Tuesday , October   23, 2018
Tuesday , October   23, 2018

ശ്രീലങ്കക്കെതിരെ ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് വിജയം

ത്രിരാഷ്ട്ര ട്വന്റി20യിൽ ശ്രീലങ്കക്കെതിരെ ബംഗ്ലാദേശിന്റെ വിജയം ആഘോഷിക്കുന്ന മുഷ്ഫിഖുർ റഹിമും മെഹ്ദി ഹസനും.

മുശ്ഫിക് തകർത്തു

കൊളംബോ- 35 പന്തിൽ 72 റൺസടിച്ച മുശ്ഫിഖുർ റഹിമിന്റെ തകർപ്പൻ ബാറ്റിംഗുമായി ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ ബംഗ്ലാദേശിന് ഉജ്വല ജയം. ആതിഥേയർ ഉയർത്തിയ 215 റൺസിന്റെ അസാധ്യമെന്ന് തോന്നിച്ച വിജയലക്ഷ്യം രണ്ട് പന്ത് അവശേഷിക്കെയാണ് ബംഗ്ലാ കടുവകൾ മറികടന്നത്. ട്വന്റി20യിൽ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ റൺ ചേസ് വിജയമാണിത്. അന്താരാഷ്ട്ര മത്സരങ്ങളിൽ നാലാമത്തേതും. 
ഇതോടെ ടൂർണമെന്റിൽ ഇന്ത്യയടക്കം മൂന്ന് ടീമുകൾക്കം ഓരോ വിജയമായി. ഇന്ത്യ നാളെ ശ്രീലങ്കയെ നേരിടുന്നുണ്ട്.
അഞ്ച് ബൗണ്ടറികളും നാല് സിക്‌സറുകളും പറത്തിയ മുശ്ഫിഖ് ലങ്കൻ ബൗളർമാരെയെല്ലാം അനായാസമാണ് നേരിട്ടത്. ഓപ്പണർ തമീം ഇഖ്ബാൽ (29 പന്തിൽ 47), ലിന്റൺ ദാസ് (19 പന്തിൽ 43) എന്നിവർക്കൊപ്പം മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്താനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി. നുവാൻ പ്രദീപ് ഇടയ്ക്ക് രണ്ട് വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശിനെ ഞെട്ടിച്ചെങ്കിലും അതൊന്നും മുശ്ഫിഖിനെ ബാധിച്ചില്ല. മുശ്ഫിഖാണ് മാൻ ഓഫ് ദി മാച്ച്.
ശ്രീലങ്കയുടേത് മികച്ച സ്‌കോറായിരുന്നെങ്കിലും തങ്ങൾ ആദ്യം മുതൽ വിജയം പ്രതീക്ഷിച്ചിരുന്നതായി മത്സരത്തിനുശേഷം ബംഗ്ലാ ക്യാപ്റ്റൻ മഹ്മൂദുല്ല പറഞ്ഞു. ബംഗ്ലാദേശിന്റെ എല്ലാ ബാറ്റ്‌സ്മാന്മാരും ഈ ലക്ഷ്യത്തോടെയാണ് ബാറ്റ് വീശിയതും. സൗമ്യ സർക്കാർ 22 പന്തിൽ 24ഉം, മഹ്മൂദുല്ല 11 പന്തിൽ 20ഉം അടിച്ചു.
നേരത്തെ കുശൽ പെരേരയും (48 പന്തിൽ 74), കുശൽ മെൻഡിസും (30 പന്തിൽ 57) നേടിയ അർധ സെഞ്ചുറികളാണ് ശ്രീലങ്കയെ മികച്ച സ്‌കോറിലെത്തിച്ചത്. ഉപുൽ തരംഗ 15 പന്തിൽ 32 റൺസെടുത്തു. 

Latest News