Wednesday , March   20, 2019
Wednesday , March   20, 2019

മണ്ണുമാന്തി, വികസനം, പിന്നെ ബേബിയും

നമ്മൾ ഭാഗ്യവാന്മാരാണ്. കുറേക്കാലമായി നാടിനെ അലട്ടുന്ന ഒരു ഗുരുതര പ്രശ്‌നം അടുത്ത ഏഴു വർഷങ്ങൾക്കകം പരിഹരിക്കപ്പെടും. ജ്യോത്സ്യന്മാരായ മടവൂരോ, കാണിപ്പയ്യൂരോ, കൊച്ചു പിലാമൂടോ ആറ്റുകാലോ പ്രവചിച്ചതല്ല. അങ്ങനെയെങ്കിൽ നമുക്ക് ധൈര്യമായി അവിശ്വസിക്കാമായിരുന്നു. ഇത് ബി.ജെ.പിയുടെ പുലി. കണ്ണൂരിന്റെയും കാസർകോടിന്റെയും സർവാധികാര്യക്കാർ- കെ. സുരേന്ദ്രൻ. ഏഴു വർഷത്തിനകം ഇന്ത്യയിലെ ഓരോ മണൽത്തരിയും ആർ.എസ്.എസ് നിയന്ത്രണത്തിലാകുമെന്നാണ് പ്രവചനം. നന്നായി. ഇനി മണൽ മാഫിയെ അന്വേഷിച്ച് മടിശ്ശീലുമായി അലയേണ്ടതില്ല. നേരേ സംഘ്പരിവാറിന്റെ കാര്യാലയത്തിലേക്ക് ചെല്ലുക, എത്ര മേലാഡ് മണൽ ആവശ്യമുണ്ടോ, അതിനുള്ള തുക അടയ്ക്കുക. രസീത് തരികയാണെങ്കിൽ മാത്രം വാങ്ങുക, ചോദിച്ച് വിരോധമുണ്ടാക്കേണ്ട. മണൽ കിട്ടിയാൽ പോരേ? നമ്മുടെ വീട്ടുപടിക്കൽ മണൽ ലോറികൾ ഓടിയെത്തും. ഒരു നോക്കുകൂലിക്കാരനും അടുത്തെങ്ങും വരില്ല. ആ വർഗമേ, അക്കാലത്ത് നാട്ടിലുണ്ടാകില്ല. അക്കാര്യം സുരേന്ദ്രൻ ഏറ്റെടുക്കും. 2025 ൽ അദ്ദേഹം മണൽ സർവാധികാരയായി ഇന്ത്യയിൽ നിറഞ്ഞുനിൽക്കും. നമുക്ക് രോമാഞ്ചമുണ്ടായാൽ മാത്രം മതി.
പാശ്ചാത്യർ ഭാരതീയരെ അടിച്ചേൽപിച്ച പല കണക്കുകളും തെറ്റാണ് എന്ന് ഇനി എവിടെനിന്നും നമുക്കു വിളിച്ചുകൂകാം. ഏതെങ്കിലും മണ്ടൻ തെളിവു ചോദിച്ചാൽ, ഈയിടെ മൂന്നു സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പു ഫലം എടുത്തു കാട്ടിക്കൊടുത്താൽ ധാരാളമായി. രണ്ടു സീറ്റുകാരൻ ഇരുപത്തിയൊന്നു സീറ്റുകാരനെ മലർത്തിയിടക്കുന്ന ഗംഭീര ഗാട്ടാഗുസ്തി ഇന്ത്യയിലാദ്യമായി അരങ്ങേറിയത് ഇത്തവണയാണല്ലോ. വീഡിയോ ഫിലിം എടുക്കുകയോ വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയോ ചെയ്ത് നമ്മൾ മാലോകരുടെ അഭിനന്ദനമോ ശാപമോ ഏതാണ് ലഭിക്കുന്നതോ, അതു സ്വീകരിക്കേണ്ടതാണ്. 


'പൂജ്യം' കണ്ടു പിടിച്ചതു ഇന്ത്യൻ ശാസ്ത്രജ്ഞനാണെന്ന കാര്യത്തിൽ ഏറ്റവും അഭിമാനം കൊള്ളുന്നത്   കോൺഗ്രസും ചിലേടത്തു കമ്യൂണിസ്റ്റുമാണ്.   ആ വട്ടത്തിലുള്ള സംഖ്യ ഇല്ലായിരുന്നുവെങ്കിലുള്ള കഥ ആലോചിക്കാൻ വയ്യ. ഒരു സീറ്റും കിട്ടാതെ പോയവരെ 'പൂജ്യം പാദന്മാർ' എന്നു വിളിച്ചാൽ അടിക്കുറിപ്പും വേണ്ടിവരും- നിലത്ത് ഊന്നിനടക്കാൻ കാലില്ലാത്ത പാർട്ടികൾ. ഓരോ തെരഞ്ഞെടുപ്പ് നമുക്ക് പദസമ്പത്തു വർധിപ്പിക്കാൻ സാഹിയക്കട്ടെ എന്ന് ആശിക്കാം, മറ്റൊന്നും ആശ്രിക്കാനില്ലാത്തതുകൊണ്ട്.
ത്രിപുരയിൽ രണ്ടു ലെനിൻ പ്രതിമകളും തമിഴ്‌നാട്ടിൽ ദ്രാവിഡ് ആചാര്യൻ രാമസ്വാമി നായ്ക്കർ എന്ന പെരിയോറുടെ പ്രതിമയും തകർത്തുകൊണ്ടാണ് പുതിയൊരു വിപ്ലവത്തിന്റെ അരങ്ങേറ്റം. 'സർക്കാർ' പോയപ്പോൾ 'വിപ്ലവം' വന്നു എന്നു മാധ്യമങ്ങൾ എഴുതിയത് അറംപറ്റിയോ എന്നു സംശയം. പോയതു മണിക് സർക്കാരും കയറി വന്നത് 'ബിപ്ലബ്‌ദേബും' ആണെങ്കിലും കള്ളിന്റെ ലഹരിയിൽ ആഘോഷിക്കാൻ മണ്ണിമാന്തി യന്ത്രംകൊണ്ടുവരുമെന്നോ, പ്രതിമയെ മരംമൂടോടെ മുറിക്കുന്നതുപോലെ തള്ളിയിടുമെന്നോ പ്രധാന മന്ത്രിയോ അമിത്ഷായോ പോലും കരുതിയിട്ടുണ്ടാവില്ല. അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ. പക്ഷേ, ഞെട്ടിച്ചത് മറ്റൊന്നാണ്- റഷ്യൻ എംബസിക്കാർ ദില്ലിയിൽ ഒരു പത്രസമ്മേളനം വിളിച്ചുചേർത്തു പുഞ്ചിരി പ്രകടിപ്പിക്കുന്നതു കണ്ടു. റഷ്യയെന്നു കേട്ടാൽ ചെങ്കൊടി മനസ്സിൽ പാറിപ്പറക്കുമെങ്കിലും, വഌഡ്മിർ പുചിന്റെ റഷ്യക്ക് പ്രതിമാരാധനയോട് താൽപര്യമില്ലെന്ന കാര്യം കുറേശ്ശെ വ്യക്തമായി വരുന്നതേയുള്ളൂ. 'ലെനിൻ ഗ്രാഡിനെ പഴയ 'സെന്റ് പീറ്റേഴ്‌സ് ബെർഗ്' ആക്കി പേരുമാറ്റം നടത്തിയ ഭരണകൂടത്തെ ഓർക്കാതെ; ചുവന്ന ഒരു ഹാങ് ഓവറിൽ കഴിയുന്ന നമുക്കൊക്കെ കാണാനും പഠിക്കാനുള്ള പാഠമാണ് എംബസി വക പത്രസമ്മേളനം. മുപ്പതു കൊല്ലം മുമ്പ് തലസ്ഥാനത്ത് നടന്ന അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ 'ദ റിപ്പെൻഡ്‌സ്' എന്ന സിനിമ കണ്ടിട്ടുള്ളവർ എന്തായാലും ത്രിപുരയിലെ ബുൾഡോസർ പ്രയോഗം കണ്ടു ഞെട്ടുകയില്ല. സ്റ്റാലിനോട് സാദൃശ്യമുള്ള പ്രതിമയായിരുന്നു ചിത്രത്തിൽ തകർക്കപ്പെട്ടത്. ഒന്നു രണ്ടു കോടി പ്രതികളെങ്കിലും റോഡ് വക്കത്തും നടുറോഡിലുമായി നിലയുറപ്പിച്ചിട്ടുള്ള ഇന്ത്യയിൽ, ബുൾഡോസറിന്റെ രംഗപ്രവേശം വലിയ കോലാഹലമൊന്നും ഉണ്ടാക്കിയെന്നു വരില്ല. പക്ഷേ, ആ മണ്ണുമാന്തി വെറുമൊരു മണ്ണുമാന്തിയല്ലെന്നു തിരിച്ചറിയാൻ ഇനിയും കുറച്ചുകാലം കൂടി വേണ്ടിവന്നെന്നും വരാം.
ഏറ്റവും കൃത്യസമയത്ത് പ്രതികരിക്കാതിരിക്കുന്നതിന് സി.പിയുടെ കേന്ദ്ര നേതൃത്വത്തെപ്പോലും പഴിക്കാൻ മടിച്ചില്ല, കേരള നേതൃത്വം.

****           ****          ****

'വേണ്ടതു വേണ്ടപ്പോൾ തോന്നണം' എന്ന പഴമൊഴി മലയാളത്തിനു മാത്രമേയുള്ളൂ എന്ന് തോന്നുന്നു. ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിക്ക് സംഗതി തെലുങ്ക് - ഹിന്ദി - ആംഗല ഭാഷകളിൽ വിവർത്തനം ചെയ്തുകൊടുക്കുന്നതിന് കാനം രാജേന്ദ്രൻ മുൻകൈയെടുക്കുമായിരുന്നു. വെറുതെ പ്രമേയം കൊണ്ടു ശാസിച്ചിട്ടു കാര്യമില്ല. പ്രമേയമെന്നാൽ ആചാരവെടി പോലെയാണെന്ന് ആർക്കാണറിയാത്തത്? വെടിവെച്ചില്ലെങ്കിലും സംസ്‌കാരം നടക്കും. അതാണല്ലോ തെരഞ്ഞെടുപ്പുകളിൽ കണ്ടുകൊണ്ടിരിക്കുന്നത്! ഒരു പക്ഷേ, കെ.എം. മാണിയോടുള്ള ദേഷ്യം മുറ്റിനിൽക്കുന്ന വേളയിലായിരിക്കാം സുധാകര് റെഡ്ഡി മലപ്പുറം സമ്മേളനത്തിനെത്തിയതും ശകാരം ഏറ്റുവാങ്ങിയതും!
താരതമേ്യന ഭേദം എം.എ. ബേബിയാണ് എന്ന് ആരും സമ്മതിക്കും. സ്വന്തം പാർട്ടി നേതാക്കൾ ശൈലി തുറന്നടിച്ചതോടെ, അദ്ദേഹത്തിന് ശരീരത്തിനൊത്തെ മനോബലവും ഉണ്ടെന്നു തെളിഞ്ഞു. 'ഇരട്ടച്ചങ്കു'ണ്ടോ എന്ന് എക്‌സ്‌റേ വഴിയേ അറിയാൻ കഴിയൂ. ത്രിപുരയിൽ ഏഴു ശതമാനത്തോളം വോട്ടു കുറഞ്ഞത് സഖാവ് കാര്യമായെടുത്ത മട്ടാണ്. പാവം, പാർലമെന്ററി വ്യാമോഹത്തിൽ കുടുങ്ങിയിരിക്കുന്നു! മറ്റാരും വീണിട്ടില്ല. തോൽവിയുടെ കാഠിന്യം കണക്കുകൊണ്ട് മറയ്ക്കാൻ കഴിയില്ല എന്ന അദ്ദേഹത്തിന്റെ വാദഗതി ഇ.എം.എസ് മുതൽ ജി. സുധാകരൻ വരെയുള്ള മാർക്‌സിയൻ എഴുത്തുകാരെ ശരിക്കും വായിട്ടില്ലാത്തതിനാൽ മാത്രമാണ്. വെറും 41,800 വോട്ടു മാത്രം നേടിയ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത് ഒരു പോംവഴിയല്ലെന്നും സഖാവിന് അഭിപ്രായമുണ്ടല്ലോ. ഒരു വോട്ടു പോലും കിട്ടാതിരുന്നാലും കോൺഗ്രസിന് ഒരു കുറവും സംഭവിക്കാറില്ല എന്ന വിവരം ബേബി സഖാവിന് അറിയാതെ പോയതെന്തേ? തോൽവി ദേശീയ പാർട്ടിയെ ബാധിക്കാറില്ല. സംശയമുണ്ടെങ്കിൽ സഖാവ് ഉച്ച നേരത്ത് കോൺഗ്രസ് സമ്മേളന സ്ഥലങ്ങളിൽ ചെല്ലുക. മൃഷ്ടാന്നഭോജനവും മൊബൈൽ ശൃംഗാരവും തകൃതിയായിരിക്കും. സായാഹ്ന ഭക്ഷണവും അതുപോലെ പിന്നെ ഖദറിന്റെ ഒരു വിളയാട്ടമാണ്.

****              ****         ****

ലൈറ്റ് മെട്രോ പദ്ധതികളിൽ നിന്നും ഇ. ശ്രീധരൻ പിന്മാറി. സർക്കാരിന്റെ മുന്നിൽനിന്നും ജീവനും കൊണ്ടോടി എന്നാണ് പിന്നാമ്പുറ സംസാരം. ഓഖി ദുരന്തം നിമിത്തമാണെങ്കിലും അദാനി ഗ്രൂപ്പ് എത്ര ആയിരം ദിവസങ്ങൾ കഴിഞ്ഞിട്ടാവും വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കുക എന്ന കാര്യം പ്രശസ്ത  ജ്യോത്സ്യന്മാർക്കു പോലും അറിയില്ല. ഭരണം മൂന്നുകൊല്ലം കഴിഞ്ഞിട്ടും, ഭരണ മേധാവിക്ക് 'ഇരട്ടച്ചങ്കു'ണ്ടായിട്ടും കാര്യമില്ല. 'അങ്കക്കലി വന്നാൽ ആനന്ദം കൊള്ളുവോൻ' എന്ന മട്ടിൽ തുള്ളിച്ചാടാനും കച്ച മുറുക്കാനും ബഹുത് ഉത്സാഹം! പകരം, നാട്ടുകാർ മുണ്ടുമുറുക്കി ഉടുക്കണമെന്നു ധനമന്ത്രി ഐസക്കദ്ദേഹം! 'മാധ്യമപ്പട' എന്നൊരു വർഗമുള്ളതിനാൽ മന്ത്രിമാർക്ക് 'ഇന്നോവ' കാർ വാങ്ങാൻ ആറരക്കോടി രൂപ ഖജനാവിൽ നിന്നെടുത്തതിനു വേണ്ടത്ര പരസ്യം കിട്ടി. കണ്ണടക്കു പിന്നാലെ കാറും മറ്റൊരു 'തൂലവായി' വിളങ്ങുന്നു. 
മൂന്നു കൊല്ലമായി ഡി.എ ഒന്നും കിട്ടുന്നില്ലെന്നു സദാ പിന്തിരിപ്പന്മാരായ സർക്കാർ ജീവനക്കാർ മുരളുന്നു. എന്നാൽ സമരത്തിന് ഒട്ടില്ലതാനും! അതാണു സൂക്ഷിക്കേണ്ടത്. അടുത്ത തെരഞ്ഞെടുപ്പു വരുമ്പോൾ ഇന്നോവ കാറിലിരുന്ന് ത്രിപുരയെക്കുറിച്ച് ഓർത്തില്ലെന്നു വരാം. പക്ഷേ, വഴിയിൽ സഞ്ചരിക്കുന്ന ജീവനക്കാർ ഓർക്കാൻ മടിക്കില്ല. അങ്ങനെയായാൽ പല വിഗ്രഹങ്ങളും നിലത്തു വീഴും. അവിടെ തുടരെ 25 കൊല്ലം കഴിഞ്ഞപ്പോൾ ഗുഡ്‌ബൈ പറയേണ്ടിവന്നു. ഉന്നത വിദ്യാഭ്യാസവും വികസനവും കൂലി വർധനവുമൊക്കെ മറ്റു ബൂർഷ്വാ സർക്കാരുകളെക്കൊണ്ടു കൊടുപ്പിക്കാൻ നമുക്കറിയാം. കേരളത്തിലാണെങ്കിൽ പ്രതിപക്ഷത്തിന്റെ നേതൃഗുണവും സ്വഭാവ ഗുണവും എന്നും നമുക്ക് ആശ്വാസമായി ഒപ്പമുണ്ടല്ലോ!