Monday , January   21, 2019
Monday , January   21, 2019

പാറിപ്പറക്കട്ടെ നമ്മുടെ കൊടി !

കൊടി താഴ്ത്തരുതെന്നും തോന്നിയേടത്തെല്ലാം കെട്ടിപ്പൊക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് വെറുതെയല്ല. കൊടിയാണ് നമ്മുടെ അടയാളം, സ്വാധീനത്തിന്റെ വിളംബരം.  ഓരോരോ പുരാവൃത്തവും അടയാളവും ബിംബവും ആംഗ്യവും അതിന്റെയൊക്കെ അർഥവും സ്വാധീനവും തേടിയിറങ്ങിയവരായിരുന്നു മനോവിശ്ലേഷകനായ കാൾ യൂങും നരവംശ ശാസ്ത്രജ്ഞനായ ഡെസ്മണ്ട് മോറിസും. അവരുടെ നിരീക്ഷണത്തിൽ കൊടി ഉൾപ്പെട്ടിരുന്നോ എന്നറിയില്ല. ഏതായാലും കാലാകാലമായി രാജത്വത്തിന്റെ അടയാളമായും അധികാരത്തിന്റെ വിളംബരമായും തുടർന്നുപോരുന്നതാണ്, കുട്ടിക്കളിക്കെടുത്തു വീശാനുള്ളതല്ല, കൊടി എന്ന് പിണറായി വിജയനറിയാം.  
കൊടിയെ പണ്ടേക്കു പണ്ടേ ഫലപ്രദമായി കവിതയിൽ കേറ്റിയ ആളാണ് കാളിദാസൻ.  കാളിദാസനെപ്പറ്റി എം പി ശങ്കുണ്ണി നായർ നടത്തിയ ആധികാരികവും ഇടയ്‌ക്കൊക്കെ ദുർഗമമെന്നു തോന്നാവുന്നതുമായ പഠനത്തിനിട്ട പേരു തന്നെ 'ഛത്രവും ചാമരവും' എന്നായിരുന്നു.  ഛത്രവും ചാമരവും ഒരിക്കലും അന്യാധീനപ്പെടുത്തരുതെന്നാണ് രാജസങ്കൽപം. ചാമരം പോയാൽ പോകട്ടെ, ഛത്രം കൈമോശം വന്നാൽ മഴയും വെയിലും കൊണ്ട് കഷ്ടപ്പെടുമെന്ന് കവിതയില്ലാത്ത നമുക്കുമറിയാം.  
കാളിദാസന്റെ ഉപമക്കും കവിതക്കു തന്നെയും തിളങ്ങുന്ന അടയാളമായി ഉദ്ധരിച്ചുപോരുന്നതാണ് ഈ പദ്യം:  മുമ്പോട്ടു പോകുന്നു ജഡം ശരീരം/പിമ്പോട്ടു പായുന്നു മനസ്സു ചഞ്ചലം/വാതൂലവേഗം പ്രതിനിയമാനമാം/ കേതൂന്റെ ചീനാംശുകമെന്ന പോലെ.  ആ മൂന്നാമത്തെ വരിയേ അൽപം കുഴക്കുന്നതായുള്ളൂ. പരിഭാഷകന് കൊടി ഒതുക്കിക്കെട്ടാൻ പറ്റിയില്ലെന്നു തോന്നുന്നു. ശകുന്തളയെ വിട്ടു പോകുന്ന ദുഷ്യന്തന്റെ ശരീരം ഒരു വശത്തേക്കു പോകുന്നു, മനസ്സോ, എതിരേ വരുന്ന കാറ്റിൽ പെട്ട കൊടിയെപ്പോലെ, മറുവശത്തേക്കു പായുന്നു. രാജപ്രൗഢിയും പ്രേമവും പതാകയും ഇത്രമേൽ വശ്യമായ കാളിദാസ കവിത തന്നെ ഏറെ കാണില്ലെന്നാണ് അറിവുള്ളവരുടെ അഭിപ്രായം.  
ദുഷ്യന്തന്റെ കൊടിക്കും തോരണത്തിനും മാത്രമല്ല രാജത്വമുള്ളൂ. ഭൂമിയിൽ അധികാരം സ്ഥാപിക്കാൻ ചെല്ലുന്ന അമരാവതിയിലെ കുടിയേറ്റക്കാരനും എവറസ്റ്റും കഞ്ചൻ ജംഗയും കീഴടക്കുന്ന പർവതാരോഹകനും പ്രതിഷ്ഠിക്കുന്നതും കൊടി തന്നെ.  കൊടിയുടെ നിറവും അക്ഷരവും ചിത്രവും മാറിയെന്നിരിക്കാമെന്നു മാത്രം. കൽപനയുടെ, പ്രണയത്തിന്റെ, കൊടുമുടിയായി നമ്മൾ കരുതിപ്പോന്ന ചന്ദ്രനിൽ യുറി ഗഗാറിൻ കാലു കുത്തിയപ്പോൾ കൊടി നാട്ടിയിരിക്കും. അദ്ദേഹത്തിന്റെ പിന്മുറക്കാർ കൊടി വീശിയോ വീശാതെയോ ഇങ്ങനെ പാടി: 'ഹേ ഗഗാറിൻ! ഗഗനചാരിൻ! പഥികനെൻ വഴി വിട്ടു മാറിൻ!' അവർക്കു മുമ്പേ പോയ ചിലർ കൊടിയെ ജീവിതത്തോളം ബൃഹത്തായ ബിംബകമായി കണക്കാക്കി. എന്തിനെയും അടി പറയിക്കാൻ വെമ്പുന്ന മരണത്തെപ്പോലും കൂട്ടാക്കാത്ത ധീരതയുടെ കവിത ഓർത്തുപോകുന്നു: 'ഹാ വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ?' അലസമായി ചില തെരുവുപോരാളികൾ കുത്തിയിട്ടുപോകുന്ന കൊടിക്ക് വൈലോപ്പിള്ളി കൽപിച്ച പ്രാധാന്യം മുഖ്യമന്ത്രി മനസ്സിൽ കണ്ടിരിക്കും.  
യാദൃഛികമെന്നു പറയട്ടെ, കൊടിയെച്ചൊല്ലിയുള്ള ഈ വാദവും പ്രതിവാദവും കൊടുമ്പിരിക്കൊള്ളുമ്പോൾ ദേവാലയങ്ങളിൽ കൊടി കയറുകയോ ഇറങ്ങുകയോ ചെയ്യുന്ന കാലമാണ്.  തോരണവും കൊടിക്കൂറയും പൂരത്തിന് ഒരു പ്രത്യേക പൊലിമ പകരുന്നു. ഭൗമമായ രാജകീയതയിൽ ഒതുങ്ങിനിൽക്കുന്നതല്ല കൊടിയുടെ ദൃശ്യഭാഷ. ആധ്യാത്മികതയുടെ ആരോഹണാവരോഹണങ്ങളിലും കൊടി പാറിക്കൊണ്ടേയിരിക്കുന്നു.  വിശ്വാസത്തിന്റെ വിഭാഗീയതയുടെ മതിൽക്കെട്ടുകൾ കടന്നും കൊടിയും കൊടിമരവും ഉയർന്നുനിൽക്കുന്നതു കാണാം.
കൊടിയുടെ ഉപയോഗ ബഹുത്വം മനസ്സിലാക്കിയവരാണ് ബുദ്ധഭിക്ഷുക്കൾ. വെറുമൊരു അധ്യാത്മ ചിഹ്നമല്ല അവരെ സംബന്ധിച്ചിടത്തോളം കൊടി.  അതിന്റെ ഉപയോഗ സവിശേഷത മുൻനിർത്തി അവർ അതിനെ പ്രാർഥനാ പതാക എന്നു വിളിക്കുന്നു. 'ഓം മണി പത്മ ഹും' എന്ന ചെൻ റേസി മന്ത്രമാണ് ടിബറ്റൻ ചുണ്ടുകളിലും മനസ്സുകളിലും കുടിയിരിക്കുന്ന നിത്യ ശബ്ദം. ആ മന്ത്രം എഴുതിയ പതാക കാറ്റു പിടിക്കുന്ന കുന്നിൻ ചെരിവിൽ കുത്തിനിർത്തുന്നു.  ഒടുങ്ങാത്ത കാറ്റിന്റെ പ്രേരണയിൽ പതാകയിൽ എഴുതിയ മന്ത്രം ആവർത്തിക്കപ്പെടുന്നു. രജനീകാന്തിന്റെ പ്രശസ്തമായ സംഭാഷണം പോലെ, ഒരു തവണ ജപിക്കുന്ന മന്ത്രം കാറ്റിൽ ആയിരം തവണ, അതിലുമെത്രയോ ഏറെ, ഉച്ചരിക്കപ്പെടുന്നു. മനുഷ്യനു ചെയ്യാൻ വിഷമമോ മടിയോ ഉള്ള കാര്യങ്ങൾക്ക് പ്രകൃതിയെയോ യന്ത്രത്തെയോ കൂട്ടു പിടിക്കുന്ന രീതി പക്ഷേ ബുദ്ധവിഹാരങ്ങൾക്കു മാത്രം അവകാശപ്പെട്ടതല്ല.  ആയിരം പേരുള്ള ഒരു അർച്ചന ആയിരം ആളുകൾ ഒരുമിച്ചു ചെയ്താൽ ലക്ഷാർച്ചനയായി. ഫലം വർദ്ധിപ്പിക്കാൻ ആലാപനം കൂട്ടുകയോ ആലാപകരുടെ എണ്ണം കൂട്ടുകയോ ആവാം. അതിൽ പക്ഷേ കൊടി കടന്നു വരുന്നില്ല. പക്ഷേ അക്ഷരങ്ങൾ രേഖപ്പെടുത്തിയ വസ്ത്രത്തെയോ അംഗവസ്ത്രത്തെയോ കൊടിക്കൂറയുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുകയും ചെയ്യാം.
ഭരണ വർഗത്തിന്റെ കുത്തകയല്ല കൊടി.  കൊടിയും തോരണവും ഭരണ വർഗം അലങ്കാരവും അടയാളവുമായി കാണുന്നെങ്കിൽ തൊഴിലാളി വർഗം അത് അധികാരം പിടിച്ചെടുക്കാനുള്ള ആയുധമായി ഉപയോഗപ്പെടുത്തുന്നു,   പലപ്പോഴും വെല്ലുവിളിയും ഭീഷണിയുമായി അവതരിപ്പിക്കുന്നു. 'ഞങ്ങളു കൊയ്യും വയലിൽ' കൊടി നാട്ടി 'ഞങ്ങൾ' ഉടമസ്ഥത ഉറപ്പിക്കുന്നു, ഉയരത്തിൽ ഉയരത്തിൽ കൊടി കെട്ടി ശക്തി പ്രഖ്യാപിക്കുന്നു. മിക്കപ്പോഴും ആ കൊടി കെട്ടൽ ഒരു പന്തയമായി മാറുന്നു. 
പഴയൊരു സംഭവം ഓർക്കട്ടെ.  കൊടി നാട്ടുന്ന കർമം ഭക്തിയോടെ ആചരിക്കപ്പെടുന്ന കാലം.  ഒരു ഉൾനാടൻ കവലയിൽ വരേണ്യരുടെ ഒരു കൊടി ഉയർന്നു. പല പാർട്ടികളും കൂട്ടായി നിൽക്കുന്നതുകൊണ്ട് അവരുടെ കൊടികളെല്ലാം കൂട്ടിക്കെട്ടി ആഘോഷിച്ചു.  യുക്തമായ മുദ്രാവാക്യങ്ങൾ മുഴക്കി ആ സംഘം സ്ഥലം വിട്ടപ്പോൾ അതാ വരുന്നൂ എതിർ ചേരി, കുറേക്കൂടി പൊക്കമുള്ള കൊടിമരവുമായി. അവരും മുഴക്കി യുക്തമായ, പ്രാസം തികഞ്ഞ, മുദ്രാവാക്യം: 'കൂട്ടിക്കെട്ടിയ കൊടികൾ കണ്ടീ കൂറ്റൻ ചെങ്കൊടി താഴില്ല!'
അത് കൊടിയുടെയും റാലിയുടെയും യുഗമായിരുന്നു.  കൊടികളുടെ എണ്ണവും പൊക്കവും പോലെ നിർണായകമായിരുന്നു ജാഥകളുടെ നീളവും യോഗങ്ങളുടെ വലിപ്പവും.  ആളുകളെ കൂട്ടാനും രസിപ്പിക്കാനും സംഘാടകർ സ്വയം ആവേശം പകർന്നുകൊണ്ട് ഏർപ്പെടുത്തിയിരുന്നതാണ് അതൊക്കെ.  കൊടിയെയും റാലിയെയും പോലെ അക്കാലത്ത് ബഹുജന സമ്പർക്കത്തിനുതകുന്നതായിരുന്നു ഉച്ചഭാഷിണിയും ചുമരെഴുത്തും. ജനം പലയിടത്തും ചുമരെഴുത്ത് നോക്കിയല്ല പെരുമാറിയിരുന്നതെന്നു മാത്രം.  അവർ കാലത്തിന്റെ ചുമരെഴുത്തു വായിച്ചു പഠിച്ചിരുന്ന രീതികൾ മാറി മാറിപ്പോയി. തെരഞ്ഞെടുപ്പു ചെലവിന്റെ കണക്കിൽ ചുമരെഴുത്തും മറ്റും ഉൾപ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ആയിരുന്ന ടി എൻ ശേഷൻ നിഷ്‌കർഷിച്ചതോടെ പ്രചാരണ ശൈലി ഒന്നു മാറി.  പല ദിശയിലൂടെയും ആ മാറ്റം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. 
കണ്ടമാനം കൊടി കുത്തി ഉൽസവം ആഘോഷിക്കുകയോ പ്രതിഷേധം രേഖപ്പെടുത്തുകയോ ചെയ്യുന്ന പതിവ് നിർത്തണമെന്ന് മുഖ്യമന്ത്രി വിജയൻ നിർദ്ദേശിച്ചപ്പോൾ ഇതെല്ലാം ആലോചിച്ചു കാണാം. തന്റേതല്ലാത്ത പാർട്ടിക്കാർ കണ്ടമാനം കൊടി കുത്തി മുതലെടുപ്പു നടത്താൻ നോക്കിയിരുന്നതിനെ തെല്ലൊന്ന് കളിയാക്കി സംസാരിക്കുകയായിരുന്നു 
സ്വതവേ അർദ്ധോക്തിയിൽ ഒതുങ്ങിപ്പോകാത്ത മുഖ്യമന്ത്രി. അതായിരുന്നു കൊടിയുടെ പാവനത്വത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പരാമർശത്തിന്റെ സന്ദർഭം.  കൊടിയെല്ലാം കൊട്ടിയിറക്കണമെന്ന് മുഖ്യമന്ത്രി തീർത്തും ആവശ്യപ്പെട്ടിരുന്നില്ലെന്നും വരാം. കൊടി കെട്ടാത്ത കാലം അദ്ദേഹത്തിന്റെ സങ്കൽപത്തിൽ ഉദിച്ചുയരാൻ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും.
അതുവരെ കാത്തിരിക്കേണ്ട.  ആക്ഷേപ ഹാസ്യത്തിൽ കുതിർത്തതാണെങ്കിലും കൊടിയെപ്പറ്റിയുള്ള പിണറായി വിജയന്റെ വാക്കുകൾ ഉപയോഗപ്പെടുത്തി പുതിയൊരു ആശയവിനിമയ സംസ്‌കാരം വളർത്താം. പാവനമായ പതാക കണ്ടമാനം കെട്ടിപ്പൊക്കിയാൽ പങ്കിലമാകുന്നു എന്നതാണ് അതിന്റെ സാരം.  ആയിരക്കണക്കിന് ആളുകളെ കൂട്ടുന്ന മഹായോഗങ്ങൾ നമ്മൾ വേണ്ടെന്നു വെച്ചില്ലേ? ചുമരെഴുത്തും റാലിയും കുറച്ചില്ലേ? അതുപോലെ കൊടിയുടെ ഉപയോഗവും കുറയ്ക്കാവുന്നതാണ്, പുതിയ സംവേദന ശീലത്തിൽ.

Latest News