Monday , March   25, 2019
Monday , March   25, 2019

സൈബർ ലോകത്ത് തോറ്റു പോകുന്ന സി.പി.എം

മലയാളത്തിന്റെ തലയെടുപ്പുള്ള എഴുത്തുകാരൻ എൻ.എസ് മാധവനും (റിട്ട. ഐ.എ.എസ്)  മാധ്യമ രംഗത്തെ കാരണവരായ ബി.ആർ.പി ഭാസ്‌കറും തമ്മിൽ അൽപകാലം മുമ്പ്  നടന്ന ഒരു സംവാദം ഓർക്കുന്നു. ഇന്ത്യയിലെ സംഘ് പരിവാറിന് നവമാധ്യമ രംഗത്ത് വലിയ പിടിപാടില്ലെന്നോ, മറ്റോ ബി.ആർ.പി  ആലോചനാ രഹിതനായി ഒരു പരാമർശം നടത്തിയപ്പോൾ എൻ.എസ് മാധവൻ ബി.ആർ.പി എഴുതിയ  വീക്കിലിയിൽ തന്നെ  സുദീർഘ  മുഖലേഖനത്തിൽ അതിന് മറുപടി പറഞ്ഞു: സംഘ് പരിവാർ നവമാധ്യമ രംഗത്ത് പടർന്നഴ പന്തലിച്ചതിന്റെ സർവ്വ വിശദ വിവരങ്ങളും ആ ലേഖനത്തിലുണ്ടായിരുന്നു. നവമാധ്യമ  രംഗം മുന്നേറുന്നതിനൊപ്പം സംഘ് പരിവാറും സഞ്ചരിക്കുകയായിരുന്നു. മുന്നോട്ട് പോകാനാഗ്രഹിക്കുന്ന ഏത് സംഘടനയും ചെയ്യുന്ന കാര്യം മാത്രമേ സംഘ് പരിവാറും ഇവിടെ ചെയ്തിട്ടുള്ളൂ.  ഇപ്പോൾ ഇതോർക്കാൻ കാരണം കേരളത്തിലെ മുഖ്യ രാഷ്ട്രീയ പാർട്ടിയായ സി.പി.എമ്മിന്റെ സൈബർ ഇടപിന്നോക്കാവസ്ഥയെക്കുറിച്ചുള്ള വാർത്തകളും ചർച്ചയുമാണ്. 
സൈബർ ഇടത്തിൽ സി.പി.എമ്മിന്റെ പിന്നോക്കാവസ്ഥ മാത്രമല്ല പ്രശ്‌നം, രംഗത്തുളളവരുടെ അപക്വമായ ഇടപെടലുകളുമാണ്. ഏറ്റവും അവസാനം ശുഹൈബ് വധവുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ട സൈബർ പോസ്റ്റുകൾ പാർട്ടിയെ തന്നെ വലിയ പ്രതിസന്ധിയിലാക്കിക്കഴിഞ്ഞു.  
ഭാഷയിലെ മാന്യതയില്ലായ്മ, രാഷ്ട്രീയ നിലപാടുകളിലെ പാപ്പരത്തം എന്നിവയെല്ലാം ഒത്തുചേരുന്നതാണ് മിക്ക പാർട്ടി പോരാളികളിടെയും സൈബർ വാളുകൾ. പാർട്ടിക്കാരല്ലാത്തവരും കാണുന്ന ഇടമാണിതെന്ന ബോധമില്ലാത്തുകൊണ്ടൊന്നുമല്ല അവർ ഇങ്ങിനെയാകുന്നത്.   പ്രത്യയശാസ്ത്ര സ്ഥൈര്യമില്ലായ്മ കാരണം ആശയത്തെ ആശയം കൊണ്ട് നേരിടാൻ അവർക്കാവുന്നില്ല.  ഇത്തരം ഘട്ടത്തിലാണ് മാന്യമല്ലാത്ത പദങ്ങളിൽ എതിരാളിയെ നേരിടുന്നത്. 
സൈബർ രംഗത്ത് സജീവമായ പ്രമുഖ സഖാക്കൾക്ക് പോലും ഇക്കാര്യത്തിൽ ഉയർന്ന നിലവാരം പുലർത്താൻ സാധിക്കാറില്ല.  എതിരാളികളെ മോശക്കാരായി ചിത്രീകരിക്കാനും അരുതാത്ത പദങ്ങൾ കൊണ്ട് അവരെ അധിക്ഷേപിക്കാനും മാത്രമേ മിക്കയാളുകൾക്കുമറിയൂ. ഒരു പ്രത്യേക വിഭാഗവുമായി ബന്ധപ്പെട്ട സൈബർ പോസ്റ്റുകളിൽ നിന്ന് മൂരി എന്ന പദം ഉപേക്ഷിക്കണമെന്ന്  ഒരു ഘട്ടത്തിൽ ഡി.വൈ.എഫ് ഐ നേതാവ് മുഹമ്മദ് റിയാസിന് അഭ്യർഥിക്കണ്ടി വന്നതോർക്കുന്നു.  തികച്ചും വംശീയമായ അധിക്ഷേപമടങ്ങുന്നതാണ് മൂരിപ്രയോഗമെന്ന് മുഹമ്മദ് റിയാസിന് അതിവേഗം തിരിച്ചറിയാനായെങ്കിലും, മൂരി വിളികേട്ട സമൂഹത്തിന് പുറത്തുള്ളവർക്ക് അതങ്ങ്  അത്ര വേഗം മനസ്സിലായില്ല.  അവരുടെ പോസ്റ്റുകളിൽ ഇപ്പോഴും  മൂരി പ്രയോഗം നിറയുന്നു.  സി.പി.എമ്മിനെ സഹായിക്കാനായി രംഗത്തിറങ്ങുന്നവരിൽ ആ പാർട്ടിക്കാർ മാത്രമല്ല എന്ന കാര്യം ഓർക്കണം. പ്രത്യേക കാരണങ്ങളാൽ അവരെ പിന്തുണക്കുന്ന ഗ്രൂപ്പുകളുടെ പ്രതികരണം   വായിക്കുന്നവരും ഇവയൊക്കെ സി.പി.എം സൈബർ ഗ്രൂപ്പായാണ് പരിഗണിക്കുന്നത്.  
ശുഹൈബ് വധക്കേസിൽ അറസ്റ്റിലായ ആകാശ് തില്ലങ്കേരി പാർട്ടിയുടെ സൈബർ പോരാളികളിൽ ഒരാളായിരുന്നു എന്ന് വന്നത് വലിയ ക്ഷീണമാണ് സി.പി.എമ്മിന് വരുത്തിവെച്ചത്. 
സൈബർ രംഗത്തുൾപ്പെടെ ആശയത്തെ ആശയം കൊണ്ട് നേരിടാൻ കഴിയാതെ പോകുന്നതെന്തുകൊണ്ടാണെന്ന് കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും തലയെടുപ്പുള്ള മാർക്‌സിറ്റ് ചിന്തകനായ കെ.വേണു ശരിയാംവണ്ണം നിരീക്ഷിച്ചിട്ടുണ്ട്. സി.പി.എം സമ്മേളനം നടക്കുന്ന തൃശൂരിൽ തന്നെയാണ് അദ്ദേഹം ഒരു പൊതു ചടങ്ങിൽ,   കഴിഞ്ഞ ദിവസം  ഇങ്ങനെ പറഞ്ഞത് ; 
തൊഴിലാളി വർഗ സർവ്വാധിപത്യം സ്ഥാപിക്കാൻ എന്ന സി.പി.എമ്മിന്റെ പ്രഖ്യാപിത ലക്ഷ്യം  അവരുടെ ഭരണഘടനയിൽ നിന്നും എടുത്തു മാറ്റാതെ അവർക്ക് ജനാധിപത്യ സ്വഭാവം കിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രം ഭരിക്കുന്ന ഒരു രാഷ്ട്രം സ്വപ്‌നം കണ്ട് നടക്കുന്നവരാണ് സി.പി.എം പ്രവർത്തകർ. അത്തരക്കാർക്ക് പ്രതിപക്ഷ ബഹുമാനമോ ജനാധിപത്യ ബോധമോ ഉണ്ടാകില്ല. അവരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രവൃത്തികളെ എതിർക്കുന്നവരെ ഇല്ലാതാക്കേണ്ടത് പാവനമായ കടമയാണ്. പൊതുവിൽ കമ്മ്യൂണിസ്റ്റുകാരെ നയിക്കുന്ന ഈ വിശ്വാസം ഇല്ലാതായാൽ മാത്രമേ അവർക്ക്  ജനാധിപത്യ സ്വഭാവം ഉണ്ടാകൂ. 
 വേണുവിന്റെ വാക്കുകളിൽ കാര്യങ്ങളെല്ലാം വ്യക്തം. 
ഉന്നത നിലവാരത്തിൽ നിലകൊണ്ട് സംവദിക്കാനുള്ള കഴിവില്ലായ്മ എങ്ങനെയാണ് സൈബർ ഇടത്തിൽ പാർട്ടിയെ പിന്നോട്ട് വലിക്കുന്നതെന്ന് ഇന്നലെ നടന്ന സംവാദം മാത്രം നോക്കിയാൽ മതി. അട്ടപ്പാടിയിൽ ഒരു ദളിത് ചെറുപ്പക്കാരൻ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ളവരുടെ  ഇടപെടൽ സംഭവം നടന്നയുടൻ സൈബർ ലോകത്ത് പറന്ന് നടന്നു.  എന്തിന് കൈരളി പീപ്പിളിന്റെ ചെയർമാനും സി.പി.എം സഹയാത്രികനുമായ നടൻ മമ്മൂട്ടി വരെ ആവേശ പൂർവ്വം രംഗത്തെത്തി. 
 മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്....മമ്മൂട്ടി വികാരം കൊണ്ടു. പക്ഷേ മാധ്യമ പ്രവർത്തകനായ കെ.എ ഷാജി (ദ ഹിന്ദു) യുടെയും, ജേക്കബ് തോമസ് ഐ.പി.എസിന്റെ ബൗദ്ധിക ഔന്നത്യത്തിൽ നിന്നുള്ള ഫേസ് ബുക്ക്  ഇടപെടലിന് മുന്നിൽ മമ്മൂട്ടി മാത്രമല്ല സൈബർ സഖാക്കളും വളരെ പെട്ടെന്ന് നിഷ്പ്രഭരായി പോയി ''ആദിവാസി എന്നത് അയാളുടെ സ്വത്വമാണ് മമ്മൂട്ടി സാർ. നിങ്ങൾ സിനിമയിലെ കുളപ്പള്ളി അപ്പൻമാർക്ക് മാത്രമാണ് അതശ്ലീലമായി തോന്നുന്നത്.
അതൊരു ബഹുമതിയാണ്. പരിഹാസ പദമല്ല. നിങ്ങൾ അയാളുടെ ചേട്ടനോ അനിയനോ ആകണ്ട. അയാളെ അയാളായിക്കണ്ട് അംഗീകരിച്ചാൽ മതി.
ജീവിച്ചിരിക്കുക എന്നത് അയാളുടെ അവകാശമായിരുന്നു.
അതൊരിക്കലും നിങ്ങളുടെ ദയാദാക്ഷിണ്യമല്ല മമ്മൂട്ടി സാർ'' കെ.എ ഷാജിയുടെ  ഊക്കുള്ള വാക്കുകൾ. 
അടുത്ത നാളുകളിൽ സി.പി.എമ്മിന്റെ എതിർ പക്ഷത്തുള്ള ജേക്കബ് തോമസിന്റെ ഫേസ് ബുക്ക് പോസ്റ്റ് സി.പി.എമ്മിനെ മാത്രമല്ല അവരെ പിന്തുണക്കുന്നതും കൂടെ നടക്കുന്നതും നൊസ്റ്റാൾജിയയും ഫാഷനുമായി  കാണുന്ന  ബുദ്ധി ജീവികളേയും താത്വികമായി പരിഹസിക്കുന്നതായിരുന്നു. ജേക്കബ് തോമസ് എഴുതുന്നു: അട്ടപ്പാടിയിലെ മധു മോഷ്ടാവെങ്കിൽ വിശപ്പടക്കാൻ അരി മോഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് ആ ചെറുപ്പക്കാരൻ എങ്ങനെ എത്തി? വൻകിട മുതലാളിമാർക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും വേണ്ടി വാചാലരാവുന്നവർ ഭക്ഷണം വാങ്ങാൻ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുന്നു! പട്ടിണിക്കാരൻ കൊല്ലപ്പെടേണ്ടവനാണ് എന്ന തലത്തിലേക്ക് നമ്മുടെ സാമൂഹ്യാവബോധം തരംതാണിരിക്കുന്നു. വിശപ്പടക്കാൻ അപ്പക്കഷ്ണം മോഷ്ടിച്ചതിന് ഫ്രഞ്ച് മുതലാളിത്ത സമൂഹം ശിക്ഷിച്ച ജീൻ വാൽജീന്റെ കഥ വിക്ടർ ഹ്യൂഗോ എഴുതിയിട്ട് 156 വർഷമായി. പോളണ്ടിനെയും നികരാഗ്വയെയും കൊറിയയെയും കുറിച്ച് വാചാലരാവുന്ന ബുദ്ധിജീവികൾക്ക് അട്ടപ്പാടിയെക്കുറിച്ച് എന്ത് പറയാനുണ്ട് എന്നറിയാൻ കൗതുകം. (ഡോ. ജേക്കബ് തോമസ്)
കോൺഗ്രസിന് വേണ്ടി തന്റേതായ രീതിയിൽ പ്രതികരിക്കുന്ന സൈബർ ആക്ടീവിസ്റ്റാണ് കെ.പി. സുകുമാരൻ (കണ്ണൂർ)  സുകുമാരന്റെ കുറിപ്പ് വിഷയം  വഴി തിരിച്ചു വിടുന്ന മട്ടിലുള്ളതായി ''വിശപ്പ് നിമിത്തം ഭക്ഷണം മോഷ്ടിച്ച ആദിവാസി യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു എന്ന് പറയുന്നത് ഒരു സെൻസേഷനൽ പ്രസ്താവനയാണ്.  സൂരജിന്റെ ഇക്കാര്യത്തിലുള്ള വീഡിയോ പ്രതികരണം അസഹ്യമാം വിധം ഓവറും ബോറും ആയിപ്പോയി. 
നാട്ടുകാർ തന്നെ തല്ലിക്കൊന്നോ അതോ വാഹനത്തിൽ വെച്ച് പോലീസുകാർക്ക് കൈയബദ്ധം പറ്റിയോ എന്നും സൂക്ഷ്മമായി അറിയുന്നതിനു മുൻപ് കാള പെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുത്തോടൽ ആയിപ്പോയി പലരുടെയും പ്രതികരണങ്ങൾ. എന്തായാലും കുറ്റക്കാർ ശിക്ഷിക്കപ്പെടണം, അത് നാട്ടുകാർ ആയാലും പോലീസുകാർ ആയാലും.''
സൈബർ ഇടത്തിലെ പോരാട്ടം ചുരുങ്ങിയ സമയം വെച്ചുള്ളതാണ്. അവിടെ വാദിക്കാനും ജയിക്കാനും നല്ല മെയ്‌വഴക്കം മാത്രം പോരാ, എല്ലാ കാര്യളെക്കുറിച്ചും ആഴത്തിലുള്ള ബോധ്യവും വേണം. അങ്ങനെയല്ലാതെ വന്നാൽ  ലോകം കീഴടക്കിയ മമ്മൂട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റിനെ നിമിഷം കൊണ്ട് നിസ്സാരവൽക്കരിക്കാൻ കെ.എ ഷാജി പോലും വേണ്ടിവരില്ല.   സി.പി.എം  നേരിടുന്ന നവകാല പ്രതിസന്ധികളിലൊന്നിന്റെ നേർചിത്രമാണിത്. 
 

Latest News