Saturday , May   26, 2018
Saturday , May   26, 2018

കുവൈത്തിൽ സ്വദേശിവൽക്കരണം  വിപുലമാക്കുന്നു 

കുവൈത്ത് സിറ്റി - കുവൈത്തിൽ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം വർധിപ്പിക്കാൻ മാനവശേഷി അതോറിറ്റിക്ക് നീക്കം. കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നിലവിൽ ബാധകമായ സ്വദേശിവൽക്കരണ അനുപാതം പുനഃപരിശോധിക്കും. സ്വദേശികളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്കുള്ള സഹായം 100 കുവൈത്തി ദീനാറിൽ നിന്ന് 300 കുവൈത്തി ദീനാറായി ഉയർത്താനും നീക്കമുണ്ട്. പുതിയ സ്വദേശിവൽക്കരണ അനുപാതം അടുത്ത മാസം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 
പുതിയ ഭേദഗതികളുടെ ഭാഗമായി പത്രങ്ങൾ അടക്കമുള്ള മാധ്യമങ്ങളെ വ്യവസായ സേവന മേഖലാ വിഭാഗത്തിൽ ഉൾപ്പെടുത്തും. നിലവിൽ ഇവ സാമൂഹിക സേവന വിഭാഗത്തിലാണ.് എൻജിനീയറിംഗ് ഓഫീസുകൾ, എൻജിനീയറിംഗ് കമ്പനികൾ, ലോ ഓഫീസുകൾ, കൺസൾട്ടൻസികൾ എന്നിവയും വ്യവസായ സേവന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. 
വ്യവസായ സേവന വിഭാഗങ്ങൾക്ക് ബാധകമായ സ്വദേശിവൽക്കരണ അനുപാതം അഞ്ചിൽ നിന്ന് 10 ശതമാനമായി ഉയർത്താനാണ് ആലോചന. പുതിയ ഭേദഗതി പ്രകാരം പത്രങ്ങളിൽ കൂടുതൽ സ്വദേശികളെ നിയമിക്കേണ്ടി വരും. സ്വദേശിവൽക്കരണത്തിൽ നിന്ന് നേരത്തെ ഒഴിവാക്കിയ ചില തൊഴിലുകളെ വീണ്ടും ഉൾപ്പെടുത്തും. ഇതോടെ ഡ്രൈവറും ലേബറുമടക്കം എല്ലാ തൊഴിൽ മേഖലകളിലും നിശ്ചിത ശതമാനം സ്വദേശിവൽക്കരണം നിർബന്ധമാകും. വാണിജ്യ, കോൺട്രാക്ടിംഗ് മേഖലക്ക് മൊത്തത്തിൽ നാലു ശതമാനം സ്വദേശിവൽക്കരണം ബാധകമായിരിക്കും. സർക്കാർ പദ്ധതികളുടെ കരാറുകളേറ്റെടുത്ത കമ്പനികൾ അടക്കം മുഴുവൻ സ്ഥാപനങ്ങൾക്കും സ്വദേശിവൽക്കരണ അനുപാതം ബാധകമാക്കും. സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം നിർബന്ധമാകും. അലവൻസ് വിതരണത്തിനു പകരം സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് തൊഴിലുകൾ ലഭ്യമാക്കുന്നതിനാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.