Monday , January   21, 2019
Monday , January   21, 2019

ഹൃദയം മറന്നു  നാണയത്തുട്ടിന്റെ  കിലുകിലാ ശബ്ദത്തിൽ..... 

വടക്കേ മലബാറിലെ കൊലപാതക രാഷ്ട്രീയം എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. കഴിഞ്ഞ നാലഞ്ച് ദശകങ്ങൾക്കിടയിൽ കണ്ണൂർ ജില്ലയിലും കോഴിക്കോട്ടെ വടകര താലൂക്കിലുമായി നിരവധി കുടുംബങ്ങൾ അനാഥരായി. നടൻ ശ്രീനിവാസൻ നിർദേശിച്ച ഫോർമുലയ്ക്ക് പ്രചാരം കൂടി വരുന്ന കാലമാണിത്. കണ്ണൂരിൽ ഉടൻ പ്രവർത്തനമാരംഭിക്കുന്ന മട്ടന്നൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുറ്റത്ത് വെച്ചാണ് അർധരാത്രി ശുഹൈബ് എന്ന യുവാവ് കൊലക്കത്തിക്കിരയായത്. പ്രത്യയ ശാസ്ത്രങ്ങളേക്കാൾ കുടിപ്പകയ്ക്ക് പ്രാധാന്യം കൂടുമ്പോൾ ഇത് അവസാനത്തെ സംഭവമാവാൻ സാധ്യതയില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേവലം പതിനായിരം വോട്ടുകൾക്ക് കണ്ണൂരിൽ തോറ്റ കെ. സുധാകരൻ ശുഹൈബ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ നിരാഹാര സമരം തുടങ്ങി. കണ്ണൂർ പൊളിറ്റിക്‌സിനെ പറ്റി വലിയ ധാരണയില്ലാത്ത ബാലൻ മന്ത്രിയുടെ ഒരു പ്രസ്താവനയാണ് അനിശ്ചിത കാല സമരത്തിന് പ്രചോദനമായത്. ഏത് തരത്തിലുള്ള അന്വേഷണത്തിനും സർക്കാർ തയാറാണെന്നാണ് മന്ത്രിസഭയിലെ രണ്ടാമൻ പറഞ്ഞത്. ഇതിന്റെ ആയുസ്സ് നിയമസഭ ചേരുന്നത് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. ശുഹൈബിന്റെ  സഹോദരി കൂടി പങ്കെടുത്ത ചാനൽ ചർച്ചയിൽ തലശ്ശേരി എം.എൽ.എയും ഡി.വൈ.എഫ്.ഐ നേതാവുമായ എ.എൻ ഷംസീർ തീർത്ത് പറഞ്ഞു. ഈ കേസൊന്നും അന്വേഷിക്കേണ്ട കാര്യം സി.ബി.ഐക്കില്ലെന്ന്. ഷംസീറിന്റെ ബോഡി ലാംഗ്വേജിലെ പരിഹാസം സോഷ്യൽ മീഡിയയിൽ നിറഞ്ഞു. പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞതോടെ സാധ്യതകൾ അവസാനിച്ചുവെന്നായിരുന്നു പൊതുവേയുള്ള ധാരണ. അപ്പോഴതാ കേരള ഹൈക്കോടതിയിൽ ശുഹൈബിന്റെ പിതാവ് ഫയൽ ചെയ്ത കേസ് പരിഗണിക്കുന്നു. കൊല്ലാനുപയോഗിച്ച ആയുധമെവിടെയെന്ന് ജഡ്ജി. അതാ വരുന്നു ആയുധവുമായി കേരള പോലീസ്. അത് താൻടാ പോലീസ്. ഇതിലൊക്കെ പന്തികേട് മണത്ത ന്യായാധിപൻ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതോടെ കേരള സർക്കാർ ശശിയായി. സുധാകരന്റെ അനിശ്ചിത കാല സമരം പെട്ടെന്ന് പിൻവലിച്ചതാണ് കോൺഗ്രസ് കാണിച്ച അബദ്ധം. ഇതിന് പിന്നിൽ മറ്റാരുടെയെങ്കിലും അഡ്ജസ്റ്റുമെന്റുണ്ടോയെന്ന് വ്യക്തമല്ല. യു.ഡി.എഫിന്റെ രാപ്പകൽ സമരവേദി സംസ്ഥാന യുവജനോത്സവ പന്തൽ പോലെയായി. ഒരു വനിതാ നേതാവ് മാണിക്യമലരായ പൂവി പാടിയപ്പോൾ വേദിയും സദസും ഇളകി മറിഞ്ഞു. അടുത്ത ദിവസം രാത്രി കൊച്ചിയിൽ നിന്നെത്തിയ എം.എൽഎ ഹൃദയത്തിന്റെ പൂർവോത്തര കോണിൽ ഒളിച്ചു കിടക്കുന്ന കലാകാരനെ എടുത്ത് പുറത്തിട്ടു. അമ്മാവന്റെ  മോളെ കെട്ടിയിട്ട് ആകെ കുഴപ്പത്തിലായ പഴയ മാപ്പിളപാട്ട് അദ്ദേഹം പാടി ആഘോഷിച്ചപ്പോൾ സർവർക്കും ഡിസ്‌കോ ദിവാന. അതിനിടയ്ക്ക് മംഗളം ഒരു എക്‌സ്‌ക്ലൂസീവ് വാർത്ത പുറത്തു വിട്ടു. കെ. സുധാകരൻ ഉൾപ്പെടെ കോൺഗ്രസിലെ അഞ്ച് പ്രമുഖർ ബി.ജെ.പിയിലേക്ക്. അടുത്ത ദിവസങ്ങളിലായി ഓൺലൈൻ മാധ്യമങ്ങളും ഏറ്റു പിടിച്ചു. ഇതിന്റെ തുടർച്ചയായി അഞ്ച് ദിവസം കഴിഞ്ഞ് വ്യാഴാഴ്ച മീഡിയ വൺ ചാനലിൽ വന്ന ഫോളോ അപ്പ് സ്റ്റോറിയും ശ്രദ്ധേയമായി. ബി.ജെ.പിയിലേക്കുള്ള പ്രയാണത്തെ കുറിച്ച് അഭിമുഖത്തിൽ ചോദിച്ചു. കോൺഗ്രസ് വിടേണ്ടി വന്നാൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നായിരുന്നു സുധാകരന്റെ പ്രതികരണം. 

***    ***    ***

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ശ്രദ്ധേയമായി. കോട്ടയം മന്ത്രിയുടെ അഭാവത്തിൽ വിജയികളുടെ പേരുകൾക്ക് പരിക്കേറ്റില്ല. സൂപ്പർ, മെഗാ താരങ്ങളെ അപ്രസക്തരാക്കിയുള്ള പ്രഖ്യാപനം തികച്ചും ജനകീയമായി.  കൊച്ചുവേലു സുരേന്ദ്രൻ എന്ന ഇന്ദ്രൻസാണ് മികച്ച നടൻ. മലയാളത്തിൽ 500 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആളൊരുക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രൻസിനെ തേടിയെത്തിയത് ദീർഘ കാലത്തെ അഭിനയ സപര്യയ്ക്കുള്ള അംഗീകാരം കൂടിയായി.  വസ്ത്രാലങ്കാരം ചെയ്യാൻ സിനിമയിൽ വന്ന ഇന്ദ്രൻസ് പിന്നീട് മലയാള സിനിമയിൽ ഏറെ തിരക്കുള്ള താരമായി മാറുന്നതാണ് കണ്ടത്. 1981ൽ ചൂതാട്ടം എന്ന സിനിമയിലാണ് ഇന്ദ്രൻസ് വസ്ത്രാലങ്കാരത്തിനും അഭിനയത്തിനും ഹരിശ്രീ കുറിച്ചത്. പത്മരാജന്റെ  സിനിമകളിൽ വസ്ത്രാലങ്കാരത്തിനൊപ്പം ചെറിയ വേഷങ്ങളും ചെയ്തു. മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രത്തിലെ കല്യാണ ബ്രോക്കറുടെ കഥാപാത്രമാണ് ഇന്ദ്രൻസിനെ പ്രശസ്തനാക്കിയത്. വെറും ഹാസ്യനടൻ എന്ന ലേബലിൽ ഒതുങ്ങാത്ത നടനാണ് ഇന്ദ്രൻസെന്ന് മലയാള സിനിമാലോകം കണ്ടെത്തിയത് അടുത്തിടെയാണ്. ആട്, പാതി, അപ്പോത്തിക്കരി, ലീല, ലുക്കാചുപ്പി, കിണർ, ആളൊരുക്കം, പാതിരാകാലം തുടങ്ങിയ സിനിമകളിൽ ഗംഭീരമായ കഥാപാത്രങ്ങളെയാണ് ഇന്ദ്രൻസിന് ലഭിച്ചത്. അപ്പോത്തിക്കരിയിലെ കഥാപാത്രം ഇന്ദ്രൻസിന് നേടിക്കൊടുത്ത അഭിനന്ദനം കുറച്ചൊന്നുമല്ല. ഇപ്പോൾ അവാർഡ് നേടിയ ആളൊരുക്കത്തിൽ ഓട്ടൻതുള്ളൽ കലാകാരനായാണ് അഭിനയിച്ചത്. അതേ പോലെ ആഹ്ലാദകരമാണ് പാർവതിയുടെ നേട്ടവും. മഞ്ജു വാരിയരുടെ സുജാതയുമായും തൊണ്ടി മുതലിലെ നിമിഷയുമായും അവസാന നിമിഷം വരെ ഏറ്റുമുട്ടിയാണ് പാർവതി പട്ടം സ്വന്തമാക്കിയത്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് വുമൻ ഇൻ സിനിമ കലക്ടീവിന് സമർപ്പിക്കുന്നുവെന്നായിരുന്നു ചാനലുകളിൽ പാർവ്വതി പ്രതികരിച്ചത്. 'ടേക് ഓഫ്' സംവിധായകൻ മഹേഷ് നാരായണനും മറ്റ് പിന്നണി പ്രവർത്തകർക്കും നന്ദി പറയുന്നു. സംസ്ഥാന അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല. നിമിഷ സജയൻ, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങൾ അസാമാന്യ പ്രകടനം കാഴ്ചവെച്ചിരുന്നു. രാജേഷ് പിള്ള മൺമറഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ അദ്ദേഹം നിർമിച്ച ചിത്രത്തിന് പുരസ്‌കാരങ്ങൾ ലഭിക്കുന്നത് ഏറെ സന്തോഷം നൽകുന്നുവെന്നും പാർവ്വതി പ്രതികരിച്ചു. ഇറാഖിൽ അകപ്പെട്ട മലയാളി നഴ്‌സുമാരുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രത്തിലെ അഭിനയത്തിനാണ് പാർവ്വതി പുരസ്‌കാരത്തിനർഹയായത്. ചിത്രീകരണ വേളയിൽ പാർവതിയ്ക്കും സിനിമാ പ്രവർത്തകർക്കും ഏറെ സഹായകമായ കോട്ടയത്തെ സ്ത്രീയെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപയുമർന്നിട്ടുണ്ട്. ഇറാഖിൽ നിന്ന് തിരിച്ചെത്തിയ മറീനയുടെ അനുഭവങ്ങൾ ഷൂട്ടിംഗ് വേളയിൽ പോലും പാർവതിയെ പഠിപ്പിക്കാൻ അവർ ലൊക്കേഷനിലെത്തിയിരുന്നു. അര നൂറ്റാണ്ട് പിന്നിട്ട അലൻസിയർക്ക് തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് പുരസ്‌കാരം ലഭിക്കുമെന്നതും ഉറപ്പായിരുന്നു. ഈ ചിത്രത്തിൽ തനിക്കൊപ്പം അഭിനയിച്ച കാസർകോട് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാർ മുതൽ എല്ലാവർക്കും അലൻസിയർ കൃതജ്ഞത പ്രകടിപ്പിച്ചു. വിവാഹശേഷം ഭാവനയുടെതായി പുറത്തിറങ്ങിയ കന്നഡ ചിത്രം തഗരു കർണാടകയിൽ കളക്ഷൻ റെക്കാഡുകൾ ഭേദിച്ച് മുന്നേറുന്നകയാണ്.  ചിത്രത്തിന്റെ നിർമ്മാതാവ് നടിക്ക് അപൂർവ സമ്മാനം നൽകി. തിങ്കളാഴ്ച ബംഗളൂരുവിൽ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൽ നിർമ്മാതാവ് കെ.പി. ശ്രീകാന്ത് സന്തോഷസൂചകമായി ഭാവനയ്ക്ക് വെള്ളി കൊണ്ടുള്ള ഉടവാളാണ് സമ്മാനിച്ചത്. വിജയത്തിന്റെ സൂചകമായി ഉടവാൾ സമ്മാനിക്കുന്നത് കർണാടകയിലെ ആചാരമാണ്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറാണ് ചിത്രത്തിൽ ഭാവനയുടെ നായകൻ.  ചിത്രത്തിൽ ഒരു ഡെന്റിസ്റ്റിന്റെ വേഷമാണ് ഭാവനയ്ക്ക്. മലയാളത്തിനു പുറമെ തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് ഭാവന. 2002ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലാണ് അരങ്ങേറ്റം കുറിച്ചത്. ഭാവനയുടേയും പാർവതിയുടേയും നേട്ടത്തിന് ഇരട്ടി മധുരമാണെന്ന് മലയാളികൾക്കറിയാം. 

***    ***    ***

പ്രതിമകൾക്ക് നേരെ ഇന്ത്യയിൽ നടക്കുന്ന അതിക്രമങ്ങൾ അടുത്തൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല. തമിഴ്‌നാട്ടിൽ പെരിയാറിന്റെ പ്രതിമ തകർത്തതിന് പിന്നാലെ ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കറുടെ പ്രതിമയെയാണ് സാമൂഹ്യവിരുദ്ധർ ലക്ഷ്യമിട്ടത്. ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് ആചാര്യൻ ലെനിന്റെ പ്രതിമ തകർത്തതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. തമിഴ്‌നാട്ടിൽ പെരിയാറിന്റെയും കൊൽക്കത്തയിൽ ശ്യാമപ്രസാദ് മുഖർജിയുടെയും ഉത്തർപ്രദേശിൽ അംബേദ്കറുടെയും പ്രതിമകൾ തകർക്കപ്പെട്ടിരുന്നു. തമിഴ്‌നാട്ടിൽ ഭരണം പിടിക്കുക എന്നത് ബിജെപി വളരെക്കാലമായി ലക്ഷ്യമിടുന്നതാണ്. ഭരണകക്ഷിയായ പളനിസ്വാമിയുടെ എഐഎഡിഎംകെ മോഡിയോട് വിധേയത്വം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലത് മതിയാവില്ല തമിഴർ ബിജെപിയെ സ്വീകരിക്കാൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കടുത്ത വികാരം തമിഴർക്കിടയിലുണ്ട്. ഈ എതിർവികാരത്തിൽ എണ്ണയൊഴിക്കുകയാണ് പെരിയാർ പ്രതിമ തകർക്കുമെന്നതടക്കമുള്ള ഭീഷണി കൊണ്ട് ബിജെപി ചെയ്തത്. ഇതിനും പുറമേ തമിഴ്‌നാട്ടിലെ ബിജെപി പുതിയ വിവാദങ്ങളുണ്ടാക്കാനുള്ള ശ്രമത്തിലാണ്.  നടൻ ആര്യയുടെ വിവാഹത്തിനുള്ള ടെലിവിഷൻ റിയാലിറ്റി ഷോ ആയ എങ്ക വീട്ട് മാപ്പിളൈക്കെതിരെ ബിജെപി രംഗത്തെത്തി.  നടൻ ആര്യയ്ക്ക് വധുവിനെ കണ്ടെത്തുന്നതിനായുള്ള റിയാലിറ്റി ഷോയാണ് എങ്ക വീട്ട് മാപ്പിളൈ. 16 പെൺകുട്ടികൾ പങ്കെടുക്കുന്ന മത്സരത്തിൽ വിജയിക്കുന്ന ആൾ ആര്യയുടെ വധുവാകും. വിവാഹത്തെ പോലെ വ്യക്തി ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം പോലും കച്ചവടമാക്കുന്നു എന്നതാണ് പരിപാടിക്കെതിരെ ഉയർന്ന ആദ്യ വിമർശനം. ആര്യയുടെ വധുവിനെ തേടിയുള്ള റിയാലിറ്റി ഷോ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് അടുത്ത ആരോപണം. മലയാളിയായ ആര്യ കാസർകോട്ടെ ഒരു മുസ്‌ലിം കുടുംബത്തിലാണ് ജനിച്ചത്.  യഥാർത്ഥ പേര് ജംഷാദ്.  സിനിമാ താരമായപ്പോഴാണ് ജംഷാദ് ആര്യയായത്. നമ്മുടെ നാട് എത്ര പെട്ടെന്നാണ് പിന്നോട്ടുള്ള യാത്രയ്ക്ക് തുടക്കം കുറിച്ചത്. 

***    ***    ***

എൻസിഇആർടി സിലബസ് അടുത്ത വർഷത്തോടെ പകുതിയാക്കി കുറയ്ക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കർ. ഇതിനായുള്ള ബിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ കൊണ്ടുവരാനാണ് തീരുമാനം. ബിരുദ വിദ്യാർഥികൾക്ക് പഠിക്കാനുള്ളതിനേക്കാൾ കൂടുതലാണ് ഇപ്പോൾ സ്‌കൂൾ ക്ലാസുകളിലെ കുട്ടികൾക്ക് പഠിക്കാനുള്ളത്. ഇതു പകുതിയായി കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ മാത്രമേ പഠനേതര പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്താൻ കുട്ടികൾക്കാവൂയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പരീക്ഷകളില്ലെങ്കിൽ കുട്ടികളിൽ ആരോഗ്യപരമായ മത്സരബുദ്ധിയും ലക്ഷ്യബോധവും ഇല്ലാതാകും. കഴിവുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ മത്സരങ്ങൾ ഉണ്ടാകണം. കുട്ടികളിലെ സർഗാത്മക കഴിവുകൾ വർധിപ്പിക്കുവാൻ അവരെ കൂടുതൽ സ്വതന്ത്രരാക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അധ്യാപകർക്ക് വേണ്ടത്ര കഴിവില്ലാത്തത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നതിന് കാരണമാകുന്നുണ്ടെന്നും രാജ്യസഭ ടിവിക്കു നൽകിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി. ഇതെല്ലാം തിരിച്ചറിയുന്ന മന്ത്രിയെ ലഭിച്ചത് വിദ്യാർഥികളുടെ ഭാഗ്യം. 


 

Latest News