Tuesday , October   23, 2018
Tuesday , October   23, 2018

വെടിനിർത്തൽ പ്രമേയത്തിൽ മാത്രം;  ബോംബ് വർഷിച്ച് സിറിയയിൽ സൈന്യം

മരണം എഴുന്നൂറിനടുത്ത്
രാസായുധം കൈമാറിയത് ഉത്തര കൊറിയ
ആരോപണം തെറ്റെന്ന് സിറിയ

ജനീവ/ദമാസ്‌കസ്- വെടിനിർത്തണമെന്നുള്ള ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശം കാറ്റിൽപറത്തി വിമതമേഖലയിൽ സിറിയൻ സൈന്യത്തിന്റെ രൂക്ഷമായ ആക്രമണം. കിഴക്കൻ ഗൗത്തയിലാണ് സിറിയൻ സൈന്യം നരനായാട്ട് തുടരുന്നത്. സിറിയൻ ഭരണകൂടത്തിനെതിരെ പൊരുതുന്ന വിമതർ തമ്പടിച്ചിരിക്കുന്ന മേഖലയാണിത്. പതിനൊന്ന് ദിവസമായി തുടരുന്ന ബോംബാക്രമണത്തിൽ നൂറുകണക്കിനാളുകൾക്കാണ് ഇതേവരെ ജീവൻ നഷ്ടമായത്. സിറിയൻ തലസ്ഥാനമായ ദമാസ്‌കസിന് സമീപം വിമതർക്ക് ഏറ്റവും കൂടുതൽ സ്വാധീനമുള്ള മേഖലയാണ് ഗൗത്ത. എട്ടുവർഷത്തോളമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിലെ ഏറ്റവും കഠിനമായ നാളുകളിലൂടെയാണ് സിറിയ ഇപ്പോൾ കടന്നുപോകുന്നത്. 
ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് സിറിയയിൽ ഒരുമാസത്തെ വെടിനിർത്തൽ നടപ്പാക്കണമെന്ന് യു.എൻ ആവശ്യപ്പെട്ടത്. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ അകമഴിഞ്ഞ് സഹായിക്കുന്ന റഷ്യയുടെ കൂടി പിന്തുണയോടെയായിരുന്നു വെടിനിർത്തൽ പ്രമേയം പാസാക്കിയിരുന്നത്. എന്നാൽ ഇത് പ്രാവർത്തികമായില്ല. ഭീകരവാദ സംഘങ്ങൾക്കെതിരായ യുദ്ധത്തിന് വെടിനിർത്തൽ ബാധകമല്ലെന്ന ന്യായം പറഞ്ഞാണ് സിറിയ ആക്രമണം തുടരുന്നത്. ദിവസവും അഞ്ചു മണിക്കൂർ വെടിനിർത്തൽ നടപ്പാക്കാമെന്നാണ് റഷ്യയുടെ വാദം. മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുമാണ് അഞ്ചു മണിക്കൂർ നേരത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. ചൊവ്വാഴ്ച്ച ഇത്തരത്തിൽ അഞ്ചു മണിക്കൂർ വെടിനിർത്തൽ ആദ്യമായി പ്രാബല്യത്തിൽ വന്നെങ്കിലും അതിന് നിമിഷങ്ങളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബോംബാക്രമണവും ഷെൽവർഷവും നടന്നതോടെയാണ് അഞ്ചുമണിക്കൂർ വെടിനിർത്തൽ തകർന്നത്. വിമതരാണ് ബോംബാക്രമണം നടത്തിയത് എന്നായിരുന്നു സിറിയയുടെയും റഷ്യയുടെയും വാദം. എന്നാൽ വിമതർ ഇക്കാര്യം നിഷേധിച്ചു. സർക്കാറിനെ ഭയമുള്ളതിനാൽ ജനം കിഴക്കൻ ഗൗത്ത വിട്ടുപോകാൻ തയ്യാറല്ലെന്നും വിമതർ വ്യക്തമാക്കുന്നു. 
ഇന്നലെ ഈസ്റ്റേൺ ഗൗത്തയിലെ ഹാവ്ഷ് അൽ ദൗഹറ മേഖലയിലാണ് സിറിയൻ സൈന്യം വ്യോമാക്രമണം നടത്തിയത്. ഈ മേഖലയിൽ സൈന്യം വൻ മുന്നേറ്റം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം, സൈന്യവും തിരിച്ചടി നേരിടുന്നതായും റിപ്പോർട്ടുണ്ട്.  
രാസായുധം തങ്ങളുടെ കൈവശമില്ലെന്ന് സിറിയ വ്യക്തമാക്കി. യുനൈറ്റഡ് നേഷൻസിലെ സിറിയൻ അംബാസഡർ ഹുസാമുദ്ദീൻ ആല വ്യക്തമാക്കി. രാസായുധം ഉപയോഗിക്കുന്നുവെന്ന തെറ്റായ ആരോപണമാണ് മറ്റുള്ളവർ ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ കൈവശം രാസായുധ ശേഖരമില്ല. അതേസമയം, ഐസിസ് അടക്കമുള്ള ഭീകരരുടെ കൈവശം രാസായുധ ശേഖരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.