Monday , January   21, 2019
Monday , January   21, 2019

തിരുവനന്തപുരത്തിനും ഇനി മാൾ നാളുകൾ 

ട്രാവൻകൂർ മാളിന്റെ പുറം കാഴ്ച.  കെട്ടിട ജോലി അവസാന ഘട്ടത്തിലേക്ക്  -ഫോട്ടോ: എം.എസ്. പ്രകാശ് മലയാളം ന്യൂസ് 

തിരുവനന്തപുരത്തിന്റെ അവധി ദിനങ്ങൾ ഇപ്പോൾ ശംഖുമുഖത്തും മ്യൂസിയത്തിലുമൊക്കെമാത്രം കേന്ദ്രീകൃതമാണ്. കണ്ടതു തന്നെ വീണ്ടും വീണ്ടും കാണേണ്ടി വരുന്ന മടുപ്പിക്കുന്ന അവസ്ഥ. ലുലു ഗ്രൂപ്പിന്റെയടക്കം രണ്ട് മാളുകൾ കൂടി ഉടൻ തുറക്കാനിരിക്കുന്നു. മാൾ സംസ്‌കാരം അവധി ചെലവിടുന്ന  അവസ്ഥക്കുൾപ്പെടെ മാറ്റം വരുത്തും.  തിരുവനന്തപുരത്തും പരിസരത്തുമുള്ള പ്രവാസികളുടെ അവധിക്കാല സന്ദർശന കേന്ദ്രമായും മാളുകൾ മാറും.


ആധുനികതയുടെ പളപളപ്പിനോട് വളരെ മെല്ലെ, പ്രതികരിക്കുന്ന സംസ്‌കാരമുള്ള നഗരമാണ് തിരുവനന്തപുരം. അതുകൊണ്ട് തന്നെ മാറ്റങ്ങൾ ഇവിടേക്കെത്തുന്നതും കരുതലോടെ. നഗരം മാൾ സംസ്‌കാരത്തിലേക്ക് മാറുന്നതും ആ നിലക്ക് തന്നെ. 
എറണാകുളവും കോഴിക്കോടുമെല്ലാം മാൾ സംസ്‌കാരത്തിലേക്ക് മാറിയിട്ടിപ്പോൾ കാലമെത്രയോ ആയി. വൈകിയാണെങ്കിലും ഉറച്ച കാൽവെപ്പോടെയാണ് തിരുവനന്തപുരത്തിന്റെ മാൾ സംസ്‌കാരത്തിലേക്കുള്ള മാറ്റം. ലോകാടിസ്ഥാനത്തിൽ തന്നെ മാളുകൾ പല ഗണമുണ്ട്. സാധാരണക്കാരന് അടുക്കാൻ പറ്റാത്തവയും അവയിൽ പെടും. മലബാർ ജ്വല്ലറി നടത്തിപ്പുകാരായ മലബാർ ഡെവലപ്പേഴ്‌സിന്റെ സംരംഭമായ 'മാൾ ഓഫ് ട്രാവൻകൂർ' പക്ഷേ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമാകുന്ന നിലക്കാണ് സംവിധാനിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ ആദ്യത്തെ മാൾ ഈ മാസം 16 നാണ് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നത്. ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. അവസാനവട്ട മിനുക്കുപണികൾ മാൾ ഓഫ് ട്രാവൻകൂറിൽ പുരോഗമിക്കുകയാണിപ്പോൾ. കഴക്കൂട്ടം-കോവളം ബൈപാസിൽ ചാക്കയിൽ ഈഞ്ചക്കൽ അനന്തപുരി ആശുപത്രിക്ക് സമീപം ഏഴേക്കർ സ്ഥലത്താണ് മാൾ. 
ഒരു സമ്പൂർണ മാൾ വരുമ്പോൾ എന്താകും നഗരത്തിനുണ്ടാകുന്ന മാറ്റമെന്ന് വരുംനാളുകളിലറിയാൻ കഴിയും. രാത്രി പത്ത് മണിയാകും മുമ്പ് ഉറങ്ങിപ്പോകുന്ന ഉദ്യോഗസ്ഥ നഗരം ഇനി രാത്രിയും ഉണരും. ഇത്തരമൊരു സ്വപ്‌നത്തിലേക്ക് തിരുവനന്തപുരത്തെ വഴി നടത്താൻ 2005 മുതൽ ശ്രമം തുടങ്ങിയതാണ്. അന്നാണ് കെട്ടിടത്തിനായി സ്ഥലം വാങ്ങിയത്. രണ്ടര പതിറ്റാണ്ടെടുത്തു ഇന്നത്തെ അവസ്ഥയിലെത്താൻ. ഈ കാലയളവിലത്രയും നഗരത്തിന്റെയും പരിസര പ്രദേശങ്ങളുടെയും ഉപഭോഗ രീതികളും സംസ്‌കാരവും ഗവേഷണ ബുദ്ധ്യാ പഠിച്ചു വരികയായിരുന്നുവെന്നാണ് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞത്. മാൾ സമർപ്പണവുമായി ബന്ധപ്പെട്ട് മലബാർ ഗ്രൂപ്പ് ഇറക്കിയ പത്രക്കുറിപ്പ് എങ്ങനെ തിരുവിതാംകൂറിന്റെ മനസ്സ് പഠിച്ചുവെന്നതിന്റെ ചെറിയ സൂചന തരുന്നു. 
''തലസ്ഥാന നഗരം ഇനി കോവളം ബൈപാസിലെ ഇഞ്ചയ്ക്കലേക്ക് ചുരുങ്ങും. ഷോപ്പിംഗിനു വെയിൽ കൊണ്ട് തെരുവ് തോറും അലയേണ്ട. എയർ കണ്ടീഷന്റെ തണുപ്പിൽ മുന്തിയ ബ്രാൻഡുകൾ തെരഞ്ഞെടുക്കാം. മാൾ ഓഫ് ട്രാവൻകൂറിലെ ഓരോ കോണും ഓരോ സ്ഥലപ്പേരുകളാണ്. തമ്പാനൂരും കിഴക്കേകോട്ടയും ചാല മാർക്കറ്റുമൊക്കെ ഇങ്ങനെ മാളിൽ ഇടം പിടിച്ചു. മത്സ്യവും മാംസവും ലഭിക്കുന്ന ഇടമാണ് മാളിലെ ചാല മാർക്കറ്റ്. സ്ഥലവുമായി ബന്ധപ്പെട്ട ചരിത്രവും പെയിന്റിംഗും ഇവിടെയുണ്ട്. തിരുവനന്തപുരത്തെ സ്ഥലങ്ങൾ കൂടാതെ മാനാഞ്ചിറയും സ്വരാജ് റൗണ്ടുമൊക്കെയുണ്ട് മാളിൽ.'' 
തിരുവനന്തപുരത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ കമ്പോള സംസ്‌കാരത്തിന്റെ ഈറ്റില്ലമാണ് തിരുവനന്തപുരത്തെ ചാല. തിരുവിതാംകൂർ രാജ്യത്തെ പ്രജകൾക്ക് സാധന സാമഗ്രികളെത്തിക്കാനായി പതിനെട്ടാം നൂറ്റാണ്ടിൽ രാജ കേശവദാസ് സ്ഥാപിച്ചതാണ് ചാല. രണ്ട് കിലോമീറ്റർ വ്യാപ്തി. കണ്ടാലും, കണ്ടാലും തീരാത്ത കച്ചവട കേന്ദ്രം. ചാലയിൽ കിട്ടാത്തതായി ഒന്നുമുണ്ടാകില്ല. നഗരത്തിന്റെ ആത്മാവിൽ ലയിച്ചു ചേർന്ന ചാലയുടെ പേർ മാളുമായി ചേർത്തു വെച്ചത്, നഗരവാസികളുടെ മനസ്സടുപ്പിക്കാൻ ഉതകുമെന്നുറപ്പ്. നഗരം തിരുവനന്തപുരക്കാരുടേത് മാത്രമല്ല, വരവാസിളുടേതുമാണ്. അവരുടെ നൊസ്റ്റാൾജിയയും മിഠായിതെരുവായും, സ്വരാജ് റൗണ്ടായുമൊക്കെ ഇവിടെയെത്തുകയാണ്. 
ഇന്ത്യയിലെ തന്നെ ആദ്യത്തെ ഗ്രീൻമാൾ എന്ന സങ്കൽപവും ഇവിടെയാണ് യാഥാർഥ്യമാകുന്നത്. മാലിന്യങ്ങളൊക്കെ സ്വയം സംസ്‌കരിക്കും. ഭൂമിക്ക് ഭാരമാകാത്ത നിലക്കാണ് എല്ലാം സംവിധാനിച്ചിട്ടുള്ളത്.


വിശാലമായ പൊതുഇടം ഇല്ലെന്ന പ്രതിസന്ധി ട്രാവൻകൂർ മാളിനുണ്ടാകില്ല. ലോകത്തെങ്ങുമുള്ള മാളുകൾ നേരിടുന്ന വലിയ പ്രതിസന്ധിയാണത്. ഏഴ് ലക്ഷം സ്‌ക്വയർ ഫീറ്റിലാണ് മാൾ നിർമ്മിച്ചിട്ടുള്ളത്. 67 ശതമാനവും പൊതു ഇടമാക്കി വിട്ടിരിക്കുന്നു. മാളിലെ പ്രധാന ആകർഷണം 14,383 ചതുരശ്ര അടിയുള്ള പ്ലെയാസ എന്ന ഫൺ ഏരിയയാണ്. ജർമ്മൻ സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്ന് മാൾ മാനേജ്‌മെന്റിന്റെ പത്രക്കുറിപ്പിൽ പറയുന്നു. കുട്ടികൾക്കായി വലിയ റൈഡുകളും 9 ഡി തിയേറ്ററുമുണ്ട്. സിനിമയിലെ ദൃശ്യങ്ങൾക്കനുസരിച്ച് ഇരിപ്പിടം അനങ്ങും. സിനിമയിൽ പുക വന്നാൽ യഥാർഥ പുക അനുഭവിക്കാം. പൂക്കളും സുഗന്ധവും വന്നാൽ സിനിമാ ഹാളിലും മണം നിറയും. പന്ത്രണ്ടു പേർക്ക് ഒരു സമയം 9ഡി സിനിമാ കാണാനാകും. കുട്ടികൾക്ക് പിറന്നാൾ ആഘോഷിക്കാൻ വലിയ പാർട്ടി ഏരിയയുമുണ്ട്.
സിനിമ കാണാൻ ഏഴ് സ്‌ക്രീനുകൾ. കാർണിവൽ ഗ്രൂപ്പിന്റെ മൾട്ടിപ്ലെക്‌സിൽ 1324 പേർക്ക് വിവിധ സ്‌ക്രീനുകളിലായി സിനിമ കാണാം- പത്രക്കുറിപ്പ് തുടരുന്നു. രാത്രി ഒരു മണിക്കാണ് അവസാന ഷോ തീരുന്നത്. 
വിശാലമായ ഫുഡ് കോർട്ടാണ് മാൾ ഓഫ് ട്രാവൻകൂറിൽ സജ്ജമാക്കിയിരിക്കുന്നത്. 12,000 ചതുരശ്രയടിയിലാണ് ഫുഡ് കോർട്ട്. വ്യത്യസ്ത രുചികളിൽ 23 സ്റ്റാളുകൾ ഇവിടെയുണ്ടാകും. 
ഈഞ്ചക്കൽ ഭാഗത്തുള്ളവർക്ക് രാവിലെ നടക്കാൻ ഇടമില്ലെന്ന പരാതി മാൾ വരുന്നതോടെ തീരും. ഒന്നര കിലോമീറ്റർ 'വാക്ക് വേ' മാളിനു പുറത്ത് തയ്യാറാക്കിയിട്ടുണ്ട്. രാവിലെ 4 മണിക്ക് നടത്തത്തിനെത്തുന്നവർക്കായി മാൾ തുറന്നു കൊടുക്കും. നടന്ന് തീരുമ്പോൾ കഴിക്കാനുള്ള ഹെർബൽ ജ്യൂസ് കിട്ടുന്ന കൗണ്ടറുകൾ, യോഗസെന്ററുകൾ, ചിരിക്ലബ്ബുകൾ എന്നിവയൊക്കെയായി തിരുവനന്തപുരത്തെ രാവിലെ മുതൽ സജീവമാക്കാനുതകുന്നതെല്ലാം ഇവിടെയുണ്ടാകും. 50,000 ചതുരശ്രയടിയിലാണ് പുറത്തെ മിനിപാർക്ക്. ഇതിൽ ജൈവ പച്ചക്കറികൾ, പാൽ എന്നിവ ലഭിക്കുന്ന മുപ്പതിലധികം കിയോസ്‌കുകൾ ഉണ്ട്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സാധനങ്ങൾ മാളിൽ കയറാതെ തന്നെ പുറത്ത് നിന്ന് വാങ്ങിക്കൊണ്ടു പോകാം. മിനിപാർക്കിലെ വേദിയിൽ എന്നും സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.
മാളിന് മുന്നിലെ ഭിത്തിയിൽ തൂങ്ങുന്ന ലംബ ഉദ്യാനം മറ്റൊരു ആകർഷണമായിരിക്കും. മൾട്ടി ലെവൽ പാർക്കിംഗാണ് മാളിൽ ഒരുക്കിയിരിക്കുന്നത്. 1200 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാവും. വാഹനം മുഖ്യ കവാടത്തിൽ എത്തുമ്പോൾ തന്നെ പാർക്കിംഗ് സ്ഥലമുണ്ടോ എന്നറിയാം. 
തിരുവനന്തപുരത്തിന്റെ അവധി ദിനങ്ങൾ ഇപ്പോൾ ശംഖുമുഖത്തും മ്യൂസിയത്തിലുമൊക്കെമാത്രം കേന്ദ്രീകൃതമാണ്. കണ്ടതു തന്നെ വീണ്ടും വീണ്ടും കാണേണ്ടി വരുന്ന മടുപ്പിക്കുന്ന അവസ്ഥ. ലുലു ഗ്രൂപ്പിന്റെയടക്കം രണ്ട് മാളുകൾ കൂടി ഉടൻ തുറക്കാനിരിക്കുന്നു. മാൾ സംസ്‌കാരം അവധി ചെലവിടുന്ന അവസ്ഥക്കുൾപ്പെടെ മാറ്റം വരുത്തും. തിരുവനന്തപുരത്തും പരിസരത്തുമുള്ള പ്രവാസികളുടെ അവധിക്കാല സന്ദർശന കേന്ദ്രമായും മാളുകൾ മാറും.

 

 

Latest News