Monday , March   25, 2019
Monday , March   25, 2019

അവാർഡ്  തിളക്കത്തിൽ  സിതാര

മികച്ച ഗായികക്കുള്ള സംസ്ഥാന സർക്കാറിന്റെ ചലച്ചിത്ര അവാർഡ് സിതാരയുടെ കിരീടത്തിലെ പൊൻതൂവലാണ്. ഗായികയായും സംഗീത സംവിധായികയായും തിളങ്ങുന്ന സിതാരയുടെ യാത്രയിലെ മികച്ച നേട്ടമായി സംസ്ഥാന അവാർഡ്. 
ആലുവയിൽ ഭർത്താവ് ഡോ. സജീഷിനും മകൾക്കുമൊപ്പം കഴിയുന്ന സിതാര കുട്ടിക്കാലം തൊട്ടേ സംഗീതത്തിന്റെ കൈപിടിച്ചാണ് വളർന്നത്. കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലെ കാർഡിയോളജിസ്റ്റാണ് സജീഷ്. ഡോ. കെ.എം. കൃഷ്ണകുമാറിന്റെയും സാലി കൃഷ്ണകുമാറിന്റെയും മകളായി ജനിച്ച സിതാര നാലാം വയസ്സു മുതൽ സംഗീതം പഠിച്ചുതുടങ്ങി. ആദ്യ ഗുരുക്കന്മാർ രാമനാട്ടുകര സതീഷും പാലാ സി.കെ.രാമചന്ദ്രനുമായിരുന്നു. പിന്നീട് ഉസ്താദ് ഫിയാസ് ഖാനിൽനിന്നും ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. കർണാട്ടിക് സംഗീതത്തിലും അവഗാഹം നേടി.
വിനയൻ സംവിധാനം ചെയ്ത അതിശയൻ എന്ന ചിത്രത്തിലെ ''പമ്മി പമ്മി വന്നേ..'' എന്ന ഗാനം പാടിക്കൊണ്ട് പിന്നണിഗാന രംഗത്തേയ്ക്ക് കടന്നുവന്ന സിതാരയ്ക്ക് പിന്നീട് കൈനിറയെ അവസരങ്ങളാണ് ലഭിച്ചത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ആ സ്വരമാധുരി കടന്നുചെന്നു. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ''ഏനുണ്ടോടീ അമ്പിളിച്ചന്തം...'' എന്ന ഗാനത്തിലൂടെ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും സിതാരയെ തേടിയെത്തി.
സിതാരയുടെ ഭർത്താവ് ഡോ. സജീഷും സുഹൃത്തുക്കളായ ഡോ. മനോജും ഡോ. രാജേഷ്‌കുമാറും ചേർന്ന് രൂപം കൊടുത്ത ഡോക്‌ടേഴ്‌സ് ഡയലിമ എന്ന ബാനറിനു കീഴിലാണ് ഉടലാഴം രൂപപ്പെടുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കൾ അക്കാലം തൊട്ടേ കലാരംഗത്ത് സജീവമായിരുന്നു. ആ കൂട്ടായ്മയിൽനിന്നാണ് ഉടലാഴം എന്നൊരു സിനിമയെടുക്കാനുള്ള ആശയം രൂപപ്പെടുന്നത്. നിലമ്പൂരിലെ ആദിവാസികൾക്കിടയിലുള്ള ചില വിശ്വാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. നായക കഥാപാത്രമായ ഗുളികനായി എത്തുന്നത് ഫോട്ടോഗ്രഫർ എന്ന ചിത്രത്തിൽ മോഹൻലാലിനോടൊപ്പം വേഷമിട്ട് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ആദിവാസി വിഭാഗത്തിൽപെട്ട മണിയാണ്. ആദ്യചിത്രത്തിനു ശേഷം ഒരു വ്യാഴവട്ടം കഴിഞ്ഞാണ് മണി വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുന്നത്. അതും നായകനായി. നായികയായ മാതയായി വേഷമിടുന്നത് അനുമോളും. ചിത്രത്തിൽ മറ്റൊരു നായിക കൂടിയുണ്ട്. നാടകനടിയായ രമ്യാവത്സല. ആമി തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷത്തിൽ രമ്യ അഭിനയിച്ചിട്ടുണ്ട്. 
സ്വന്തം ശരീരം തന്നെ ഭാരമായി മാറിയ ഒരു ആദിവാസി യുവാവിന്റെ കഥയാണ് ഉടലാഴം. വ്യക്തിപരമായി ഒട്ടേറെ പ്രയാസങ്ങൾ അയാൾ അനുഭവിക്കുന്നുണ്ട്. ആദിവാസികളെ പുരോഗമന പാതയിലേയ്ക്ക് നയിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളും അയാൾക്ക് നേരിടേണ്ടിവരുന്നു.
സംഗീത സംവിധാന രംഗം സിതാരക്ക് പുതിയ മേഖലയല്ല. രചനയും സംവിധാനവും ആലാപനവും നിർവ്വഹിച്ച എന്റെ ആകാശം എന്ന സംഗീത ആൽബം ശ്രോതാക്കൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കൂടാതെ സംസ്ഥാന സർക്കാരിന്റെ സാമൂഹിക നീതി വകുപ്പ് വികലാംഗർക്കായി ഒരുക്കിയ അനുയാത്ര എന്ന ഗാനവും എഴുതി ചിട്ടപ്പെടുത്തിയത് സിതാരയായിരുന്നു. ഈയിടെ പുറത്തിറങ്ങിയ കഥ പറഞ്ഞ കഥ എന്ന ചിത്രത്തിന്റെ ട്രാക്കൊരുക്കിയതും സിതാര തന്നെ.
ഉടലാഴത്തിന്റെ സംഗീത സംവിധാനത്തിന് ഉണ്ണികൃഷ്ണൻ ആവള ക്ഷണിച്ചപ്പോൾ സിതാരയ്ക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല. കാരണം മുമ്പും അദ്ദേഹത്തിന്റെ ഡോക്യുമെന്ററികളിൽ സിതാര സഹകരിച്ചിരുന്നു. ഒന്നിച്ചു പാട്ടു പഠിക്കുകയും ഒരുമിച്ച് പല മത്സര വേദികളിലും മാറ്റുരക്കുകയും ചെയ്ത മിഥുൻ ജയരാജിനെയും കൂടെ കൂട്ടി. ദക്ഷിണാമൂർത്തി സ്വാമിയുടെ പ്രിയശിഷ്യരിൽ ഒരാളാണ് മിഥുൻ. കണ്ണൂർ സ്വദേശിയെങ്കിലും എറണാകുളത്താണ് താമസം. പോരാത്തതിന് സംഗീത സംവിധായകൻ ബിജിപാലും ഗായകരായ പുഷ്പവതിയും ജ്യോത്സ്‌നയുമെല്ലാം കൂട്ടിനുണ്ടായിരുന്നു.
വടക്കൻ പാട്ടിലെ ഒരു കഥയാണ് പൂമാതെ പൊന്നമ്മയുടേത്. ചിത്രത്തിലെ ഒരു പാട്ടിന്റെ തുടക്കം ''പൂമാതെ പൊന്നമ്മ പാട്ടേട്ടാല്...'' എന്നാണെങ്കിലും പിന്നീട് ആ   കഥയിലൂടെയല്ല സഞ്ചാരം. പുഷ്പവതിയും ജ്യോത്സനയും ബിജിപാലും ചേർന്നാണ് ഈ ഗാനം പാടിയത്. ആദിവാസികളുടെ ജീവിതം തുടിക്കുന്ന ഗാനമാണത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള മെലഡിയാണ് ആ പാട്ടിന് നൽകിയിരിക്കുന്നത്. ചിത്രത്തിലെ മറ്റൊരു ഗാനമായ ''സൂര്യന്റെ നെഞ്ചിലേ...'' എന്ന ഗാനമാലപിച്ചത് സിതാരയാണ്. അടുത്ത ഗാനമായ ''പുഴയിൽ ജലമെടുക്കാൻ...'' എന്ന ഗാനം ആലപിച്ചതാകട്ടെ മിഥുൻ ജയരാജും സിതാരയും ചേർന്നായിരുന്നു. ''മേടസൂര്യന്റെ നെഞ്ചിലെ മഞ്ഞാണു നീ...'' എന്നു തുടങ്ങുന്ന ഗാനമായിരുന്നു മറ്റൊന്ന്. ചിത്രത്തിലെ നാലു ഗാനങ്ങളിൽ മൂന്നെണ്ണം എഴുതിയത് സംവിധായകനായ ഉണ്ണികൃഷ്ണൻ ആവളയായിരുന്നു. മറ്റൊരു ഗാനം മനു മഞ്ജിത്താണ് എഴുതിയത്.
കഴിഞ്ഞ വർഷം ഇരുപതോളം ചിത്രങ്ങളിൽ സിതാര ആലപിച്ചിരുന്നു. ടേക്ക് ഇറ്റ് ഈസിയിലെ ''മഴയഴകേ...'', കെയർ ഓഫ് സൈറാബാനുവിലെ ''ചക്കിക്കൊച്ചമ്മേ...'', സത്യയിലെ ''ചിലങ്കകൾ...'', സഖാവിലെ ''ഉദിച്ചുയർന്നേ...'', ഗോദയിലെ പഞ്ചാബിഗാനം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ ''ആയില്യം...'', പോക്കിരി സൈമണിലെ ''മാമ്പഴക്കാലം...'', ഉദാഹരണം സുജാതയിലെ ''ഏതു മഴയിലും...'', വില്ലനിലെ ''കണ്ടിട്ടും കണ്ടിട്ടും...'', വിമാനത്തിലെ ''വാനമകലുന്നുവോ...'', ഈടയിലെ ''മാരിവിൽ...'' തുടങ്ങി മനസ്സിൽ തങ്ങിനിൽക്കുന്ന ഒട്ടേറെ ഗാനങ്ങൾ സിതാരയുടെ കണ്ഠത്തിൽനിന്നും ഒഴുകിവന്നതായിരുന്നു. പുതിയ വർഷത്തിലും ഒട്ടേറെ ചിത്രങ്ങളിൽ സിതാര പാടിക്കഴിഞ്ഞു. ഈയിടെ പുറത്തിറങ്ങിയ കിണർ എന്ന ചിത്രത്തിലും സിതാര പാടിയിട്ടുണ്ട്. പല ചിത്രങ്ങളിലായി പതിനഞ്ചോളം ഗാനങ്ങൾ പാടി. തമിഴിൽ അഞ്ചു ചിത്രങ്ങളിലും തെലുങ്കിലും കന്നഡയിലും രണ്ടു ചിത്രങ്ങളിലും പാടിയിട്ടുണ്ട്.
ആലാപന രംഗത്താണ് സാന്നിധ്യമുറപ്പിച്ചതെങ്കിലും നല്ല പ്രോജക്ടുകൾ ലഭിക്കുകയാണെങ്കിൽ സംഗീത സംവിധാന രംഗത്തും ഒരുകൈ നോക്കാൻ തന്നെയാണ് സിതാരയുടെ തീരുമാനം. മാതാപിതാക്കളുടെയും ഭർത്താവിന്റെയും മകളുടെയുമെല്ലാം നിസ്സീമമായ സഹകരണമാണ് സംഗീതരംഗത്ത് ചുവടുറപ്പിക്കാൻ സഹായിക്കുന്നതെന്നും ഈ സംഗീതജ്ഞ കൂട്ടിച്ചേർക്കുന്നു. 
 

Latest News