Friday , December   14, 2018
Friday , December   14, 2018

ഓൺലൈൻ  മത്സ്യവിൽപന: മൊബൈൽ ആപ്പുമായി സിഎംഎഫ്ആർഐ

ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഓൺലൈൻ വഴി മീൻ വിൽക്കാൻ മത്സ്യത്തൊഴിലാളികൾക്കും മത്സ്യ കർഷകർക്കും അവസരമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മത്സ്യ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സിഎംഎഫ്ആർഐ വികസിപ്പിച്ച ഇകൊമേഴ്‌സ് വെബ്‌സൈറ്റ് ഇടനിലക്കാരെ ആശ്രയിക്കാതെ തന്നെ മീൻ വിൽപന നടത്താൻ സഹായകരമാകും. ഓൺലൈൻ വിപണനം കൂടുതൽ ജനകീയമാക്കാൻ മൊബൈൽ ആപ്പും വികസിപ്പിച്ചിട്ടുണ്ട്. 
കടലിൽ നിന്ന് പിടിക്കുന്നതും കൃഷി ചെയ്ത് വിളവെടുത്തതുമായ ഫ്രഷ് മീനുകൾ നേരിട്ട് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതാണ് സംവിധാനം. മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും നേതൃത്വത്തിൽ സ്വയം സഹായക സംഘങ്ങൾ രൂപീകരിച്ചാണ് ഓൺലൈൻ വിപണനം നടക്കുക. സമുദ്ര മത്സ്യ മേഖലയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം പഠനവിധേയമാക്കുന്ന സിഎംഎഫ്ആർഐയിലെ നാഷണൽ ഇന്നൊവേഷൻസ് ഓൺ ക്ലൈമറ്റ് റിസിലിയന്റ് അഗ്രികൾച്ചർ (നിക്ര) പദ്ധതിക്ക് കീഴിലാണ് വെബ്‌സൈറ്റും മൊബൈൽ ആപ്പും വികസിപ്പിച്ചത്. 
മത്സ്യ കർഷകരോ മത്സ്യത്തൊഴിലാളികളോ ഉൾപ്പെടുന്ന സ്വയം സഹായക സംഘങ്ങൾക്കാണ് സിഎംഎഫ്ആർഐയുടെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് വഴി മീൻ വിൽപന നടത്താൻ അവസരമുള്ളത്. വ്യത്യസ്ത സംഘങ്ങളുടേതായി പലതരം മീനുകൾ ഉപഭോക്താക്കൾക്ക് പ്രത്യേകമായി തിരഞ്ഞെടുക്കാനാകും.

കുളങ്ങളിലും കായലുകളിലും കൃഷി ചെയ്യുന്ന കാളാഞ്ചി, കരിമീൻ, ചെമ്മീൻ, തിലാപ്പിയ, ചെമ്പല്ലി, മോത തുടങ്ങിയ മത്സ്യങ്ങൾക്ക് പുറമെ, കടലിൽ നിന്ന് പിടിച്ച് ലാൻഡിംഗ് സെന്ററുകളിലെത്തുന്ന എല്ലാതരം കടൽ മത്സ്യങ്ങളും വിവിധ സ്വയം സഹായക സംഘങ്ങളുടെ കീഴിൽ ഓൺലൈൻ വിപണിയിൽ ലഭ്യമാകും.  മിതമായ വിലയിൽ ഗുണനിലവാരവുമുള്ള മത്സ്യങ്ങൾ ഓൺലൈനിലൂടെ ഉപഭോക്താക്കൾക്ക് വാങ്ങാനാകും. കഴുകി വൃത്തിയാക്കിയതും അല്ലാത്തതുമായ മത്സ്യങ്ങൾ ആവശ്യാനുസരണം തെരഞ്ഞെടുക്കാം. ആദ്യഘട്ടത്തിൽ കാഷ്ഓൺ ഡെലിവറിയായാണ് പണമിടപാടുകൾ. അടുത്ത ഘടത്തിൽ ഓൺലൈൻ പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തും. ഉപഭോക്താക്കളുടെ ഓർഡറുകൾ സ്വീകരിച്ച് യോജിച്ച സ്വയം സഹായക സംഘങ്ങൾക്ക് കൈമാറുന്ന ജോലി സിഎംഎഫ്ആർഐ നിർവഹിക്കും. വെബ്‌സൈറ്റ് വഴി ഓൺലൈൻ വിപണനം നടത്തുന്നതിന് നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് സിഎംഎഫ്ആർഐ പരിശീലനം നൽകിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ മീനുകൾ ഓൺലൈൻ വഴി വിപണനം ചെയ്ത് തുടങ്ങും. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ വരുമാന നഷ്ടത്തിന് ഒരു പരിഹാരമെന്ന നിലയ്ക്കാണ് സിഎംഎഫ്ആർഐ ഈ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് നിക്ര പദ്ധതിയുടെ മുഖ്യ ഗവേഷകനായ ഡോ. പി.യു സക്കരിയ പറഞ്ഞു. ലാഭവിഹിതം സ്വയം സഹായക സംഘങ്ങൾക്കിടയിൽ മാത്രമായി തന്നെ വീതിച്ചു പങ്കുവെക്കാം.