Saturday , May   26, 2018
Saturday , May   26, 2018

റൊണാൾഡോ ഡബിൾ റയലിന് ജയം

യുനൈറ്റഡ് ലിവർപൂളിനെ വീഴ്ത്തി

ഐബർ (സ്‌പെയിൻ)- ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ ഐബറിനെ 2-1 ന് തോൽപിച്ച റയൽ മഡ്രീഡിന് സ്പാനിഷ് ലീഗിൽ തിരിച്ചുവരവ്. എങ്കിലും കഴിഞ്ഞയാഴ്ച ചാമ്പ്യൻസ് ലീഗിൽ പാരിസ് സെന്റ് ജെർമനെതിരെ നേടിയ തകർപ്പൻ വിജയത്തിന്റെ തിളക്കത്തിനടുത്തെത്താൻ റയലിന് കഴിഞ്ഞില്ല. 
വിജയം നേടിയതിനാൽ നാലാം സ്ഥാനത്തേക്ക് താഴുന്നതിൽനിന്ന് നിലവിലെ ചാമ്പ്യന്മാർ രക്ഷപ്പെട്ടു. 28 കളികളിൽനിന്ന് 57 പോയന്റുമായി മൂന്നാമതാണിപ്പോൾ റയൽ.
ഇരു പകുതികളിലായാണ് റൊണാൾഡോ സ്‌കോർ ചെയ്തത്. ഇവാൻ റെമിസിന്റെ വകയായിരുന്നു ഐബറിന്റെ ഏക ഗോൾ. കളി തീരാൻ ആറ് മിനിറ്റുള്ളപ്പോഴാണ് റൊണാൾഡോ വിജയ ഗോൾ നേടുന്നത്.
അപാര ഫോമിൽ തുടരുന്ന റൊണാൾഡോ തുടർച്ചയായ ഏഴാം മത്സരത്തിലും സ്‌കോർ ചെയ്തിരിക്കുകയാണ്. 13 ഗോളുകളാണ് ഈ മത്സരങ്ങളിൽനിന്ന് പോർച്ചുഗീസ് താരം അടിച്ചുകൂട്ടിയത്. ഈ സീസണിൽ 37 മത്സരങ്ങളിൽനിന്ന് 33 കാരൻ നേടിയത് 35 ഗോളുകൾ. മറ്റൊരു ഗ്രഹത്തിൽനിന്ന് വന്ന താരമാണ് റൊണാൾഡോയെന്ന് മത്സര ശേഷം റയൽ കോച്ച് സിനദിൻ സിദാൻ പ്രശംസിച്ചു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് 2-1 ന് ലിവർപൂളിനെ കീഴടക്കി. മാർകസ് റാഷ്‌ഫെഡാണ് യുനൈറ്റഡിന്റെ രണ്ട് ഗോളും നേടിയത്. യുനൈറ്റഡിന്റെ തന്നെ എറിക് ബെല്ലിയുടെ സെൽഫ് ഗോളായിരുന്നു ലിവർപൂളിന്റെ ആശ്വാസം.
എന്നാൽ മത്സരത്തിൽ 32 ശതമാനം മാത്രം പന്ത് നിയന്ത്രണമുണ്ടായിരുന്ന യുനൈറ്റഡിന്റെ വിജയം കേവലം ഭാഗ്യം കൊണ്ടായിരുന്നുവെന്ന് വിമർശനമുണ്ട്. തങ്ങൾക്ക് അർഹിക്കാത്ത വിജയമാണിതെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ താനത് കാര്യമാക്കുന്നില്ലെന്നായിരുന്നു യുനൈറ്റഡ് കോച്ച് ഹോസെ മോറിഞ്ഞോയുടെ പ്രതികരണം.