Wednesday , August   22, 2018
Wednesday , August   22, 2018

വനിതാ ദിനത്തിൽ ആശംസയറിയിച്ച് യു.എ.ഇ വൈസ് പ്രസിഡന്റ്

ദുബായ്- ലോക വനിതാ ദിനത്തിൽ സ്ത്രീകളെ അനുമോദിച്ചും അഭിനന്ദിച്ചും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്റെ ഉജ്വല ട്വീറ്റ്. 'ലോകമെമ്പാടുമുള്ള വനിതകളെ സംബന്ധിച്ചിടത്തോളം ഏറ്റവും മനോഹാരിതയും സന്തോഷ ദായകവുമായ ദിവസമാണ് മാർച്ച് എട്ട്. ലോകം മുഴുവൻ ഈ ദിവസം ആഘോഷത്തിമർപ്പിലാണ്. ഭാവി തലമുറയെ പരിപാലിക്കുന്നവർ എന്ന നിലയിൽ യു.എ.ഇയിലും തങ്ങൾ വനിതാ ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ വികസനത്തിൽ അവർ പങ്കാളികളും മാറ്റങ്ങൾക്ക് കരുത്തേകുന്നവരുമാണ് യു.എ.ഇ വനിതകൾ. ഓരോ വർഷവും ഈ ശക്തിയും ദീപ്തമയമായ സൗന്ദര്യവും ഉദാരതയും പതിന്മടങ്ങ് വർധിക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നു'. 
താൻ നേതൃത്വം നൽകുന്ന ഗവൺമെന്റിൽ മൂന്നിലൊന്ന് ജീവനക്കാരും സ്ത്രീകളാണെന്നും യു.എ.ഇ ഭരണത്തലവൻ സൂചിപ്പിച്ചു.
വനിതകൾ രാജ്യത്തിന് നൽകിയ സംഭാവനയെ അദ്ദേഹം കുറിപ്പിൽ ഏറെ ബഹുമാനത്തോടെയും വിനയത്തോടെയും പ്രകീർത്തിക്കാനും മറന്നില്ല. 'എന്റെ ടീമിൽ 70 ശതമാനവും സ്ത്രീകളാണ്. ഈ ദിവസവും ഓരോ ദിനത്തിലും അവർ ചെയ്യുന്ന സേവനങ്ങൾക്ക് താൻ നന്ദി പറയുന്നു. ഇവരില്ലായിരുന്നുവെങ്കിൽ നാം ഇന്ന് എത്തിനിൽക്കുന്ന സ്ഥിതി കൈവരിക്കില്ലായിരുന്നു. ഓരോ മന്ത്രിയും ഗവൺമെന്റ് ജീവനക്കാരനും സ്ത്രീകളുടെ അധ്വാനം ആഘോഷിക്കണമെന്ന് നാം ആഗ്രഹിക്കുന്നു. നിങ്ങളോടൊപ്പം യു.എ.ഇ കരുത്താർജിക്കുകയും വളരുകയും ചെയ്യും'- -ട്വീറ്റിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം കുറിച്ചു. വനിതകളുമായി ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രവും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.