Monday , January   21, 2019
Monday , January   21, 2019

പ്രവാസികളുടെ അലർജി പ്രശ്‌നങ്ങൾ

വിട്ടുമാറാത്ത ജലദോഷം, മൂക്കടപ്പ്, വായ തുറന്നുള്ള ശ്വാസോഛ്വാസം, മണവും രുചിയുമറിയായ്ക തുടങ്ങിയവ  ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന നിരവധിയാളുകൾ അനുഭവിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ്.  പകലും രാത്രിയും ഒരുപോലെ ശ്വസിക്കാൻ ബുദ്ധിമുട്ടുന്നവരുണ്ട്. മൂക്കിനകത്ത് ദശകൾ (ജീഹ്യു) വളരുന്നതും സൈനസ് അണുബാധയും ഗൾഫ് മലയാളികളിൽ സാധാരണ പ്രശ്‌നങ്ങളായി മാറിയിട്ടുണ്ട്. അലർജിക് റെനൈറ്റിസ് എന്ന ഈ അവസ്ഥ ഗൾഫ് പ്രവാസികളിൽ വർദ്ധിച്ചു വരുന്നതായാണ് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വ്യക്തമാക്കുന്നത്. പൊടിയും കാറ്റും   ഇടയ്ക്കുള്ള കാലാവസ്ഥ മാറ്റങ്ങളുമാണ് പ്രവാസികളെ ഈ അലർജി പ്രശ്‌നത്തിലേക്ക് എത്തിക്കുന്നത്. 
 

ലർജിക് റൈനൈറ്റിസ്
ആസ്തമ ശ്വാസകോശങ്ങളിലെ അലർജിയെങ്കിൽ, ഇത് മൂക്കിലെ അലർജിയാണ്. രണ്ടും ഒരു പ്രശ്‌നത്തിന്റെ വകഭേദങ്ങൾ മാത്രമാണ്. വീടിന് ചുറ്റുവട്ടത്തുള്ള പൊടി, ചെറിയ പ്രാണികൾ, പൂമ്പൊടി തുടങ്ങിയവയോട് രോഗിയിലുണ്ടാവുന്ന അമിതമായ പ്രതികരണമാണ് അലർജി. പലർക്കും ചുറ്റുപാട് തെയാണ് അലർജി ഉണ്ടാക്കുന്നത്. ചിലർക്ക് പാരമ്പര്യമായി അലർജിയുണ്ടാവുന്നു. ആസ്ത്മയുള്ള ചില രോഗികളിൽ മൂക്കിൽ അലർജി കാണാറുണ്ട്.

എ.സിയും തൊഴിൽ സാഹചര്യവും
ഗൾഫിൽ ജോലി ചെയ്യുന്ന പലർക്കും അലർജിയുണ്ട്. ഗൾഫ് രാജ്യങ്ങളിലെ അവർ ജോലി ചെയ്യുന്നിടത്തെ സാഹചര്യങ്ങളും അന്തരീക്ഷവും ഇതിന് പ്രധാന ഹേതുവാണ്. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പലർക്കും പൊടിപടലങ്ങളുമായി പൊരുത്തപ്പെടാൻ കഴിയണമെന്നില്ല. അവരുടെ ശരീരം പൊടിപടലങ്ങളെ പ്രതിരോധിക്കാൻ നടത്തുന്ന ശ്രമങ്ങൾ ശരീരത്തിൽ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. അതാണ് പിന്നീട് അലർജിയായി മാറുന്നത്. പൊടി പടലങ്ങളിൽ നിന്ന് മാറി നിൽക്കാനോ മുക്ത  നേടാനോ ശരീരം നടത്തുന്ന പ്രതിരോധം കൂടിയാണ് അലർജി. കാലാവസ്ഥാവ്യതിയാനങ്ങൾ ചിലരുടെ ശരീരത്തിൽ പ്രതികരണങ്ങളുണ്ടാക്കുന്നു. കടുത്ത ചൂടും തണുപ്പും പരിചയമില്ലാത്ത മലയാളിക്ക് അവ അലർജിയായി വരുന്നു. മുറികളിലും ഓഫീസുകളിലും രാവും പകലും ഒരുപോലെ ഉപയോഗിക്കുന്ന എസി പലർക്കും അലർജിയുണ്ടാകുന്നതിൽ പ്രധാന കാരണമാണ്. എയർ കണ്ടീഷണിങ് അന്തരീക്ഷത്തിലുണ്ടാക്കുന്ന മാറ്റം പലരിലും രോഗങ്ങളുണ്ടാക്കുന്നുണ്ട്. പലരിലും ജോലി സാഹചര്യങ്ങളും അലർജിയുണ്ടാക്കുന്നു. സൂപ്പർ മാർക്കറ്റുകളിൽ ജോലിയെടുക്കുന്ന സെയിൽസ്മാൻമാർക്കും സെയിൽസ് ഗേളിനും അവരുടെ ജോലിയിടങ്ങളിലെ ചില പ്രോഡക്റ്റുകളാണ് അലർജിയുണ്ടാക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്ന ജോലിക്കാർക്ക് പൊടിയും സിമന്റുമൊക്കെയാണ് അലർജിയുണ്ടാക്കുന്നത്. രോഗം ബാധിക്കുന്നവർക്ക് അതിന്റെ ഹേതു കണ്ടെത്താനാകണമെന്നില്ല. അതുകൊണ്ട് തന്നെ 'അലർജിനു' കളുടെ  മദ്ധ്യത്തിൽ അവർ ജോലിയെടുക്കുകയും രോഗമുക്തി പലപ്പോഴും അസാദ്ധ്യമാക്കുകയും ചെയ്യുന്നു. ഈ അലർജിക്കാർ നാട്ടിലെത്തിയാൽ ചികിത്സകരെ തേടിയെത്തുന്നു. എന്നാൽ പലർക്കും നാട്ടിലെത്തുമ്പോൾ അലർജി അപ്രത്യക്ഷമാകുന്നത് കാണാറുണ്ട്. ചുറ്റുപാട് മാറുമ്പോൾ അലർജിയും മാറുന്നു.
 

ജങ്ക് ഫുഡും പാലുൽപന്നങ്ങളും പ്രശ്‌നക്കാർ
പ്രവാസികളുടെ കുട്ടികളിൽ അലർജിയുടെ തീവ്രത കൂടുന്നതിന് പ്രധാന കാരണമാകുന്നത് ജങ്ക് ഫുഡുകളിലടങ്ങിയിരിക്കുന്ന ഗ്ലൂട്ടൻ എന്ന പദാർത്ഥമാണ്. പാലുൽപന്നങ്ങളുടെ അമിതോപയോഗത്താൽ അലർജിയുമായി ഗൾഫിൽനിന്നും വന്നെത്തുന്ന കുട്ടികളേയും കണ്ടിട്ടുണ്ട്.
അലർജി തുടക്കത്തിൽ തന്നെ ശരീരത്തിൽ ഉണ്ടാവുന്ന ചില മാറ്റങ്ങളിൽ നിന്ന് ശ്രദ്ധിക്കാവുന്നതാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ നിർത്താതെയുള്ള തുമ്മൽ, മൂക്കിലും കണ്ണിലും തൊണ്ടയുടെ ഉള്ളിലുമുള്ള ചൊറിച്ചിൽ, മണക്കാനുള്ള ശേഷിയിൽ വരുന്ന മാറ്റം, സ്ഥിരമായ മൂക്കടപ്പ്, ഭക്ഷണ രുചി നഷ്ടപ്പെടൽ തുടങ്ങിയവ കണ്ണ്, മൂക്ക് തൊണ്ട എന്നീ അവയവങ്ങളിലുണ്ടാക്കുന്ന അലർജിയുടെ പ്രധാന കാരണങ്ങളാണ്. ചിലരുടെ കൺപോളകളിൽ തടിപ്പും നിറവ്യത്യാസവും വരുന്നു. ആരംഭത്തിൽ തന്നെ ആവശ്യമായ ചികിത്സയെടുക്കാത്തവരിൽ കാലക്രമേണ മൂക്കിനുള്ളിൽ ദശവളരുന്നു. മൂക്ക് മുഴുവനായി അടയുമ്പോൾ വായയിലൂടെ രോഗികൾ ശ്വാസമെടുക്കാൻ നിർബന്ധിതരാവുന്നു. തടി കൂടുതലുള്ള രോഗികളിൽ ഇത് വളരെയേറെ ബുദ്ധിമുണ്ടുണ്ടാക്കുകയും ചെയ്യുന്നു.
 

ചികിത്സയും പ്രതിരോധവും
അലർജിക് റൈനൈറ്റിസ് ഉള്ള രോഗികളിൽ രക്തത്തിൽ അലർജിയുടെ അണുക്കൾ (ഋീശെിീുവശഹഹ) കൂടുതൽ കാണാറുണ്ട്. ഇതു കണ്ടെത്തി ചികിത്സ വിധിക്കുകയാണ് പതിവ്. അലർജിയുണ്ടാക്കുന്ന വസ്തുക്കൾ ചെറിയ അളവിൽ തൊലിപ്പുറത്ത് കുത്തിവെച്ച് അലർജിയുടെ ഹേതുവിനെ കണ്ടെത്താനുള്ള പരിശോധന മുറകളും ലഭ്യമാണ്. മൂക്കിലെ എൻഡോസ്‌കോപ്പി പരിശോധനയിൽ ദശയുണ്ടെങ്കിൽ അവയുടെ വലിപ്പവും വ്യാപ്തിയും വ്യക്തമാകും. സൈനസുകളിലെ മാറ്റങ്ങളറിയുന്നതിന് ശസ്ത്രക്രിയക്ക് മുമ്പ് സ്‌കാനിങ് നടത്തണം. 
ഗൾഫു രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരിൽ അലർജി പ്രത്യക്ഷപ്പെടുന്നുവെങ്കിൽ ചില മുൻകരുതലുകൾ ആവശ്യമാണ്. പൊടിപടലങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രതിരോധ തന്ത്രങ്ങളാണ് പ്രധാനം. വായയും മൂക്കും കൂടിക്കെട്ടുന്ന മാസ്‌ക്കുകൾ അവർ നിർബന്ധമായും ഉപയോഗിക്കണം. ചെറിയ തോതിലുള്ള തുമ്മലും ജലദോഷങ്ങളും തടയാൻ ഇതുകൊണ്ട് സാധിച്ചേക്കും. എ.സിയുടെ ഉപയോഗം അവർ കഴിവതും കുറക്കണം. രാത്രി മുഴുക്കെ എസിയിലുറങ്ങുന്നത് ഇവർ ഉപേക്ഷിക്കേണ്ടതാണ്. തീരെ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ എസിയുടെ മിതമായ ഊഷ്മാവിൽ കഴിയാൻ ശ്രമിക്കുക. അലർജിയുള്ള ഗൾഫുകാർ തങ്ങളുടെ കിടക്ക വിരി ഒന്നിടവിട്ട ദിവസങ്ങളിൽ മാറ്റുന്നത് നല്ലതാണ്. താമസ സ്ഥലം ശുചിയോടെ വെക്കാൻ ശ്രമിക്കണം. നിലത്തെ കാർപറ്റുകളിലും  പാരപ്പറ്റുകളിലുമുള്ള ശ്രദ്ധയിൽ പെടാത്ത പൊടിപടലങ്ങൾ മാറ്റാൻ ശ്രദ്ധവെക്കേണ്ടതുമുണ്ട്. ഇത്തരം മുൻകരുതലുകൾ രോഗത്തെ കുറക്കുന്നില്ലെങ്കിൽ വിദഗ്ധരുടെ സഹായം തേടുന്നതാണ് ഉചിതം.
മൂക്കിലടിക്കുന്ന സ്‌പ്രേകളാണ് അലർജി ചികിത്സയിലെ പ്രധാന മരുന്ന്. മൂക്കടപ്പ്, തുമ്മൽ, കണ്ണിലെ ചൊറിച്ചിൽ എിവയ്‌ക്കൊക്കെ സ്‌പ്രേ കൊണ്ട് പരിഹാരമുണ്ടായേക്കും. രണ്ടു നേരം ഉപയോഗിക്കുവാനും ഒരു നേരം ഉപയോഗിക്കുവാനുമുള്ള സ്‌പ്രേകൾ ഇന്ന് ലഭ്യമാണ്. എന്നാൽ പ്രവാസികളായ അലർജി രോഗികളിൽ ചിലർ സ്‌പ്രേ ഉപയോഗിച്ച് രോഗ ശമനം ഉണ്ടായിത്തുടങ്ങുമ്പോൾ അവയുടെ ഉപയോഗം സ്വയം നിർത്തുന്ന  പ്രവണത കാണാറുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ സ്‌പ്രേ നിർത്തുന്നത് നല്ലതല്ല. അലർജിയെ ചിലപ്പോൾ പൂർണ്ണമായി തുടച്ചുനീക്കാൻ മരുന്നുകൾക്കാവില്ലെങ്കിലും, രോഗ ലക്ഷണങ്ങൾ ശമിപ്പിക്കാൻ ചികിത്സ സഹായിക്കും.  ചിട്ടയായ ചികിത്സ ആവശ്യപ്പെടുന്ന ഒരു രോഗമാണ് അലർജിക് റൈനൈറ്റിസ്.
മരുന്നുകളോട് മാനസികമായ അലർജി വെച്ചുപുലർത്തുന്ന പ്രവാസി രോഗികളെ കണ്ടിട്ടുണ്ട്. അവരിൽ പലർക്കും ഭക്ഷണ ക്രമീകരണത്തിലൂടെയും വ്യായാമങ്ങളിലൂടെയും ചുറ്റുവട്ടത്തിലുണ്ടാക്കുന്ന മാറ്റങ്ങളിലൂടെയും കുറേയൊക്കെ അലർജിയെ വറുതിയിലാക്കാനാവും. അതിനുള്ള സാഹചര്യങ്ങൾ ഗൾഫ് നാടുകളിലെ ജോലിയെടുക്കു സ്ഥലങ്ങളിലുണ്ടാവണം. അതിനപ്പുറം ഭക്ഷണത്തിൽ ക്രമീകരണം നടത്താനും നിത്യവും വ്യായാമം ചെയ്യാനും അവർ തയ്യാറാവണമെന്ന് മാത്രം. അവയോടും മാനസികമായ അലർജിയെങ്കിൽ മെഡിക്കൽ ട്രീറ്റ്‌മെന്റ് തന്നെ അഭികാമ്യം.

കടപ്പാട്: 
ഡോ.പെബീത ഫാത്തിമ ഗൗസു
സെന്റ് ജോസഫ്‌സ് ഹോസ്പിറ്റൽ, 
മുക്കം, കോഴിക്കോട്

Latest News