Tuesday , May   21, 2019
Tuesday , May   21, 2019

കാന്തവലയം പോലെ പ്രവാസ ലോകം 

 ഗർഭം പത്തും തികയുന്നത് വരെ കാത്തിരിക്കുകയും സുഖ പ്രസവം നാട്ടിൽവെച്ചു തന്നെയായിരിക്കണമെന്ന ഉദ്ദേശ്യത്തോടെ ഏതെങ്കിലും വിധേന വിമാന ടിക്കറ്റ് തരപ്പെടുത്തി നാട്ടിലേക്ക് തിരിക്കുകയും ചെയ്യുന്ന മലയാളികളേറെയുണ്ട് നമുക്കിടയിൽ. പക്ഷെ അത്തരക്കാരുടെ ഇവ്വിധമുള്ള യാത്രകൾ അത്രക്ക് സുഖകരമല്ലെന്നു മാത്രമല്ല, പലപ്പോഴുമത് എന്തെങ്കിലും അപകടങ്ങൾക്കോ, ദുരന്തങ്ങൾക്കോ ഒക്കെ വഴി വെക്കാറുമുണ്ട്. എങ്കിലും ചില ഭാഗ്യവതികൾക്കത് ആകാശ പ്പരപ്പിൽ വിമാനത്തിനുള്ളിൽ സുഖ പ്രസവത്തിന് അവസരമൊരുങ്ങുന്നത് പോലെയാണ്. ഈ ഗണത്തിലുൾപ്പെട്ടവർക്ക് ജനിക്കുന്ന സന്താനങ്ങൾക്ക് ആജീവനാന്ത സൗജന്യ യാത്രാ വിമാന ടിക്കറ്റുകളും, മറ്റു പാരിതോഷങ്ങളുമൊക്കെ  മിക്ക വിമാനക്കമ്പനികളും നൽകുകയും ചെയ്യുന്നു. ഭാഗ്യനിർഭാഗ്യങ്ങളാണല്ലോ എല്ലാം. 
ഏകദേശം ഈയൊരു 'പ്രസവ പ്രക്രിയ' പോലെത്തന്നെയാണ് പത്ത് കൊല്ലത്തിലധികം കാലം ഗൾഫ് മണലാരണ്യത്തിൽ പ്രവാസികളായി കഴിഞ്ഞതിനുശേഷം 'സുഖമരണം' പിറന്ന മണ്ണിൽ തന്നെയാകണം എന്ന മോഹത്തോടെ നാൽപതും അൻപതുമൊക്കെ പ്രായം പിന്നിട്ടവരുടെ ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് മടങ്ങാനുദ്ദേശിക്കുന്ന തീരുമാനങ്ങളുടെ അവസ്ഥയും. ഇവിടെയും വില്ലനായെത്തുന്നത് ഭാഗ്യ പരീക്ഷണങ്ങൾ തന്നെയായിരിക്കാം. പ്രവാസികളുടെ ഇത്തരമൊരു 'നിർത്തിപ്പോക്കി' നെക്കുറിച്ച് പലരും പലപ്പോഴായി കാർട്ടൂണുകളിലൂടെയും, കോമഡി ഗാനങ്ങളിലൂടെയും, വിരഹ ഗാനങ്ങളിലൂടെയുമൊക്ക പാടിയതും, പറഞ്ഞതും പറയാതെ പറഞ്ഞതുമൊക്കെ പത്രത്താളുകളിലും സമൂഹ മാധ്യമങ്ങളിലുമെല്ലാം നാം പലതവണ കണ്ടിട്ടുള്ളതാണെങ്കിലും ആരുമിതത്ര ഗൗരവ രൂപേണയെടുക്കാറില്ലെന്നതാണ് സത്യം. എല്ലാവരുടെയും ചിന്തയൊന്നുമാത്രം. 
പത്തും മുപ്പതുമൊക്കെ വർഷങ്ങളിവിടെക്കഴിഞ്ഞില്ലേ..? ഇനി ശിഷ്ടകാല ജീവിതമെങ്കിലും നാട്ടിൽ കുടുംബത്തോടൊത്ത് കഴിയാമല്ലോ എന്ന് മാത്രം. പക്ഷേ ...  സ്വന്തമായി നാമിത്തരമൊരു തീരുമാനമെടുക്കുന്നതിനു മുമ്പായി ഒരിക്കൽ കൂടി നാമോലോചിക്കുക, ഗൾഫ് പ്രവാസം കൂടുതലനുഭവിച്ചവർക്കത്ര വളക്കൂറുള്ള മണ്ണല്ല നമ്മുടെ നാടെന്ന പരമാർഥം.
കഴിയുന്നത്ര ഇന്നാട്ടിൽതന്നെ അള്ളിപ്പിടിച്ചിരിക്കാൻ ശ്രമിക്കുക.
ആകാശം ഇടിഞ്ഞു വീഴുമെന്ന് വെച്ച് നമുക്ക് തൂണുകൊടുക്കാനാവില്ലെന്നു പറയുന്നതു പോലെ സ്‌പോൺസർമാരായി നമ്മെ ഖുറൂജ് പതിച്ചു നൽകുന്നതിനെ നമുക്കൊരിക്കലും തടയാനാവില്ലെന്ന യാഥാർത്ഥ്യമിവിടെ വിസ്മരിക്കുന്നില്ല. എങ്കിലും അനുഭവത്തിന്റെ വെളിച്ചത്തിലൊന്നുമെനിക്ക് ഒളിച്ചു വെക്കാനാകുന്നില്ല. ഒരുപക്ഷെ നമ്മുടെ സമ്പാദ്യങ്ങൾ നമുക്ക് കുറച്ചുകാലമെങ്കിലും കുടുംബത്തോടൊന്നിച്ച് ബുദ്ധിമുട്ടില്ലാതെ കഴിയാൻ നമ്മെ പ്രാപ്തരാക്കുന്നതായിരിക്കാം. 
എന്നാൽ അതിലുമുപരി നാട്ടിലെ പിടിച്ചു നിൽപിന് പ്രതികൂല സാഹചര്യമൊരുക്കുന്ന ഘടകങ്ങൾ മറ്റു ചിലതാണ്. ഏകദേശം മൂന്നര പതിറ്റാണ്ടിനു ശേഷം പ്രവാസം നിർത്തി നാടണഞ്ഞ ഞാൻ ഒരു കൊല്ലത്തിനു ശേഷം വീണ്ടും നൂലു പൊട്ടിയ പട്ടം കണക്കെ നാട്ടിലെല്ലാം കറങ്ങിയടിച്ച് വീണ്ടും സൗദിയേ ശരണമെന്നുരുവിട്ട് ഇങ്ങോട്ടെത്തിയത് ഒരു വലിയ തെളിവ് തന്നെയല്ലേ? അത്യാവശ്യം ജീവിക്കാനുള്ള മാർഗങ്ങളൊരുക്കിയിട്ടു തന്നെയായിരുന്നു ഞാൻ കമ്പനിയിൽ നിന്നു വിരമിച്ചു നാട്ടിൽ പോയി നിൽക്കാനൊരുങ്ങിയിരുന്നതെങ്കിലും, പിന്നെയെന്തിന് വീണ്ടും ഇങ്ങോട്ട് തന്നെ 
മടക്കമെന്നതിന് ഒറ്റ വാക്കിലൊരുത്തരം തരാനൊക്കില്ലെങ്കിലും സത്യം ഇങ്ങിനെയൊക്കെയാണെന്ന് നാമറിയണം. ഗൾഫ് പ്രവാസി എന്നെന്നും എല്ലാവർക്കും ഒരു കറവപ്പശു മാത്രമാണ്.
അതിന് കെട്ട്യോളെന്നോ, കുട്ട്യോളെന്നോ, കുടുംബക്കാരെന്നോ, നാട്ടുകാരെന്നോ ഉള്ള യാതൊരു വകഭേദവുമൊട്ടില്ലതാനും. പാലു ചുരത്താത്ത ഒരു പശുവിനെ, അതല്ലെങ്കിൽ എസ്.എ. ജമീൽ പാടിയ പോലെ പൂട്ടാതെ തന്തയായ ഒരു കാളയെ തൊഴുത്തിൽ കെട്ടുന്നത് പോയിട്ട് ആലയിൽ കാണുന്നതു പോലുമവരിൽ കടുത്ത അമർഷമുണ്ടാക്കുന്നു. 
ചിലരത് നേരിട്ട് പ്രകടിപ്പിക്കുന്നില്ലെങ്കിൽപോലും നമുക്കത് തിരിച്ചറിയാനാകും. തന്നെയുമല്ല അന്യ നാട്ടിൽ അറബികളോടും മറ്റും താഴ്മയോടെ പെരുമാറിയും തൊഴിലിടങ്ങളിൽ ആത്മാർഥതയോടെ കഠിനാധ്വാനം ചെയ്തും സത്യസന്ധമായി പെരുമാറിയും ശീലിച്ചു പോന്നിട്ടുള്ള 
നാം സൂക്ഷിക്കുന്ന അത്തരം എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾക്കൊന്നും നാട്ടിൽ പുല്ലുവിലപോലും ഇല്ലെന്നുള്ളതാണ് ക്രൂരമായ യാഥാർത്ഥ്യം. വീട്ടിലെ കാര്യമെടുത്താൽ വെള്ളം, വൈദ്യുതി പോലുള്ളവയുടെ അമിതമായ ഉപയോഗം വേണ്ടപ്പെട്ടവരോട് ചോദ്യം ചെയ്യാൻ പാടില്ല. അതിനെക്കുറിച്ച് വല്ലതും മിണ്ടിപ്പോയാൽ പിന്നെ അന്ന് ഉച്ചയൂണിന് ഭാര്യ വിളിക്കുമെന്ന് കരുതി കാത്തിരിക്കാതിരിക്കലായിരിക്കും ബുദ്ധി.
കൂടാതെ നമ്മളുമായി ആഴ്ചകളുടേയോ, മാസങ്ങളുടേയോ ഒക്കെമാത്രം അടുപ്പമുള്ള നമ്മുടെ കുട്ടികളോട് അവരുടെ ന്യൂജെൻ ഹെയർസ്റ്റൈലിനെക്കുറിച്ച് എതിർപ്പ് പ്രകടിപ്പിക്കാനോ, കളി കഴിഞ്ഞ് വേഗം വീട്ടിലെത്താൻ പറയാനോ ശാസിക്കാനോ ഒക്കെ മുതിർന്നാൽ പണി പാളും. അത് പിന്നെ പാരയായി  തിരിഞ്ഞു കുത്തുമെന്നുറപ്പാണ്.  നാമിവിടുന്ന് കുട്ടികൾക്കയച്ചു കൊടുത്ത മൊബൈൽ നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നത് മറ്റൊരു കാഴ്ച. പിന്നെ നാട്ടുകാരുടെ രീതിയും ഭാവങ്ങളും മറ്റൊരു വിശേഷം. 
ഇല നിറഞ്ഞ് നിൽക്കുന്ന മരക്കൊമ്പിലെ പച്ചില വെട്ടി കൃഷിക്ക് തോലിടുന്നതിനു പകരമവർ പഴുത്ത് വീഴുന്ന ഇലകളെ ആശ്രയിക്കുകയാണ് ജൈവ വളമൊരുക്കാനും ചമ്മല് ചുട്ട് ചാരമാക്കാനുമെല്ലാം. ഇതെല്ലാം കണ്ടുനിൽക്കാനോ അതിന് തല കുനിക്കാനോ മാത്രമേ ഒരു പ്രവാസിയെക്കൊണ്ട് സാധിക്കൂ. ആറു അംഗങ്ങളടങ്ങുന്ന എന്റെ വീട്ടിൽ ഒരാൾക്ക് ഒന്നെന്ന അനുപാതത്തിലാണ് ടോയ്‌ലെറ്റുകൾ.
എന്നിട്ടും പലപ്പോഴും അതുപയോഗിക്കുന്നതിനെപ്പറ്റിയുള്ള തർക്കങ്ങൾ പലപ്പോഴും കാണുമ്പോൾ  ആറുപേരടങ്ങുന്ന ജിദ്ദയിലെ ഞങ്ങളുടെ കുടുസ്സ്മുറിയിൽ കൊച്ചുടോയ്‌ലെറ്റിനു മുന്നിൽ  ക്യൂ നിന്നപ്പോൾ പല നാട്ടുകാരായ പ്രവാസി സുഹൃത്തുക്കൾ കാണിച്ചിരുന്ന മര്യാദയും കണ്ടറിവും എത്രത്തോളമായിരുന്നു എന്നോർത്തുപോയി.  
അതെ... പ്രവാസം ഇതൊരു പാഠശാലയാണ്. ഇവിടുത്തെ ശീലം അനുഭവിച്ചറിഞ്ഞവർക്കേ അതിനെക്കുറിച്ചറിയൂ. അതായത് നാട്ടിലെ ആ സുഖ ജീവിതത്തെക്കാളേറെ നല്ലത്, എല്ലാം അറിഞ്ഞും പറഞ്ഞും പരസ്പരം പങ്കുവെച്ചുമുള്ള ഇവിടുത്തെ സുന്ദര ജീവിതം തന്നെ. അതുകൊണ്ട് ഫൈനൽ എക്‌സിറ്റ് വിസയിൽ നാട്ടിലേക്ക് പോകാനൊരുങ്ങി പെട്ടി കെട്ടിയൊരുങ്ങി പാസ്‌പോർട്ടിൽ ഖുറൂജ് സ്റ്റാമ്പ് ചെയ്യുന്നതിനു മുമ്പായി ഒന്നു കൂടിയലോചിക്കുക. തന്നെയുമല്ല നാല്പത്തിയഞ്ചു പിന്നിട്ടവർക്കിനിയുമൊരു വിസ ശരിയാവുക എന്നൊക്കെ പറഞ്ഞാലത് വലിയ പെടാപാടു തന്നെയായിരിക്കും. എന്റെ രണ്ടാമൂഴത്തിന് ആക്കം കൂട്ടിയ, (ശാരീരികവും, സാമ്പത്തികവുമായ) സഹായം ചെയ്ത ചില പ്രവാസികളുടെ സേവനം ഞാനിവിടെ ഓർക്കുന്നു.
 അതെ ... ഒരു പ്രവാസിക്ക് മാത്രമേ മറ്റൊരു പ്രവാസിയെ തിരിച്ചറിയാനാകൂ എന്ന റസാഖ് വാണിയമ്പലമെന്ന സഹൃദയനായ ചങ്ങാതിയുടെ വാക്കുകൾ ഞാനിവിടെ എടുത്തെഴുതുന്നു. 
നാം നാടണയാൻ ശ്രമിക്കുന്ന നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നത് ടൂറിസം കോർപറേഷന്റെ മുദ്രാവാക്യം. പക്ഷേ നമ്മെ തീറ്റിപ്പോറ്റുന്ന ഗൾഫ് മണ്ണ്  ദൈവം അനുഗ്രഹ വർഷം കോരിച്ചൊരിഞ്ഞ നാടാണ്. ഇതോർക്കുക എപ്പോഴുമെപ്പോഴും.

Latest News