Wednesday , December   12, 2018
Wednesday , December   12, 2018

കേരളത്തിന് ഇരട്ട സെമി

കോഴിക്കോട് - അറുപത്തിയാറാമത് ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകൾ സെമിയിൽ. ഇരു ടീമുകളും ഹരിയാനയെയാണ് ക്വാർട്ടറിൽ തോൽപിച്ചത്. വനിതകൾ പ്ലേ ഓഫിലൂടെ ക്വാട്ടർ ഫൈനലിലെത്തിയ ഹരിയാനയെ അനായാസം കീഴടക്കിയപ്പോൾ പുരുഷന്മാരെ ഹരിയാനക്കാർ വെള്ളം കുടിപ്പിച്ചു. സെമിയിൽ തമിഴ്‌നാടിന്റെ പുരുഷ, വനിതാ ടീമുകളെ കേരള ടീമുകൾ നേരിടും.
വനിതാ വിഭാഗത്തിൽ അഞ്ജു മോൾക്കും സംഘത്തിനും അധികം വിയർക്കേണ്ടി വന്നില്ല. സ്‌കോർ 25-16, 25-13, 25-14. എതിർ കോർട്ടിൽ നിന്ന് വരുന്ന പന്തുകൾ വരുതിയിലാക്കുന്നതിൽ മിടുക്ക് കാട്ടിയ ഹരിയാനക്ക് പക്ഷേ എതിർ കോർട്ടിൽ പന്ത് വീഴ്ത്താൻ നന്നെ പ്രയാസപ്പെടേണ്ടി വന്നു. ജിനിയും അനുശ്രീയും ലിഫ്റ്റ് ചെയ്യുന്ന പന്തിൽ നിന്ന് രേഖയും അഞ്ജു ബാലകൃഷ്ണനും സ്മാഷുകൾ ഉതിർത്തുകൊണ്ടിരുന്നു. ക്യാപ്റ്റനൊത്ത രീതിയിൽ അഞ്ജു മോൾ എതിർ കോർട്ടിലെ ശൂന്യതകൾ കണ്ടെത്തിയ പ്ലേസുകൾ കൂടിയായപ്പോൾ സെമി പ്രവേശം അനായാസമായി.
നാലു സെറ്റിലും ലീഡ് പലതവണ മാറിമറിഞ്ഞ ആവേശകരമായ പോരാട്ടത്തിൽ ഹരിയാനയെ 3-1 നാണ് പുരുഷ ടീം തോൽപിച്ചത്. സ്‌കോർ  30-32, 25-21, 25-18, 25-22. ആദ്യ സെറ്റിൽ കനത്ത ഭീഷണി ഉയർത്തി സെറ്റ് നേടിയ ഹരിയാന അടുത്ത സെറ്റുകളിലും ഇഞ്ചോടിഞ്ച് പൊരുതിയാണ് കീഴടങ്ങിയത്.
പുരുഷ വിഭാഗത്തിൽ ആന്ധ്രപ്രദേശിനെ 3-2 ന് തോൽപിച്ച് തമിഴ്‌നാടും (29-27, 22-25, 25-20, 23-25, 19-17) പഞ്ചാബിനെ 3-2 ന് തോൽപിച്ച് സർവീസസും (25-22, 25-21, 23-25, 22-25, 15-13) സെമിയിലെത്തി. ആന്ധ്ര-തമിഴ്‌നാട് മത്സരം ത്രസിപ്പിക്കുന്നതായി. ആദ്യ സെറ്റ് മുതൽ ഒപ്പത്തിനൊപ്പം മുന്നേറിയ ടീമുകൾ കാണികളെ ഹരം കൊള്ളിച്ചു.സർവീസസും പഞ്ചാബും തമ്മിലെ മത്സരത്തിൽ ആദ്യ രണ്ട് സെറ്റുകൾ സർവീസസ് സ്വന്തമാക്കിയപ്പോൾ അടുത്ത രണ്ട് സെറ്റുകൾ പഞ്ചാബിന്റെ വഴിക്കായി. ചെറിയ വ്യത്യാസത്തിന് അഞ്ചാം സെറ്റ് കൈവശപ്പെടുത്തിയാണ് പട്ടാളക്കാർ സെമിയിലെത്തിയത്. 
ഒന്നാം സെറ്റിൽ 20-20 വരെ ഒപ്പത്തിനൊപ്പം നീങ്ങിയെങ്കിൽ അനൂപ് സിംഗിന്റെയും നവീൻ കുമാറിനെയും മികവിൽ സർവീസസ് ലീഡ് സ്വന്തമാക്കുകയായിരുന്നു. ഇതാണ് രണ്ടാം സെറ്റിൽ ആവർത്തിച്ചത്. രണ്ടാം സെറ്റിൽ 23-23 വരെ ഒപ്പത്തിനൊപ്പമായിരുന്നു കളി. വനിതാ വിഭാഗത്തിൽ പശ്ചിമ ബംഗാളിനെ 3-1 ന് തോൽപിച്ച് (22-25, 25-17, 25-18, 25-15) മഹാരാഷ്ട്ര സെമിയിൽ കടന്നു.