മൈക്രോവേവ് ഓവനുകൾ ഉയർന്ന ഊർജമുള്ള റേഡിയോ തരംഗങ്ങൾ ഉപയോഗിക്കുന്നതിനാൽ റേഡിയേഷൻ കാരണം കാൻസർ പോലുള്ള അസുഖങ്ങൾ വരുമെന്ന പ്രചാരണം ഇപ്പോഴുമുണ്ട്. മൈക്രോവേവ് ഓവനുകൾ പ്രവർത്തിക്കുന്നത് നോൺ അയണൈസിംഗ് എന്ന വിഭാഗത്തിൽ പെടുന്ന വൈദ്യുത കാന്തിക തരംഗങ്ങളാലാണ്. ഇലക്ട്രോ മാഗ്‌നറ്റിക് സ്‌പെക്ട്രത്തിൽ ദൃശ്യ പ്രകാശത്തിനു വലതു വശത്ത് ഉള്ള ഉയർന്ന ആവൃത്തിയുള്ള തരംഗങ്ങളെയാണ് അയണൈസിംഗ് റേഡിയേഷൻ എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്.
മൈക്രോ വേവ് തരംഗങ്ങൾ ദൃശ്യ പ്രകാശത്തിലും എത്രയോ താഴെയാണ് സ്ഥിതി ചെയ്യുന്നത്. നോൺ അയണൈസിംഗ് റേഡിയേഷനുകൾക്ക് ഹീറ്റിംഗ് ഇഫക്റ്റ് മാത്രമേ ഉള്ളൂ. അയണൈസിംഗ് ഇഫക്റ്റ് ഇല്ല. അതിനാൽ അയണൈസിംഗ് റേഡിയേഷനുകൾ ഉണ്ടാക്കുന്ന ദോഷഫലങ്ങളൊന്നും മൈക്രോവേവ് തരംഗങ്ങൾക്ക് ഇല്ല.
ഉയർന്ന ശക്തിയുള്ള നോൺ അയണൈസിംഗ് റേഡിയേഷനുകൾ ചൂട് ഉണ്ടാക്കുന്നു എന്നതിനാൽ ഉപയോഗിക്കുന്നവരുടെ ശരീരത്തിൽ അബദ്ധവശാൽ പോലും നേരിട്ട് ഈ തരംഗങ്ങൾ പതിക്കാതിരിക്കാനുള്ള മുൻകരുതൽ എല്ലാ ഓവനുകളിലുമുണ്ട്. മൈക്രോവേവ് തരംഗങ്ങൾ ഓവനു പുറത്തു പോകാതിരിക്കാനുള്ള ഷീൽഡിംഗ്, തുറന്നാൽ പവർ ഓഫ് ആകുന്ന സംവിധാനം തുടങ്ങിയവ ഇവയിൽ പ്രധാനമാണ്.
മൈക്രോവേവ് ഓവനുകൾ ഇതര പാചക രീതികളിൽനിന്ന് വ്യത്യസ്തമായി ഭക്ഷണത്തെ അകത്തു നിന്നും പുറത്തേക്ക് ചൂടാക്കുന്നു എന്നൊരു തെറ്റിദ്ധാരണയുണ്ട്. യഥാർത്ഥത്തിൽ സാധാരണ പാചക രീതി പോലെ തന്നെ ഭക്ഷണ സാധനങ്ങൾ പുറത്തുനിന്ന് അകത്തേക്ക് തന്നെയാണ് മൈക്രോ വേവ് ഓവനുകളിലും പാചകം ചെയ്യപ്പെടുന്നത്. ഭക്ഷണ പദാർഥങ്ങളിൽ പുറത്തുനിന്നും അകത്തേക്ക് തുളച്ചു കയറുന്ന മൈക്രോവേവ് തരംഗങ്ങൾ പുറത്തുള്ള കണങ്ങളെ തന്നെയാണ് ആദ്യം ചൂടാക്കുന്നത്. പക്ഷേ വസ്തുക്കളിലെ ജലാംശം അകത്ത് കൂടുതലാണെങ്കിൽ സ്വാഭാവികമായും ഈ തരംഗങ്ങൾക്ക് കൂടുതൽ ചൂടാക്കാൻ കഴിയുക അത്തരം ഭാഗങ്ങളെ തന്നെ ആയിരിക്കും. പൊതുവെ ഭക്ഷണ സാധനങ്ങളുടെയെല്ലാം ഉൾവശത്താണ് ജലാംശം കൂടുതൽ എന്നതിനാൽ മൈക്രോവേവ് പാചകത്തിൽ അകത്തു നിന്നും പുറത്തേക്കാണ് ചൂടാകുന്നതെന്ന ഒരു തെറ്റിദ്ധാരണ സ്വാഭാവികമായും ഉണ്ടാകുന്നു.
മൈക്രോവേവിൽ പാചകം ചെയ്ത ഭക്ഷണവും സാധാരണ പാചകം ചെയ്ത ഭക്ഷണവും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. പക്ഷേ ഇത് കാൻസർ പോലെയുള്ള അസുഖങ്ങൾ ഉണ്ടാക്കുമെന്നല്ല അവ ഒഴിവാക്കാൻ സഹായിക്കുന്നു എന്നതാണ് പ്രധാന വ്യത്യാസം. ഭക്ഷണ സാധനങ്ങൾ കരിക്കുകയും പുകയ്ക്കുകയും ചെയ്യുന്നില്ല. സാധാരണ പാചക രീതികളിൽ നഷ്ടപ്പെടുന്ന ജീവകങ്ങൾ മൈക്രോവേവ് പാചകത്തിലൂടെ നഷ്ടപ്പെടുന്നുമില്ല. അതുകൊണ്ടു തന്നെ താരതമ്യേന ഊർജക്ഷമവും ആരോഗ്യകരവുമായ പാചക രീതിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.