Sunday , January   20, 2019
Sunday , January   20, 2019

ശ്രീദേവിയെ അന്ത്യയാത്രയാക്കിയ അഷ്‌റഫ് താമരശ്ശേരിക്ക് പറയാനുള്ളത് 

അജ്മാൻ- ക്യാമറകളുടെ കാഴ്ചവട്ടത്തിനും ആരാധകരുടെ കണ്ണുകൾക്കുമപ്പുറം ശ്രീദേവിയുടെ മൃതദേഹം ദുബായ് ആരോഗ്യ വകുപ്പിനു കീഴിലുള്ള എംബാമിങ് കേന്ദ്രത്തിലെ ലളിതമായ ഒരു മോർച്ചറിക്കുള്ളിൽ നിന്നും ഒപ്പിട്ടു ഏറ്റുവാങ്ങാൻ ഉണ്ടായിരുന്ന ഒരേ ഒരാൾ അഷ്‌റഫ് താമരശ്ശേരി എന്ന പ്രവാസി മലയാളിയായിരുന്നു. ശ്രീദേവിയുടെ മരണത്തിലൂടെ ഒരിക്കൽ കൂടി മാധ്യമശ്രദ്ധ നേടിയ അഷ്‌റഫിന് ചൊവ്വാഴ്ചയും പതിവു പോലെ ഒരു സേവന ദിവസം മാത്രമായിരുന്നു. ശ്രീദേവിയുടെ ബന്ധുക്കളും ബോളിവുഡും ഇന്ത്യയിലെ ആരാധാകരും മൃതദേഹം ഒന്നു വിട്ടു കിട്ടാൻ അക്ഷമരായി കാത്തിരിക്കുമ്പോൾ ഓടി നടന്ന് രേഖകളെല്ലാം ശരിയാക്കുന്ന തിരക്കിലായിരുന്നു അഷ്‌റഫ് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ. യു.എ.ഇയിൽ മരിക്കുന്നവരുടെ അവസാന രക്ഷകനായി എപ്പോഴും അവതരിക്കുന്ന അഷറഫ് കഴിഞ്ഞ ദിവസം ശ്രീദേവിയുടെ മൃതദേഹത്തോടൊപ്പം മറ്റു നാലു പ്രവാസികളുടെ മൃതദേഹങ്ങൾ കൂടി ഏറ്റുവാങ്ങി അവരവരുടെ നാടുകളിലേക്ക് തിരിച്ചു കൊണ്ടു പോകാൻ സഹായിക്കുന്ന തിരക്കിലായിരുന്നു.  

രണ്ടു പതിറ്റാണ്ടോളമായി യുഎഇയിൽ പ്രവാസം ജീവിതം നയിക്കുന്ന അഷ്‌റഫ് ഇതിനകം സാധാരണക്കാരും സമ്പന്നരും ഉൾപ്പെടെ 38 രാജ്യക്കാരുടെ 4,700 ഓളം മൃതദേഹങ്ങൾ ഏറ്റു വാങ്ങി തിരിച്ചയക്കാൻ സഹായിച്ചിട്ടുണ്ട്. ഇവിടെ വച്ചു മരിച്ചാൽ പ്രശസ്തരായാലും സാധാരണ പ്രവാസികളായാലും കർശനമായ നടപടിക്രമങ്ങൾക്കു ശേഷമെ മൃതദേഹം രാജ്യത്തിനു പുറത്തേക്കു കൊണ്ടു പോകാൻ അനുവദിക്കൂ. അധികമാരും ഏറ്റെടുക്കാനില്ലാത്ത ഈ സേവനം തന്റെ ഒരു ഉത്തരവാദിത്തം എന്ന പോലെയാണ് ചെയ്യുന്നതെന്ന് അഷ്‌റഫ് പറയുന്നു. അഷ്‌റഫ് നാട്ടിലെത്തിച്ചവയിൽ ഏറെയും ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ്.

'യു.എ.ഇയിലെ ഏതു എമിറേറ്റിൽ മരിച്ചാലും നപടിക്രമങ്ങളെല്ലാം ഒന്നാണ്. യു.എ.ഇ അധികൃതരെ സംബന്ധിച്ചിടത്തോളം മരിച്ചത് ആരാണെന്നത് പ്രസക്തമല്ല. എല്ലാവരും തുല്യരാണ്. ആശുപത്രിക്കു പുറത്തു വച്ചു മരിച്ചാൽ അവരെത്തി മൃതദേഹം ആശുപത്രിയിലെത്തിക്കും. പരിശോധനകൾക്കു ശേഷം പോലീസിന്റെ മോർച്ചറിയിലേക്കു മാറ്റും. മരിച്ചയാൾ സമ്പന്നരെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ല,' അഷ്‌റഫ് പറയുന്നു. 
ശ്രീദേവിയുടേതുൾപ്പെടെ അഞ്ചു മൃതദേഹങ്ങളാണ് ചൊവ്വാഴ്ച അഷ്‌റഫിന് കൈകാര്യം ചെയ്യാനുണ്ടായിരുന്നത്. പതിവു പോലെ മറ്റൊരു തിരക്കേറിയ ദിവസം. 54കാരിയായ ശ്രീദേവി ശനിയാഴ്ച രാത്രിയാണ് ഹോട്ടൽ മുറിയിലെ ബാത്ത് ടബിൽ വീണു മുങ്ങി മരിച്ചത്. സംഭവം അറിഞ്ഞതോടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസി അധികൃതർ നടപടിക്രമങ്ങളെല്ലാം ഉടനടി പൂർത്തീകരിച്ചു. പാസ്‌പോർട്ട് റദ്ദാക്കലുൾപ്പെടെ എല്ലാം വേഗത്തിൽ ചെയ്‌തെങ്കിലും നിർബന്ധമായ ഒരു പോലീസ് ക്ലിയറൻസ് ലഭിക്കാൻ വൈകിയതാണ് ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ വൈകിയതിനു കാരണമെന്ന് അഷ്‌റഫ് പറയുന്നു.  വിവരങ്ങളിറിയാൻ മാധ്യമപ്രവർത്തകരും അധികൃതർ പോലും അഷ്‌റഫിനെയാണ് സമീപിക്കുന്നത്. അകത്ത് ശ്രീദേവിയുടെ മൃതദേഹം എംബാം ചെയ്തു കൊണ്ടിരിക്കുമ്പോൾ അവസാന രേഖകളും ശരിയാക്കുന്ന തിരക്കിലായിരുന്നു അഷ്‌റഫ്. എല്ലാം പൂർത്തിയാക്കി ഒപ്പിട്ടു മൃതദേഹം ഏറ്റുവാങ്ങി ശ്രീദേവിയുടെ ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു. 
എല്ലാം കഴിഞ്ഞ് ചൊവ്വാഴ്ച രാത്രിയാണ് അഷ്‌റഫ് അജ്മാനിലെ വീട്ടിലെത്തിയത്. ദുബായിയുടെ തിരക്കുകളിൽ നിന്ന് മാറി നിൽക്കുന്ന ഈ ചെറിയ എമിറേറ്റിലാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം അഷറഫ് കഴിയുന്നത്. ഇവിടെ ഒരു മെക്കാനിക്ക് ഷോപ്പ് നടത്തുകയാണെങ്കിലും അഷ്‌റഫിന്റെ കാര്യമായ ശ്രദ്ധ തന്റെ സേവനപ്രവർത്തനങ്ങളിലാണ്. വീട്ടിനുള്ളിലെ ഷെൽഫുകൾ നിറയെ പുരസ്‌കാരങ്ങളും ഉപഹാരങ്ങളും കാണാം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം നിൽക്കുന്ന ഒരു ഫോട്ടോയും. 'എനിക്ക് ദൈവാനുഗ്രഹം ലഭിക്കാനാണ് ഞാനിതൊക്കെ ചെയ്യുന്നത്. മരിച്ചവരെ നാട്ടിലെത്തിക്കാൻ എന്തു ചെയ്യണമെന്ന് ആർക്കും അറിയില്ല. അതുകൊണ്ടു കൂടിയാണ് ഞാൻ ഇതിനു മുന്നിട്ടിറങ്ങിയിരിക്കുന്നത്,' സഹായം തേടിയുള്ള മറ്റൊരു ഫോൺ കൂടി അറ്റൻഡ് ചെയ്യാൻ ഒരുങ്ങവെ അഷ്‌റഫ് പറഞ്ഞു. 
വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസാണ് അഷ്‌റഫ് താമരശേരിയുടെ അഭിമുഖം ഇന്ന് പ്രസിദ്ധീകരിച്ചത്.