Sunday , August   19, 2018
Sunday , August   19, 2018

യു.എ.ഇയിൽ ഓൺലൈൻ മാധ്യമങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കി

ദുബായ് - ലൈസൻസില്ലാതെ യു.എ.ഇയിൽ പ്രവർത്തിക്കുന്ന വെബ്‌സൈറ്റുകൾ അടക്കമുള്ള മാധ്യമ ഏജൻസികൾ ഇനി പിഴ അടക്കുകയോ അടച്ചു പൂട്ടുകയോ ചെയ്യേണ്ടിവരും. ഓൺലൈൻ മാധ്യമ സേവനങ്ങൾ നൽകുന്ന ഇലക്ട്രോണിക് മാധ്യമ ഏജൻസികൾക്ക് യു.എ.ഇ ലൈസൻസ് നിർബന്ധമാക്കി. ഇതു സംബന്ധിച്ച് നാഷണൽ മീഡിയ കൗൺസിൽ ഇന്നലെ വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇതു പ്രകാരം ഇ-കൊമേഴ്‌സ്, പ്രിന്റ്, വീഡിയോ, ഓഡിയോ സേവനങ്ങൾ അടക്കമുള്ള എല്ലാ ഓൺലൈൻ പ്രവർത്തനങ്ങൾക്കും ലൈസൻസ് ആവശ്യമായി വരും. വാർത്താ വെബ്‌സൈറ്റുകൾ, ഇലക്ട്രോണിക് പബ്ലിഷിങ് സ്ഥാപനങ്ങൾ, ഓൺ ഡിമാൻഡ് പ്രിന്റിങ്, സോഷ്യൽ മീഡിയ വഴിയുള്ള വാണിജ്യവും പരസ്യങ്ങളും എന്നിവ മീഡിയ കൗൺസിലിന്റെ ലൈസൻസ് ഉണ്ടെങ്കിലേ നടത്താൻ കഴിയൂ. 
ലൈസൻസ് ഇല്ലാത്തവർക്ക് മൂന്ന് മാസം സമയം അനുവദിച്ചിട്ടുണ്ട്്. ഈ കാലയളവിനുള്ളിൽ തങ്ങളുടെ പ്രവർത്തനങ്ങൾ മാർഗ നിർദേശങ്ങൾ പാലിച്ചിരിക്കണമെന്നും സർക്കാർ വ്യക്തമാക്കി. പുതിയ നിയമം അനുസരിച്ച് സോഷ്യൽ മീഡിയ മുഖേന ഉൽപ്പന്നങ്ങൾ പരസ്യം ചെയ്യുകയോ ബ്രാൻഡുകൾ പ്രൊമോട്ട് ചെയ്യുകയോ ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ലൈസൻസ് നിർബന്ധമാണ്.
ഈ ലൈസൻസ് ചട്ടങ്ങൾ ലംഘിച്ചാൽ 5000 ദിർഹം വരെ പിഴ ഈടാക്കുകയോ വെബ്‌സൈറ്റ്/ സോഷ്യൽ മീഡിയ അക്കൗണ്ട് പൂട്ടിക്കുകയോ ചെയ്യും. യു.എ.ഇയിലെ ഫ്രീസോണുകളിൽ പ്രവർത്തിക്കുന്ന മാധ്യമ കമ്പനികൾക്കും ഇതു ബാധകമാണ്. 
അതേസമയം, നിലവിൽ പ്രവർത്തിച്ചു വരുന്ന പത്രങ്ങൾ, ടി.വി ചാനലുകൾ, റോഡിയോ, മാഗസിനുകൾ എന്നിവയുടെ വെബ്‌സൈറ്റുകൾക്ക് ഈ ലൈസൻസ് നിയമം ബാധകമല്ല. സർക്കാർ, യുണിവേഴ്‌സിറ്റികൾ, സ്‌കുളുകൾ എന്നിവയുടെ വെബ്‌സൈറ്റുകളേയും ഈ നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
 

Latest News