Sunday , January   20, 2019
Sunday , January   20, 2019

പ്രവാസികളുടെ മൃതദേഹങ്ങൾ സൗജന്യമായി  നാട്ടിലെത്തിക്കണമെന്ന് ശുപാർശ

 തിരുവനന്തപുരം- വിദേശത്തുവെച്ച് മരിക്കുന്ന പ്രവാസികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിൽ എത്തിക്കുന്നതിന് വിവിധ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ശുപാർശ സമർപ്പിക്കുവാൻ പ്രവാസി ഭാരതീയർ കമ്മീഷൻ തീരുമാനിച്ചു.
പ്രതിവർഷം രണ്ടായിരത്തോളം ഇന്ത്യക്കാർ വിദേശത്ത് മരണപ്പെടുന്നതയാണ് കണക്ക്. ഇവരിൽ പകുതിയും മലയാളികളാണ്. വിദേശത്തു മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഒരു കോടിയോളം രൂപ വർഷം തോറും വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രവാസി വെൽഫെയർ ഫണ്ടിനത്തിൽ കേന്ദ്ര സർക്കാർ പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ ചെലവഴിക്കാതെ സൂക്ഷിച്ചിരിക്കുകയാണ്. ഇത് പ്രവാസികൾക്ക് ഗുണകരമായി ഉപയോഗിക്കണമെന്നാണ് പ്രധാന ആവശ്യം. അദാലത്തിൽ നേരിട്ട് ലഭിച്ച 15 പരാതികളടക്കം 21 പരാതികളിൽ നടപടി സ്വീകരിച്ചു. നോർക്ക റൂട്ട്‌സിൽനിന്നും മറ്റും ആനുകൂല്യങ്ങൾ ലഭിക്കാത്തതു സംബന്ധിച്ച പരാതികളാണേറെയും. പ്രവാസികളുടെ സ്വത്ത് കയ്യേറുന്നതു സംബന്ധിച്ചും പരാതി ലഭിച്ചു. നോർക്ക ബാങ്ക് ലോണിന് ശുപാർശ നൽകിയിട്ടും ബാങ്കുകൾ ഇത് നിരസിക്കുന്നതായി പരാതി വ്യാപകമാണ്. ഇക്കാര്യം ബാങ്കുകളെ ധരിപ്പിക്കാൻ തീരുമാനിച്ചു. കമ്മീഷന് ഫേസ് ബുക്കും വെബ്‌സൈറ്റും ഉടൻ ആരംഭിക്കും.
വിദേശത്തുവെച്ച് മരിച്ച തിരുവനന്തപുരം സ്വദേശി ശ്രീകുമാറിന്റെ മകന്റെ വ്യോമയാന ബിരുദ പഠനത്തിന് ആവശ്യമായ സാമ്പത്തിക സഹായം എൻ.ആർ.ഐ കമ്മീഷൻ അംഗമായ ഡോ. ഷംസീർ വയലിൽ വാഗ്ദാനം ചെയ്തു. ഗൾഫ് മേഖലയിലുള്ള പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങൾ അതതു മേഖലയിലെ സാമൂഹ്യ സംഘടനകളുമായി ബന്ധപ്പെട്ട് പരിഹരിക്കുന്ന കമ്മീഷൻ അംഗങ്ങളായ സുബൈർ കണ്ണൂർ, ഡോ. ഷംസീർ വയലിൻ എന്നിവരെ കമ്മീഷൻ ചെയർപേഴ്‌സൺ അഭിനന്ദനം അറിയിച്ചു. 
വിശിഷ്ടാതിഥിയായി നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവന് പുറമെ ചെയർപേഴ്‌സൺ റിട്ട. ജസ്റ്റിസ് പി. ഭവദാസൻ,  സുബൈർ കണ്ണൂർ, ആസാദ് തിരൂർ, ബെന്യാമിൻ, മെമ്പർ സെക്രട്ടറി നിസാർ എച്ച്, അസിസ്റ്റന്റ് സെക്രട്ടറി എൻ. മധുസൂദനൻ പിള്ള, അസിസ്റ്റന്റ് യു. വിൻസെന്റ് എന്നിവർ പങ്കെടുത്തു.