Friday , December   14, 2018
Friday , December   14, 2018

സൗന്ദര്യവും ആഡംബരവും നിറഞ്ഞ  ദൽഹി ഓട്ടോ എക്‌സ്‌പോ

മലയാളിക്ക് കാർ ഒരു സ്വപ്‌നവും ആഗ്രഹവുമൊക്കെയായിരുന്നു ഒരു കാലത്ത്. നാട്ടുപ്രമാണിമാർ അംബാസഡർ കാറിൽ വീതികുറഞ്ഞ നിരത്തുകളിലൂടെ സഞ്ചരിക്കുമ്പോൾ അതിലൊന്ന് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്ത മലയാളികൾ കുറവായിരുന്നു. അംബാസഡറിൽ നിന്ന് മാരുതി കാറിലേക്കും അവിടെ നിന്നും പടിപടിയായി ബെൻസിനും അപ്പുറത്തേക്ക് എത്തി നിൽക്കുന്നു മലയാളിയുടെ കാർ പ്രണയം. 
ഇന്ത്യൻ കാർ വിപണിയിലേക്ക് ഏത് വാഹനമെത്തിയാലും ആദ്യത്തെ പത്തിൽ ഒന്ന് ഏതെങ്കിലുമൊരു മലയാളി സ്വന്തമാക്കിയിരിക്കും. അതറിയാവുന്ന കാർ കമ്പനികൾ സൗത്ത് ഇന്ത്യൻ വിപണിയെ നന്നായി ലക്ഷ്യമിടുന്നു. ഇത്തവണ ദൽഹി ഓട്ടോ എക്‌സ്‌പോ കാണാനെത്തിയവരിൽ മൂന്നാം സ്ഥാനം കേരളത്തിനാണ്. എക്‌സ്‌പോ നടത്തിപ്പുകാരുടെ സർവേയിൽ ദൽഹിക്കും ഉത്തർപ്രദേശിനും പിന്നാലെ കേരളമാണ് എത്തിയത്. കേരളത്തിന് പിന്നിലാണ് മുംബൈ അടങ്ങുന്ന മഹാരാഷ്ട്രയും കാർ കമ്പനികളുടെ വിളനിലമായ ഹരിയാനയും മറ്റും.


ദൽഹിയിലെ തണുപ്പു നിറഞ്ഞ ഫെബ്രുവരിയിലെ അഞ്ചുദിനങ്ങൾ ലോക വാഹന കമ്പനികളെല്ലാം ഗ്രേറ്റർ നോയിഡയിൽ സ്ഥാനം പിടിച്ചു. വെറുമൊരു കാർ എന്നതിലുപരി എത്രത്തോളം ആഡംബരം നിറഞ്ഞ കാർ നിരത്തിലെത്തിക്കാമെന്ന മൽസരത്തിലാണ് കാർ കമ്പനികളെന്ന് തോന്നിപ്പിക്കുന്നതായിരുന്നു എക്‌സ്‌പോ. ഇന്ത്യൻ കമ്പനിയായ ടാറ്റ പോലും യൂറോപ്യൻ രാജ്യങ്ങളെ വെല്ലുന്ന ആഡംബര കാറുകളുടെ ഉൽപ്പാദനത്തിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നു.
ആഡംബരത്തിന് പുറമെ സൗരോർജത്തെ ആശ്രയിച്ചുള്ള ഗതാഗതത്തിന് മുൻതൂക്കം നൽകുന്ന നിരവധി വാഹനങ്ങളുടെ മോഡലുകളും എക്‌സ്‌പോയിൽ അവതരിപ്പിച്ചു. അടുത്ത രണ്ടുവർഷംകൊണ്ട് ഇന്ത്യൻ കാർ വിപണിയിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് കമ്പനികൾ നൽകുന്ന സൂചന. ഇന്ധന ക്ഷാമം മറികടക്കാൻ എൽ.എൻ.ജിയിലേക്ക് വാഹനങ്ങളെ എത്തിച്ചെങ്കിലും അതും വാഹന രംഗം തരണം ചെയ്യുന്നില്ലെന്നതാണ് അനുഭവം. അതുകൊണ്ട് സൗരോർജം പരമാവധി ഉപയോഗപ്പെടുത്തുന്ന വാഹനങ്ങൾ കൂടുതൽ നിരത്തിലിറങ്ങണമെന്നതാണ് പുതിയ ലക്ഷ്യം. ബൈക്കുകൾ മുതൽ ബസും ട്രക്കുകളുമടങ്ങുന്ന വലിയ വാഹനങ്ങളുടെ വരെ ഇലക്ട്രിക് മോഡലുകൾ എക്‌സ്‌പോയിൽ സ്ഥാനം പിടിച്ചിരുന്നു. 


ഇന്ത്യൻ വാഹനലോകം എഴുപതാം വർഷം ആഘോഷിക്കുന്ന ഘട്ടത്തിൽ വാഹനങ്ങളുടെ കാഴ്ച ആസ്വദിക്കാനെത്തിയവരെ സ്വീകരിച്ചത് വിന്റേജ് കാറുകളുടെ കൂട്ടമാണ്. 1928ൽ ജനറൽ മോട്ടോഴ്‌സ് ആണ് ഇന്ത്യയിൽ ആദ്യമായി എത്തുന്നത്. വിവിധ ഭാഗങ്ങൾ വിദേശത്തുനിന്നെത്തിച്ച് കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ മുംബൈ ആയ ബോംബെയിലായിരുന്നു അവരുടെ ആസ്ഥാനം. അതേവർഷം പുറത്തിറക്കിയ ഷെവി എ.ബി സീരീസ് സെഡാനിൽ നിന്നാണ് നമ്മുടെ രാജ്യത്തെ വാഹന ചരിത്രം ആരംഭിക്കുന്നത്. അതുമുതൽ ഇങ്ങോട്ട് രാജ്യത്ത് വന്നുപോയ വാഹനങ്ങളുടെ മോഡലുകൾ വിന്റേജ് സെഷനിൽ ഒരുക്കിയിരുന്നു. 
ജയ്പൂർ സ്വദേശി ഹിമാൻഷു എന്ന വിന്റേജ് കാർ പ്രേമിയുടെ തലയിലുദിച്ച കാർട്ടിസ്റ്റ് എന്ന ആശയം എക്‌സ്‌പോയിൽ വിജയംകണ്ടു. നശിച്ചുതുടങ്ങിയ വാഹനത്തിന്റെ ഓരോ ഭാഗങ്ങളും എങ്ങനെ പുനരുപയോഗിക്കാമെന്നതിന്റെ സന്ദേശം കൂടിയായിരുന്നു കാർട്ടിസ്റ്റ്. ചിത്രകാരന് കാൻവാസുകളായി കാറും കണ്ടെയ്‌നറും ഓട്ടോയും. വഴിയരികിൽ ഉപേക്ഷിക്കുന്ന പൊട്ടിയ ടയറുകൾ ഉഗ്രൻ കസേരകൾ. കാറിന്റെ ഭാഗങ്ങൾ വീട്ടിലെ ഫർണിച്ചറുകളായി രൂപാന്തരപ്പെടുന്നത് എക്‌സ്‌പോ കാണികളിൽ കൗതുകം ജനിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വാട്ട്‌സ്ആപ്പിൽ പ്രചരിച്ചത് കാറിന്റെ മോഡലിലുള്ള വാട്ടർ ആണെങ്കിൽ എക്‌സ്‌പോ ഹാളിൽ കാറിന്റെ ബോഡി തന്നെ പുസ്തക ഷെൽഫായി മാറിയിരുന്നു. 


മഹീന്ദ്രയുടെ പവിലിയനിൽ രൂപവ്യത്യാസം വരുത്താതെ ആഡംബരം കുത്തിനിറച്ച് എക്‌സ്.യു.വി 500 തലയെടുപ്പോടെ നിന്നു. നിരത്തിൽ തകർപ്പൻ പ്രകടനം നടത്തുന്ന ജീപ്പ് കോംപസിനോട് മൽസരിക്കാൻ പാകത്തിന് എക്‌സ്.യു.വിയെ മാറ്റിയെടുത്തിരിക്കുന്നു. മഹീന്ദ്രയുടെ സ്‌പോർട്‌സ് കാറിനും കാണികളേറെയായിരുന്നു. 
മഹീന്ദ്രയുടെ പുതിയ കാറായ കെയുവിയുടെ ഇലക്ട്രിക് കൺസപ്റ്റും ജനശ്രദ്ധ നേടി. മഹീന്ദ്രയോട് ചേർന്ന് ജെ.ബി.എം സോളാർ ബസുകളാണ്. ലോഫ്‌ളോർ ബസുകളുടെ സോളാർ രൂപകൽപ്പന. ബസുകളുടെ മുകളിൽ സോളാർ പാനലുകൾ ഘടിപ്പിച്ച് അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ച ബസുകളിളെ ശീതീകരണസൗകര്യത്തിൽ ആസ്വദിക്കാനും വാഹന പ്രേമികൾ സമയം കണ്ടെത്തി. ഹോണ്ട പുതിയ കാറുകൾ അവതരിപ്പിച്ചില്ലെങ്കിലും ഭാവിയിൽ ലക്ഷ്യംവയ്ക്കുന്ന ഇലക്ട്രിക് ചെറുകാറുകളുടെ മോഡലുകൾ പ്രദർശിപ്പിച്ചിരുന്നു. അതിൽ സോളാർ സ്‌പോർട്‌സ് ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. 
ടൊയോട്ടാ ഇത്തവണ യാരിസ് എന്ന സെഡാനെയാണ് പരിചയപ്പെടുത്തിയത്. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കുകയും നിരത്ത് കീഴട്ക്കുകയും ചെയ്ത ക്രിസ്റ്റയുടെ നവീകരിച്ച മോഡലും ഇവിടെയുണ്ടായിരുന്നു. ആഡംബരത്തിൽ മുങ്ങിയ പ്രാഡോയുടെ പുതിയ വേർഷനും എത്തിയിരുന്നു. മാരുതിയുടെ ശ്രദ്ധേയമായ കാർ ഇക്കുറിയും സ്വിഫ്റ്റ് തന്നെയായിരുന്നു. സെലേരിയോ എക്‌സ് എന്ന പുതിയ മോഡലും എക്‌സ്‌പോയിലെത്തി. മാരുതിയും ഇലക്ട്രിക് കാറിന്റെ കൺസപ്റ്റ് അവതരിപ്പിച്ചിരുന്നു. 


ഇത്തവണത്തെ മേളയെ ആഘോഷമാക്കിയ സ്റ്റാളുകളിലൊന്ന് ടാറ്റയുടേതാണ്. നാനോ മുതൽ ട്രക്കുവരെ അവതരിപ്പിച്ച ടാറ്റയിൽ ശ്രദ്ധേയമായത് എച്ച്5എക്‌സ് എന്ന പുതിയ കാറാണ്. ഒരു വർഷത്തിനകം നിരത്തിലെത്തുമെന്ന് കരുതുന്ന എസ്.യു.വി ഗണത്തിൽപ്പെട്ട ഈ കാർ ആഡംബരത്തിന് ടാറ്റ എത്രത്തോളം വില നൽകുന്നുവെന്നതിന്റെ തെളിവുകൂടിയാണ്. 
ഏത് ഓട്ടോ ഷോകളിലും കാണികളുടെ ശ്രദ്ധാകേന്ദ്രമായ മഴ്‌സിഡസ് ബെൻസിന്റെയും ബി.എം.ഡബ്ല്യുവിന്റെയും പവലിയനിലായിരുന്നു തിരക്ക്. ബെൻസ് അവതരിപ്പിച്ചതിൽ ഏറ്റവും പുതിയത് എസ് 650 എന്ന മോഡലായിരുന്നു. ബെൻസും ഇലക്ട്രിക് കാറിന്റെ രൂപകൽപ്പന എത്തിച്ചിരുന്നു. 

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ബ്രാൻഡ് അംബാസഡറായ ബി.എം.ഡബ്ല്യു ഓട്ടോഎക്‌സ്‌പോയുടെ ആദ്യദിനം തന്നെ പുതിയ ഒരു കാർ ഇന്ത്യയ്ക്കുവേണ്ടി അവതരിപ്പിച്ചു. 2ലിറ്റർ പെട്രോൾ എഞ്ചിനിലുള്ള 6ജി.ടി എന്ന കാർ സച്ചിൻ തന്നെയാണ് പുറത്തിറക്കിയത്. അതിന്റെ വില 58.9 ലക്ഷത്തിൽ ആരംഭിക്കുന്നു. ലോകോത്തര ബ്രാൻഡായ മിനിയും അവരുടെ വിവിധ മോഡലുകൾ പ്രദർശിപ്പിച്ചിരുന്നു. ഈ മൂന്നുകമ്പനികളുടെയും ബൈക്കുകൾ കാണാനും അവയുടെ മോഡലുകൾക്കൊപ്പം നിന്നും സെൽഫിയെടുക്കാനും വൻതിരക്കനുഭവപ്പെട്ടു. ഈ കമ്പനികളുടെ കാറുകളുടെ ചെറു മോഡലുകൾ വിൽപ്പനയ്ക്ക് വച്ചിരുന്നു. 3000 രൂപയിൽ തുടങ്ങി 10 ലക്ഷം വരെയുള്ള ഷോക്കേസ് മോഡലുകൾ ചില്ലുകൂട്ടിൽ നിരത്തിയിരുന്നു. 
ഇന്ത്യയിൽ കാലൂന്നാൻ തയാറെടുത്തുനിൽക്കുന്ന കൊറിയൻ കമ്പനിയായ കിയ നിരവധി കാറുകൾ മേളയിൽ അവതരിപ്പിച്ചു. സുപ്രിം കോടതി മ്യൂസിയത്തിന് എതിർവശത്തുള്ള പ്രഗതി മൈതാനത്ത് ഓട്ടോമൊബൈൽ പാർട്‌സുകളുടെയും ആക്‌സസറീസുകളുടെയും വിപുലമായ പ്രദർശനമാണ് നടന്നത്. ലോകമെമ്പാടുമുള്ള നിർമാതാക്കൾ ഇവിടെ എത്തി. രാജ്യത്തെ കാർ അനുബന്ധഘടകങ്ങളുടെ വ്യാപാരികളുടെ വലിയകൂട്ടമാണ് ഇവിടെ സന്ദർശിച്ച് വ്യാപാരബന്ധം സ്ഥാപിച്ചത്.