്യം സംസാരിച്ചു. അദ്ദേഹം താൽപര്യപൂർവം പ്രശ്‌നം ഏറ്റെടുത്തു. ഒരു യാത്രക്കാരൻ എയർപോർടിൽ കടക്കേണ്ടുന്നതിനുള്ള എല്ലാ സുരക്ഷാ പരിശോധനകൾക്കും ഞാൻ വിധേയനാവേണ്ടതുണ്ടായിരുന്നു. ബാഗ് അകത്ത് കൊണ്ടുപോകാൻ പറ്റില്ല. ഡ്രൈവർ എന്റെ ബാഗ് വാങ്ങി. പുറത്ത് കാത്തുനിൽക്കാമെന്ന് പറഞ്ഞു. പേഴ്‌സ് സീൽ ചെയ്തു ക്ലെയിം സെന്ററിലേക്ക് മാറ്റിക്കഴിഞ്ഞിരുന്നു. വിശദാംശങ്ങളൊക്കെ കൊടുക്കുകയും അവർ പേഴ്‌സ് പരിശോധിക്കുകയും സത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്യുമ്പോഴേക്കും ഒരു മണിക്കൂറിലേറെ കഴിഞ്ഞു. ഇത്തിഹാദ് അധികൃതരുടെ ജാഗ്രതയാണ് പേഴ്‌സ് തിരിച്ചുകിട്ടാൻ സഹായകമായത്.
സന്തോഷവാനായി തിരിച്ചിറങ്ങിയപ്പോൾ, പുറത്തു കാത്തുനിൽക്കുന്നുണ്ടായിരുന്ന ഡ്രൈവർക്ക് അതിനെക്കാൾ ആഹ്ലാദം. ഒമ്പതേ കാലിന് ട്രെയിൻ ഉണ്ട്, നമുക്ക് ഉടനെ പോവാം എന്ന് അയാൾ പറഞ്ഞു. അദ്ദേഹത്തിന് കൊടുക്കാനുള്ള പൈസയായ ഏതാണ്ട് ആയിരത്തോളം രൂപയും പാരിതോഷികമായി കുറച്ച് പൈസ വേറെയും ഞാൻ പോക്കറ്റിൽ മാറ്റി വെച്ചു. പൈസ എണ്ണി നോക്കി അയാൾ 1000 രൂപയിൽനിന്ന് 50 രൂപ തിരിച്ചു തന്നു. പാരിതോഷികവും സ്വീകരിച്ചില്ല. സാറേ, 950 രൂപയാണ് എനിക്ക് ചെലവ് വന്നത്. എനിക്കു വേണ്ടി ഒരുപാട് ട്രിപ്പ് നിങ്ങൾ വേണ്ടെന്നു വെച്ചില്ലേ, അതിന്റെ കൂലിയെങ്കിലും വാങ്ങൂ എന്ന എന്റെ വാദമൊന്നും അയാൾ കേട്ടതേയില്ല. അയാൾ പറഞ്ഞു, ഞാനും ഗൾഫിൽനിന്ന് ഒന്നുമില്ലാതെ മടങ്ങി വന്നയാളാണ്, ഇപ്പോൾ ലോണെടുത്ത് വണ്ടിയോടിക്കുന്നു. ദൈവം കനിഞ്ഞ്, ജീവിക്കാനുള്ള വക കിട്ടുന്നു. എനിക്ക് അതുമതി. ദൈവത്തിന്റെ കരുണ എനിക്കുണ്ടാവും. ഇല്ലായ്മയിൽ നുള്ളിപ്പെറുക്കി ജീവിക്കുന്നവനാണ് ഏറ്റവും വലിയ ധനികനെന്ന് ഒരു നിമിഷം ഞാൻ തിരിച്ചറിഞ്ഞു. നന്മയുടെ ആ നനുത്ത സ്പർശം എന്റെ മനസ്സിൽ കുളിർമഴയായി. പ്ലാറ്റ്‌ഫോമിൽ കയറി ചായക്കടക്കാരന് രാവിലത്തെ ചായയുടെ പൈസ കൊടുത്തു. സന്തോഷപൂർവം എന്റെ വിവരം അറിയുകയും ചായയുടെ പൈസ അയാൾ സ്വീകരിക്കുകയും ചെയ്തു. 
കോഴിക്കോട് വിമാനത്താവളത്തിൽ മോഷണം നടത്തുന്ന ജീവനക്കാരുടേതെന്ന് പറഞ്ഞ് പെരുപ്പിച്ച വാർത്തകൾ പ്രചരിക്കുന്ന കാലമാണ് ഇത്. അതിനിടയിലാണ് റിപ്പോർട്ട് ചെയ്യപ്പെടാത്ത ഈ നന്മ ജീവിതങ്ങളുമുള്ളത്. കാലുഷ്യത്തിന്റെയും ക്രൂരതയുടെയും ലോകത്ത് ഉറവ വറ്റാത്ത നന്മയുമായി ജീവിക്കുന്ന പാവം മനുഷ്യർ. കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട് മോഷണങ്ങളുടെ തെറ്റായ വാർത്തകൾ പരക്കുമ്പോൾ നന്മയുടെ നിറകടലിലേറിയുള്ള എന്റെ യാത്രയെക്കുറിച്ച് ലോകത്തോട് പറഞ്ഞില്ലെങ്കിൽ ഞാൻ ചെയ്യുന്ന ഏറ്റവും വലിയ അപരാധമാവുമെന്ന് തോന്നി.