വാഷിങ്ടണ്‍- യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി മാസങ്ങളോളം നീണ്ട അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തിയ നീലച്ചിത്രനടി സ്റ്റെഫാനി ക്ലിഫോഡ് എന്ന സ്റ്റോമി ഡാനിയേല്‍ ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ ട്രംപ് നല്‍കിയ 1.30 ലക്ഷം യുഎസ് ഡോളര്‍ തിരിച്ചു നല്‍കുമെന്ന് വ്യക്തമാക്കി.
2006-ല്‍ തുടങ്ങി മാസങ്ങളോളം നീണ്ട ബന്ധത്തിനിടെ ട്രംപുമായി പലതവണ കിടപ്പറ പങ്കിട്ടുണ്ടെന്ന് നേരത്തെ നടി ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 2016-ല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ ട്രംപ് നടിക്ക് പണം നല്‍കി കരാറുണ്ടാക്കിയത്.
പണം തിരികെ നല്‍കുന്നതോടെ ട്രംപും നടിയും തമ്മിലുള്ള ബന്ധം എന്തായിരുന്നെന്ന് അമേരിക്കന്‍ ജനതയ്ക്ക് പൂര്‍ണമായും അറിയാന്‍ വഴിയൊരുങ്ങുമെന്ന് നടിയുടെ അഭിഭാഷകന്‍ മിക്കാഇല്‍ അവെനാറ്റി പറഞ്ഞു. ട്രംപിന്റെ അഭിഭാഷകന്‍ മിഖായില്‍ കോഹന് തിങ്കളാഴ്ച അയച്ച കത്തിലാണ് ട്രംപ് നിര്‍ദേശിക്കുന്ന അക്കൗണ്ടിലേക്ക് വെള്ളിയാഴ്ചക്കകം പണം കൈമാറാമെന്ന് നടി വ്യക്തമാക്കിയത്. പണം കൈമറുന്നതോടെ ട്രംപുമായുള്ള ബന്ധത്തെ കുറിച്ച് സ്വതന്ത്രമായി സംസാരിക്കാനും ഈ ബന്ധം മറച്ചുവെച്ച് തന്നെ ട്രംപ് എങ്ങനെ നിശബ്ദയാക്കി എന്നു വെളിപ്പെടുത്താനും അനുമതി ലഭിക്കും.
ട്രംപുമായുള്ള ബന്ധത്തിന്റെ തെളിവുകളായ ഫോട്ടോകള്‍, വിഡിയോ, ടെക്സറ്റ് മെസേജുകള്‍ തുടങ്ങിയവ പ്രസിദ്ധപ്പെടുത്താനും നിയമനടപടികളുടെ ആശങ്കകളില്ലാതെ നടിക്കു കഴിയും.