Sunday , August   19, 2018
Sunday , August   19, 2018

യൂത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റു മരിച്ചു

മണ്ണാർക്കാട്ട് ഇന്ന് ഹർത്താൽ 
മണ്ണാർക്കാട്- നഗരത്തിൽ ഗുണ്ടാ ആക്രമണത്തിൽ യൂത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. നഗരസഭാ കൗൺസിലർ വറോടൻ സിറാജുദ്ദീന്റെ മകൻ സഫീർ (23) ആണ് മരിച്ചത്. കോടതിപ്പടിയിൽ ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.  കോടതിപ്പടിയിലെ തുണിക്കടയിൽ നിൽക്കുമ്പോൾ ഓടിയെത്തിയ മൂന്നംഗ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ആളുകൾ ഓടിക്കൂടുന്നതിനു മുമ്പ് സംഘം ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ  ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുന്തിപ്പുഴയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയാണ് യുവാവിന്റെ കൊലപാതകമെന്നാണ് സൂചന. കുന്തിപ്പുഴയിലെ മത്സ്യ മാർക്കറ്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സി.പി.ഐയും മുസ്‌ലിം ലീഗും തമ്മിലുള്ള തർക്കം സംഘട്ടനത്തിൽ കലാശിച്ചിരുന്നു. സഫീറിന്റെ വീടിനു നേരേ സ്‌ഫോടക വസ്തു എറിഞ്ഞതുമായി ബന്ധപ്പെട്ട ഒരു കേസ് നിലവിലുണ്ട്.  പ്രദേശത്ത് രാത്രിയും സംഘർഷാവസ്ഥ തുടരുകയാണ്. അക്രമികളെക്കുറിച്ച് സൂചനകൾ ലഭിച്ചതായി പോലീസ് അറിയിച്ചു. നമ്പിയൻകുന്ന് സ്വദേശികളായ മൂന്നു പേരാണ് സംശയത്തിന്റെ നിഴലിൽ. യുവാവിന്റെ മൃതദേഹം വട്ടമ്പലത്തെ സ്വകാര്യാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ഇന്ന് മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.

Latest News