Sunday , January   20, 2019
Sunday , January   20, 2019

കാൽപന്തിലെ പെൺകരുത്ത്

കാൽപന്തുകളിയിൽ പെൺഗാഥകൾ രചിക്കാനുള്ള തീവ്രശ്രമത്തിലാണ് ഫൗസിയ മാമ്പറ്റ എന്ന കോഴിക്കോട്ടുകാരി. കേരള ടീമിന്റെ ഗോൾകീപ്പറായും പരിശീലകയായും തിളങ്ങിയ ഈ കായികതാരം കഴിഞ്ഞ പതിനാറു വർഷമായി കേരള സ്‌പോർട്‌സ് കൗൺസിലിന്റെ കോച്ചായി കളിക്കളത്തിൽ നിറഞ്ഞുനിൽക്കുകയാണ്. ജൂനിയർ ഇന്ത്യക്കും സീനിയർ ഇന്ത്യക്കും വേണ്ടി ഒട്ടേറെ വനിതാ താരങ്ങളെ വാർത്തെടുത്തിട്ടുണ്ട് ഈ പരിശീലക. സുബ്രതോ കപ്പടക്കം ഒട്ടേറെ മത്സരങ്ങളിൽ ശിഷ്യരെ പങ്കെടുപ്പിക്കുകയും വിജയശ്രീലാളിതരാക്കുകയും ചെയ്ത ഗുരുശ്രേഷ്ഠ. വിശേഷണങ്ങളിങ്ങനെ പലതുണ്ടെങ്കിലും ഫൗസിയക്കു മുന്നിൽ അധികാരികൾ കനിയുന്നില്ല. വർഷങ്ങളായി തുടരുന്ന കരാർ ജോലിയിലൂടെ ലഭിക്കുന്ന തുഛശമ്പളം മാത്രമാണ് വരുമാനം.
കഴിഞ്ഞ ദിവസം ഒഡിഷയിൽ നടന്ന ദേശീയ വനിതാ മത്സരത്തിൽ കേരള ടീമിന്റെ അസിസ്റ്റന്റ് കോച്ച് കം മാനേജരായിരുന്നു ഫൗസിയ. മത്സരം കഴിഞ്ഞ് തിരിച്ചെത്തിയ ഈ പരിശീലക തന്റെ ജീവിതകഥ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽവച്ചാണ് മലയാളം ന്യൂസുമായി പങ്കുവച്ചത്.
കോഴിക്കോട് വെള്ളിമാടുകുന്നിനടുത്ത മാമ്പറ്റ മൻസിലിൽ  കുഞ്ഞിമൊയ്തീന്റെയും കുഞ്ഞുമറിയംബിയുടെയും ആറു മക്കളിൽ നാലാമത്തെവളായ ഫൗസിയ നടക്കാവ് സ്‌കൂളിലെ പഠനകാലത്താണ് കായികരംഗത്ത് ആകൃഷ്ടയാകുന്നത്. പെൺകുട്ടികളെ സ്‌കൂളിൽപോലും പറഞ്ഞയയ്ക്കാൻ താൽപര്യമില്ലാതിരുന്ന യാഥാസ്ഥിതിക കുടുംബത്തിൽനിന്നാണ് ഫൗസിയ കളിക്കളത്തെ പ്രണയിച്ചുതുടങ്ങിയത്. സമൂഹം തീർത്ത പ്രതിരോധനിരയെ സമർത്ഥമായി ഡ്രിബ്ൾ ചെയ്ത് മുന്നേറിയ ഫൗസിയയെ വിധിയുടെ ഫൗൾ പ്‌ളേ പലരീതിയിലും മലർത്തിയടിക്കാൻ ശ്രമിച്ചു. എങ്കിലും തോറ്റുകൊടുക്കാൻ തയ്യാറാകാത്ത മനസ്സുമായി ഈ കായികതാരം കുതിക്കുകയാണ്. തന്നെ സ്‌നേഹിക്കുന്ന അനേകം ശിഷ്യഗണങ്ങളുടെയും സുഹൃത്തുക്കളുടെയും  പ്രാർത്ഥനയും സ്‌നേഹവും കരുത്താക്കിക്കൊണ്ട് മൈതാനത്ത് ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു.
കുട്ടിക്കാലത്ത് പൊലീസിൽ ചേരാനായിരുന്നു ആഗ്രഹം. മോഹം ബാപ്പയോടു പറഞ്ഞപ്പോൾ സമ്മതം. അങ്ങിനെയാണ് ഉമ്മയുടെയും ബന്ധുക്കളുടെയും എതിർപ്പിനിടയിലും പിതാവ് മൊയ്തുവിന്റെ അനുമതിയോടെ പഠനത്തിലും കളിയിലും ഫൗസിയ മിന്നിത്തിളങ്ങിയത്. വെള്ളയിൽ ജി.യു.പി സ്‌കൂളിലും നടക്കാവ് ഗേൾസ് ഹൈസ്‌കൂളിലും ഗവൺമെന്റ് ആർട്‌സ് കോളേജിലുമെല്ലാം പഠനത്തോടൊപ്പം കളിക്കളത്തെയും കൂട്ടുപിടിച്ചു.
ഹാന്റ്‌ബോളിലായിരുന്നു തുടക്കം. പിന്നീട് ഹോക്കിയും സൈക്കിൾ പോളോയും വോളിബോളും ക്രിക്കറ്റുമെല്ലാം പരിശീലിച്ചു. വെയ്റ്റ്‌ലിഫ്റ്റിംഗിൽ മൂന്നുതവണ സംസ്ഥാന ചാമ്പ്യനായി. പവർ ലിഫ്റ്റിങ്ങിൽ സൗത്ത് ഇന്ത്യയിൽ വെങ്കലം നേടി. ഹാന്റ്‌ബോളിൽ സംസ്ഥാന ടീം അംഗമായിരുന്നു. ഹോക്കിയിലും വോളിബോളിലും ജില്ലാ ടീമിലും ഇടംനേടി. ജൂഡോയിൽ സംസ്ഥാനതലത്തിൽ വെങ്കലവും സ്വന്തമാക്കി.
ഇതിനിടയിലെല്ലാം ഫൗസിയ ജീവനായി കൊണ്ടുനടന്നത് ഫുട്‌ബോളിനെയായിരുന്നു. പുതുപ്പാടിയിലെ ജോർജ് മാഷായിരുന്നു ഗുരു. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ തീവ്രപരിശീലനം തുടരവേയായിരുന്നു തിരുവനന്തപുരത്ത് സംസ്ഥാന ജൂനിയർ വനിതാ ചാമ്പ്യൻഷിപ്പ് നടന്നത്. കോഴിക്കോട് ജില്ലക്കുവേണ്ടി കളിക്കളത്തിലിറങ്ങേണ്ടിയിരുന്നത് പുതുപ്പാടിയിലെ വിദ്യാർത്ഥികളായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അവർക്ക് പങ്കെടുക്കാനായില്ല. ആ ഒഴിവിൽ ഫൗസിയയും സുഹൃത്തുക്കളും ചേർന്ന് ടീമുണ്ടാക്കി മത്സരത്തിനൊരുങ്ങി. പെരുന്നാളിന് വസ്ത്രം വാങ്ങാനായി ബാപ്പ അയച്ചുകൊടുത്ത പണമെടുത്ത് ബൂട്ടും ജഴ്‌സിയും വാങ്ങി. കൂടെയുണ്ടായിരുന്നവർ കൈയിലുള്ള പാദസരവും മറ്റും വിറ്റാണ് ജഴ്‌സി വാങ്ങിയത്. മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും വിജയത്തിലെത്തിയില്ല. തിരിച്ചെത്തിയപ്പോഴോ, ജില്ലാ ഫുട്‌ബോൾ അസോസിയേഷന്റെ അനുമതിയില്ലാതെ കളിച്ചതിന് രണ്ടുവർഷത്തെ വിലക്ക്. എന്നാൽ ഫൗസിയയുടെയും ടീമിന്റെയും കരുത്ത് കണ്ടറിഞ്ഞ എറണാകുളം ഫുട്‌ബോൾ അസോസിയേഷൻ ക്ഷണിച്ചു. ആറുവർഷം ഫൗസിയയും ടീമും എറണാകുളത്തിനുവേണ്ടി ബൂട്ടണിഞ്ഞു. അതിനിടയിലാണ് കേരളാ ടീമിലേക്ക് സെലക്ഷനായത്. 1988, 89, 90, 92 വർഷങ്ങളിൽ കേരള ടീമിന്റെ ഗോൾവല കാത്തത് ഫൗസിയയായിരുന്നു. കൊൽക്കത്തയിൽ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയർ ചാമ്പ്യൻഷിപ്പിലും കേരളത്തിന്റെ ഗോൾവല സംരക്ഷിച്ചു. അന്ന് ഫൈനലിൽ കേരളം ഒരു ഗോളിന് പരാജയപ്പെട്ടെങ്കിലും ഫൗസിയയുടെ രക്ഷാപ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായി.
കളിക്കളത്തിൽ നേട്ടങ്ങൾ കൊയ്യുമ്പോഴും ദുർവിധിയുടെ ഫൗൾപ്‌ളേ കാത്തിരിക്കുന്നുണ്ടായിരുന്നു. കായികജീവിതത്തിലെ ശക്തിസ്രോതസ്സും വഴികാട്ടിയുമെല്ലാമായിരുന്ന ബാപ്പ ഷാർജയിൽ വാഹനപകടത്തിൽ മരണപ്പെട്ടതായിരുന്നു ആദ്യ പ്രഹരം. ഗൾഫിൽതന്നെ കബറടക്കിയതിനാൽ ബാപ്പയെ അവസാനമായി ഒരു നോക്കുകാണാൻപോലുമായില്ല. ഇതിനിടയിലായിരുന്നു അനുജത്തിയുടെ വിവാഹം. ഫുട്‌ബോൾ കളിക്കാരിയെ വിവാഹം കഴിക്കാൻ ആരും വരുന്നില്ലെന്നു കണ്ട് അനുജത്തിയുടെ വിവാഹം നടത്തിക്കൊടുത്തു. കുടുംബജീവിതം തനിക്കന്യമെന്നു തോന്നിയ കാലത്താണ് ഒരു ഗൾഫുകാരന്റെ വരവ്. തിരൂർ സ്വദേശിയായ യുവാവ് ഫൗസിയയെ ജീവിതസഖിയാക്കി. രണ്ടര മാസത്തെ ആഹ്ലാദകരമായ ജീവിതത്തിനൊടുവിൽ ഭർത്താവ് ഗൾഫിലേക്കു മടങ്ങി. ഗർഭിണിയായതോടെ കളിക്കളത്തോടും വിടപറഞ്ഞു. അപ്രതീക്ഷിതമായി രക്തസമ്മർദ്ദം കൂടി കുട്ടി ഗർഭപാത്രത്തിൽവെച്ചുതന്നെ മരണമടഞ്ഞു. ഭർത്താവാകട്ടെ ആശ്വാസവാക്കു പറയാൻപോലും നാട്ടിലേക്കു വന്നില്ല. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരറിവുമുണ്ടായില്ല. കാത്തിരുന്ന് മടുത്ത ഫൗസിയ വിവാഹമോചനത്തിനായി കുടുംബ കോടതിയിലെത്തി ആ ബന്ധം അവസാനിപ്പിച്ചു.


സ്വന്തം കാലിൽ നിൽക്കാൻ എന്തെങ്കിലും ജോലി എന്ന തോന്നലാണ് അന്നത്തെ കായികമന്ത്രിയായിരുന്ന കെ. സുധാകരനെ കാണാൻ പ്രേരിപ്പിച്ചത്. എന്തെങ്കിലും ജോലി മതിയെങ്കിൽ സർക്കാർ സർവ്വീസിൽ സ്ഥിരനിയമനം നൽകാമെന്നായി. എന്നാൽ കളിക്കളമാണ് ലക്ഷ്യമെങ്കിൽ കരാറടിസ്ഥാനത്തിലേ നടക്കൂ. കാരണം ഫൗസിയക്ക് എൻ.ഐ.എസ് സർട്ടിഫിക്കറ്റുണ്ടായിരുന്നില്ല. ഒടുവിൽ പ്രതിദിനം നൂറു രൂപ വേതനാടിസ്ഥാനത്തിൽ സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ കോൺട്രാക്ട് കോച്ചായി നിയമിതയായി. തീരുമാനം മാറ്റാൻ സുഹൃത്തുക്കൾ പലരും നിർബന്ധിച്ചെങ്കിലും ഫൗസിയയുടേത് ഉറച്ച നിലപാടായിരുന്നു. നടക്കാവ് സ്‌കൂളിലെ വിദ്യാർത്ഥികളെ ഫുട്‌ബോൾ പരിശീലിപ്പിക്കാനുള്ള ദൗത്യം ഫൗസിയ ഏറ്റെടുക്കുകയായിരുന്നു.
ആത്മാർത്ഥമായ പരിശീലനത്തിലൂടെ നടക്കാവ് സ്‌കൂളിലെ കുട്ടികൾ അസൂയാവഹമായ പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടുവർഷംകൊണ്ട് കേരളാ ടീമിലേയ്ക്ക് നാലുപേരെ നൽകിക്കൊണ്ടായിരുന്നു തുടക്കം. 2005 മുതൽ 2007 വരെ സംസ്ഥാന സബ് ജൂനിയർ, ജൂനിയർ ടൂർണ്ണമെന്റിൽ റണ്ണറപ്പായ കോഴിക്കോട് ടീമിന്റെ പരിശീലകയും ഫൗസിയയായിരുന്നു. ഫൗസിയയുടെ കഴിവ് കണ്ടറിഞ്ഞ കേരള ഫുട്‌ബോൾ അസോസിയേഷൻ 2005ൽ മണിപ്പൂരിൽ നടന്ന ദേശീയ സീനിയർ വനിതാ ചാമ്പ്യൻഷിപ്പിന്റെ കോച്ചായി ഫൗസിയയെ നിയോഗിച്ചു. അന്ന് കേരളാ ടീം മൂന്നാം സ്ഥാനത്തെത്തി. അടുത്തവർഷം ഒഡീഷയിൽ നടന്ന ചാമ്പ്യൻഷിപ്പിലും ഫൗസിയ തന്നെയായിരുന്നു കോച്ച്. അന്ന് കേരളം രണ്ടാം സ്ഥാനക്കാരായി. 2008 ലെ അണ്ടർ-14 കേരള ടീമിലെ ആറുപേർ ഫൗസിയ പരിശീലനം നൽകിയ നടക്കാവ് സ്‌കൂളിലെ കുട്ടികളായിരുന്നു. ടീം ക്യാപ്റ്റനായിരുന്ന നിഖില പിന്നീട് ഇന്ത്യൻ ടീമിലും അംഗമായി. കൊളംബോയിൽ നടന്ന അണ്ടർ-14 ഏഷ്യൻ ടൂർണ്ണമെന്റിൽ ഇന്ത്യക്കുവേണ്ടി കളിച്ച നിഖില ഒമ്പതു ഗോളുകൾ നേടി ചരിത്രം കുറിച്ചു. നിഖിലയിപ്പോൾ തിരുവല്ല മാർത്തോമാ കോളേജിലെ പരിശീലകയാണ്. ഒപ്പം പി.ജിയും ചെയ്യുന്നു. 2009ലെ ദേശീയ സബ്ജൂനിയർ ചാമ്പ്യൻഷിപ്പിലേയ്ക്കുള്ള കേരള ടീമിലെ ഏഴുപേരും നടക്കാവ് സ്‌കൂളിലെ ശിഷ്യരായിരുന്നു. ഇവരിൽ വൈ. എം. ആഷ്‌ലി ഇന്ത്യൻ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. സുബ്രതോ കപ്പിലേക്കുള്ള കേരള സ്‌കൂൾ ടീമും ഫൗസിയയുടേതായിരുന്നു.


എന്നിട്ടും ഫൗസിയയുടെ കരാർ ജോലി തുടർന്നുകൊണ്ടിരുന്നു. കിട്ടുന്ന ശമ്പളം സ്വന്തം മക്കളെപ്പോലെ കൊണ്ടുനടക്കുന്ന കുട്ടികളുടെ ആവശ്യങ്ങൾക്കുപോലും തികയാറില്ലെന്ന് വേദനയോടെ ഫൗസിയ പറയുന്നു.
കായിക പ്രതിഭ മാത്രമല്ല, കുട്ടികളുടെ ഭാവിക്കുവേണ്ടി എന്തു പ്രയാസത്തിനും ഈ പരിശീലക തയ്യാറായിരുന്നു. സംസ്ഥാന സ്‌കൂൾ ഗെയിംസിൽ വനിതാ ഫുട്‌ബോളും ഉൾപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ ഇതിനു തെളിവാണ്. ദേശീയ സ്‌കൂൾ ഗെയിംസിൽ ഫുട്‌ബോളിന് സ്ഥാനം നൽകിയപ്പോൾ സംസ്ഥാന സ്‌കൂൾ ഗെയിംസിൽ ജനങ്ങൾ നെഞ്ചേറ്റി ലാളിക്കുന്ന ഫുട്‌ബോളിനെ ഉൾപ്പെടുത്താൻ നടത്തിയ പോരാട്ടം ഒടുവിൽ വിജയം കണ്ടെത്തുകയായിരുന്നു. സംസ്ഥാന സ്‌കൂൾ ഗെയിംസ് മാന്വൽ പരിഷ്‌കരിച്ച് 2013 മുതൽ വനിതാ ഫുട്‌ബോൾ, സംസ്ഥാന സ്‌കൂൾ ഗെയിസിന്റെ ഭാഗമായി മാറി. ആ ചരിത്രജയം ഫൗസിയയുടെ നിശ്ചയദാർഢ്യത്തിന്റെ തെളിവായിരുന്നു.
കുട്ടികളുമൊത്ത് കളിക്കളത്തിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് വിധിയുടെ അടുത്ത ഫൗൾപ്‌ളേ. സ്തനാർബുദത്തിന്റെ രൂപത്തിലായിരുന്നു ഇത്തവണത്തെ തിരിച്ചടി. ആ മനസ്സ് കുലുങ്ങിയില്ല. കീഴ്‌പ്പെടുത്താനെത്തിയ ആ മഹാമാരിയെ അവർ ധീരമായി നേരിട്ടു. ഇടത്തെ സ്തനം നീക്കിയിട്ടും കീമോയിലൂടെ മുടികൊഴിഞ്ഞിട്ടും ഫൗസിയ തോറ്റുകൊടുത്തില്ല. അതിനവർക്ക് തുണയായത് സ്‌പോർട്‌സ് കൗൺസിലും ശിഷ്യഗണങ്ങളും കായികപ്രേമികളുമായിരുന്നു.
രോഗം സമ്മാനിച്ച വിശ്രമം മതിയാക്കി ഫൗസിയ വീണ്ടും കളിക്കളത്തിൽ സജീവമായിരിക്കുകയാണ്. സംസ്ഥാനത്ത് വിരലിലെണ്ണാവുന്ന സ്‌കൂളുകളിൽ മാത്രമാണ് വനിതാ ഫുട്‌ബോൾ ഉള്ളത്. ഒഡീഷയിലും മണിപ്പൂരിലും ബംഗാളിലുമെല്ലാമുള്ളതുപോലെ വനിതാ ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കാൻ അക്കാദമികളും ക്ലബ്ബുകളുമെല്ലാം കടന്നുവരണം. ഇതിന് തുടക്കം കുറിച്ചുകൊണ്ട് ഫൗസിയ തന്നെ ഒരു വനിതാ ക്ലബ്ബിന് തുടക്കമിട്ടു. വിമൻസ് ഫുട്‌ബോൾ കാലിക്കറ്റ് ഇതിനകം നിരവധി കോച്ചിംഗ് ക്യാമ്പുകളും മത്സരങ്ങളും നടത്തിക്കഴിഞ്ഞു. സാമ്പത്തിക പരാധീനതയാണ് ക്ലബ്ബിന്റെ പ്രവർത്തനത്തെ അലട്ടുന്നത്. ഇപ്പോഴും കരാർ ജോലി ചെയ്യുന്ന ഫൗസിയ കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു ഭാഗം കുട്ടികളുടെ പരിശീലനത്തിനും ഫുട്‌ബോളിനും വേണ്ടിയാണ് ചെലവഴിക്കുന്നത്. സ്ഥിരം ജോലിയുണ്ടെങ്കിൽ ശിഷ്യർക്ക് കുറേക്കൂടി നല്ല നിലയിൽ പരിശീലനം നടത്താമെന്ന് അവർ കരുതുന്നു.
സ്വന്തമായി വീടെന്ന സ്വപ്‌നവും വിദൂരതയിലാണ്. ഉമ്മയോടും സഹോദരിയോടുമൊപ്പം വെള്ളിമാടുകുന്നിലെ തറവാട്ടു വീട്ടിൽ കഴിയുകയാണ്. ഇതിനിടയിൽ അകാലത്തിൽ മരണപ്പെട്ട സഹോദരന്റെ മക്കളുടെ ബാധ്യതയും ഫൗസിയയുടെ ഉത്തരവാദിത്വത്തിലാണ്.
ജീവിതയാത്രത്തിൽ ഒട്ടേറെ ദുരിതങ്ങൾ ഏറ്റുവാങ്ങുമ്പോഴും കളിക്കളവും കളിയാരവങ്ങളും മുന്നോട്ടു നയിക്കുന്ന ഈ കായിക പ്രേമിയെ മാറ്റിനിർത്തി കേരളത്തിന് ഒരു വനിതാ ഫുട്‌ബോൾ ചരിത്രം രചിക്കാനാവില്ല എന്ന് തീർച്ച.