Saturday , May   26, 2018
Saturday , May   26, 2018

ഞാനായിരുന്നു പ്രധാനമന്ത്രിയെങ്കിൽ നോട്ടുനിരോധന നിർദ്ദേശം ചവറ്റുകൊട്ടയിലിടും -രാഹുൽ ഗാന്ധി

ക്വാലാലംപൂർ- പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വീണ്ടും രൂക്ഷപരാമർശവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നോട്ടുനിരോധനം രാജ്യത്തിന് ഒരു മെച്ചവും ചെയ്തില്ലെന്ന് മാത്രമല്ല ഏറെ ദോഷമുണ്ടാക്കുകയും ചെയ്തുവെന്ന് ആവർത്തിച്ച രാഹുൽ, താനായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഇത്തരം നിർദ്ദേശം വന്നാൽ അത് ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. മലേഷ്യയിലെ ഇന്ത്യൻ സമൂഹവുമായി നടത്തിയ സംവാദത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. 
പ്രധാനമന്ത്രി നടത്തിയ നോട്ടുനിരോധനം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയെ തികച്ചും പ്രതികൂലമായാണ് നോട്ടുനിരോധനം ബാധിച്ചതെന്നും രാഹുൽ പറഞ്ഞു. ദക്ഷിണകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ അഞ്ചുദിവസത്തെ സന്ദർശനമാണ് രാഹുൽ ഗാന്ധി നടത്തുന്നത്. ഇന്നലെ മലേഷ്യയിൽനിന്നാണ് രാഹുലിന്റെ പര്യടനം തുടങ്ങിയത്. വിവിധ രാജ്യങ്ങളിലെ കോൺഗ്രസ് സംഘടനകളെ പരസ്പരം ബന്ധിപ്പിക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം. ടെക്‌നോക്രാറ്റ് സാം പിത്രോഡയാണ് രാഹുലിന്റെ യാത്രക്ക് നേതൃത്വം നൽകുന്നത്. നേരത്തെ അമേരിക്കയിലെയും വെസ്റ്റ് ഏഷ്യയിലെയും രാഹുലിന്റെ സന്ദർശനം സാം പിത്രോഡയാണ് സംഘടിപ്പിച്ചിരുന്നത്. ദുബായ്, കാനഡ എന്നീ രാജ്യങ്ങളിലും രാഹുൽ ഉടൻ സന്ദർശനം നടത്തും.