Monday , March   25, 2019
Monday , March   25, 2019

ചുരുളഴിഞ്ഞു  ജാനകി ടീച്ചർ വധം 

എല്ലാവരുടെയും സ്‌നേഹവും നാടിന്റെ  വിളക്കുമായിരുന്ന പുലിയന്നൂർ സ്‌കൂളിലെ റിട്ടയേർഡ് പ്രധാനാധ്യാപിക പി വി ജാനകി ടീച്ചറുടെ ജീവൻ എടുത്തവർ ഇന്നലെ വരെ ഞങ്ങളോടൊപ്പം കളിച്ചും ചിരിച്ചും നടന്ന പിള്ളേരായിരുന്നുവെന്ന കാര്യം വിശ്വസിക്കാനാകാതെ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് പുലിയന്നൂർ ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങൾ. അന്വേഷണ ഉദ്യോഗസ്ഥന്മാർ  തലങ്ങും വിലങ്ങും പായുമ്പോഴും തെളിയാത്ത കേസിന്റെ കാര്യമോർത്ത് തല പുകയുമ്പോഴും സ്‌കൂളിലെ ബെഞ്ചിൽ ഇരുത്തി ആദ്യാക്ഷരം പകർന്നു നൽകി ആളാക്കി മാറ്റിയ ഗുരുനാഥയുടെ കഴുത്തിൽ കഠാര കുത്തിയിറക്കി ജീവൻ അപഹരിച്ച ഘാതകർ ഒന്നും സംഭവിക്കാത്ത മട്ടിൽ നാട്ടുകാർക്കും കൂട്ടുകാർക്കും ഒപ്പം വിലസുകയായിരുന്നു. നാടിനെ നടുക്കിയ ക്രൂരകൃത്യം തെളിവുകൾ ഒന്നും ഉപേക്ഷിക്കാതെ, ഇരു ചെവി അറിയാതെ മൂടിവെക്കുകയും ചെയ്ത പ്രതികൾ അരുണും വൈശാഖും റിനീഷും എഴുപത് ദിവസത്തിലേറെയായി നാട്ടിൽ തന്നെയുണ്ടായിരുന്നു. 
ജ്വല്ലറിയുടെ ബില്ലിന്റെ രൂപത്തിൽ തെളിവുകൾ പുറത്തേക്ക് വരുമെന്ന് ഒരിക്കൽ പോലും ഈ ഘാതകർ ചിന്തിച്ചിട്ടുണ്ടാവില്ല. വീടുമായി ഏറ്റവും അടുത്ത ബന്ധമുള്ളവരും നാട്ടുകാരുമായ ആരെങ്കിലും തന്നെയാകും പ്രതികളെന്ന ഉറപ്പോടെ തന്നെയാണ് തുടക്കം മുതൽ അന്വേഷണ സംഘം നീങ്ങിയിരുന്നത്.  പുലിയന്നൂർ ഗ്രാമം മുഴുവൻ പോലീസ് അരിച്ചുപെറുക്കുമ്പോൾ കൊലയാളികൾ അവരെ സഹായിച്ചും കൂലിപ്പണിക്ക് പോയും കൃഷിപ്പണി ചെയ്തും നാട്ടിൽ തന്നെയുണ്ടായിരുന്നു.  പ്രതികളെ എത്രയും വേഗത്തിൽ പിടികൂടണമെന്ന് ആവശ്യപ്പെടാൻ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചപ്പോഴും നാട്ടിൽ തന്നെയുള്ള പ്രതികൾക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. 
തങ്ങളിലേക്ക് എത്താൻ തെളിവുകൾ ഒന്നും അവശേഷിക്കുന്നില്ലെന്ന ധൈര്യമായിരുന്നു കൊലയാളി സംഘത്തിന്. കൊല്ലപ്പെട്ട ജാനകി ടീച്ചറുടെ വീടിന്റെ എതിർഭാഗത്തായി മുന്നൂറു മീറ്റർ ദൂരത്തിൽ അമ്പലത്തിനടുത്ത് ചീർക്കുളം എന്ന സ്ഥലത്താണ് മൂന്ന് പ്രതികളുടെയും വീടുകൾ. നോക്കിയാൽ കാണുന്ന ദൂരം. നാട്ടിൽ വലിയ പണികളൊന്നും ഇല്ലാതിരുന്ന പ്രതി വൈശാഖ് ഇടക്ക് കല്ലുകടത്താനൊക്കെ പോയിട്ടാണ് ജീവിക്കുന്നത്. അപസ്മാര രോഗിയായ യുവാവിന് എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിലുള്ളതിനാൽ  സഹായം ലഭിക്കുകയും ചെയ്യുന്നു. നാട്ടിൽ പറമ്പിലും വയലിലും നാടൻ പണിയെടുത്താണ് റിനീഷ് കഴിയുന്നത്. മൂന്ന് വർഷമായി ഗൾഫിൽ ആയിരുന്ന മുഖ്യ സൂത്രധാരൻ അരുൺ പുലിയന്നൂരിലെ പുതിയ അറക്കൽ ക്ഷേത്രത്തിൽ ഉത്സവം കൂടാനാണ് നാട്ടിലെത്തിയത്. അഞ്ചു മാസം നാട്ടിൽ കഴിഞ്ഞ അരുൺ ഇക്കഴിഞ്ഞ ജനുവരി നാലിനാണ് ഗൾഫിലേക്ക് തിരിച്ചുപോയത്. ഉത്സവം കൂടാൻ വിദേശത്തുള്ള എല്ലാവരും നാട്ടിൽ വരുന്ന പതിവുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അരുൺ വന്നുപോയതിനെ ആരും സംശയിച്ചിരുന്നില്ല. 
ഗൾഫിൽ പച്ച പിടിക്കാൻ കഴിയാത്തതിനാൽ പത്ത് കാശുണ്ടാക്കാൻ കവർച്ച ആസൂത്രണം ചെയ്തത് നാട്ടിൽ വന്ന ശേഷമായിരുന്നു. അതിനായി അരുൺ വൈശാഖിൻെറയും റിനീഷിന്റെയും സഹായം തേടി. ഇരുവരും ഓകെ പറഞ്ഞു. ആളും ബഹളവുമില്ലാതെ ഒറ്റക്ക് കഴിയുന്നവരെ തട്ടിക്കളയാനും കവർച്ച നടത്താനും തന്നെയായിരുന്നു പരിപാടി. ഒറ്റക്ക് താമസിക്കുന്ന റിട്ടയേർഡ് അധ്യാപകരായ കളത്തേര കൃഷ്ണൻ മാഷിന്റെയും ജാനകി ടീച്ചറുടെയും വീട് തെരഞ്ഞെടുക്കുന്നത് അങ്ങനെയാണ്. അമ്പലത്തിൽ ഉത്സവം നടക്കുകയും നാട്ടിലുള്ള മുഴുവൻ ആളുകളും അവിടെയാണെന്ന് അറിയുകയും ചെയ്ത പ്രതികൾ കൃത്യം നടപ്പിലാക്കാൻ പറ്റിയ സമയമെന്ന് കണ്ടെത്തുകയും അമ്പലത്തിൽ നിന്ന് പ്രതികൾ മൂവരും ചേർന്ന് രാത്രി ഒമ്പത് മണിയോടെ ടീച്ചറുടെ വീട്ടിൽ എത്തുകയും കോളിംഗ് ബെല്ലടിക്കുകയും ചെയ്യുകയായിരുന്നു. 
'ആ പണം ഈ വീട്ടിൽ ആർക്കും വേണ്ട സാർ, അന്യരുടെ മുതല് കൊണ്ട് ജീവിക്കണ്ട, എന്റെ മോൻ തെറ്റ് ചെയ്തിട്ടുണ്ടെകിൽ ഓനെ ശിക്ഷിക്കണം' ജ്വല്ലറിയുടെ രശീതി കിട്ടിയ വിവരം വിളിച്ചറിയിച്ചത് പ്രകാരം വീട്ടിൽ എത്തിയ ചീമേനി എസ് ഐ എം ഇ രാജഗോപാലിനോട് പ്രതിയായ വൈശാഖിന്റെ അച്ഛൻ രാമചന്ദ്രൻ പറഞ്ഞ വാക്കുകളാണിത്. പുലിയന്നൂർ ചീർക്കുളം അമ്പലത്തിന് സമീപം താമസിക്കുന്ന ചന്ദ്രന്റെ സത്യസന്ധമായ ഇടപെടലാണ് 70 ദിവസമായി നാട്ടുകാരെയും പോലീസിനെയും ആഭ്യന്തര വകുപ്പിനെയും വട്ടം കറക്കിയ പ്രമാദമായ കൊലപാതക കേസ് തെളിയാൻ ഇടവരുത്തിയത്.
 ചീമേനി ടൗണിൽ ഉന്തുവണ്ടിയിൽ കടല വിറ്റ് കുടുംബം പോറ്റാൻ അദ്ധ്വാനിക്കുന്ന രാമചന്ദ്രൻ വീട്ടിൽ നിന്നും വീണു കിട്ടിയ ജ്വല്ലറിയിലെ രശീത് ചീമേനി പോലീസിനെ വിളിച്ച് അവർക്ക് കൈമാറിയത്. ബില്ലിനെ കുറിച്ച് മകൻ വൈശാഖിനോട് അന്വേഷിച്ചപ്പോൾ അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.  പ്രതികളെ കണ്ടെത്താൻ പിന്നെ പോലീസിന് അധിക സമയം വേണ്ടിവന്നില്ല. അസുഖം ബാധിച്ച് ചികിത്സ തേടിയ ശേഷം ദൈവത്തിന്റെ കൃപയിൽ ജീവൻ തിരിച്ചുകിട്ടിയ ചന്ദ്രൻ കാണിച്ച സത്യസന്ധതയാണ് പോലീസിനെയും ആഹ്ലാദത്തിലാക്കിയത്. 
പ്രമാദമായ ജാനകി ടീച്ചർ കൊലക്കേസിലെ പ്രതികൾ പോലീസ് സ്റ്റേഷന്റെ മൂക്കിന് താഴെ ആരെയും കൂസാതെ വിലസിയിട്ടും ഇരുട്ടിൽ തപ്പുകയായിരുന്നു കഴിഞ്ഞ 70 ദിവസവും അന്വേഷണസംഘം. അവിചാരിതമായി ജ്വല്ലറി രശീത് കിട്ടിയില്ലെങ്കിൽ ഒരിക്കലും തെളിയിക്കപ്പെടാതെ പോകുമായിരുന്നു ഈ കേസ്. കൊല നടന്ന വീടിന്റെ 300 മീറ്റർ ദൂരത്തിൽ മൂന്ന് പ്രതികളും ഉണ്ടായിരുന്നു. പോലീസിന്റെ നീക്കങ്ങളിലെല്ലാം വ്യക്തമായി നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്ത ശേഷം ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് കഴിഞ്ഞ ജനുവരി നാലിന് അരുൺ ഗൾഫിലേക്ക് പോയത്. ചീമേനി പോലീസ് സ്റ്റേഷന്റെ പരിസരത്തും ടൗണിലുമായി ഇവർ വന്നു പോയിരുന്നു. രണ്ടു തവണ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതാണ് പോലീസ് ഈ പ്രതികളെ. നാട്ടിലെ മുഴുവൻ പേരെയും ചോദ്യം ചെയ്യാൻ വിളിച്ച കൂട്ടത്തിലാണ് ഇവരെയും വിളിപ്പിച്ചത്. ഇവരുടെ 'സത്യസന്ധമായ ' മറുപടി പോലീസ് വിശ്വസിച്ചു. അരുൺ പറഞ്ഞത് ഉത്സവം കൂടാൻ ഗൾഫിൽ നിന്നും എത്തിയത് എന്നായിരുന്നു. അത് കഴിഞ്ഞു പോവുകയും ചെയ്തു. ഡിസംബർ 13 ന് രാത്രി കവർച്ചയും കൊലയും നടന്നത് ആളുകൾ അറിയുകയും പോലീസും ജനങ്ങളും ഓടിയെത്തുകയും ചെയ്തപ്പോൾ പ്രതികൾ മൂന്ന് പേരും വീടിന്റെ പരിസരത്തു തന്നെയുണ്ടായിരുന്നു. പുലിയന്നൂർ റോഡിലെ കൾവർട്ടിന്റെ അകത്തും തൊട്ടടുത്ത കാടിനുള്ളിലും ഒളിച്ചിരിക്കുകയായിരുന്നു പ്രതികൾ. മൊബൈൽ ഫോണും വാഹനവും ഉപയോഗിക്കാത്തതിനാൽ പോലീസിന് ഇവരെ കണ്ടെത്തുക പ്രയാസമായി. 

Latest News