Monday , March   25, 2019
Monday , March   25, 2019

ജിദ്ദയുടെ കെ.സി പ്രവാസത്തോട് വിട പറയുന്നു

ജിദ്ദ- ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക, രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.സി അബ്ദുറഹ്മാൻ എന്ന കെ.സി പ്രവാസത്തോട് വിടപറയുന്നു. 37 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ജോലി ആവശ്യാർഥവും സഞ്ചാരിയെന്ന നിലയിലും 22 രാജ്യങ്ങൾ സന്ദർശിക്കുന്നതിനും സൗദി അറേബ്യ മുഴുവൻ യാത്ര ചെയ്യുന്നതിനുമുള്ള സൗഭാഗ്യം മലപ്പുറം അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ കുന്നുംപുറത്തുകാരന് ലഭിച്ചിട്ടുണ്ട്. 
പി.എസ്.എം.ഒ കോളേജിലെ അവസാനവർഷ ഡിഗ്രി വിദ്യാർഥിയായിരിക്കെ മൂത്ത സഹോദരൻ നൽകിയ വിസയിൽ 1981 ഫെബ്രുവരി 21നു ജിദ്ദയിലെത്തിയ അബ്ദുറഹ്മാൻ മറൈൻ സ്‌പോർട്‌സ് ഷോറൂമിലെ കസ്റ്റമർ കെയർ അസിസ്റ്റന്റ് ആയിട്ടായിരുന്നു ജോലിയിൽ പ്രവേശിച്ചത്. മുങ്ങൽ വിദഗ്ധരും സ്‌നോർക്കലിംഗ് പരിശീലകരും ഉപയോഗിക്കുന്ന സാമഗ്രികൾ വിൽക്കുന്നിടം. വിൽപന നടന്നതിന് ശേഷം മാത്രമെ സാമഗ്രികൾ അടങ്ങിയ പാക്കറ്റ് ഇടപാടുകാർക്ക് തുറന്നു കാണിക്കാൻ പാടുള്ളൂവെന്നാണ് ചട്ടം.  ഇതറിയാതെ പാക്കറ്റ് തുറന്ന് ഇടപാടുകാർക്കു കാണിച്ചുകൊടുക്കുന്നുണ്ടെന്ന വിവരം കുറച്ചു നാളുകൾക്കു ശേഷം സ്‌പോൺസർ അറിയാനിടയായി. ഇങ്ങനെ തുറന്ന സാധനങ്ങൾ ഇനി വിൽക്കാനാവില്ലെന്ന് കടയുടമ ദേഷ്യത്തോടെ പറഞ്ഞതോടെ ആ ജോലിയിൽനിന്നു വിടപറഞ്ഞു. പിന്നീട് രണ്ടാഴ്ചയോളം ഒരു പഞ്ചനക്ഷത്ര റസ്റ്റോറന്റിൽ ജോലി ചെയ്തു. അവിടെനിന്ന് ബ്രിട്ടീഷ് കമ്പനിയായ തോൺ ഇ.എം.ഐ ഗ്രൂപ്പിന്റെ ഫയർ പ്രൊട്ടക്ഷൻ ആന്റ് സെക്യൂരിറ്റി സിസ്റ്റംസ് ഡിവിഷനിൽ ചേർന്നു. ബ്രിട്ടീഷുകാരുടെ ഇംഗ്ലീഷ് ഉച്ചാരണരീതിയൊക്കെ തുടക്കത്തിൽ മനസ്സിലാക്കാൻ പ്രയാസമായിരുന്നുവെങ്കിലും അവിടത്തെ 10 വർഷത്തെ ജോലിയും അവരുമായുള്ള സഹവാസവും ഭാഷാപരിജ്ഞാനവും   സെക്യൂരിറ്റി സിസ്റ്റത്തെക്കുറിച്ചുള്ള അവബോധവും ഉണ്ടാക്കാൻ അബ്ദുറഹ്മാനെ ഏറെ തുണച്ചു. 1990 ഓഗസ്റ്റ് രണ്ടിന് ഇറാഖ് കുവൈത്തിനെ ആക്രമിച്ചതിനോടനുബന്ധിച്ചുണ്ടായ  പ്രശ്‌നങ്ങളുടെ ഭാഗമായി ജോലിയിൽ നിന്ന് മാറേണ്ടിവന്നു.  
അതേവർഷം സെപ്റ്റംബർ 23ന് ബഹുരാഷ്ട്ര കമ്പനിയായ യൂണിലിവറിൽ ജോലി കിട്ടി.  യു.കെയിലെ  ബ്രിസ്റ്റളിലെ യൂണിലിവർ എക്‌സ്‌പോർട്‌സ് ലിമിറ്റഡ് ആയിരുന്നു അക്കാലത്തു യൂണിലിവറിന്റെ സൗദി അറേബ്യയിലെ കാര്യങ്ങൾ നോക്കിയിരുന്നത്. 1992ൽ ജി.സി.സി രാജ്യങ്ങളിലെ പ്രവർത്തനം ബ്രിസ്റ്റളിൽനിന്ന് പുതുതായി രൂപംകൊണ്ട യൂണിലിവർ അറേബ്യക്ക് ലഭിച്ചു. അന്നു മുതൽ 27 വർഷം യൂണിലിവറിൽ വിവിധ സ്ഥാനങ്ങളിലും ഡിവിഷനുകളിലുമായി ജോലി ചെയ്തുവരികയാണ്. അഡ്മിനിസ്‌ട്രേഷൻ മുതൽ സെയിൽസ്, പ്ലാനിംഗ്, പ്രൊക്യൂർമെൻറ്, ലോജിസ്റ്റിക്‌സ്, കസ്റ്റമർ സർവീസ്, സപ്ലയർ ഡവലപ്‌മെന്റ് തുടങ്ങിയ മേഖലകളിലൊക്കെ  പ്രവർത്തിക്കാനായി. സൗദിക്കു പുറമെ ഇറാനും യുനൈറ്റഡ് അറബ് എമിറേറ്റ്‌സും കെനിയ, ഘാന തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളും അബ്ദുറഹ്മാന്റെ പ്രവർത്തന മേഖലകളായിരുന്നു. ഇക്കാലയളവിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് നിരവധി പുതിയ കമ്പനികളുമായി വ്യാപാര ബന്ധം സ്ഥാപിക്കാനും അവയെയൊക്കെ യൂണിലിവർ നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനും ഇദ്ദേഹത്തിനായി. 
ഇതിനിടെയായിരുന്നു ജോലി ആവശ്യാർഥമുള്ള യാത്രകളത്രയും. യൂണിലിവറിലെ നാളുകൾ വിജ്ഞാന രംഗത്ത് വലിയ നേട്ടങ്ങളാണ് തനിക്കു സമ്മാനിച്ചതെന്ന അബ്ദുറഹ്മാൻ പറയുന്നു.  എന്നെ സംബന്ധിച്ചേടത്തോളം ഇതൊരു ലോകോത്തര നിലവാരത്തിലുള്ള  യൂണിവേഴ്‌സിറ്റിയാണ്.  അമേരിക്കൻ പ്രൊഡക്ഷൻ ആന്റ് ഇൻവെന്ററി കൺട്രോൾ സൊസൈറ്റിയിൽ (അപിക്‌സ്) നിന്നും യൂറോപ്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പർച്ചെയ്‌സിംഗ്  മാനേജ്‌മെന്റിൽ നിന്നും സർട്ടിഫിക്കേഷൻ കോഴ്‌സുകൾ ചെയ്യാനായതും നിരവധി ഇന്റർനാഷണൽ പരിശീലനങ്ങളിൽ പങ്കെടുക്കാനായതും യൂണിലിവറിൽ ജോലി ചെയ്തതുകൊണ്ടു മാത്രമാണ്.  ഇത്തരം കോഴ്‌സുകളുടെയും പരിശീലനങ്ങളുടെയും പിൻബലത്തിൽ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും വിവിധ യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും പരിശീലനക്കളരികൾക്ക് നേതൃത്വം കൊടുക്കാനും ഇദ്ദേഹത്തിനായിട്ടുണ്ട്. നിരവധി സി.എസ്.ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി)  പ്രൊജക്ടുകൾ ചെയ്യാനും കെ.സിക്കായി. യൂണിലിവർ സ്റ്റാൻഡേർഡ്‌സ് ഓഫ് ലീഡർഷിപ് അവാർഡ് ഉൾപ്പെടെ ഒട്ടേറെ പെർഫോർമൻസ് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ എല്ലാ ഭാഗത്തും സഞ്ചരിച്ച് സ്വദേശികളുമായും വിദേശികളുമായും അവരുടെ ജീവിത രീതിയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും പഠിച്ചിട്ടിട്ടുണ്ട്.  ഇത്തരം പഠന റിപ്പോർട്ടുകൾ വ്യാപാര രംഗത്ത് ഏറെ പ്രയോജനം ചെയ്തിരുന്നു.  യാത്രകൾ ഇന്നും ഒരു ഹരമായി ഇദ്ദേഹം കൊണ്ടു നടക്കുന്നു. 
ഇതിനിടെ ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിനും ഇദ്ദേഹത്തിനായി. സൗദി ഇന്ത്യൻ എയർ ട്രാവലേഴ്‌സ് അസോസിയേഷൻ (സിയാട്ട) സ്ഥാപകനും ചെയർമാനുമാണ്. കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട നിരവധി പരിപാടികളും വിമാനയാത്രയുമായി ബന്ധപ്പെട്ട്  പ്രവാസി യാത്രക്കാർക്കായുള്ള ബോധവൽക്കരണവും നടത്തിയിട്ടുണ്ട്.  രാജീവ് യൂത്ത് ഫൗണ്ടേഷൻ ജിദ്ദ ചാപ്റ്റർ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക സിമ്പോസിയം കമ്മിറ്റി  ജിദ്ദ എന്നിവയുടെ ചെയർമാനും സൈൻ ജിദ്ദ ചാപ്റ്റർ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു.  
കുന്നുംപുറം പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സെന്റർ  ജിദ്ദ ചാപ്റ്റർ ജനറൽ കൺവീനർ , കുന്നുംപുറം ചെപ്പിയാലം മഹല്ല് മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ,  പ്രിയദർശിനി കലാ കായിക വേദി ചെയർമാൻ, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് വെസ്‌റ്റേൺ റീജണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്, പി.എസ്.എം.ഒ കോളേജ് അലുംനി അസോസിയേഷൻ ഖജാൻജി, വായനക്കൂട്ടം കൺവീനർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.   ഭാര്യ: റുഖിയ. മൻ ഫായിസ്  ജിദ്ദയിൽ  ഇർഹാഫ് ട്രേഡിങ്ങിൽ ഓപ്പറേഷൻസ് മാനേജരായി ജോലിചെയ്യുന്നു.
മറ്റൊരു മകൻ ഹിഷാം അത്‌ലറ്റിക്‌സിൽ മൂന്നുതവണ നാഷണൽ ചാമ്പ്യൻ ആയിരുന്നു.  ഇപ്പോൾ ബിസിനസ് സംരംഭവുമായി നീങ്ങുന്നു. മകൾ സൽവ ഭർത്താവൊന്നിച്ചു ഒമാനിൽ താമസിക്കുന്നു. ഇംഗ്ലീഷ് ആനുകാലികങ്ങളിൽ ഫ്രീലാൻസ് കോളമിസ്റ്റുകൂടിയാണ് സൽവ. മറ്റു മക്കളായ മഹമൂദ് പ്ലസ് വണിനും റാഇദ് ഏഴാം ക്ലാസിലും പഠിക്കുന്നു.  
 

Latest News