Wednesday , August   22, 2018
Wednesday , August   22, 2018

അറബിക്കടലിൽ മൂന്ന് ദിവസത്തിനിടെ പതിനൊന്ന് ടണ്ണിലേറെ ഹഷീഷ് പിടികൂടി

മനാമ-  അറബിക്കടലിൽ വൻ മയക്കുമരുന്നു വേട്ട. മൂന്നു ദിവസത്തിനിടെ ബോട്ടുകളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 11 ടണ്ണിലേറെ ഹഷീഷ് പിടികൂടി. ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംയുക്ത ദൗത്യസേന (സി.ടി.എഫ് 150) യുടെ ഭാഗമായ ഫ്രഞ്ച് യുദ്ധക്കപ്പൽ ജീൻ ഡി.വിയെന്നയും ഓസ്‌ട്രേലിയൻ യുദ്ധക്കപ്പൽ എച്ച്.എം.എ.എസ് വാറമുംഗയുമാണ് അന്താരാഷ്ട്ര മാർക്കറ്റിൽ 430 ദശലക്ഷം ഡോളർ വിലവരുന്ന മയക്കുമരുന്നു പിടികൂടിയത്. 
മാർച്ച് മൂന്നു മുതൽ അഞ്ചു വരെയുള്ള ദിവസങ്ങളിലാണ് മയക്കുരുന്നു പിടികൂടിയത്. മാർച്ച് അഞ്ചിന് അറബിക്കടലിൽ അന്താരാഷ്ട്ര സമുദ്ര പരിധിയിൽ സംശയകരമായ നിലയിൽ കണ്ട നാടൻ ബോട്ട് പിൻതുടർന്നാണ് ഫ്രഞ്ച് കപ്പൽ നാലു ഹഷിഷ് പിടികൂടിയത്. ബോട്ടിൽ പ്രത്യേക അറയിൽ ബാഗുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ഇവക്ക് 140 ദശലക്ഷം ഡോളറിലേറെ വിലവരും. 
ജീൻ ഡി വിയെന്നയുടെ ലിൻക്‌സ് ഹെലികോപ്റ്ററും വാറമുംഗയുടെ സ്വീ ഹ്വാക് ഹെലികോപ്റ്ററും പതിവായി പട്രോളിംഗ് നടത്തുന്നതിനിടെയാണ് നാടൻ ബോട്ട് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഈ വിവരം ജീൻ ഡി വിയെന്നെയെ അറിയിക്കുകയായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ ബോട്ടിനെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. ഇത് കൂട്ടായ്മയുടെ വിജയമാണെന്നും അംഗങ്ങളുട സമർപ്പണമാണ് ഇത് കാണിക്കുന്നതെന്നും സി.ടി.എഫ് 150 കമാൻഡർ മാൽ വൈസി പറഞ്ഞു.
മാർച്ച് മൂന്നിനും നാലിനുമായിരുന്നു വാറമുംഗയുടെ മയക്കുമരുന്നുവേട്ട. മൂന്നിന് ഏദൻ ഉൾക്കടലിനു സമീപം അന്താരാഷ്ട്ര സമുദ്ര പരിധിയിൽ നിരീക്ഷണത്തിനിടെ സംശായസ്പദമായ നിലയിൽ കണ്ട നാടൻ ബോട്ടിൽ നിന്നു നാലു ടൺ ഹഷിഷും പിറ്റേദിവസം അറബിക്കടലിൽ നിന്നും മറ്റൊരു ബോട്ടിൽ കടത്തുകയായിരുന്ന 3.9 ടൺ ഹഷിഷുമാണ് പിടികൂടിയതെന്ന് കപ്പലിന്റെ കമാൻഡിംഗ് ഓഫീസർ ഡഗാൽഡ് ക്ലെല്ലന്റ് റാൻ അറിയിച്ചു. ഇവക്ക് അന്താരാഷ്ട്ര മാർക്കറ്റിൽ 300 ദശലക്ഷം അമേരിക്കൻ ഡോളറിലധികം വിലവരും. ഇതോടെ കഴിഞ്ഞ മൂന്നു മാസത്തിനിടെ സി.ടി.എഫ് 150 പിടികൂടിയ മയക്കു മരുന്നു 29 ടണ്ണായി ഉയർന്നു. പിടികൂടിയ മയക്കുമരുന്നു കടലിൽ നശിപ്പിച്ചതായും അറിയിച്ചു.
കടൽ കൊള്ളയും കടൽ വഴിയുള്ള ഭീകരതയും തടയാനായി രൂപീകരിച്ച സംയുക്ത സമുദ്ര സേന (സി.എം.എഫ്)ക്കു കീഴിലാണ് സി.ടി.എഫ് പ്രവർത്തനം. കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഇതുവരെ സി.എം.എഫ് 1.3 ബില്യൺ ഡോളർ വിലവരുന്ന 27.9 ടൺ ഹഷിഷും 1.5 ടൺ ഹെറോയിനും പിടികൂടിയിട്ടുണ്ട്. ഫെബ്രുവരി ആറിന്  സി.ടി.എഫിനു കീഴിയിൽ പാക്കിസ്ഥാൻ യുദ്ധകപ്പലായ പി.എൻ.എസ് അസ്‌ലാത്ത് അറബിക്കടലിൽ നിന്നും അഞ്ചു ടൺ ഹഷിഷ് പിടികൂടിയിരുന്നു. ഈ വർഷം വാറമുംഗയുടെ രണ്ടാമത്തെ മയക്കുമരുന്നു വേട്ടയാണിത്. ഫെബ്രുവരി ഒന്നിന് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും ബോട്ടിൽ 377 ബാഗുകളിലായി കടത്തിയ 414 കിലോ ഹെറോയിൻ വാറമുംഗ പിടികൂടിയിരുന്നു. സി.ടി.എഫിന്റെ ഭാഗമായ ശേഷമുള്ള ഈ കപ്പലിന്റെ എട്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്. 
ബഹ്‌റൈൻ ആസ്ഥാനമായ സി.എം.എഫിൽ 31 രാജ്യങ്ങൾ അംഗങ്ങളാണ്. ഇതിനു കീഴിലെ മൂന്നു സമുദ്ര ദൗത്യ സംഘങ്ങളിൽ ഒന്നാണ് സി.ടി.എഫ് 150. അറബിക്കടൽ, ഒമാൻ ഉൾക്കടൽ, ഏദൻ ഉൾക്കടൽ, ചെങ്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവടങ്ങളിലായി 20 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് സി.ടി.എഫ് 150യുടെ പ്രവർത്തന പരിധി. സമുദ്ര മേഖലയിലെ ഭീകര പ്രവർത്തനം തടയുക എന്ന ലക്ഷ്യത്തോടെ 2002 ലാണ് സി.ടി.എഫ് 150 രൂപീകരിച്ചത്.