Saturday , May   26, 2018
Saturday , May   26, 2018

കാട്ടുതീ ദുരന്തത്തിനിടെ മന്ത്രി പുത്രന്റെ സ്ഥാനാരോഹണം ആഘോഷമാക്കി മന്ത്രിമാർ 

തമിഴ്‌നാട് മന്ത്രിമാർ കൊരങ്ങിണിയിൽ

ഇടുക്കി- കാട്ടുതീയിൽ മനുഷ്യ ജീവനുകൾ വെന്തെരിഞ്ഞപ്പോൾ തമിഴ്‌നാട് മന്ത്രിമാർ ഉല്ലാസത്തിമർപ്പിൽ. മന്ത്രിമാരായ സെല്ലുർ രാജു, ദിണ്ഡുക്കൽ ശ്രീനിവാസൻ, ഉദയകുമാർ എന്നിവരാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീർ ശെൽവത്തിന്റെ മകന്റെ പാർട്ടിയിലെ സ്ഥാനാരോഹണ ചടങ്ങ് കൊഴുപ്പിച്ചത്. 
വൈകിട്ട് അഞ്ചു മണിയോടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ 75 ാം ജന്മദിനാചരണ ചടങ്ങ് തേനിയിൽ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി 7070 പേർക്ക് ആട്, കോഴി, ഗൃഹോപകരണങ്ങൾ ഉൾപ്പെടെയുള്ളവ സൗജന്യമായി നൽകുന്ന പരിപാടിയാണ് സംഘടിപ്പിച്ചത്. എന്നാൽ ഇതിന്റെ മറവിൽ പനീർ ശെൽവത്തിന്റെ മകൻ രവീന്ദ്രനാഥിനെ പാർട്ടിയുടെ തേനി ജില്ലാ സെക്രട്ടറിയാക്കുന്ന ചടങ്ങാണ് ഇവിടെ നടത്തിയത്. പാർട്ടിയുടെ യുവജന വിഭാഗം തേനി സെക്രട്ടറിയായിരുന്നു രവീന്ദ്രനാഥ്. എന്നാൽ അഴിമതിയും പാർട്ടി വിരുദ്ധ പരിപാടിയും നടത്തിയതോടെ ഇയാളെ വർഷങ്ങൾക്ക് മുമ്പ് ജയലളിത പുറത്താക്കിയിരുന്നു. മാത്രമല്ല, യാതൊരു കാരണവശാലും പാർട്ടിയിലേക്ക് തിരിച്ചെടുക്കരുതെന്ന നിർദേശവും ജയലളിത നൽകിയിരുന്നു. ജയലളിത മരിച്ചതോടെയാണ് പനീർ ശെൽവം മകനെ വീണ്ടും പാർട്ടി നേതൃത്വത്തിലേക്ക് അവരോധിക്കുന്ന ചടങ്ങ് ജന്മദിനം മറയാക്കി നടത്തിയത്. 
ഈ ചടങ്ങ് നടക്കുമ്പോഴാണ് കൊരങ്ങിണിയിൽ ട്രക്കിംഗിന് പോയ ആളുകൾ കാട്ടുതീയിൽ പെട്ടതായി മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് വിവരം ലഭിച്ചത്. ഇതോടെ മാധ്യമ പ്രവർത്തകർ ചടങ്ങിന്റെ റിപ്പോർട്ടിംഗ് മതിയാക്കി സംഭവ സ്ഥലത്തേക്ക് തിരിച്ചു. മാത്രമല്ല കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ പോലും രാത്രി ഒൻപതരയോടെ സംഭവ സ്ഥലത്തെത്തി. എന്നാൽ ചടങ്ങ് അവസാനിച്ച് പത്തരയോടെയാണ് ഉപമുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ബോഡി നായ്ക്കന്നൂർ സർക്കാർ ആശുപത്രിയിലെത്തിയത്.