Sunday , January   20, 2019
Sunday , January   20, 2019

അകക്കണ്ണിന്റെ സാന്ത്വനം

ഡോ. സി എ അൻസാർ

അന്ധത നൽകിയ ഇരുട്ടിന്റെ ലോകത്തിരുന്ന് ഉൾക്കണ്ണുകൊണ്ട് ചികിത്സിക്കുന്ന ഡോക്ടർ സി.എ അൻസാർ വൈദ്യശാസ്ത്രത്തിലെ വിസ്മയമാകുന്നു. എറണാകുളം വൈറ്റിലക്കടുത്ത് പൊന്നുരുന്നി ശ്രീനാരായണ ക്ഷേത്രത്തിന് എതിർവശത്ത് ഹീലിംഗ് ടച്ച് എന്ന ഹോളിസ്റ്റിക് ഹെൽത്ത് സെന്ററിൽ അൻസാർ രോഗികൾക്ക് നടുവിലാണ്. മർമശാസ്ത്ര, പഞ്ചകർമ, സ്വീഡിഷ് മസാജ്, സോൺ തെറാപ്പി, സുജോക്ക് തെറാപ്പി, ഫുട് റിഫഌക്‌സോളജി, അരോമ തെറാപ്പി,  യോഗ, നേച്ചറോപ്പതി എന്നീ ചികിത്സാ രീതികൾ സംയോജിപ്പിച്ച് അൻസാർ സ്വന്തം ചികിത്സാ രീതി ആവിഷ്‌കരിച്ചിട്ടുണ്ട്.  അൻസാറിനെ തേടിയെത്തുന്നവരിൽ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുണ്ട്. നടൻ മോഹൻ ലാലിനെയും അദ്ദേഹത്തിന്റെ അമ്മയെയും ചികിത്സിച്ച അൻസാർ സിനിമാ രംഗത്തുള്ള നിരവധി പേർക്ക് ചികിത്സ നൽകുന്നുണ്ട്. രാഷ്ട്രീയ രംഗത്തും ബിസിനസ് മേഖലയിലുമുള്ള നിരവധി പ്രമുഖർ അൻസാറിന്റെ സ്പർശന ചികിത്സ തേടി ക്ലിനിക്കിലെത്തുന്നു. 
ആലുവ എടയപ്പുറം ചെറൂപ്പിള്ളി അലിയുടെ മകനായ അൻസാറിന്റെ ജീവിതം ഇരുട്ടിലാക്കിയത് സമീപ നഗരത്തിലെ പ്രശസ്തമായ കണ്ണാശുപത്രിയിൽ അലർജിക്ക് നൽകിയ മരുന്നായിരുന്നു. മരുന്നു കഴിച്ച് അലർജി മാറിയെങ്കിലും  കാഴ്ചശക്തി ക്ഷയിക്കാൻ തുടങ്ങി. മരുന്നിന്റെ പാർശ്വഫലമായി  ഉണ്ടായ ഗ്ലൂക്കോമയാണെന്ന് തിരിച്ചറിയാതെ മങ്ങുന്ന കാഴ്ചക്ക് പരിഹാരമായി കണ്ണട വെച്ചു. 2006 ൽ ബംഗളൂരുവിലെ വ്യാസ ഇൻസ്റ്റിറ്റിയൂട്ടിൽ യോഗ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിന് പോയ അൻസാർ അവിടെ വെച്ച് ഒരു സുപ്രഭാതത്തിൽ കണ്ണ് തുറന്നത് ഇരുട്ടിന്റെ ലോകത്തേക്കാണ്. ജീവിതം അവസാനിച്ചുവെന്ന് കരുതിയ നാളുകളായിരുന്നു പിന്നീട്. ആറു മാസക്കാലം ആശുപത്രിക്കിടക്കയിലും വീട്ടിലെ അടച്ചിട്ട മുറിയിലുമായിരുന്നു ജീവിതം. പക്ഷേ വിധി അൻസാറിനായി മറ്റൊരു ലോകം കരുതിവെച്ചിരുന്നു. പുറംകാഴ്ചകൾ കാണാനുള്ള ശേഷി നശിച്ച ഡോ. സി.എ അൻസാറിന് ഒരു സുപ്രഭാതത്തിൽ ഉൾക്കാഴ്ചയുടെ അകക്കണ്ണ് തുറന്നു. നഷ്ടപ്പെട്ട കണ്ണിന്റെ അധിക ശേഷി അൻസാറിന്റെ വിരൽത്തുമ്പുകളിലേക്ക് ആവാഹിക്കപ്പെട്ടു. മരുന്നില്ലാതെ രോഗവിമുക്തി നൽകുന്ന സ്പർശന ചികിത്സയിലൂടെ ജീവിത നിയോഗത്തിന്റെ പുതിയൊരു അധ്യായം അൻസാറിന് മുന്നിൽ തുറക്കപ്പെടുകയായിരുന്നു. 
കാഴ്ച നഷ്ടപ്പെടുന്നതിന് മുമ്പ് തന്നെ ആൾട്ടർനേറ്റീവ് ചികിത്സാ രീതികൾ സ്വായത്തമാക്കിയിരുന്ന അൻസാർ യോഗ കോഴ്‌സിന് ബാംഗളൂരുവിൽ പോകുന്നതിന് മുമ്പ് മുംബൈയിൽ വെച്ച് ഓട്ടിസം ബാധിച്ച ഒരു കുട്ടിക്ക് ചികിത്സ നൽകിയിരുന്നു. രോഗാവസ്ഥക്ക് മാറ്റമുണ്ടായതിനാൽ കുട്ടിയുടെ മാതാപിതാക്കൾ അൻസാറിനെ തേടി ഇവിടേക്ക് വന്നു. അപ്പോൾ കാഴ്ച നഷ്ടപ്പെട്ട് ആശുപത്രിയിലായിരുന്നു അൻസാർ. നിസ്സഹായത അറിയിച്ച് അവരെ മടക്കി അയച്ചെങ്കിലും അത് പുതിയൊരു ചിന്തയിലേക്ക് അത് അൻസാറിനെ നയിച്ചു. പഠിച്ച ചികിത്സാ രീതികൾ പ്രയോഗിച്ചു നോക്കാൻ തീരുമാനിച്ചു. സുഹൃത്തക്കളിലാണ് ആദ്യം പരീക്ഷണം നടത്തിയത്. കാഴ്ച നഷ്ടപ്പെട്ടെങ്കിലും രോഗ നിർണയത്തിനും ചികിത്സക്കും അത് ഒരുതരത്തിലും തടസ്സമല്ലെന്ന് മനസ്സിലായതോടെ പ്രാക്ടീസ് ആരംഭിക്കാൻ തീരുമാനിച്ചു. താജ് ഹോട്ടലിൽ കൺസൾട്ടന്റായാണ് തുടക്കം കുറിച്ചത്. ആറു മാസം അവിടെ പ്രവർത്തിച്ചു. അവിടെ വെച്ച് മലയാള മനോരമ എം ഡി ഫിലിപ് മാത്യുവിനെ ചികിത്സിച്ചതാണ് ജീവിതത്തിൽ അടുത്ത വഴിത്തിരിവ് സൃഷ്ടിച്ചത്. അൻസാറിന്റെ കഴിവ് അനുഭവിച്ചറിഞ്ഞ ഫിലിപ്പ് മാത്യു നൽകിയ പ്രോത്സാഹനവും പ്രേരണയുമാണ് എറണാകുളം നഗരത്തിൽ ഒരു ക്ലിനിക് തുടങ്ങാൻ ധൈര്യം നൽകിയത്.
ഡോ. അൻസാറിന്റെ ചികിത്സാ രീതിക്ക് മാതൃകകളില്ല. അൾട്ടർനേറ്റീവ് മെഡിസിനിൽ അംഗീകൃത പ്രാക്ടീഷണറായ അൻസാർ ചെന്നൈയിലെ ജയേന്ദ്ര സരസ്വതി ആയുർവേദ കോളേജിൽ നിന്നാണ് പഞ്ചകർമയിൽ പരിശീലനം നേടിയത്. സോൺ തെറാപ്പി, സുജോക്കു, ഫുട് റിഫഌക്‌സോളജി എന്നിവയിൽ മുംബൈയിൽ നിന്ന് പരിശീലനം നേടി. ബാംഗളൂർ വ്യാസ ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നാണ് യോഗ പഠിച്ചത്. റിഫഌക്‌സോളജി, തായ് മസാജ്, നെക്ക് ആന്റ് ഷോൾഡർ മസാജ്, അരോമ തെറാപ്പി എന്നിവയിൽ തായ്‌ലന്റിൽ നിന്ന് ഉന്നത ബിരുദം നേടി. അൾട്ടർനേറ്റീവ് മെഡിസിനിലും മർമശാസ്ത്രത്തിലും  ഓപൺ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി എച്ച് ഡിയും യോഗയിലും നേച്ചറോപതിയിലും മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. ഈ ചികിത്സാ രീതികളെല്ലാം ചേർത്ത് സ്വന്തമായി ആവിഷ്‌കരിച്ച ഒരു ചികിത്സാ പദ്ധതിയാണ് അൻസാർ  പിന്തുടരുന്നത്. മർമഭാഗങ്ങളിൽ ചെലുത്തുന്ന സമ്മർദത്തിലൂടെ അവയവങ്ങളെ ഉത്തേജിപ്പിച്ച് പ്രവർത്തന വൈകല്യം പരിഹരിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്.  രോഗിയുടെ പാദം പിടിച്ചു നോക്കുമ്പോൾ ലഭിക്കുന്ന ഉൾേപ്രരണ പലപ്പോഴും രോഗ നിർണയത്തിന് സഹായകമാകാറുണ്ടെന്ന് അൻസാർ പറയുന്നു. 
രോഗവിവരം പോലും പറയാതെ രോഗനിർണയം നടത്താൻ ഡോ. അൻസാറിന് കഴിയുന്നുണ്ട്. സ്‌കാനിംഗ് പോലുള്ള പരിശോധനകൾ നടത്തി രോഗനിർണയം നടത്തുന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ രീതിക്ക് സാങ്കേതിക വിദ്യയുടെ സഹായം ഗുണകരമാണെങ്കിലും മനുഷ്യ ശരീരത്തിന്റെ സങ്കീർണതകൾ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതിന് അത് തടസ്സമാണെന്നാണ് അൻസാറിന്റെ പക്ഷം. പാൻക്രിയാസിന്റെ പ്രവർത്തനം മോശമായാൽ ദഹനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകും. ഗ്യാസ്ട്രബിളും അസിഡിറ്റിയുമുണ്ടാകും. പാൻക്രിയാസിന്റെ പ്രവർത്തനം കൂടുതൽ മോശമായി ഇൻസുലിന്റെ ഉൽപാദനം കുറഞ്ഞ് ഡയബറ്റിസായി മാറും. പാൻക്രിയാസിനെ പ്രത്യേക രീതിയിൽ ഉത്തേജിപ്പിച്ചാൽ മൂന്ന് അസുഖങ്ങളെയും ഇല്ലാതാക്കാൻ കഴിയും.  ആധുനിക വൈദ്യശാസ്ത്രത്തിന്റെ രോഗനിർണയ രീതിയനുസരിച്ച് രോഗലക്ഷണങ്ങൾക്കാണ് മരുന്നു നൽകാൻ സാധിക്കുക. കാൽപാദത്തിലേൽക്കുന്ന ആഘാതങ്ങൾ ശരീരത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അൻസാർ പറയുന്നു.  വിറയൽ, ഉൾഭയം, അകാരണമായ പനി, ആൾക്കൂട്ടത്തിന് മുന്നിൽ സംസാരിക്കാനാകാത്ത വിധത്തിലുള്ള ആത്മവിശ്വാസ തകർച്ച, ടെൻഷൻ, ജോലി ചെയ്യുമ്പോൾ ശരീരത്തിന്റെ പലഭാഗത്ത് വേദന ഇങ്ങനെ കാൽപാദത്തിനടിയിൽ ലാത്തിയടിയേറ്റവർക്കുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. ആശുപത്രികളിൽ ചികിത്സ തേടുമ്പോൾ ചിലപ്പോൾ മാനസിക പ്രശ്‌നമാണെന്ന് പറഞ്ഞ് ടെൻഷന്റെ മരുന്നു കൊടുക്കും. അല്ലെങ്കിൽ രോഗലക്ഷണത്തിന് മരുന്നു കൊടുക്കും. ഒരു പരിശോധനയിലും ഇത് കണ്ടെത്താനാകില്ല. അറിയാത്ത ഒരാളെക്കൊണ്ട് കാലിന്റെ അടിഭാഗത്ത് മസാജ് ചെയ്യിക്കാൻ പോലും പാടില്ലെന്നാണ് അൻസാർ പറയുക. മനോജന്യമായ അസുഖങ്ങളിൽ സ്പർശന ചികിത്സ അത്ഭുതകരമായ ഫലം നൽകുന്നുണ്ട്. 90 ശതമാനം അസുഖങ്ങളും സ്ട്രസ് റിലേറ്റഡാണ് എന്ന് ഇന്ന് ആധുനിക ശാസ്ത്രവും അംഗീകരിക്കുന്നു. ബിസിനസ് മേഖലയിലുള്ളവർക്ക് ജീവിതത്തിൽ സ്ട്രസ് ഒഴിവാക്കാനാകില്ല. ഇത്തരം അസുഖങ്ങളെ മരുന്നു കൊണ്ട് ചികിത്സിക്കുന്നത് പാർശ്വഫലങ്ങൾക്കിടയാക്കും. അതുകൊണ്ടു തന്നെ ആൾട്ടർനേറ്റീവ് ചികിത്സയുടെ പ്രാധാന്യം ആധുനിക വൈദ്യശാസ്ത്രവും അംഗീകരിക്കുന്നുണ്ട്. ഇതര ചികിത്സാ രീതികളെ ഇന്ന് അലോപ്പതി ആശുപത്രികളും ആശ്രയിക്കുന്നു. എറണാകുളം കിംസ് ആശുപത്രിയിലെ ആൾട്ടർനേറ്റീവ് മെഡിസിന്റെ ചീഫ് കൺസൾട്ടന്റായിരുന്നു ഡോ. അൻസാർ.  പഴകിയ തലവേദന, ഷുഗർ, പ്രഷർ, കൊളസ്‌ട്രോർ, ഡയബറ്റിക് ന്യൂറോപ്പതി, തലച്ചോറിനെ ബാധിക്കുന്ന പാർക്കിൻസൺസ്, മൾട്ടിപ്പിൾ സ്‌ക്ലിറോസിസ്, ഓട്ടിസം, ഫിറ്റ്‌സ്,നടുവേദന, കാൽമുട്ട് വേദന, കഴുത്തുവേദന തുടങ്ങി ഒട്ടെല്ലാ രോഗങ്ങൾക്കും സ്പർശന ചികിത്സയിൽ പ്രതിവിധിയുണ്ട്.  മറ്റുള്ളവർക്ക്  കണ്ടുപിടിക്കാൻ പറ്റാതിരുന്ന അസുഖങ്ങൾ കണ്ടുപിടിച്ച് മാറ്റിയ സംഭവങ്ങളുണ്ട്.   അത്ഭുതപ്പെടുത്തുന്ന രീതിയിൽ രോഗം മാറിയ സംഭവങ്ങൾ അൻസാർ വിവരിക്കുന്നു. സർവശക്തന്റെ അനുഗ്രഹം എന്ന് മാത്രമാണ് അതിനുള്ള വിശദീകരണം.
സമൂഹത്തിൽ നിന്ന് ലഭിക്കുന്ന അംഗീകാരങ്ങൾ അൻസാറിന് നൽകുന്ന പ്രചോദനം ചെറുതല്ല. ആരോഗ്യ മേഖലയിലെ സംഭാവനയ്ക്ക് സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ പ്രത്യേക അവാർഡ് അടുത്തിടെ അൻസാറിന് ലഭിച്ചു. അന്നത്തെ ആരോഗ്യ മന്ത്രി പി.കെ ശ്രീമതിയാണ് അവാർഡ് സമ്മാനിച്ചത്. ജസ്റ്റിസ് കെ.പി രാധാകൃഷ്ണമേനോൻ സ്മാരക ആരോഗ്യ സേവാ അവാർഡ് ജസ്റ്റിസ് വി ആർ കൃഷ്ണയ്യരിൽ നിന്നാണ് അൻസാർ ഏറ്റുവാങ്ങിയത്. ചാവറ കൾച്ചറൽ സെന്ററിന്റെ എക്‌സലൻസി അവാർഡും ലഭിച്ചു. മോട്ടിവേഷൻ ക്ലാസുകൾക്കായി സ്‌കൂളും സ്ഥാപനങ്ങളും അൻസാറിനെ ക്ഷണിക്കുന്നുണ്ട്. അടുത്തിടെ ആർട്ട് ഓഫ്  ലിവിംഗ് ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിന്റെ ജൻമദിനാഘോഷം എറണാകുളത്ത് ഉദ്ഘാടനം ചെയ്തത് ഡോ.അൻസാറാണ്. കേരളത്തിന് പുറത്തു നിന്നും വിദേശത്തു നിന്നും നിരവധി രോഗികൾ അൻസാറിനെ തേടി എത്തുന്നുണ്ട്. പലരും അടുത്ത് വാടകക്ക് താമസിച്ചാണ് ചികിത്സ പൂർത്തിയാക്കി മടങ്ങുക. കിടത്തിച്ചികിത്സക്കുള്ള സൗകര്യങ്ങളോടെ മരുന്നില്ലാതെ ചികിത്സിക്കുന്ന ആശുപത്രി വികസിപ്പിക്കണമെന്നതാണ് അൻസാറിന്റെ ലക്ഷ്യം. ലോകത്തെ രോഗത്തിൽ നിന്നും മരുന്നിൽ നിന്നും മനുഷ്യനെ എങ്ങനെ രക്ഷിക്കാമെന്നതാണ് അൻസാർ ഏറ്റെടുക്കുന്ന ദൗത്യം. അതിന് ആശുപത്രി വികസിപ്പിക്കേണ്ടതുണ്ട്. പണമാണ് അതിന് തടസ്സമായി നിൽക്കുന്നത്. എന്നെങ്കിലും ഈ ആഗ്രഹം സഫലമാകുമെന്ന് അൻസാർ ഉറച്ചു വിശ്വസിക്കുന്നു. ഇതുവരെ ജീവിതത്തിൽ സംഭവിച്ച അത്ഭുതങ്ങൾ ഇക്കാര്യത്തിലും ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അൻസാർ.ജീവകാരുണ്യ പ്രവർത്തനങ്ങളിലും അൻസാർ ശ്രദ്ധ നൽകുന്നുണ്ട്.  കാഴ്ചയില്ലാത്ത ഒമ്പത് പേരെ ആർട്ടർനേറ്റീവ് മെഡിസിനിൽ പരിശീലനം നൽകി അൻസാർ കൂടെ കൂട്ടി. എന്തെങ്കിലും താൽക്കാലിക സഹായം നൽകുന്നതിലും വലുതല്ലേ അവർക്ക് ഒരു ജീവിത മാർഗം തുറന്നു നൽകുന്നത് എന്ന് അൻസാർ ചോദിക്കുന്നു. ഭാര്യ ഷെറീനയും മക്കൾ അഷ്‌ന ഫാത്തിമയും ആമിന ഹംനയുമടങ്ങുന്നതാണ് അൻസാറിന്റെ കുടുംബം. സഹോദരൻ ഷിഹാബ് അൻസാറിനെ സഹായിക്കാൻ സദാ കൂടെയുണ്ട്.