Sunday , October   21, 2018
Sunday , October   21, 2018

നെല്ലിക്കയുണ്ടെങ്കിൽ ജീവിത ശൈലി രോഗങ്ങളില്ല

കാര്യമായ പണച്ചെലവില്ലാതെ ആരോഗ്യം സംരക്ഷിക്കാനുള്ള എളുപ്പ മാർഗമാണ് നെല്ലിക്ക. ദിവസവും നെല്ലിക്ക കഴിക്കുന്നത് പല തരം ജീവിത ശൈലി രോഗങ്ങളെയും അകറ്റിനിർത്താൻ സഹായിക്കും. വിറ്റാമിൻ സി, മിനറൽസ്, കാൽസ്യം, നാരുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ നെല്ലിക്ക രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരത്തിലെത്തുന്ന വിഷാംശങ്ങളെ പുറം തള്ളാനും സഹായിക്കും. അമിത വണ്ണമുള്ളവർക്കും പ്രമേഹ രോഗികൾക്കും കൊളസ്‌ട്രോൾ പ്രശ്‌നങ്ങളുള്ളവർക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് ഇന്ത്യൻ ഗൂസ്ബറി എന്നറിയപ്പെടുന്ന നെല്ലിക്ക. യൂഫോർബിയാസീ എന്ന സസ്യ കുടുംബത്തിൽ പെടുന്ന ഇല പൊഴിയുന്ന മരമാണ് നെല്ലി. സംസ്‌കൃതത്തിൽ ആമലകി, അമൃത ഫലം, ധാത്രിക തുടങ്ങിയ പേരുകളിലാണ് നെല്ലിക്ക അറിയപ്പെടുന്നത്. 
100 ഗ്രാം നെല്ലിക്കയിൽ 720 മുതൽ 900 മില്ലിഗ്രാം വരെ ജീവകം സി കാണപ്പെടുന്നു. വിറ്റാമിനുകൾ ധാരാളമായി ഉള്ളതിനാൽ നെല്ലിക്കയിലെ സക്രിയ ഘടകങ്ങൾ ഫലം ഉണങ്ങിയതിനു ശേഷവും പ്രയോജനപ്പെടുന്നു. സിയറ്റിൻ, സിയറ്റിൻറൈബോസൈഡ്, ഗ്ലൂക്കോഗാല്ലിക്ക് അമ്ലം, കോരിലാജിൻ, ചെബുളാജിക് അമ്ലം,  ഡൈ അല്ലൈൽ ഗ്ലൂക്കോസ്, എല്ലജിക് അമ്ലം, ലൂപ്പിനോൾ, ക്വർസെറ്റിൻ തുടങ്ങിയവയുടെ സാന്നിധ്യം നെല്ലിക്കയെ ഔഷധമൂല്യമേറിയ ഫലമാക്കി മാറ്റുന്നു. ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന പല മരുന്നുകളിലും നെല്ലിക്ക ചേർക്കാറുണ്ട്. 

നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങൾ
കരൾ, തലച്ചോർ, ഹൃദയം, ശ്വാസകോശം, ആമാശയം എന്നിവയുടെ പ്രവർത്തനം മികച്ചതാക്കാൻ നെല്ലിക്ക സഹായിക്കും.  
വിറ്റാമിൻ സിയാൽ സമൃദ്ധമായ നെല്ലിക്ക നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് കാഴ്ച ശക്തി വർദ്ധിപ്പിക്കും. പ്രമേഹം നിയന്ത്രിക്കാനും ശരീരത്തിലെ ഇൻസുലിൻ ഉൽപദാനം വർധിപ്പിക്കാനും നെല്ലിക്ക സ്ഥിരമായി കഴിച്ചാൽ മതിയാകും. ഹൃദ്രോഗങ്ങളെ അകറ്റി നിർത്താനും ഹൃദയ ധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും നെല്ലിക്കക്ക് കഴിവുണ്ട്. ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ഈ ഔഷധക്കായ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കാനും ഉപകരിക്കും. എല്ലുകളുടെയും പല്ലുകളുടെയും ശക്തി വർദ്ധിപ്പിക്കാനും ഓർമ്മശക്തി കൂട്ടാനും നെല്ലിക്ക കഴിക്കുന്നത് ഗുണം ചെയ്യും. 
ത്വക്ക് രോഗങ്ങളെ പ്രതിരോധിക്കാനും ചർമകോശങ്ങളുടെ ആരോഗ്യം വർധിപ്പിക്കാനും സൗന്ദര്യം നിലനിർത്താനും ഈ കായ നല്ലൊരു മാർഗമാണ്. രക്തശുദ്ധി വരുത്താനും വിഷാംശങ്ങളെ പുറംതള്ളാനും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. ദിവസവും രാവിലെ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് പല വിധത്തിലും ഉപകാരപ്രദമായിരിക്കും. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ശരീരത്തിൽ അൾട്രാവയലറ്റ് രശ്മി പതിച്ചുണ്ടാകുന്ന പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കാനും കണ്ണിന്റെ ആരോഗ്യം ക്ഷയിക്കാതിരിക്കാനും ഇതുപകരിക്കും. 
നെല്ലിമരം 8 മുതൽ 18 മീറ്റർ വരെ ഉയരത്തിലാണ് വളരുന്നത്. മാർച്ച്,  മെയ് മാസങ്ങളിൽ പുഷ്പിക്കുന്ന നെല്ലി മരത്തിന്റെ പൂക്കൾക്ക് പച്ച കലർന്ന മഞ്ഞ നിറമാണുള്ളത്. നാടൻ നെല്ലിക്കകൾ കായ്ക്കാൻ ആറു വർഷം വരെ സമയമെടുക്കും. എന്നാൽ ഒട്ടുതൈകൾ മൂന്ന് വർഷം കൊണ്ട് കായ്ക്കും. 
കേരളത്തിൽ നെല്ലിക്ക കൃഷി വ്യാപകമല്ലെങ്കിലും വീട്ടു മുറ്റത്ത് വളർത്തിയെടുക്കാവുന്നതാണ്. കൃത്യമായ പരിചരണം നൽകുകയാണെങ്കിൽ അടുക്കളത്തോട്ടങ്ങളിൽ പോലും ഔഷക്കൂട്ടായ നെല്ലിക്ക വിളയിച്ചെടുക്കാം.